വനിതാ സംവരണ ബിൽ: സർക്കാർ നീക്കം തടഞ്ഞ പ്രതിപക്ഷ ഐക്യം

ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ് പുതിയ ഭേദഗതികളെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചതോടെ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്കു വഴിമാറി
Opposition unity against Women reservation bill

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ.

File

Updated on

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ, വനിതാ സംവരണ ഭേദഗതി ബില്ലിനൊപ്പം മണ്ഡല പുനർനിർണയവും സീറ്റ് വർധനയും കൂടി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് പാളിയത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ് പുതിയ ഭേദഗതികളെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചതോടെ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്കു വഴിമാറി.

വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ തിരക്കുകൾക്കിടയിലും ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ടു. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ എന്നിവർക്കു പുറമെ, പരമ്പരാഗതമായി വനിതാ സംവരണത്തെ എതിർക്കുന്ന സമാജ്‌വാദി പാർട്ടി (എസ്പി), ആർജെഡി എന്നിവരെയും ഒരേ നിലപാടിൽ അണിനിരത്താൻ പ്രതിപക്ഷത്തിന് സാധിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനായിരുന്നു പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനുള്ള ചുമതല. പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച്, ഭരണഘടനാപരമായ വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കാൻ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ തീരുമാനിക്കുകയായിരുന്നു. വോട്ടെടുപ്പ് സമയത്ത് തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി.

തർക്കവിഷയം

വനിതാ സംവരണം നടപ്പിലാക്കാൻ എന്ന പേരിൽ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കാനുള്ള നീക്കമാണ് പ്രധാനമായും എതിർക്കപ്പെടുന്നത്. മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്‍റ് പ്രാതനിധ്യത്തിലെ അനുപാതം കുറയ്ക്കുമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ മേൽക്കൈ നൽകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റ് വർധിപ്പിക്കുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നാണ് ഇവരുടെ വാദം.

നേരത്തെ സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്ന് സംയുക്തമായ പ്രതിരോധത്തിന് തയാറെടുത്തത്.

രാഷ്ട്രീയ പ്രാധാന്യം

12 വർഷത്തിനിടെ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ ഇത്രയും ശക്തമായ ഏകോപനം പ്രകടിപ്പിക്കുന്നത് ഇതാദ്യമായാണ്. അംഗബലത്തിന്‍റെ കരുത്തിൽ ഏകപക്ഷീയമായി നിയമനിർമാണം നടത്താനുള്ള ഭരണപക്ഷത്തിന്‍റെ ശ്രമങ്ങൾക്കുള്ള താക്കീതായാണ് ഈ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, പാർലമെന്‍റിലുണ്ടായ ഈ പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നിർണായകമാകും.

ജനാധിപത്യ സംവിധാനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംവാദം അനിവാര്യമാണെന്നും, രാഷ്ട്രീയ ധാർമികതയുടെ വിജയമാണ് ഈ ഐക്യത്തിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. അതേസമയം, വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കാനുള്ള ആത്മാർഥമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com