

വിപുലമായ നിർമാണങ്ങൾ, സമയബന്ധിത പൂർത്തീകരണം
symbolic image
വിനായക് പൈ
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യമേഖല കഴിഞ്ഞ ദശകത്തിൽ ഘടനാപരമായ പരിവർത്തനത്തിന് വിധേയമായി. ആസ്തി സൃഷ്ടി എന്നതിലുപരി, ഭരണ നിർവഹണവും സേവന വിതരണ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന ഘടനകളിലേക്ക് അത് വ്യാപിച്ചു. മുൻകാലങ്ങളിൽ നിന്ന് ഈ ഘട്ടത്തെ വ്യത്യസ്തമാക്കുന്നത് നിക്ഷേപത്തിന്റെ ബാഹുല്യമോ നിർവഹണത്തിന്റെ വേഗതയോ മാത്രമല്ല; നയപരമായ ലക്ഷ്യങ്ങൾ, ഫെഡറൽ സഹകരണം, അടിസ്ഥാനതല നിർവഹണം എന്നിവയെ ഏകോപിപ്പിക്കുന്ന ഫലകേന്ദ്രീകൃതവും ഏകോപിതവുമായ ഒരു സംവിധാനത്തിന്റെ ഉദയം കൂടിയാണ്.
ഇന്ത്യ ഇന്ന് പ്രധാനമായും ഒരു പ്ലാറ്റ്ഫോം അധിഷ്ഠിത ഭരണ മാതൃകയിലേക്കുള്ള പരിവർത്തനത്തിലാണ് - അത് അടിസ്ഥാന സൗകര്യങ്ങളെ വെറിട്ട പദ്ധതികളുടെ ഒരു കൂട്ടമായി കാണുന്നതിനു പകരം, സമഗ്രവും സംയോജിതവുമായ ദേശീയ സംവിധാനത്തിന്റെ ഭാഗമെന്ന നിലയിൽ പരിഗണിക്കുന്നു.
മുന്നേറ്റം സാധ്യമാക്കിയത് സഹകരണ സംവിധാനങ്ങൾ
2014ൽ ഏകദേശം 91,000 കിലോമീറ്ററായിരുന്ന ദേശീയപാതാ ശൃംഖല 2024ൽ 1.46 ലക്ഷം കിലോമീറ്ററായി വികസിച്ചത് ഈ പരിവർത്തനത്തിന്റെ പ്രകടീകരണമാണ്. നിർമാണ വേഗതയിൽ വലിയ പുരോഗതി ദൃശ്യമായി; പ്രതിദിനം ഏകദേശം 12 കിലോമീറ്ററിൽ നിന്ന് 34 കിലോമീറ്ററിലേക്ക് ഇത് ഉയർന്നു.
ഇത് സാങ്കേതിക നേട്ടമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും, യഥാർഥത്തിൽ പദ്ധതികളുടെ വിവിധ ഘടകങ്ങളെ തടസരഹിതമായി ഏകോപിപ്പിക്കാനുള്ള ശേഷിയെക്കൂടി ഇത് സൂചിപ്പിക്കുന്നു. പരിമിതികളെ മുൻകൂട്ടി തിരിച്ചറിയുകയും, സമയബന്ധിത പരിഹാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ശക്തമായ സംവിധാനത്തിന്റെ പ്രതിഫലനമാണിത്.
വേഗത്തിലുള്ള പൂർത്തീകരണം നേരിട്ട് സാമൂഹിക- സാമ്പത്തിക വളർച്ചയിലേക്ക് വഴിതെളിക്കുന്നു, ഉൾപ്രദേശങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്നു, ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങൾ സുഗമമായി ലഭ്യമാക്കുന്നു, ദുരന്തപ്രതികരണ ശേഷിയും ദേശീയ പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നു. അതോടൊപ്പം, ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിലൂടെ വ്യവസായിക വളർച്ചക്കും സുപ്രധാന സംഭാവന നൽകുന്നു.
അവലോകനം മുതൽ പൂർത്തീകരണം വരെ
ഈ ദശകത്തിലെ ഒരു പ്രധാന സവിശേഷത സമയബന്ധിത ഉത്തരവാദിത്തത്തിന്റെ സ്ഥാപനവത്കരണമാണ്. പ്രഗതിയുടെ (Pro-Active Governance and Timely Implementation) വരവ്, സങ്കീർണവും അന്തർ- മന്ത്രാലയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതുമായ പദ്ധതികൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൂർത്തീകരിക്കുന്നതിലും നിർണായക വഴിത്തിരിവായി.
അത്തരത്തിലൊരു സംസ്കാരം സൃഷ്ടിക്കാനായി എന്നതാണ്ഏറ്റവും പ്രധാനപ്പെട്ട നയപരമായ വിജയം: ഭാവിയിൽ കാലതാമസങ്ങൾ ഒരുതരത്തിലും അംഗീകരിക്കപ്പെടില്ല, ഉത്തരവാദിത്തങ്ങളും ചുമതലകളും വ്യക്തമായി നിർണയിക്കപ്പെടുന്നു. തൽഫലമായി, ദീർഘകാലമായി മുടങ്ങിക്കിടന്ന ബൃഹത്തും സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞതുമായ പദ്ധതികൾ ഇപ്പോൾ പ്രവചനാത്മകമായും അച്ചടക്കത്തോടെയും പുരോഗമിക്കുന്നു.
അടിസ്ഥാനസൗകര്യ വികസന മേഖലയിൽ സഹകരണ ഫെഡറലിസം ശക്തിപ്പെട്ടു എന്നതാണ് മറ്റൊരു പ്രധാന പരിവർത്തനം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഘടനാപരവും നിരന്തരവുമായ ഇടപെടലുകൾ, ഇരു അധികാരപരിധികളിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതികളുടെ, നിർവഹണ അന്തരീക്ഷത്തെ മാറ്റിമറിച്ചു. ദേശീയ മുൻഗണനകൾ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കുമ്പോഴും, ഈ മാതൃക ഭരണഘടനാപരമായ ചുമതലകളെ ബഹുമാനിക്കുന്നു.
സംസ്ഥാനങ്ങൾ കേന്ദ്ര പദ്ധതികളുടെ നിഷ്ക്രിയ സ്വീകർത്താക്കൾ മാത്രമല്ല; മറിച്ച് ആസൂത്രണം, നിർവഹണം, ഗുണഫലങ്ങൾ എന്നിവയിൽ സജീവ പങ്കാളികളായി പ്രവർത്തിക്കുക കൂടിയാണ്. വേഗത്തിലുള്ള സമവായ രൂപീകരണം, കേസുകൾ കുറയ്ക്കൽ, അടിസ്ഥാനപരമായി സുഗമമായ നിർവഹണം എന്നിവയാണ് ഇതിന്റെ ഫലം.
വ്യാവസായിക കാഴ്ചപ്പാടിൽ, ഈ പ്രവചനാത്മകത നിർവഹണത്തിലെ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നു. നയപരമായ കാഴ്ചപ്പാടിൽ, ഇത് ഇന്ത്യയുടെ ഫെഡറലിസത്തോടുള്ള വിശ്വാസവും ആദരവും ശക്തിപ്പെടുത്തുന്നു.
ആസ്തികളിൽ നിന്ന് ശൃംഖലകളിലേക്ക്
ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന തന്ത്രം കണക്റ്റിവിറ്റിയിൽ നിന്നു മത്സരക്ഷമതയിലേക്കുള്ള പരിവർത്തന പാതയിലാണ്. റോഡുകൾ അന്തിമ ലക്ഷ്യങ്ങളല്ല; മറിച്ച്, വിശാലമായ ലോജിസ്റ്റിക്, മൊബിലിറ്റി, ആവാസ വ്യവസ്ഥകളുമായി സഹകരിച്ച് സമഗ്രമായ ഗുണഫലങ്ങൾ ഉളവാക്കുന്ന ഘടകങ്ങളെന്ന നിലയിൽ മെച്ചപ്പെട്ട നിലയിൽ ആസൂത്രണം ചെയ്യപ്പെടുകയാണ്.
ഗതിശക്തി പോലുള്ള ദേശീയ ആസൂത്രണ ചട്ടക്കൂടുകളുടെ പിന്തുണയോടെ, റെയ്ൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, നഗര ഗതാഗത സംവിധാനങ്ങൾ എന്നിവയെ ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്നത്, ഇന്ത്യ ദീർഘകാലമായി നേരിടുന്ന ഘടനാപരമായ വെല്ലുവിളികളിലൊന്നായ ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ പരിഹരിക്കാൻ ആരംഭിച്ചിരിക്കുന്നു.
ഈ പരിവർത്തനം നയ രൂപകർത്താക്കൾക്ക് നൽകുന്ന പ്രധാന പാഠം ഇതാണ്: അടിസ്ഥാന സൗകര്യ കാര്യക്ഷമതയെ നിർണയിക്കുന്നത് കേവലം ആസ്തികളുടെ ഗുണനിലവാരമല്ല; ആസ്തികൾ തമ്മിലുള്ള ഏകോപനമാണ് നിർണായകമായ ഘടകം. സംയോജിത ആസൂത്രണം പ്രവർത്തനപുനരാവൃത്തി കുറയ്ക്കുകയും, പൊതു മൂലധനം കാര്യക്ഷമമായി വിനിയോഗിക്കുകയും, ദേശീയ ആസ്തികളുടെ ഉപയോഗക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
നിക്ഷേപ, വ്യവസായ മേഖലകളിലെ ആത്മവിശ്വാസം
വ്യക്തമായ നയ രൂപീകരണം, വേഗത്തിലുള്ള തീരുമാനമെടുക്കൽ പ്രക്രിയകൾ, ദൃശ്യമായ നിർവഹണ വേഗത എന്നിവ നിക്ഷേപകരുടെ ധാരണകളെ പുനർനിർമിച്ചു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപനപരമായ തുടർച്ചയും ഭരണപരമായ ദൃഢനിശ്ചയവും പിന്തുണയ്ക്കുന്ന സ്ഥിരതയുള്ള, ദീർഘകാല നിക്ഷേപ നിലയിൽ കൂടുതൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇപിസി വ്യവസായത്തെ (Engineering, Procurement, and Construction) സംബന്ധിച്ചിടത്തോളം, ഈ ആവാസവ്യവസ്ഥ സാങ്കേതികവിദ്യ, യന്ത്രവൽക്കരണം, സുരക്ഷാ സംവിധാനങ്ങൾ, നൈപുണ്യ വികസനം എന്നിവയിൽ വിപുലമായ നിക്ഷേപം സാധ്യമാക്കുന്നു. അനിശ്ചിതത്വങ്ങൾ ഒഴിവാക്കി,വൻതോതിലുള്ള വിപുലീകരണം ആസൂത്രണം ചെയ്യാൻ കമ്പനികളെ ഇത് പ്രാപ്തമാക്കുന്നു.
അടുത്ത ഘട്ടത്തിന് നയ മുൻഗണനകൾ
ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, നയ രൂപീകരണത്തിന്റെ ശ്രദ്ധ വൈപുല്യത്തിൽ നിന്നു മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടതുണ്ട്. പ്രധാന മുൻഗണനകൾ ഇനിപ്പറയുന്നു:
* മുൻനിര ആസൂത്രണത്തിലും ഗുണമേന്മയുള്ള വിശദമായ പദ്ധതി രേഖകളിലുമുള്ള ബദ്ധശ്രദ്ധ.
* പ്രാരംഭ രൂപകൽപ്പന മുതൽ പ്രവർത്തനം വരെ സുസ്ഥിരതയും പ്രതിരോധശേഷിയും ഉൾക്കൊള്ളുന്ന ലൈഫ് സൈക്കിൾ അധിഷ്ഠിത പദ്ധതി ആസൂത്രണം.
* തീരുമാനമെടുക്കൽ പ്രക്രിയയുടെ സമയക്രമങ്ങൾ ചുരുക്കുന്നതിന് ഡിജിറ്റൽ ഗവേണൻസും ഡാറ്റ സംയോജനവും.
* സാങ്കേതികവിദ്യ ഉപയോഗിച്ച് നിർവഹണ നിലവാരം നിലനിർത്തുന്നതിന് സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ശേഷി വികസനം.
* സാമ്പത്തിക വിവേകവുമായി വേഗതയെ സന്തുലിതമാക്കുന്ന റിസ്ക്- പങ്കിടൽ ചട്ടക്കൂടുകൾ.
* ജീവിതചക്രത്തിൽ ഉടനീളമുള്ള നൈപുണ്യ വികസനം.
അടിസ്ഥാന സൗകര്യ മേഖലയിലെ ഇന്ത്യയുടെ പ്രയാണം ഇനി ഉദ്ദേശത്തിന്റെയോ ശേഷിയുടെയോ പരിമിതികളാൽ തടയപ്പെടുന്നില്ല. ഭാവിയിലെ ചിന്തകളും ഉത്തരവാദിത്തബോധവും ഈ സംവിധാനങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നു. സ്ഥാപനപരമായ തുടർച്ച ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ സർവാശ്ലേഷിത്വത്തിലൂടെ മത്സര ശേഷിയും പ്രതിരോധ ശേഷിയും ഉള്ള വളർച്ചയ്ക്ക് ഉറച്ച അടിത്തറ പാകുക എന്നിവയാണ് മുന്നോട്ടുള്ള പ്രയാണത്തിലെ പ്രധാന ചുമതലകൾ.
(മഹാരാഷ്ട്രയിലെ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി [സിഐഐ] ചെയർമാനും റോഡുകളുടെയും ദേശീയപാതകളുടെയും ദേശീയ സമിതിയുടെ ചെയർമാനുമാണ് ലേഖകൻ).