ചട്ടക്കൂടുകൾക്കു പുറത്തേക്കു വളർന്ന സമുദായ നേതാവ്

ഏതു വിഷയത്തിലാണെങ്കിലും ചടുലവും സരസവും കുറിക്കുകൊള്ളുന്നതുമായ അദ്ദേഹത്തിന്‍റെ പ്രതികരണങ്ങൾ കേൾക്കാൻ കാതോർത്തിരിക്കുന്ന മലയാളികളുണ്ട്.
Padma Bhushan Vellappally Nadesan profile

ജാതി, മത വിവേചനങ്ങൾക്കെതിരേയും പ്രീണനങ്ങൾക്കെതിരേയും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. രംഗത്തുവന്നു.

MV Graphics

Updated on

ഒരു സമുദായ നേതാവ് എന്നതിലുപരി കേരളത്തിന്‍റെ സമകാലിക സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിന്‍റെ ചട്ടക്കൂടുകളുടെ പുറത്തേക്ക് വളർന്ന നേതാവ്. സ്വതസിദ്ധമായ രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഏതു വിഷയത്തിലാണെങ്കിലും ചടുലവും സരസവും കുറിക്കുകൊള്ളുന്നതുമായ അദ്ദേഹത്തിന്‍റെ പ്രതികരണങ്ങൾ കേൾക്കാൻ കാതോർത്തിരിക്കുന്ന മലയാളികളുണ്ട്. അതുകൊണ്ടാണ് വാർത്താമാധ്യമങ്ങൾ അദ്ദേഹത്തിന്‍റെ പിന്നാലെ കൂടുന്നത്. 89ാം വയസിലും ജാതി, മത ഭേദമെന്യേ വെള്ളാപ്പള്ളിക്കുള്ള സ്വീകാര്യത കണ്ടാണ് ഭരണ, പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ നേതൃത്വങ്ങൾ അദ്ദേഹത്തെ ഭയക്കുന്നത്.

1996 ജനുവരി 27ന് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയാകുമ്പോൾ സമുദായ പ്രവർത്തനരംഗത്ത് വലിയ അനുഭവസമ്പത്തൊന്നുമില്ലാതിരുന്ന വെള്ളാപ്പള്ളി, അതേ വർഷം നവംബർ 17ന് എസ്എൻഡിപി യോഗത്തിന്‍റെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ശേഷമുള്ള 30 വർഷം എസ്എൻഡിപി യോഗത്തിന്‍റെയും സമുദായത്തിന്‍റെയും കഴിവും കരുത്തും എന്തെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി. സംഘടനയെ സാധാരണക്കാരുടെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നു. മൈക്രോ ഫിനാൻസും സ്വയംസ്വാശ്രയ സംഘങ്ങളും കുടുംബയൂണിറ്റുകളും വനിതാസംഘങ്ങളും രൂപീകരിച്ച് ആധുനിക ലോകത്തിന് ചേർന്ന കെട്ടുറപ്പുള്ള, വിലപേശൽ ശക്തിയുള്ള സംഘടനയാക്കി എസ്എൻഡിപി യോഗത്തെ മാറ്റി.

സർക്കാരുകളിൽ നിന്ന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതാണു ശൈലി. എതിർപ്പുകളെയും വെല്ലുവിളികളെയും അതേ നാണയത്തിൽ നേരിടും. അപ്രിയ സത്യങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയും. സർക്കാരുകളുടെയും രാഷ്ട്രീയ കക്ഷികളുടെയും ജാതി, മത വിവേചനങ്ങൾക്കെതിരേയും പ്രീണനങ്ങൾക്കെതിരേയും രംഗത്തുവന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെയല്ലാതെ കേരളത്തിൽ ഭൂരിപക്ഷ വിഭാഗങ്ങൾക്ക് നിലനിൽപ്പില്ലെന്ന് പ്രഖ്യാപിച്ചു. വി.എം. സുധീരൻ മുതൽ വി.ഡി. സതീശൻ വരെയുള്ള കേരള രാഷ്ട്രീയത്തിലെ പ്രമാണികളുമായി തുറന്ന യുദ്ധം തന്നെ നടത്തി.

ആലപ്പുഴ ചേർത്തല കണിച്ചുകുളങ്ങരയിലെ വ്യവസായ പ്രമാണിയായിരുന്ന വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയുടെയും 12 മക്കളിൽ ഏഴാമനായാണ് നടേശന്‍റെ ജനനം. 1937 സെപ്റ്റംബർ 10ന് ആറ് പെൺമക്കൾക്ക് ശേഷം കേശവൻ - ദേവകി ദമ്പതികൾക്ക് പിറന്ന ഇരട്ടക്കുട്ടികളിൽ മൂത്തയാളായിരുന്നു അദ്ദേഹം. ഇളയ ആൾ നടരാജൻ.

ബാല്യകാലത്തെ അവധിക്കാലങ്ങളിൽ ആലുവ അദ്വൈതാശ്രമത്തിലെ വാസമാണ് വികൃതിയായിരുന്നു നടേശനെ വിവേകിയാക്കിയത്. സ്കൂൾകാലത്ത് എ.കെ. ആന്‍റണിക്കും വയലാർ രവിക്കുമൊപ്പം വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം.

15ാം വയസിൽ പിതാവിന്‍റെ മരണശേഷം കുടുംബകാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഗ്രന്ഥശാലാ പ്രവർത്തനത്തിലും പങ്കാളിയായി. 24ാം വയസിൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു.

1963ൽ വി.എസ്. അച്യുതാനന്ദൻ ജില്ലാ സെക്രട്ടറിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി കണിച്ചുകുളങ്ങരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു.

പ്രാദേശികമായ പ്രശ്നങ്ങളെ തുടർന്ന് രണ്ട് തവണ കൊലപാതകശ്രമത്തെ അതിജീവിച്ചു. ഗവ. കോൺട്രാക്റ്ററായ സഹോദരനൊപ്പം ഈ രംഗത്തിറങ്ങിയത് വഴിത്തിരിവായി. കേരളത്തിലും പുറത്തും കൊങ്കൺ റെയിൽപാത നിർമാണം ഉൾപ്പടെ നിരവധി വൻ പദ്ധതികൾ.

1996ൽ എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി. 2015 ഡിസംബറിൽ കേരളമാകെ സംഘടിപ്പിച്ച സമത്വമുന്നേറ്റ യാത്ര ചരിത്രമായി. ഈ യാത്രയുടെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിലാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ കക്ഷി ജന്മമെടുത്തത്.

1996ൽ വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റപ്പോൾ എസ്.എൻ.ഡി.പി. യോഗത്തിന് ഉണ്ടായിരുന്നത് 3882 ശാഖകളും 58 യൂണിയനുകളുമാണ്. ഇപ്പോൾ 6456 ശാഖകളും വിദേശങ്ങളിൽ ഉൾപ്പടെ 138 യൂണിയനുകളുമായി. അംഗങ്ങളുടെ എണ്ണം 11 ലക്ഷത്തിൽ നിന്ന് 34 ലക്ഷമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 42ൽ നിന്ന് 134 ആയി.

28-ാം വയസിൽ പ്രീതി നടേശനെ ജീവിതസഖിയാക്കി. വെള്ളാപ്പള്ളി നടേശൻ - പ്രീതി ദമ്പതികൾക്ക് രണ്ട് മക്കൾ. തുഷാർ വെള്ളാപ്പള്ളിയും വന്ദനയും. മരുമക്കൾ: ആശ തുഷാർ, ശ്രീകുമാർ (ബിസിനസ്).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com