ഇനി നാളെയും എന്തെന്നറിവീലാ..!

കരുണാകരന്‍റെ കുടുംബത്തിന് ബിജെപിയും ആർഎസ്എസും തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമാണെന്നു പറയുന്നവർക്ക് കരുണാകരന്‍റെ ബിജെപി- ആർഎസ്എസ് രഹസ്യ ബന്ധങ്ങൾ അറിയാത്തതല്ല
ഇനി നാളെയും എന്തെന്നറിവീലാ..!

ലീഡർ കെ. കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാൽ പദ്മവ്യൂഹത്തിൽ സ്വമനസാലേ തന്നെ അകത്തായപ്പോൾ ജനാധിപത്യ കേരളവും മാധ്യമങ്ങളും ഞെട്ടിയെന്ന് തോന്നുന്നില്ല; കാരണം രാഷ്‌ട്രീയത്തിൽ ആര് എവിടെ ചേക്കേറുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പറഞ്ഞതുപോലെ, കെ. മുരളീധരന് മറുപടി പറയാൻ അറിയാത്തതു കൊണ്ടല്ല, നാളെ അതേ നാവുകൊണ്ട് മുരളിജീ എന്ന് വിളിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തിട്ടാണ്. പദ്മജ ബിജെപിയിൽ ചേർന്നപ്പോൾ കരുണാകരന്‍റെ ഹൃദയം വേദനിച്ചുവെന്നും തൃശൂരിൽ കരുണാകരനും ഭാര്യ കല്യാണിക്കുട്ടിയമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മുരളീഭവനത്തിൽ സംഘികളെ കാലെടുത്തു കുത്താൻ ജീവനുള്ളിടത്തോളം കാലം സമ്മതിക്കില്ല എന്നുമുള്ള മുരളിയുടെ വാക്കുകൾക്കാണ് ശോഭ സുരേന്ദ്രന്‍റെ മറുപടി.

എന്നാൽ പഴയ ചില ചരിത്രസത്യങ്ങൾ മുരളിയ്ക്ക് അറിയില്ലെന്ന് തോന്നുന്നില്ല. കെ. കരുണാകരനും മുരളിയും കോൺഗ്രസിനോട് വിട പറഞ്ഞ് ഡിഐസി എന്ന പാർട്ടി ഉണ്ടാക്കിയപ്പോഴും, കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ തുട തപ്പി നോക്കിയാൽ പണ്ട് അധികാരത്തിന്‍റെ ആനപ്പുറത്തിരുന്നു എന്ന് കണക്കാക്കേണ്ടതില്ല എന്ന് കരുണാകരൻ പറഞ്ഞതും, അന്നത്തെ കോൺഗ്രസ് സംഘടനാ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും പാതിരാ പട്ടേലെന്നും വിളിച്ച് മുരളി പരിഹസിച്ചതും, ഡിഐസി പച്ചപിടിക്കാതെ വന്നപ്പോൾ അച്ഛനും മകനും എൻസിപിയിൽ ചേർന്നപ്പോൾ താൻ അച്ഛൻ കരുണാകരന്‍റെ മകളാണെന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നു പദ്മജ പറഞ്ഞതും കേരള ജനത ഇന്നും ഓർക്കുന്നുണ്ട്.

ഏത് അപ്പക്കഷണം കാണിച്ചാലും ചാടി വീഴുന്ന കുരങ്ങന്‍റെ സ്വഭാവമുള്ള മുരളി വട്ടിയൂർക്കാവിൽ എംഎൽഎ ആയിരുന്നപ്പോൾ തന്നെ വടകര പാർലമെന്‍റ് സീറ്റിലേക്കും, പിന്നീട് അവിടെ നിന്ന് നേമം അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടി ദയനീയമായി തോറ്റതും ജനങ്ങൾ കണ്ടു. വീണ്ടും വടകര പാർലമെന്‍റ് സീറ്റിൽ മത്സരിക്കാൻ തയാറെടുത്തു. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലേക്കു പോകാൻ തയാറായി നൂറു കണക്കിന് ഫ്ലക്സുകളും ബോർഡുകളും തയാറാക്കി. അങ്ങനെ നിൽക്കുമ്പോഴാണ് സാക്ഷാൽ കോൺഗ്രസ് ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെ ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിലേക്ക് തീരുമാനിച്ചത്. തുടർന്ന് ഒരു മുസ്‌ലിം സ്ഥാനാർഥിക്ക് കേരളത്തിൽ 20ൽ ഒരു സീറ്റെങ്കിലും കോൺഗ്രസ് നൽകേണ്ടി വന്നപ്പോൾ മുരളിയെ വീണ്ടും വടകരയിൽ നിന്ന് തട്ടി തൃശൂരിലേക്കിട്ടു. പദ്മജ ബിജെപിയിലേക്ക് ചാടിയത് ഈ കുടമാറ്റത്തിന് ഒരു കാരണവുമായി.

കരുണാകരന്‍റെ കുടുംബത്തിന് ബിജെപിയും ആർഎസ്എസും തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമാണെന്നു പറയുന്നവർക്ക് കരുണാകരന്‍റെ ബിജെപി- ആർഎസ്എസ് രഹസ്യ ബന്ധങ്ങൾ അറിയാത്തതല്ല.

തിരുവനന്തപുരത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്‍റെ രഹസ്യ സഹായം കിട്ടാൻ കരുണാകരന്‍റെ വീട്ടിലെ നിത്യ സന്ദർശകനും മെഡിക്കൽ റപ്രെസെന്‍ററ്റീവുമായിരുന്ന ബി. വിജയകുമാറിന് തിരുവനന്തപുരം വെസ്റ്റിൽ കോൺഗ്രസ് സീറ്റ് നൽകി. അന്നവിടെ മത്സരിക്കുന്ന മുതിർന്ന ജനസംഘം- ബിജെപി നേതാവും ആർഎസ്എസുകാരനുമായ കെ. രാമൻപിള്ളയെ ജയിപ്പിക്കാൻ സഹായകരമായ രീതിയിൽ തണുപ്പുള്ള പ്രചരണം നടത്താൻ വിജയകുമാറിനോട് നിർദേശിക്കുകയും ചെയ്തു. പക്ഷേ കോൺഗ്രസിൽ ഒന്നും രഹസ്യമല്ല, കരുണാകരന്‍റെ രഹസ്യനീക്കം മണത്തറിഞ്ഞ തിരുവനന്തപുരത്തെ ജനങ്ങൾ നല്ല ഭൂരിപക്ഷത്തോടെ ബി. വിജയകുമാറിനെ വിജയിപ്പിച്ചു. പിന്നീട് ഈ വിജയകുമാറാണ് തിരുത്തൽവാദി വിഭാഗത്തിലേക്ക് മാറി കരുണാകരനെയും മകൻ മുരളിയേയും എതിർത്തത്.

യുദ്ധത്തിലും പ്രവർത്തിയിലും എന്തടവുകളും എടുക്കാം. ജയിക്കണമെന്ന് മാത്രം. പദ്മജക്കും രാഷ്‌ട്രീയം നന്നായി അറിയാം. തലവിധി കൊണ്ട് പാർലമെന്‍റിലും നിയമസഭയിലും എത്തിയില്ല. അവർക്ക് ഡൽഹിയിലും നല്ല വേരുകളുണ്ട്. ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയം നോക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ അധികാരക്കസേരയിൽ കോൺഗ്രസ് പാർട്ടി അടുത്തെങ്ങും ഇരിക്കില്ലെന്ന് മറ്റു പല കോൺഗ്രസുകാരെ പോലെ പദ്മജയ്ക്കും അറിയാം. അതുകൊണ്ടാണ് പദ്മജ ത്രിവർണ പതാക വഹിച്ച കൈയിൽ കാവിക്കൊടിയേന്തിയത്. ഒരു കൊടി വച്ച കാറിൽ പൊലീസ് പൈലറ്റും എസ്കോർട്ടുമായി പദ്മജ വരില്ലെന്ന് ആർക്ക് പറയാൻ കഴിയും? അപ്പോൾ തൃശൂരിലെ മുരളീഭവനിലെ കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെയും ശവകുടീരത്തിൽ പദ്മജ എത്തുകയും, മുരളി കാത്തുനിൽക്കുകയും ചെയ്യുന്ന ചിത്രം കേരള ജനത ചിലപ്പോൾ കാണേണ്ടി വരുമെന്നുമാണ് ജോ​ത്സ്യ​ന് പറാനുള്ളത്.

Trending

No stories found.

Latest News

No stories found.