വളരുന്ന കശ്മീരിനെ തകര്‍ത്ത ഭീകരാക്രമണം|വിജയ് ചൗക്ക്

തീവ്രവാദ ആക്രമണം ഉണ്ടായ നിമിഷം മുതല്‍ കശ്മീരിലേക്കുള്ള ടൂറിസത്തിന്‍റെ ഉയര്‍ച്ച കുത്തനെ താഴേക്ക് പോകുന്നത് നാം കാണുന്നു.
pahalgam terrorist attack special column by sudheernath

വളരുന്ന കശ്മീരിനെ തകര്‍ത്ത ഭീകരാക്രമണം

Updated on

സുധീര്‍ നാഥ്

ഏഷ്യയുടെ മര്‍മപ്രധാന ഭാഗത്താണ് കശ്മീര്‍ ഭൂപ്രദേശം. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കശ്മീര്‍. ഇന്ത്യ ജമ്മു കശ്മീരിനെ ഇപ്പോള്‍ താഴ്വാരം, ജമ്മു, ലഡാക് എന്നിങ്ങനെ മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. നാലാമത്തെ ഇടം കൂടി കശ്മീരിലുണ്ട്. പാക് അധിനിവേശ കശ്മീര്‍. ജമ്മു കശ്മീര്‍ സംസ്ഥാനം പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. പൈന്‍ മര കാടുകളാല്‍ അതിമനോഹരമാണ് അവിടം. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നാണ് ലോകം വിശേഷിപ്പിക്കുന്നത്. കശ്മീരിന്‍റെ ഏതാണ്ട് 90 ശതമാനം ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രം കശ്മീര്‍ താഴ്വാരമാണ്.

കശ്മീരിന് വലിയ ചരിത്ര പാരമ്പര്യമുണ്ട്. മെസപ്പെട്ടോമിയയില്‍ നിന്നു വന്ന കാഷ് വര്‍ഗത്തില്‍പ്പെട്ട ആദിവാസികള്‍ ഇന്ത്യയുടെ ഏറ്റവും വടക്കുള്ള പ്രദേശത്താണ് താമസിച്ചിരുന്നത്. അതുകൊണ്ട് ഈ പ്രദേശത്തെ കാഷിര്‍ എന്നായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശം പിന്നീട് കശ്മീര്‍ ആയി പരിണമിക്കുകയാണുണ്ടായത്. ഷാ മിര്‍ ആയിരുന്നു കശ്മീരിലെ ആദ്യ മുസ്‌ലിം ഭരണാധികാരി. അദ്ദേഹം 1339ല്‍ അധികാരത്തിലെത്തി. ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടര്‍ച്ചയായി മുസ്‌ലിം ഭരണത്തിന്‍ കീഴിലായിരുന്നു കശ്മീര്‍. ഇവരില്‍ മുഗള്‍ രാജാക്കന്മാര്‍ 1586 മുതല്‍ 1751 വരെയും അഫ്ഗാനിലെ ദുറാനി വംശം 1754 മുതല്‍ 1819 വരെയും കശ്മീരിന്‍റെ ഭരണചക്രം തിരിച്ചു. 1819ല്‍ മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ നേതൃത്വത്തില്‍ കശ്മീര്‍ ആക്രമിച്ച് അദ്ദേഹത്തിന്‍റെ രാജ്യത്തോടു ചേര്‍ത്തു. 1846ലെ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില്‍ നിന്നും ജമ്മുവിലെ രാജാവായ ഗുലാബ് സിങ്ങിന്‍റെ കൈകളില്‍ കശ്മീരിന്‍റെ ഭരണം എത്തി. ഈ ഭരണം 1947ല്‍ കശ്മീര്‍ മുഴുവനായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതു വരെ തുടര്‍ന്നു.

ഇന്ത്യ- പാക്കിസ്ഥാന്‍ വിഭജന കാലത്ത് കശ്മീര്‍ മഹാരാജാവ് പൂര്‍ണമായും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയാണുണ്ടായത്. പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ് കശ്മീരില്‍ സ്വയംഭരണാവകാശം ഉന്നയിച്ച് ഇന്ത്യയുമായി 1947, 1965 വര്‍ഷം യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. അതോടെ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കശ്മീരിലെ ഭൂരിഭാഗ ജനവിഭാഗമായ മുസ്‌ലിം ജനതയ്ക്കിടയിൽ മതവികാരത്തിന്‍റെ പേരില്‍ തീവ്രവാദ സംഘടകള്‍ ഉണ്ടാവുകയും കൂട്ടക്കൊലകള്‍ നടത്തുകയും ജനജീവിതം ദുഃസഹമാവുകയും ചെയ്തു.

കശ്മീരിന്‍റെ പ്രധാന ഭാഗം 1962ലെ യുദ്ധത്തില്‍ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാക്കിസ്ഥാന്‍ പിടിച്ചടക്കിയ കുറെ സ്ഥലം അവര്‍ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും കശ്മീര്‍ താഴ്വാരവും ലഡാക്കും ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍. ഇവിടം ജമ്മു കശ്മീര്‍ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. 1985ൽ സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാക്കിസ്ഥാന്‍ സേനയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചത് ചരിത്രമാണ്. 1999ല്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്തു. യുദ്ധാവസാനം പാക്കിസ്ഥാന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ ഇന്ത്യ തിരിച്ചു പിടിക്കുകയും ചെയ്തു.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് ഈ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു ശേഷം അവിടം സമാധാനത്തിന്‍റെ പാതയിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുയായിരുന്നു. മാറിയ കശ്മീരിനെ തകര്‍ക്കുന്ന രീതിയിലുള്ള ഭീകരാക്രമണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വളരെ സുന്ദരമായ, ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണത്തിന് കരിനിഴല്‍ വീണിരിക്കുന്നു. കശ്മീരിലെ മനോഹരമായ പ്രദേശത്തേക്ക് എത്തുന്ന ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അവിടുത്തെ ജനങ്ങള്‍ ജീവിതമാര്‍ഗം കണ്ടിരുന്നത്. ഈ പ്രദേശം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ താല്‍പര്യം കൂടുതല്‍ കാണിക്കുന്നതിന്‍റെ കാരണവും അതാണ്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശമനം വന്നതോടെ കശ്മീരിലേക്ക് ടൂറിസ്റ്റുകളുടെ പ്രയാണം വ്യാപകമായി ആരംഭിച്ചു. ലോകശ്രദ്ധ തന്നെ കശ്മീരിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യം ഓരോ ദിവസം ചെല്ലുംതോറും വർധിക്കുകയും അത് കശ്മീര്‍ ജനതയ്ക്ക് വലിയ വരുമാന മാര്‍ഗമായി മാറുകയും ചെയ്തു. ടൂറിസ്റ്റുകളുടെ കുത്തൊഴുക്ക് വ്യോമ, റോഡ് ഗതാഗത മേഖലയെ ശക്തമാക്കി. സർവീസുകളുടെ എണ്ണം കൂടി. സാധാരണ ജനങ്ങൾക്കു വരുമാന വർധനവുണ്ടായി.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാന്‍ കശ്മീരിലെ ടൂറിസത്തിന്‍റെ വളര്‍ച്ച കാരണമായിട്ടുണ്ട്. ഈ വളര്‍ച്ച അസ്വസ്ഥപ്പെടുത്തുന്ന ഒരു വിഭാഗം നമുക്ക് ചുറ്റിലും ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ നടന്ന ഭീകര പ്രവര്‍ത്തനത്തിലൂടെ മനസിലാക്കേണ്ടത്. തീവ്രവാദ ആക്രമണം ഉണ്ടായ നിമിഷം മുതല്‍ കശ്മീരിലേക്കുള്ള ടൂറിസത്തിന്‍റെ ഉയര്‍ച്ച കുത്തനെ താഴേക്ക് പോകുന്നത് നാം കാണുന്നു. ഇതില്‍ നിന്ന് മോചിതമാവാന്‍ വര്‍ഷങ്ങളെടുക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നിലവിലെ ആക്രമണം ഹിന്ദുക്കളും മുസ്‌ലിമുകളും തമ്മിലുള്ള തര്‍ക്കമായി മാറാതിരിക്കേണ്ടത് അത്യാവശ്യമാണ്. 90കൾ വരെ കശ്മീരിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും പൊതുവേ സൗഹാര്‍ദത്തിലാണ് കഴിഞ്ഞിരുന്നത്. അവിടെ മതം കൊണ്ടുവന്ന് വികൃതമാക്കുന്നത് ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. അതിനെതിരേ ശക്തമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു.

ഭീകരവാദികള്‍ കഴിഞ്ഞ ദിവസം 26 മനുഷ്യജീവനുകൾ കവര്‍ന്നെടുത്തപ്പോള്‍ തകര്‍ന്നത് ഉയിർത്തെഴുന്നേൽക്കുന്ന കശ്മീര്‍ ജനതയുടെ സ്വപ്നങ്ങളാണ്. അവര്‍ സ്വയംപര്യാപ്തിയിലേക്കു പോകുന്ന അസരത്തിലാണ് ഭീകരാക്രമണം ഉണ്ടായത്. മുന്‍പ് കുറെ കശ്മീരികളുടെ ചെറിയ പിന്തുണ ഭീകരവാദികള്‍ക്ക് ലഭിച്ചിരുന്നു. എന്നാൽ ഭീകരവാദത്തെ ഇപ്പോള്‍ കശ്മീരികള്‍ തന്നെ എതിര്‍ത്തു തുടങ്ങിയിരിക്കുന്ന കാഴ്ച്ച നമുക്ക് കാണാം. അതിന് തക്കതായ കാരണവും അവര്‍ക്കുണ്ട്. വരുമാനമാര്‍ഗം നിലച്ചിരുന്ന അവരിലേക്ക് വരുമാനം എത്തിത്തുടങ്ങിയത് ഇല്ലാതായതിന്‍റെ കാരണം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com