കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പാലക്കാട്ട് വരുന്ന വ്യവസായ നഗരം കേരളത്തിന്‍റെ വ്യവസായ വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുക. 3,806 കോടി രൂപ മുതൽ മുടക്കിൽ 51,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു വ്യവസായ സമുച്ചയമാണ് പാലക്കാട്ടെ വരാൻ പോകുന്നത്. വ്യവസായ സ്മാർട്ട് സിറ്റി എന്നറിയപ്പെടുന്ന പദ്ധതി പാലക്കാട് കഞ്ചിക്കോടിനടുത്തുള്ള പുതുശേരിയിൽ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.
സ്ഥലം ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുള്ള കേരളത്തിൽ 1,274.8 ഏക്കർ സ്ഥലമാണ് കേരള സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. 10 സംസ്ഥാനങ്ങളിലായി 6 വ്യവസായ ഇടനാഴികളുടെ അരികിലായി 12 വ്യവസായ നഗര നിർമാണ പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അനുവാദം കൊടുത്തിട്ടുള്ളത്. ഡൽഹി- മുംബൈ, ഹൈദരാബാദ്- നാഗ്പുർ, ഹൈദരാബാദ്- ബെംഗളൂരു, അമൃതസർ- കർണാടക, വിശാഖപട്ടണം- ചെന്നൈ, ചെന്നൈ- ബെംഗളൂരു എന്നിവയാണ് ഇടനാഴികൾ.
നിലവിലുള്ള ചെന്നൈ- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ (സിബിഐസി) എക്സ്റ്റൻഷൻ എന്ന നിലയിലാണു പാലക്കാടിന് അംഗീകാരം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 12 വ്യവസായ നഗരങ്ങളിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള രണ്ടാമത്തെ നഗരമാകും പാലക്കാട്. ഇത് പൂർത്തിയാകുന്നതോടെ 8,729 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ- മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപന്നങ്ങൾ, റബർ- പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഷിനറി ആൻഡ് എക്യുപ്മെന്‍റ് എന്നീ മേഖലകളിലാകും പാലക്കാട് വ്യവസായ നഗരം ശ്രദ്ധ കേന്ദ്രീകരിക്കുക.
രാജ്യത്ത് 1,52,757 കോടി രൂപയുടെ നിക്ഷേപ സാധ്യതയും 9.39 ലക്ഷം തൊഴിലവസരങ്ങളുമാണ് ഈ 12 പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നൽകുന്നതും റോഡ് ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം നടപ്പിലാക്കുന്നതും സംസ്ഥാന സർക്കാരാണ്. പദ്ധതിക്ക് 1,710 ഏക്കർ ഭൂമി മതിയെങ്കിലും 1,774.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വളർച്ചയ്ക്ക് പ്രേരകമാകുന്ന പദ്ധതിക്ക് രൂപം നൽകി മുന്നോട്ടു കൊണ്ടുപോകാൻ കൈകോർത്തു പിടിച്ചിട്ടുള്ളത് ശുഭസൂചകമാണ്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിച്ച് 2027ൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്ര സർക്കാരിന്‍റെ അനുവാദം ലഭിച്ചതോടുകൂടി രണ്ടു സർക്കാരുകൾക്കും തുല്യപങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഈ പദ്ധതിയുമായി മുന്നോട്ട് നീങ്ങും. ഭൂമിയുടെ വിലയായി 1,778 കോടി രൂപയാണ് ചെലവാക്കുന്നത്. ഭൂമി വിട്ടു നൽകിയ 783 പേർക്ക് 1,350 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുല്യമായിട്ടാണ് ഭൂമി വില വഹിക്കുന്നത്. എല്ലാ സംരംഭങ്ങൾക്കും ഏകജാലക സംവിധാനമാണ് ഉണ്ടാവുക.
ബെംഗളൂരു- കൊച്ചി ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ അനുവാദം പ്രതീക്ഷിക്കുകയാണ്. ബെംഗളൂരു മുതൽ തിരുവനന്തപുരം വരെയും കോയമ്പത്തൂർ മുതൽ കൊച്ചി വരെയുമുള്ള ദേശീയപാതകളുടെ വികസനവും, ഹൈസ്പീഡ് റെയ്‌ൽവേ സംവിധാനത്തിന്‍റെ കേന്ദ്ര സർക്കാർ അംഗീകാരവും, തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണം പൂർത്തിയാക്കലുമെല്ലാം കേരളത്തിനും രാജ്യത്തിനും ഒരു പുതിയ വികസന കവാടം തുറക്കുമെന്നാണ് ജോത്സ്യൻ വിശ്വസിക്കുന്നത്. ഇത് ആരുടെ സംഭാവന എന്ന തർക്കം ഒഴിവാക്കി, ജനങ്ങളുടെ സംഭാവനയും വളർച്ചയുമായി ഈ പദ്ധതികളെ കാണണം.