പനച്ചിക്കാട് സരസ്വതീ ക്ഷേത്രം
പനച്ചിക്കാട് സരസ്വതീ ക്ഷേത്രം

പനച്ചിക്കാട്ട് 18,000 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

മധ്യകേരളത്തിൽ ഏറ്റവുമധികം ആളുകൾ കുട്ടികളെ എഴുത്തിനിരുത്താൻ എത്തുന്ന ക്ഷേത്രമാണ് ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രം
Published on

ബിനീഷ് മള്ളൂശേരി

കോട്ടയം: ദക്ഷിണമൂകാംബി എന്ന് പ്രശസ്തമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ആചാര്യ കരങ്ങളിൽ നാവിൽ മഞ്ഞലോഹത്താൽ എഴുതി ഒപ്പം വിരലിൽ കൂട്ടിപ്പിടിച്ച് തളികയിലെ അരിയിൽ ഹരിശ്രീയെഴുതി ചിരിച്ചും കരഞ്ഞും അത്ഭുതം കൂറിയും ആയിരക്കണക്കിന് കുരുന്നുകൾ സരസ്വതീ നടയിൽ ആദ്യാക്ഷരം കുറിച്ചു. ഇതിനായി പുലർച്ചെ തന്നെ ക്ഷേത്ര സങ്കേതത്തിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തി.

പുലർച്ചെ 2 മണിക്ക് തന്നെ ക്ഷേത്രത്തിൽ പൂജയെടുപ്പ് ചടങ്ങുകൾ തുടങ്ങി 4 മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി, അസി. മാനേജർ കെ.വി ശ്രീകുമാർ, സെക്രട്ടറി കെ.എൻ നാരായണൻ നമ്പൂതിരി, തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കെ.വി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നാൽപ്പതോളം ആചാര്യൻമാർ എഴുത്തിനിരുത്ത് ചടങ്ങുകളിൽ പങ്കെടുത്തു. പതിനെണ്ണായിരത്തിൽപരം കുരുന്നുകളാണ് ഇവിടെ ഇത്തവണ അറിവിന്‍റെ ലോകത്തേയ്ക്കുള്ള ആദ്യക്ഷരം കുറിച്ചത്.

മധ്യകേരളത്തിൽ ഏറ്റവുമധികം ആളുകൾ കുട്ടികളെ എഴുത്തിനിരുത്താൻ എത്തുന്ന പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ 5 മുതൽ സരസ്വതീ നടയിൽ പ്രത്യേക സാരസ്വത സൂക്താർച്ചനയും മഹാവിഷ്ണു നടയിൽ പുരുഷ സൂക്താർച്ചനയും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ ഈ മാസം 14ന് ആരംഭിച്ച നവരാത്രി മഹോത്സവം ഇന്ന് സമാപിക്കും. കലാമണ്ഡപത്തിൽ 10 നാളായി രാപ്പകൽ ഭേദമന്യേ നടന്നുവന്ന കലാപരിപാടികൾക്കും ദേശീയ സംഗീത നൃത്തോത്സവത്തിനും ഇന്ന് രാത്രി തിരശീല വീഴും. എങ്കിലും എല്ലാ വെളുത്തപക്ഷ നവമിക്കും കലോപാസകർക്ക് ഉപാസന നടത്തുവാൻ ക്ഷേത്രത്തിൽ സൗകര്യം ഒരുക്കും. ഇതിനായി മുൻകൂർ ദേവസ്വത്തിൽ പേര് രജിസ്റ്റർ ചെയ്താൽ മതി. കൃത്യതയോടെ വീഴ്ചയില്ലാത്ത ഉത്സവ നടത്തിപ്പിന് സഹായിച്ച പൊലീസ്, അഗ്നി രക്ഷാസേന, ശുചിത്വ മിഷൻ, ആരോഗ്യ വിഭാഗം, കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും പനച്ചിക്കാട് പഞ്ചായത്തിനും, ഭക്തജനങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com