പ്രതിപക്ഷത്തിന്‍റേതാണ് പാർലമെന്‍റ്

ജനാധിപത്യം അപായപ്പെടുന്നതിന്‍റെ മണിമുഴക്കം എപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അത് സംരക്ഷിക്കാനുള്ള ജാഗ്രതയും കരുത്തും ജനത പ്രകടമാക്കിയിട്ടുണ്ട്
പ്രതിപക്ഷത്തിന്‍റേതാണ് പാർലമെന്‍റ്

"പ്രതിപക്ഷത്തിന്‍റേതാണ് പാർലമെന്‍റ് '- പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ ഭരണഘടനാ നിർമാണ സഭയിൽ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ ഈ നിരീക്ഷണത്തിന് പ്രവചന സ്വഭാവമുണ്ടെന്നു തോന്നിപ്പോകും. പ്രതിപക്ഷ നിര പാർലമെന്‍റിൽ കരുത്തുറ്റ സാന്നിധ്യമാകുന്ന തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷാനിർഭരമാണ്. ഭീമാകാരമായ അംഗബലം കൊണ്ട് എല്ലാം അരിഞ്ഞുവീഴ്ത്തി മുന്നേറാമെന്ന, ഫലം വരുന്നതു വരെയും ഭരണക്കാർ പ്രകടിപ്പിച്ച ധാർഷ്ട്യത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അങ്ങനെ സംഭവിച്ചാൽ അത് ജനാധിപത്യത്തിന്‍റെ മരണ മണിയാകുമെന്ന തിരിച്ചറിവ് തങ്ങൾക്കുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ജനങ്ങൾ നൽകിയത്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുമ്പോൾ ഇത്തരം വിശകലനങ്ങൾക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്നെ പുതിയ മന്ത്രിസഭ അധികാരമേറ്റു. പാർലമെന്‍റ് 24ന് സമ്മേളിക്കാൻ പോകുന്നു.

യഥാർഥത്തിൽ ഈ തെരഞ്ഞെടുപ്പിലെ വിജയി ആരാണ്? സാങ്കേതികമായി നിലവിലെ ഭരണക്കാർ തന്നെ. അതുകൊണ്ടാണല്ലോ മോദി മന്ത്രിസഭ വീണ്ടും അധികാരമേറ്റത്. എന്നാൽ ശക്തമായ മുന്നേറ്റം നടത്തിയത് ഇന്ത്യ മുന്നണിയാണ്. ഭരണകക്ഷിയെ അക്ഷരാർഥത്തിൽ വിറപ്പിച്ചു നടത്തിയ അദ്ഭുതകരമായ മുന്നേറ്റം. 400 പ്ലസ് എന്ന പ്രധാനമന്ത്രിയുടെ പ്രചണ്ഡ പ്രചരണത്തിൽ അശേഷം തളരുകയോ വീര്യം നഷ്ടപ്പെടുകയോ ചെയ്യാതെ പൊരുതി നേടിയ വിജയം. അതുകൊണ്ടു തന്നെ അതിന് തങ്കത്തിളക്കം.

ഇതിനെല്ലാമുപരിയാണ് ഈ ജനവിധിയിലെ ജനസാമാന്യത്തിന്‍റെ കരുത്ത്. ലോകത്തു തന്നെ ഏറ്റവും വർണാഭമായ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവും ചോർത്തി, അതിന്‍റെ അസ്ഥിപഞ്ജരം മാത്രം അവശേഷിപ്പിച്ച് സർവാധികാര പ്രമത്തതയോടു കൂടിയുള്ള അധികാരവാഴ്ച അതിന്‍റെ എല്ലാ സീമകളും ലംഘിച്ചു കുതിക്കുമ്പോൾ കടിഞ്ഞാണിടാൻ കഴിയുമോ എന്ന ആശങ്ക ചെറുതായൊന്നുമല്ല പങ്കുവയ്ക്കപ്പെട്ടത്. എല്ലാം കൈപ്പിടിയിലൊതുക്കി ആരുണ്ടിവിടെ ചോദിക്കാൻ എന്ന മട്ടിലാണ് ബുൾഡോസർ ഉരുണ്ടത്. ഭരണഘടനാ സ്ഥാപനങ്ങൾ പോലും അതിൽ ഞെരിഞ്ഞമർന്നു. ഇഡി, സിബിഐ പോലെയുള്ള കേന്ദ്ര ഏജൻസികൾ ഫണം വിടർത്തിയാടി. ജനാധിപത്യത്തിന്‍റെ മൂല്യവും പവിത്രതയും സംരക്ഷിക്കാൻ കൂറുമാറ്റ നിരോധന നിയമം പാസാക്കിയ രാജ്യത്ത് ജനപ്രതിനിധികൾ തുടർച്ചയായി വിലയ്ക്കെടുക്കപ്പെടുന്നതാണ് നാം കണ്ടത്. ഇത്തരത്തിൽ പ്രതിപക്ഷത്തെയാകെ നിരായുധരാക്കി ഏകപക്ഷീയമായ വിജയം നേടാനുള്ള കോപ്പുകൂട്ടലാണ് തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നടത്തിയതത്രയും. ഇതൊന്നും പോരാഞ്ഞ് വർഗീയ വികാരമിളക്കി ജനങ്ങളെ ചേരി തിരിച്ചും ഭിന്നിപ്പിച്ചും കലഹിപ്പിച്ചും മുതലെടുപ്പ് നടത്താനുള്ള ഗൂഢ നീക്കം വേറെ. അങ്ങനെ ജനാധിപത്യ സൂര്യന്‍റെ അസ്തമയ ലക്ഷണങ്ങൾ പ്രകടമായിടത്താണ് അതിനിടയാക്കിയവരുടെ കണക്കു കൂട്ടലുകളാകെ തകിടം മറിച്ചു കൊണ്ടുള്ള ജനവിധി വർധിത വീര്യത്തോടെ പ്രകടമായത്. അതാണ് ജനങ്ങളുടെ കരുത്ത്. അതാണ് ഈ രാജ്യത്തിന്‍റെ നേര്.

ജനാധിപത്യം അപായപ്പെടുന്നതിന്‍റെ മണിമുഴക്കം എപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അത് സംരക്ഷിക്കാനുള്ള ജാഗ്രതയും കരുത്തും ജനത പ്രകടമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പു തന്നെ ഉദാഹരണം. അതേ വ്യാപ്തിയിലല്ലെങ്കിലും അതിന്‍റെ തനിയാവർത്തനം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലുമുണ്ടായത്. നിരക്ഷരകുക്ഷികൾ എന്നൊക്കെ നമ്മൾ ആക്ഷേപിക്കുന്ന ഉത്തർപ്രദേശിലെ ജനസാമാന്യം കാലത്തിന്‍റെ വിളി കേട്ട് അവസരത്തിനൊത്തുയർന്ന് ജനാധിപത്യ സംരക്ഷണത്തിന് വോട്ടവകാശം വിനിയോഗിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഫലമോ, ബിജെപിയെ കടപുഴക്കിയെറിഞ്ഞ ജനവിധി. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽപ്പോലും ബിജെപി പരാജയം രുചിച്ചു. എന്തിന് അമാനുഷനും ദൈവവും എന്നൊക്കെ വാഴ്ത്തിപ്പാടിയ സാക്ഷാൽ നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിൽ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ അദ്ദേഹം പിന്നിലാവുകയും ഒടുവിൽ ഭൂരിപക്ഷം കഴിഞ്ഞ പ്രാവശ്യത്തേതിന്‍റെ മൂന്നിലൊന്നായി കുറയുകയും ചെയ്തു. നാലര ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായുള്ള കുറവ്. ഇതിനേക്കാൾ വലിയ അവിശ്വാസ പ്രഖ്യാപനം എന്താണു വേണ്ടത്? തങ്ങളുടെ രാമൻ നീതിയുടെയും ധർമത്തിന്‍റെയും പ്രതിരൂപമാണെന്ന് അവർ സംശയലേശമെന്യേ വിധിയെഴുതി. ഈ കരുത്തിനെയാണ് അഭിനന്ദിക്കേണ്ടത്. അവർക്കാണ് ബിഗ് സല്യൂട്ട് നൽകേണ്ടത്. മാധ്യമങ്ങളെ വരെ വിലയ്ക്കെടുത്ത് നടത്തിയ സർവെകളിലൂടെ മോദി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന വൻപ്രചരണത്തെ അതിജീവിച്ചാണ് സാമാന്യജനം ഈ കരുത്തുകാട്ടിയത് എന്ന വസ്തുത ജനവിധിയുടെ മാറ്റ് വർധിപ്പിക്കുന്നു.

വോട്ടവകാശമെന്ന വജ്രായുധം ഉപയോഗിച്ച് ജനസാമാന്യം നടത്തിയ പ്രയോഗം കുറിക്കു കൊണ്ടുവെന്നു വേണം മനസിലാക്കാൻ. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലുടനീളം മോദി സർക്കാർ, മോദി ഗ്യാരന്‍റി എന്നിങ്ങനെ വ്യക്തികേന്ദ്രമായി മാത്രം ഉരുവിട്ടുകൊണ്ടിരുന്ന പ്രധാനമന്ത്രി ഇപ്പോൾ എൻഡിഎ സർക്കാരെന്ന് മാറ്റി പറയാൻ നിർബന്ധിതനായിരിക്കുന്നു. 400 പ്ലസിലൂടെ ഭരണഘടനാ ഭേദഗതിക്ക് കോപ്പുകൂട്ടിയവർക്ക് ഭരണഘടന അമൂല്യനിധിയാവുന്നു. പ്രധാനമന്ത്രി താണു വീണു വണങ്ങുന്നു, ആത്മാർഥതയോടയല്ലെങ്കിലും. ജനങ്ങൾ നടത്തിയ ആഘാത ചികിത്സ ഫലം കണ്ടതിന്‍റെ സൂചനകൾ!

വർഗീയത ആളിക്കത്തിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ജയിച്ചു കയറാമെന്ന ബിജെപി കണക്കുകൂട്ടലുകളാണ് ഇക്കുറി തകിടം മറിഞ്ഞത്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമടക്കമുള്ള ജീവിത പ്രയാസങ്ങളോടുള്ള പ്രതികരണമായി വോട്ടവകാശം ഉപയോഗിക്കുന്ന ജനസാമാന്യത്തിന്‍റെ പ്രബുദ്ധതയാണ് പ്രകടമായത്. സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രതികരിക്കുകയുമെന്ന ജനാധിപത്യത്തിന്‍റെ ഉദാത്ത മാതൃക. അധികാരത്തിന്‍റെ ആടയാഭരണങ്ങളും ചെങ്കോലും കിരീടവുമൊന്നും തങ്ങളെ ഭ്രമിപ്പിക്കില്ല എന്ന് ജനം വിളംബരം ചെയ്തു. അധികാരത്തിന്‍റെ വാൾ ചുഴറ്റി ഭീതിയുടെ നിഴലിൽ നിർത്തി അടക്കിവാഴാമെന്നാണ് ഭാവമെങ്കിൽ നിശബ്ദമായി അതിനെ ചോദ്യം ചെയ്യുമെന്ന് അവർ തെളിയിച്ചു. തങ്ങളെ അറിയാനും ചേർത്ത് പിടിക്കാനും സമാശ്വസിപ്പിക്കാനും കഴിയുന്ന ജനകീയത തന്നെയാണ് ജനാധിപത്യത്തിന്‍റെ മർമം എന്ന് അവർ ഓർമിപ്പിച്ചു.

രാഹുൽ ഗാന്ധി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ലഭിച്ച മൂന്നര ലക്ഷത്തിലധികത്തിന്‍റെ വലിയ ഭൂരിപക്ഷം ഇതിന്‍റെ തെളിവാണ്. ഭാരത് ജോഡോ യാത്രയിലൂടെ സൃഷ്ടിച്ച ഈ വികാരം ജനം നെഞ്ചിലേറ്റി. ഇന്ത്യാ മുന്നണിക്ക് അത് കരുത്തായി. വെറുപ്പിന്‍റെ ചന്തയിൽ സ്നേഹത്തിന്‍റെ കട തുറക്കാനാണ് വരുന്നതെന്ന രാഹുലിന്‍റെ വാക്കുകൾ ഭരണനേതൃത്വത്തെ എത്രമാത്രം പ്രതിക്കൂട്ടിലാക്കുന്നു എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ നടത്തിയ തീഷ്ണമായ പ്രസംഗങ്ങൾ ഭരണഘടനാ സംരക്ഷണത്തിനായുള്ള സമ്മതിദാനാവകാശ വിനിയോഗത്തിന്‍റെ ആവശ്യകത ജനങ്ങളിലേക്ക് പകർന്നു നൽകി എന്ന് വ്യക്തം.

പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ കരുത്തു തെളിയിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു പ്രത്യേകത. ഇന്ത്യാ മുന്നണിയുടെ കുതിപ്പിന് അവരുടെ പങ്കാളിത്തം നിർണായകമായി.

യുപിയിൽ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി നടത്തിയ കുതിപ്പ് തെരഞ്ഞെടുപ്പിന്‍റെ ഫലഗതിയെയാകെ മാറ്റിമറിച്ചു. പാർലമെന്‍റിലെ മൂന്നാമത്തെ വലിയ കക്ഷിയായി അവർ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേടിയ ഉജ്വല വിജയം മമത ബാനർജി എന്ന നേതാവിന്‍റെ കരുത്തും പോരാട്ടവീര്യവും പ്രകടമാക്കുന്നതും അപ്രതിരോധ ശക്തി എന്ന് വെളിവാക്കുന്നതുമാണ്. ഡിഎംകെ മുന്നണി തമിഴ്നാട് തൂത്തുവാരിയതിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തിന്‍റെ നേരവകാശി താനല്ലാതെ മറ്റാരുമല്ലെന്ന് എം.കെ. സ്റ്റാലിൻ ഒരിക്കൽക്കൂടി വിളംബരം ചെയ്തു.

ഇതൊക്കെ ഇന്ത്യാ മുന്നണിക്ക് കരുത്താകുമ്പോൾ ഭരണമുന്നണിയുടെ ഘടനയും മറ്റൊന്നല്ല. നരേന്ദ്ര മോദി കസേര ഉറപ്പിക്കുന്നത് ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും ബിഹാറിൽ നിതീഷ് കുമാറിന്‍റെ ജെഡിയുവും കരസ്ഥമാക്കിയ വിജയത്തിന്‍റെ പേരിലാണ്. അങ്ങനെ ഭരണ മുന്നണിയുടെയും പ്രതിപക്ഷ മുന്നണിയുടെയും പൂമുഖത്ത് പ്രാദേശിക രാഷ്‌ട്രീയ കക്ഷി നേതാക്കൾ ആധികാരിതയോടെ കസേര വലിച്ചിട്ടിരിക്കുന്ന നേർചിത്രവും ഈ തെരഞ്ഞെടുപ്പിന്‍റെ സംഭാവനയാണ്.

ഇലക്‌ഷൻ പ്രക്രിയ സുഗമമായി പൂർത്തീകരിക്കാൻ ഇലക്‌ഷൻ കമ്മിഷനു നിർണായക സ്ഥാനമാണുള്ളത്. ഭരണഘടനയുടെ 324ാം ആർട്ടിക്കിൾ നൽകുന്ന അധികാരപ്രകാരം സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവകവുമായി പ്രവർത്തിക്കാൻ വിവക്ഷിക്കപ്പെട്ടിരിക്കുന്ന കമ്മിഷൻ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന വാക്കാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യക്രമത്തിൽ കണിലെ കൃഷ്ണമണി പോലെയാണ്. അത്രമാത്രം പ്രാധാന്യമാണതിനുള്ളത്. സുപ്രീം കോടതി തന്നെ അത് ആവർത്തിച്ചുറപ്പിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാ യിരിക്കണം ഇലക്‌ഷൻ കമ്മിഷൻ നിയമനം നടത്തേണ്ടതെന്ന ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധിയും ഈ സത്തയുടെ പ്രഖ്യാപനമാണ്. എന്നാൽ അത് അക്ഷരംപ്രതി അനുസരിക്കാൻ ബാധ്യസ്ഥനായ പ്രധാനമന്ത്രി നേർ വിപരീതമായി അതിൽ വെള്ളം ചേർക്കാനാണ് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള സമിതി. സ്വതന്ത്ര സ്വഭാവം അപ്പോഴേ നഷ്ടപ്പെട്ടു. അതിന്‍റെ പ്രത്യാഘാതം പ്രതിഫലിച്ച തെരഞ്ഞെടുപ്പായി 18ാം ലോകസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടും. വിധേയത്വത്തിന്‍റെ വികൃത രൂപങ്ങൾ തെളിയുന്നത് പലപ്പോഴും നാം കണ്ടു.

അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രധാനമന്ത്രിക്ക് എതിരായ പരാതിയിൽ കമ്മിഷൻ തീർപ്പ് കൽപ്പിച്ച രീതി. പദവിക്കും സ്ഥാനത്തിനും നിരക്കാത്ത നിലയിൽ പ്രധാനമന്ത്രി തന്നെ പച്ചയായ വർഗീയ പ്രചാരണവും പോർവിളിയും പൊതുവേദികളിൽ നടത്തുന്ന അപകടകരമായ സ്ഥിതിവിശേഷം നാം കണ്ടു. പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനവും ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയിൽപ്പെടുന്ന കുറ്റകൃത്യം. ഇതിനെതിരേ വന്ന പരാതിയിൽ സ്വാഭാവികമായും പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകേണ്ട കമ്മിഷൻ അതിനു പകരം അദ്ദേഹത്തിന്‍റെ പാർട്ടിക്ക് നോട്ടീസ് കൊടുക്കുന്ന വിചിത്ര നടപടിയാണ് സ്വീകരിച്ചത്. നിയമലംഘനം വ്യക്തമായിരുന്നിട്ടും ഇത്തരമൊരു നടപടിക്ക് കമ്മിഷൻ മുതിർന്നത് എല്ലാവരെയും ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു.

ഇവിടെയാണ് ശിവസേന നേതാവും മഹാരാഷ്‌ട്രയിലെ മുടി ചൂടാമന്നനുമായിരുന്ന സാക്ഷാൽ ബാൽ താക്കറേക്കെതിരെ ചീഫ് ഇലക്‌ഷൻ കമ്മിഷൻ ആയിരുന്ന ആർ.വി.എസ്. പെരിയ ശാസ്ത്രിയയുടെ കാലത്ത് സ്വീകരിച്ച നടപടി ശ്രദ്ധേയമാകുന്നത്. 1987ൽ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവസേനാ സ്ഥാനാർഥിയായിരുന്ന ഡോ. രമേശ് പ്രഭുവിനു വേണ്ടി പ്രചരണ യോഗത്തിൽ താക്കറേ നടത്തിയ പ്രസ്താവനയായിരുന്നു കേസിന് ആധാരം. ഒന്നുമല്ലെങ്കിൽ അയാൾ ഒരു ഹിന്ദുവല്ലേ, ആ ഹിന്ദുവിന് നിങ്ങൾ വോട്ട് ചെയ്യണമെന്നായിരുന്നു താക്കറേയുടെ ആഹ്വാനം. കേസിനൊടുവിൽ വിജയിച്ച സ്ഥാനാർഥി ഡോ. രമേശ് പ്രഭുവിനെയും ബാൽ താക്കറേയും 6 വർഷത്തേക്ക് കമ്മിഷൻ അയോഗ്യരാക്കി. ഈ കാലയളവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളല്ല എന്ന സൗകര്യമുണ്ടായിരുന്നെങ്കിലും ആ കാലയളവിൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ അദ്ദേഹത്തിനും വിലക്കു വീണു.

ഇവിടെ അതിനേക്കാൾ ഗൗരവകരമായ കുറ്റമാണ് നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ജനപ്രാധിനിത്യ നിയമം സെക്‌ഷൻ 123 പ്രകാരം ജനങ്ങൾക്കിടയിൽ ഭിന്നതയോ വൈരാഗ്യമോ സൃഷ്ടിക്കുന്ന തരത്തിലുള്ള ചെയ്തികൾ തെരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനവും തെരഞ്ഞെടുപ്പ് അഴിമതിയുടെ വിവക്ഷയിൽപ്പെടുന്നതുമാണ്. എന്നിട്ടും കമ്മിഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. വഹിക്കുന്ന പദവിയുടെ പവിത്രതയോ മഹത്വമോ ഔന്നത്യമോ ഉയർത്തിപ്പിടിച്ചില്ല. അങ്ങനെ നിയമനാധികാരിക്ക് ദാസ്യവേല ചെയ്യുന്ന കമ്മിഷൻ അനാവരണം ചെയ്യപ്പെട്ടതും ഈ തെരഞ്ഞെടുപ്പിൽ തന്നെ.

യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാതെ എക്സിറ്റ്പോൾ ഫലങ്ങൾ തകർന്നടിഞ്ഞ് അത് നടത്തിയവർ പരിഹാസ്യ ദുരന്ത കഥാപാത്രങ്ങളായി മൂക്കുകുത്തുന്നതും ഈ ജനവിധിയിലൂടെ കണ്ടു. അധികാരത്തിലിരിക്കുന്നവർക്കു വേണ്ടി എന്ത് അധമപ്പണിയും ചെയ്യുവാൻ തങ്ങൾക്കൊരു മടിയുമില്ലെന്ന് അവർ തെളിയിച്ചു. അതിലൂടെ ഓഹരി കുംഭകോണം നടത്തി കോടികൾ തട്ടിയെടുക്കാൻ ശ്രമം നടത്തിയവർ വേറെ.

കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ ഇതിന് നേരിട്ട് ആഹ്വാനം നടത്തുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അപകടകരമായ സാഹചര്യം കൂടിയാണ് വെളിവാകുന്നത്. രാഷ്‌ട്രീയ പാർട്ടികളെയും ജനപ്രതികളെയും "ട്രേഡ് ' ചെയ്തു പരിചയമുള്ളവരുടെ പുതിയ മേച്ചിൽപ്പുറങ്ങൾ. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ തുടക്കത്തിൽ തന്നെ രംഗത്തു വന്നും കഴിഞ്ഞു.

എന്തായാലും അധികാര സിംഹാസനങ്ങൾക്കു നേരേ ജനങ്ങൾ വിരൽ ചൂണ്ടിയ തെരഞ്ഞെടുപ്പായി ഇത് ചരിത്രം അടയാളപ്പെടുത്തും. ആരെല്ലാം തമസ്കരിക്കാൻ ശ്രമിച്ചാലും നീതിയുടെ വിജയമായി, സത്യത്തിന്‍റെ ആഘോഷമായി ഈ ജനവിധി ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കും. ജനാധിപത്യത്തെ അപചയപ്പെടുത്താനും അപായപ്പെടുത്താനും കച്ചകെട്ടുന്നവർക്ക് ആവർത്തിച്ചുള്ള മുന്നറിയിപ്പായി ഈ ജനവിധി പ്രതിധ്വനിച്ചു കൊണ്ടിരിക്കും. ചെവിയുള്ളവർ കേൾക്കട്ടെ, കണ്ണുള്ളവർ കാണട്ടെ.

Trending

No stories found.

Latest News

No stories found.