

സുസ്ഥിര ഭാവി വാര്‍ത്തെടുക്കാനുള്ള പാര്‍ലമെന്ററി സഹകരണം
ഓം ബിര്‍ള, ലോക്സഭാ സ്പീക്കര്‍
രൂപീകരിക്കപ്പെട്ട് 2 ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഗ്ലോബല്‍ സൗത്തിന്റെ സ്വാധീനമുള്ള ആധാരശിലയായും ബഹുമുഖ സംവിധാനത്തെ പരിഷ്കരിക്കാനുള്ള ചാലകശക്തിയായും ബ്രിക്സ് വളര്‍ന്നിരിക്കുന്നു. സ്ഥാപകാംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ 4 രാജ്യങ്ങളില്‍ നിന്ന് ഈ കൂട്ടായ്മ 11 അംഗരാജ്യങ്ങളിലേക്ക് വികസിച്ചു. ഇന്ന്, വളര്‍ന്നുവരുന്ന 11 പ്രധാന സമ്പദ് വ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്ന ബ്രിക്സ് ലോകജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജിഡിപിയുടെ കദേശം 40 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 26 ശതമാനവും പ്രതിനിധാനം ചെയ്യുന്നു.
""പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കല്‍'' എന്ന പ്രമേയവുമായി 2026ല്‍ ഇന്ത്യ ബ്രിക്സ് അധ്യക്ഷ പദവി ഏറ്റെടുത്തതോടെ "വസുധൈവ കുടുംബകം' എന്ന നമ്മുടെ നാഗരികതാ ദര്‍ശനത്തിന് അതു പ്രാധാന്യം നല്കി. ലോകം ഒരു കുടുംബമാണ് എന്ന ആശയമാണ് നാം മുന്നോട്ടുവയ്ക്കുന്നത്. ഇതിലൂടെ, "മാനവികതയ്ക്ക് പ്രഥമ പരിഗണന' നല്‍കുന്നതും ജനകേന്ദ്രീകൃത വികസന ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിലേക്ക് ബഹുമുഖ അജൻഡയെ നയിക്കുന്നു.
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഇടപെടലുകള്‍, ബ്രിക്സ് പാര്‍ലമെന്ററി ഫോറം മുഖേന ഈ കൂട്ടായ്മയുടെ പാര്‍ലമെന്ററി തലത്തിലുള്ള സഹകരണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 2011ല്‍ സിയോളില്‍ നടന്ന ജി20 സ്പീക്കര്‍മാരുടെ യോഗത്തോടനുബന്ധിച്ച് ആരംഭിച്ച പാര്‍ലമെന്ററി ആശയവിനിമയങ്ങള്‍ വികസിച്ചാണ് 2015 ജൂണ്‍ 8ന് മോസ്കോയില്‍ നടന്ന ആദ്യ ബ്രിക്സ് പാര്‍ലമെന്ററി ഫോറം യോഗത്തിലെത്തിയത്. അതിനുശേഷം, അധ്യക്ഷസ്ഥാനത്തിരിക്കുന്നവര്ക്കും പാര്ലമെന്റേറിയന്മാര്ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരസ്പര ധാരണ വളര്‍ത്താനും പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താനും ആ ഫോറം പ്രധാന വേദിയായി. ഈ പാര്‍ലമെന്ററി ഇടപെടലുകള്‍ക്ക് ഇന്ത്യ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. "വനിതാ പാര്ലമെന്റേറിയന്മാര്: സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു പ്രാപ്തിയേകുന്ന ശക്തികള്‍' എന്ന പ്രമേയത്തില്‍ 2016 ഓഗസ്റ്റില്‍ ജയ്പുരില്‍ ബ്രിക്സ് വനിതാ പാര്ലമെന്റേറിയന്മാരുടെ ഫോറം ഇന്ത്യ സംഘടിപ്പിച്ചിരുന്നു.
"ജനകേന്ദ്രീകൃത വികസനത്തിനായി പാര്‍ലമെന്റുകളെ ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന 12ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറം ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനും ബ്രിക്സ് അംഗരാജ്യങ്ങള്‍ക്കും പങ്കാളി രാജ്യങ്ങള്‍ക്കുമിടയിലെ പാര്‍ലമെന്ററി സംവാദവും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
12ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറത്തിന് മാര്‍ഗദര്‍ശനമാകുന്ന 4 വിഷയാധിഷ്ഠിത സ്തംഭങ്ങളായ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ ഇന്ത്യയുടെ 2026ലെ ബ്രിക്സ് അധ്യക്ഷപദവിയുടെ സമഗ്ര അജൻഡയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. 2026 സെപ്റ്റംബറില്‍ നടന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയില്‍ അംഗീകരിച്ച ന്യൂഡല്‍ഹി പ്രഖ്യാപനം ഈ മുന്‍ഗണനകളെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടക്കൂട് നല്കുന്നു. അന്താരാഷ്ട്ര സഹകരണത്തിന്റെ തലത്തില്‍ പൊതുവായ പ്രതിജ്ഞാബദ്ധതകള്‍ ഉച്ചകോടി മുന്നോട്ടുവയ്ക്കുമ്പോള്‍, ആ പ്രതിജ്ഞാബദ്ധതകളെ പ്രായോഗിക നടപടികളാക്കി മാറ്റുന്നതിനാവശ്യമായ നിയമനിര്‍മാണ സംവിധാനങ്ങളിലാണ് 12ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 4 പ്രത്യേക പ്ലീനറി സെഷനുകളിലൂടെ, ഉച്ചകോടിയില്‍ രൂപപ്പെട്ട സമവായത്തെ ആഭ്യന്തര നയങ്ങളായും പരിപാടികളായും മാറ്റുന്നതിന് നിയമ നിര്‍മാണം, ബജറ്റ് അംഗീകാരം, എക്സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, പാര്‍ലമെന്ററി സഹകരണം എന്നിവയിലൂടെ പാര്‍ലമെന്റുകള്‍ക്ക് എങ്ങനെ സംഭാവന നല്‍കാനാകുമെന്ന് ഫോറം പരിശോധിക്കുന്നു.
ഈ വിഷയങ്ങളില്‍ ആദ്യത്തേതായ സ്ഥാപനപരമായ പ്രതിരോധ ശേഷി, ജനാധിപത്യ ഭരണ സംവിധാനം നിലനിത്താനും കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനും ശക്തവും ഉത്തരവാദിത്വമുള്ളതും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നതുമായ സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സാഹചര്യങ്ങളില്‍ രൂപം കൊണ്ട ആഗോള ഭരണ സംവിധാനം, സമകാലിക ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍, തന്ത്രപരമായ മത്സരങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, അതിര്‍ത്തികള്‍ കടന്നുവരുന്ന പുതിയ വെല്ലുവിളികള്‍ എന്നിവയെ അഭിമുഖീകരിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച 2026ലെ റിപ്പോര്‍ട്ട് പ്രകാരം, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ആകെ ലക്ഷ്യങ്ങളില്‍ 36 ശതമാനം മാത്രമാണ് നിശ്ചിത പാതയില്‍ മുന്നേറുന്നത്. അതേസമയം, വികസ്വര രാജ്യങ്ങള്‍ ഓരോ വര്‍ഷവും ഏകദേശം 4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപക്കുറവ് നേരിടുന്നു. ഇതിന് വിപരീതമായി 2025ല്‍ ആഗോള സൈനിക ചെലവ് റെക്കോര്‍ഡ് നിലവാരമായ 2.8 ലക്ഷം കോടി ഡോളറില്‍ എത്തി. ഈ യാഥാര്‍ഥ്യങ്ങള്‍ ബഹുമുഖ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍, ഐക്യരാഷ്ട്ര സഭയും ബ്രെട്ടണ്‍ വുഡ്സ് സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ആഗോള ഭരണ സംവിധാനങ്ങളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന് ബ്രിക്സ് ആവശ്യപ്പെടുന്നു. ഈ സ്ഥാപനങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യമുള്ളതും സുതാര്യവും ഫലപ്രദവുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സ്ഥാപനപരമായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നത് നിലവിലുള്ള സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് പൊരുത്തപ്പെടാനും വിശ്വാസം വളര്‍ത്താനും അന്താരാഷ്ട്ര സഹകരണത്തിലൂടെ അര്‍ത്ഥവത്തായ ഫലങ്ങള്‍ കൈവരിക്കാനും ഈ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയും വേണം. ദേശീയതലത്തില്‍, നിയമ നിര്‍മാണം, ചര്‍ച്ചകള്‍, ധനകാര്യ പരിശോധന, മേല്‍നോട്ടം എന്നിവയിലൂടെ സ്ഥാപനപരമായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്റിനുള്ള പങ്ക് ഇന്ത്യയുടെ അനുഭവം വ്യക്തമാക്കുന്നു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുക, തെരഞ്ഞെടുപ്പുകളുടെ സത്യസന്ധതയും വിശ്വാസ്യതയും സംരക്ഷിക്കുക, പൊതു ചെലവുകളില്‍ ഉത്തരവാദിത്വം ഉറപ്പാക്കുക എന്നിവയില്‍ സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മിഷന്, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍, പദ്ധതികള്‍, ചെലവുകള്‍ എന്നിവ വിശദമായി പരിശോധിക്കുന്നതിലൂടെ പാര്‍ലമെന്ററി സമിതികള്‍ ഈ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
നമ്മുടെ രണ്ടാമത്തെ സ്തംഭമായ നവീകരണം അഭൂതപൂര്‍വമായ ഡിജിറ്റല്‍ വിപ്ലവത്തിന്റെ നടുവിലാണ് നാം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നു. നിര്‍മിതബുദ്ധിയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് വലിയ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. സാങ്കേതിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയന്ത്രണങ്ങള്‍ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം ലോകമെമ്പാടുമുള്ള പാര്ലമെന്റുകള്ക്കുണ്ട്. കൃത്രിമ ബുദ്ധി സംവിധാനങ്ങള്‍ സുതാര്യവും ഉത്തരവാദിത്വമുള്ളതും മനുഷ്യരുടെ കര്‍ശനമായ മേല്‍നോട്ടത്തിന് വിധേയവുമാണെന്ന് ഉറപ്പാക്കണം.
ഈ വെല്ലുവിളിയോടുള്ള ഇന്ത്യയുടെ സമീപനം പ്രായോഗികവും മനുഷ്യകേന്ദ്രീകൃതവുമാണ്. വിവിധ മേഖലകളില്‍ സുരക്ഷിതവും വിശ്വസനീയവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നിര്‍മിതബുദ്ധി നവീകരണം സാധ്യമാക്കുന്നതിനായി 7 സൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള തത്ത്വാധിഷ്ഠിത എഐ ഭരണചട്ടക്കൂടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2026ല്‍ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടി സമീപകാല ഉദാഹരണമാണ്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സ്വന്തം പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും പ്രാപ്യതയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റും മാതൃക കാട്ടിയിട്ടുണ്ട്. "ഡിജിറ്റല്‍ സന്‍സദ്' സംരംഭത്തിലൂടെ ഏകീകൃതവും സുരക്ഷിതവും കടലാസ് രഹിതവുമായ ഒരു സംവിധാനത്തിലേക്ക് നാം മാറിയിരിക്കുന്നു. പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ തത്സമയം അക്ഷരങ്ങളിലേക്കു മാറ്റാനും പാര്‍ലമെന്ററി രേഖകള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും "സന്‍സദ് ഭാഷിണി' സംരംഭത്തിന് കീഴില്‍ നിര്‍മിത ബുദ്ധി വിന്യസിച്ചുവരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ചരിത്രപരമായ ചര്‍ച്ചകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി നിര്‍മിത ബുദ്ധി ഉപയോഗിച്ച്, നമ്മുടെ സമ്പന്നമായ സ്ഥാപനപരമായ ഓര്‍മകള്‍ സംരക്ഷിച്ചുവരുന്നു.
ഇത് നമ്മെ മൂന്നാമത്തെ സ്തംഭമായ സഹകരണത്തിലേക്ക് നയിക്കുന്നു. കാലക്രമേണ, ആഗോള സ്ഥാപനങ്ങള്‍ അവയുടെ ഘടനയില്‍ സമകാലിക അധികാര സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കാത്ത രീതിയിലാണ് രൂപപ്പെട്ടത്. ഇന്ന്, വാങ്ങല്‍ശേഷി തുല്യതയുടെ അടിസ്ഥാനത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ 60 ശതമാനത്തിലധികം ഗ്ലോബല്‍ സൗത്തിന്റെ സംഭാവനയാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഏകദേശം 80 ശതമാനവും ഈ മേഖലയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഈ മാറ്റങ്ങള്‍, അന്താരാഷ്ട്ര തീരുമാനങ്ങള്‍ വിവിധ കാഴ്ചപ്പാടുകളെയും വികസന മുന്‍ഗണനകളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. വളര്‍ന്നുവരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളെയും വികസ്വര രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ബ്രിക്സ്, ദക്ഷിണ- ദക്ഷിണ സഹകരണം ശക്തിപ്പെടുത്തുന്നതിനും സമവായം കെട്ടിപ്പടുക്കുന്നതിനും പൊതുവായ മുന്‍ഗണനകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനുമുള്ള സുപ്രധാന വേദിയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംവാദം സാധ്യമാക്കുക, രാഷ്ട്രീയ സമവായം കെട്ടിപ്പടുക്കുക, അന്താരാഷ്ട്ര പ്രതിജ്ഞാബദ്ധതകള്‍ സൂക്ഷ്മമായി പരിശോധിക്കുക, ആഗോള സഹകരണം ജനങ്ങളുടെ അഭിലാഷങ്ങളോട് പ്രതികരിക്കുന്നതാണെന്ന് ഉറപ്പാക്കുക എന്നിവയിലൂടെ ഈ പ്രവര്‍ത്തനത്തില്‍ പാര്‍ലമെന്റുകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ട്.
നയതന്ത്ര ഇടപെടലുകളിലൂടെയും ബഹുമുഖ സഹകരണത്തിലൂടെയും ഏവരെയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണസംവിധാനത്തിനായി ഇന്ത്യ സ്ഥിരമായി നിലകൊണ്ടിട്ടുണ്ട്. 2023ല്‍ ഇന്ത്യ ജി20 അധ്യക്ഷ പദവി വഹിച്ച കാലത്ത് ഇത് വ്യക്തമായി പ്രകടമായി. ആഗോള സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലെ പ്രാതിനിധ്യം വിപുലീകരിച്ച്, ആഫ്രിക്കന്‍ യൂണിയന് ജി20യില്‍ സ്ഥിരാംഗത്വം ലഭിച്ചത് ഈ കാലയളവിലായിരുന്നു. ബ്രിക്സ് ചട്ടക്കൂടിനുള്ളിലെ സഹകരണത്തിന്റെ ഫലമായി ന്യൂ ഡവലപ്മെന്റ് ബാങ്ക് സ്ഥാപിക്കപ്പെടുകയും ചെയ്തു. ഏകപക്ഷീയമായ വീറ്റോ അധികാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ബാങ്ക്, ലോകമെമ്പാടുമായി 139 പദ്ധതികള്‍ക്കായി 43 ദശലക്ഷം ഡോളര്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍, എന്‍ഡിബിയുടെ പിന്തുണയോടെ നടപ്പാക്കുന്ന 32 പദ്ധതികള്‍ക്കായി 9.5 ദശലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്രാമീണ റോഡ് ശൃംഖലകള്‍, മണിപ്പുരിലെ 31 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാന ജലവിതരണ പദ്ധതി, ഡല്‍ഹിമീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ഈ സഹായം പിന്തുണ നല്കുന്നു. പൊതുവായ മുന്‍ഗണനകളെ മൂര്‍ത്തമായ വികസന നേട്ടങ്ങളാക്കി മാറ്റാന്‍ ബഹുമുഖ സഹകരണത്തിന് എങ്ങനെ കഴിയുമെന്ന് ഈ സംരംഭങ്ങള്‍ തെളിയിക്കുന്നു.
ഈ പ്രക്രിയ നിലനിര്‍ത്തുന്നതില്‍ പാര്‍ലമെന്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അന്താരാഷ്ട്ര സഹകരണത്തില്‍ സമവായം കെട്ടിപ്പടുക്കാനും പ്രതിജ്ഞാബദ്ധതകള്‍ നടപ്പാക്കുന്നത് സുഗമമാക്കാനും ഉത്തരവാദിത്വം ശക്തിപ്പെടുത്താനും അവയ്ക്ക് കഴിയും. അന്താരാഷ്ട്ര ധനകാര്യ ക്രമീകരണങ്ങള്‍, വ്യാപാര കരാറുകള്‍, ബഹുമുഖ ചട്ടക്കൂടുകള്‍ എന്നിവയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് ആഭ്യന്തര നിയമനിര്‍മാണ നടപടികള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പാര്‍ലമെന്റുകളുടെ ഇടപെടല്‍ പ്രത്യേകിച്ചും പ്രധാനമാണ്.
അവസാനമായി, നാം സുസ്ഥിരതയിലേക്ക് കടക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ 2025ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോര്‍ട്ട് ആശങ്കാജനകമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. ലക്ഷ്യങ്ങളില്‍ 35 ശതമാനം മാത്രമാണ് നിശ്ചിത പാതയില്‍ മുന്നേറുന്നത്. ഏകദേശം 80 കോടി പേര് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ 230 കോടി പേര് ഭക്ഷ്യസുരക്ഷയില്ലായ്മ നേരിടുന്നു. ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം ഏവരെയും ഉള്‍ക്കൊള്ളണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തെ പ്രതികൂലമായി ബാധിക്കുകയോ നിയന്ത്രണാത്മകമായ വ്യാപാരതടസങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.
സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും തടസങ്ങളില്ലാതെ സമന്വയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉജ്വലമായ ഉദാഹരണമാണ് ഇന്ത്യയുടെ വികസന പാത. 2013-14 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 24.82 കോടി പേരെ ബഹുമുഖ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാധിച്ചു. അനുകരണീയമായ വിജയഗാഥയാണ് ജല്‍ ജീവന് മിഷന് പദ്ധതി. ഈ പദ്ധതിയിലൂടെ ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള പൈപ്പ് വഴിയുള്ള കുടിവെള്ള ലഭ്യത ഗണ്യമായി വര്‍ധിച്ചു. 2019ല്‍ 3.23 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭ്യമായിരുന്നെങ്കില്‍ 2026ഓടെ ഈ എണ്ണം 15.91 കോടിയായി ഉയര്‍ന്നു. ദൗത്യം ആരംഭിച്ചതിനുശേഷം 12.68 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് അധികമായി പൈപ്പ് വെള്ള കണക്ഷനുകള്‍ നല്‍കാനായി. ഇതുവഴി ഗ്രാമീണ ഇന്ത്യയിലുടനീളം സുരക്ഷിതമായ കുടിവെള്ള ലഭ്യത മെച്ചപ്പെട്ടു.
ഹരിത പരിവര്‍ത്തന രംഗത്തും ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചു. 2026 ജൂലൈയില്‍ ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദന ശേഷി ഏകദേശം 552 ജിഗാവാട്ടായി ഉയര്‍ന്നു. ഇതില്‍ 54 ശതമാനത്തിലധികവും ഫോസില്‍ ഇന്ധനേതര സ്രോതസുകളില്‍ നിന്നുള്ളതാണ്. നിശ്ചയിച്ച സമയപരിധിക്ക് 5 വര്‍ഷം മുമ്പുതന്നെ ഈ പ്രധാന കാലാവസ്ഥാ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു. ഈ യാത്രയില്‍ പാര്‍ലമെന്റ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2022ലെ ഊര്‍ജസംരക്ഷണ (ഭേദഗതി) നിയമം പോലുള്ള നിയമങ്ങള്‍ നടപ്പാക്കി. മിഷന് ലൈഫ് മുഖേന കൂട്ടായ ബോധവത്കരണത്തിനും പ്രവര്‍ത്തനത്തിനും ആഹ്വാനം ചെയ്യുന്നു.
നമ്മുടെ രാജ്യങ്ങളിലെ പാര്ലമെന്റുകള് കേവലം നിയമനിര്‍മാണ സഭകള്‍ മാത്രമല്ല; ജനങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ നയിക്കുന്ന ഭരണത്തിന്റെ ധാര്‍മിക ചട്ടക്കൂടുകള്‍ കൂടിയാണ്. എന്റെ സഹപൗരന്മാരോടൊപ്പം, 12ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറത്തെ സുപ്രധാന അവസരമായാണ് ഞാന്‍ കാണുന്നത്. പ്രദേശമോ വികസനത്തിന്റെ നിലവാരമോ പരിഗണിക്കാതെ ലോകത്തിലെ ഓരോ പൗരനും ആഗോള ഭരണസംവിധാനത്തില്‍ പങ്കാളിത്തമുണ്ടാകണമെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണിത്.