

നാസിക്കില്‍ നടന്ന 'കോര്‍പറേറ്റ് ജിഹാദ് '
symbolic image
പ്രത്യേക ലേഖകൻ
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ടിസിഎസ് എന്ന ഐടി ഭീമന്‍റെ നാസിക്കിലുള്ള യൂണിറ്റില്‍ നടന്നത്. 2022 മുതല്‍ 2026 വരെ നാല് വര്‍ഷമായി നടന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. സംഭവം വിവാദമായതോടെ മഹാരാഷ്‌ട്രയിലുള്ള ടിസിഎസ് ബിപിഒ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജോലി സ്ഥലത്ത് ലൈംഗിക പീഡനം, മാനസിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ നടന്നെന്ന ആരോപണങ്ങളെ തുടര്‍ന്നാണിത്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങളായി ജോലി സ്ഥലത്ത് മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നെന്നു വെളിപ്പെടുത്തിക്കൊണ്ട് ഒമ്പത് വനിതാ ജീവനക്കാര്‍ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ലൈംഗിക പീഡനം, മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ എന്നിവ ഈ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍, ജീവനക്കാരുടെ മതവിശ്വാസങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജീവനക്കാർ വർജിച്ചിരുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അധികാര ദുര്‍വിനിയോഗം
നാസിക് പൊലീസ് കമ്മിഷണര്‍ സന്ദീപ് കാര്‍ണിക് പറയുന്നതനുസരിച്ച്, ഏഴ് പുരുഷ ജീവനക്കാരുടെ ഒരു സംഘം വനിതാ സഹപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചതിന്‍റെ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ്. ആരോപണം നേരിടുന്ന ഈ പുരുഷ ജീവനക്കാരില്‍ ചിലര്‍, ടീം ലീഡര്‍ എന്ന സ്ഥാനം ഉള്‍പ്പെടെയുള്ള അധികാരം ദുരുപയോഗം ചെയ്ത് ഒന്നിലധികം സഹജീവനക്കാരെ പീഡിപ്പിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്.
മതപരമായ പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം എന്നിവ ആരോപിച്ച് ഒരു പുരുഷ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെടെ ആകെ ഒമ്പത് എഫ്ഐആറുകള്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്. മറ്റൊരു സ്ത്രീ ഒളിവിലാണ്. പ്രതികളില്‍ ചിലര്‍ അധികാരം ഉപയോഗിച്ച് ഇരകളെ പരാതി നല്‍കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
2022 മുതല്‍ 2026 വരെ നാല് വര്‍ഷമായി നടന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത്
file photo
വര്‍ഷങ്ങളോളം പീഡനം
2022 മുതല്‍ വര്‍ഷങ്ങളായി ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം എന്നിവ നടന്നിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അനാവശ്യമായ സ്പര്‍ശനങ്ങള്‍, അശ്ലീല പരാമര്‍ശങ്ങള്‍, വ്യക്തിജീവിതത്തെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ എന്നിവയുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില ജീവനക്കാരെ മാംസാഹാരം കഴിക്കാന്‍ പോലും നിര്‍ബന്ധിച്ചു. ഇരകള്‍ പരാതികള്‍ ഉന്നയിച്ചിട്ടും കമ്പനിയുടെ ഭാഗത്തു നിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
' കുഞ്ഞ് വേണമെങ്കില്‍ ഭാര്യയെ എന്‍റെ അടുത്തേക്ക് അയയ്ക്കൂ '
തലയില്‍ തൊപ്പി ധരിച്ച് നമസ്‌കരിക്കാന്‍ ടീം ലീഡര്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ജീവനക്കാരന്‍ പരാതിപ്പെട്ടത്. കുട്ടി വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ 'ഭാര്യയെ അയയ്ക്കാന്‍' ടീം ലീഡര്‍മാരില്‍ ഒരാള്‍ പറഞ്ഞതായും ജീവനക്കാരന്‍ ആരോപിച്ചു. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കുഞ്ഞ് ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അപമാനിച്ചത്.
2022ല്‍ കമ്പനിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പീഡനം ആരംഭിച്ചതെന്നു ജീവനക്കാരന്‍ പറഞ്ഞു. ടീം ലീഡര്‍ തൗസിഫ് അക്തറും സഹപ്രവര്‍ത്തകന്‍ ഡാനിഷ് ഷെയ്ക്കും ചേര്‍ന്നാണ് പീഡിപ്പിച്ചിരുന്നത്. മറ്റുള്ളവരുടെ ജോലികള്‍ ഉള്‍പ്പെടെയുള്ള അധിക ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നെന്ന് ജീവനക്കാരന്‍ പറഞ്ഞു.
ഒരു കടുത്ത ഹിന്ദുവും, പതിവായി രുദ്രാക്ഷ മാല ധരിച്ചിരുന്ന സസ്യാഹാരം മാത്രം കഴിക്കുന്ന ആളായിരുന്നിട്ടും മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മാംസാഹാരം നിരസിച്ചപ്പോള്‍ മതവിശ്വാസങ്ങളെ പരിഹസിച്ചു. 2023ലെ ഈദ് ദിനത്തില്‍ തൗസിഫ് തന്നെ വീട്ടിലേക്ക് കൊണ്ടുപോയതിനു ശേഷം തൊപ്പി ധരിപ്പിച്ച് നിര്‍ബന്ധിച്ച് നമസ്‌കരിപ്പിച്ചെന്നും ഇതിന്‍റെ ചിത്രങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നും ജീവനക്കാരന്‍ പറഞ്ഞു.
ലക്ഷ്യമിട്ടത് ദുര്‍ബലരെ
പീഡനം നടന്നിരുന്നത് മുതിര്‍ന്ന ജീവനക്കാരും ഒരു എച്ച്ആര്‍ മാനെജരും ഉള്‍പ്പെടുന്ന ഒരു സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നെന്നു പരാതിക്കാര്‍ പറഞ്ഞിട്ടുണ്ട്. പ്രതികള്‍ കമ്പനിയിലെ പരിശീലന സംഘത്തിലെ അംഗങ്ങളാണെന്നും പുതുതായി ചേരുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അവര്‍ക്കുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി ദുര്‍ബലരായ, കുടുംബ പ്രശ്നങ്ങളുള്ളവരെയാണ് പ്രതികള്‍ 'ലക്ഷ്യ'മിട്ടിരുന്നത്.
ജീവനക്കാരെന്ന വ്യാജേന വനിതാ പൊലീസുകാര്‍
ടിസിഎസ് നാസിക്കിലെ 23കാരിയായ ഒരു ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ ഡാനിഷിനെയും തൗസിഫിനെയും കുറിച്ചാണ് പരാമര്‍ശമുള്ളത്. ഡാനിഷ് തന്നെ നിര്‍ബന്ധിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു. ഡാനിഷിന്‍റെ കൂട്ടാളികളായ തൗസിഫും എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാനും ഹിന്ദു ദൈവങ്ങളെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും തന്‍റെ മതവിശ്വാസങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ഒടുവില്‍ സംഭവം അന്വേഷിക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ രഹസ്യ ഏജന്‍റുമാരായി അയയ്ക്കുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി പകുതി മുതല്‍ ആറ് വനിതാ ഉദ്യോഗസ്ഥരാണ് ഏകദേശം 40 ദിവസത്തേക്ക് രഹസ്യമായി പ്രവര്‍ത്തിച്ചത്. പ്രതിയുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ടിസിഎസ് ഓഫിസിനുള്ളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്.
ഹൗസ് കീപ്പിങ് ജീവനക്കാരായി പൊലീസ്
ഹൗസ് കീപ്പിങ് ജീവനക്കാരുടെ വേഷം ധരിച്ച വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ടിസിഎസിന്‍റെ ഓഫിസില്‍ പ്രവേശിച്ചു. ടിസിഎസില്‍ ഹൗസ് കീപ്പിങ് സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്തവയാണ്. ഇതിനായി ഒരു ബാഹ്യ ഏജന്‍സിയാണു ജീവനക്കാരെ നിയമിക്കുന്നത്. അതിനാല്‍ വേഷം മാറിയ വനിതാ പൊലീസുകാരെ അയയ്ക്കുന്നത് സുരക്ഷിതമായ നീക്കമായിരുന്നു. ചില പുരുഷ പൊലീസുകാരും വേഷം മാറി സ്ഥലത്തുണ്ടായിരുന്നു.
വ്യാപകമായ അന്വേഷണം
സംഭവം വിവാദമായതോടെ പീഡനത്തിന് പിന്നില്‍ വലിയ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫണ്ടിങ് സ്രോതസുകളുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പ് (എസ്‌ഐഡി), തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടങ്ങിയ നിരവധി ഏജന്‍സികളാണ് അന്വേഷണത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിച്ച് ടാറ്റ
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആരതി സുബ്രഹ്‌മണ്യന്‍റെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.