അതിജീവനത്തിന്‍റെ മൂലമന്ത്രങ്ങള്‍

ഏകദേശം 5 കോടി വർ‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ചുട്ടുപൊള്ളുന്ന താപനില ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു
അതിജീവനത്തിന്‍റെ മൂലമന്ത്രങ്ങള്‍| Permian Eocene Thermal Maximum
Permian Eocene Thermal Maximum

#ഡോ. കെ.പി. ജയ് കിരൺ

ഒരു കാലത്ത് ആർക്‌ടിക് പ്രദേശത്തു പന പോലത്തെ മരങ്ങളും നല്ല സൂര്യപ്രകാശത്തില്‍ കരയില്‍ മുതലകളും ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ എത്ര പേർ‍ വിശ്വസിക്കും? പക്ഷേ, വിശ്വസിച്ചേ പറ്റൂ. ഏകദേശം 5 കോടി വർ‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ചുട്ടുപൊള്ളുന്ന താപനില ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇതിനെ പെർ‍മിന്‍ ഈയോസീന്‍ തെർ‍മല്‍ മാക്‌സിമം എന്ന് ശാസ്ത്രജ്ഞർ‍ വിളിക്കുന്നു. ധ്രുവങ്ങള്‍ വരെ ചുട്ടുപൊള്ളിയ കാലത്തു ഭൂമിയില്‍ മഞ്ഞുപാളികള്‍ തീർ‍ത്തും ഇല്ലായിരുന്നുവെന്നും സമുദ്രങ്ങളിലെ ജലനിരപ്പ് വളരെ ഉയരത്തിലായിരുന്നു എന്നും ഫോസില്‍ തെളിവുകള്‍ സൂചിപ്പിക്കുന്നു. അതുപോലെ 60 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമി തണുത്തുറഞ്ഞു ഒരു ഹിമഗോളമായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ഭൂമധ്യരേഖയിലെ സമുദ്രങ്ങള്‍ വരെ തണുത്തുറഞ്ഞ കാലത്തില്‍ സമുദ്രനിരപ്പ് വളരെ താഴെയായിരുന്നു. ഇതെല്ലം ശാസ്ത്രീയമായി തെളിയിച്ചതും ഭൗമശാസ്ത്ര വിദ്യാർ‍ഥികള്‍ പഠിക്കുന്നതുമായ കാര്യങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിക്കു പുത്തരിയല്ല എന്ന് ചുരുക്കം. അതു മാത്രമല്ല 460 കോടി വർഷം പഴക്കമുള്ള ഭൂമിയില്‍ 5 പ്രാവശ്യം ജീവജാലങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനമോ ഉല്‍ക്കാ വൃഷ്ടിയോ കാരണം തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. ഭൂമുഖം വാണിരുന്ന ദിനോസറുകള്‍ അപ്രത്യക്ഷമായത് അങ്ങനെയാണ്. അതിനർ‍ഥം ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ ചരിത്രത്തിലെ അവസാനത്തെ സംഭവം മാത്രമെന്നാണ്. എന്നാല്‍ മനുഷ്യന് ഇതേ അറിയൂ. കാരണം മനുഷ്യന്‍ വന്നത് ഏറ്റവും ഒടുവിലാണ്. ഭൂമിയില്‍ മനുഷ്യന്‍ വന്നിട്ട് വെറും 2 ലക്ഷം വർ‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മീനുകള്‍ ഇവിടെ 35 കോടി വർ‍ഷങ്ങള്‍ക്ക് മുമ്പേയുണ്ട്, പല്ലികള്‍ 15 കോടി വർ‍ഷങ്ങള്‍ തൊട്ടും. അപ്പോള്‍ 2 മണിക്കൂർ‍ സിനിമയുടെ അവസാനം “”ദി എന്‍ഡ് ‘’ എന്ന് എഴുതിക്കാണിക്കുന്ന സമയത്തു വന്ന അതിഥി താരത്തെ പോലെയാണ് മനുഷ്യന്‍ ഭൂമിയില്‍ വന്നത് എന്ന് പറയേണ്ടിവരും.

മുമ്പുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം സ്വാഭാവികവും ഇപ്പോഴത്തേതു മനുഷ്യ നിർ‍മിതവുമെന്ന വ്യത്യാസം മാത്രമേഉള്ളൂ. മീനുകളും പല്ലികളും മറ്റു മൃഗങ്ങളും ഭൂമിയിലെ ഒരു കല്ല് പോലും നീക്കിയിട്ടില്ല ഇതുവരെ. അവർ‍ ഇനി നീക്കുകയുമില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അനിയന്ത്രിതമായി തുടർ‍ന്നാല്‍ ക്രമേണ മനുഷ്യന്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെടും. മനുഷ്യന്‍ പോയാലും ദിനോസറുകള്‍ക്കു പോലും കഴിയാത്ത പല കാലാവസ്ഥാ വ്യതിയാനങ്ങളും മറികടന്ന് ഇവിടെ തുടരുന്ന മീനുകളും പല്ലികളും ഇവിടെത്തന്നെ കാണും. മനുഷ്യനില്ലാത്ത ഭൂമി പുതിയൊരു തുടക്കം കുറിക്കും. മനുഷ്യന്‍ നിർ‍മിച്ചതെല്ലാം ഒന്നോ രണ്ടോ നൂറ്റാണ്ടില്‍ മണ്ണിനടിയില്‍ പോകും. അങ്ങനെയാണ് പ്രകൃതി അതിന്‍റെ സന്തുലിതാവസ്ഥ നിലനിർ‍ത്തുന്നത്.

പാവം ദിനോസറുകള്‍ക്ക് അവരുടെ നാശം തിരിച്ചറിയാന്‍ കഴിയാതെ പോയി. പക്ഷെ ബുദ്ധിമാനായ മനുഷ്യന്‍ അതൊക്കെ പണ്ടേ തിരിച്ചറിഞ്ഞു. അത് നിയന്ത്രിക്കാനുള്ള പ്രവർ‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. പക്ഷേ നമ്മുടെ മുന്നിലെ ചോദ്യം വ്യാവസായിക വിപ്ലവം മുതല്‍ ഇന്നു വരെ പുറത്തുവിട്ട വാതകങ്ങള്‍ അന്തരീക്ഷ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് മാറ്റുകയും അതോടൊപ്പം ചീട്ടുകൊട്ടാരം പോലെ കാലാവസ്ഥ തകരുകയും അതിതീവ്ര മഴയും ഹിമ കൊടുങ്കാറ്റുകളും അത്യുഷ്ണവും ഉണ്ടാവുകയും ചെയ്യുന്നത് അത്രവേഗം നമുക്ക് പരിഹരിക്കാനാവുമോ എന്നതാണ്. പറ്റില്ല എന്ന് തന്നെയാണ് ഉത്തരം. മാത്രമല്ല ബ്രേയ്ക്ക് പൊട്ടി നിയന്ത്രണം വിട്ടുപോകുന്ന വാഹനം അധികം നാശനഷ്ടങ്ങളുണ്ടാക്കാതെ എങ്ങനെ നിർ‍ത്താം എന്ന് ചിന്തിക്കുന്നതു പോലെയാണ് ചിന്തിക്കേണ്ടത് എന്നുമാണു മനസിലാകുന്നത്.

ഇന്ന് നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും കാലാവസ്ഥയിലെ ചെറുമാറ്റങ്ങളായെങ്കിലും മാറാന്‍ ദശാബ്ദങ്ങള്‍ എടുക്കുമെന്നിരിക്കെ, അപകടത്തിൽപ്പെട്ട ഭൂമിയില്‍ പ്ലാസ്റ്ററൊട്ടിച്ചും പ്രഥമ ശുശ്രൂഷ നല്‍കിയും എങ്ങനെ പരിപാലിക്കാമെന്നും അധികം പരുക്കുകളില്ലാതെ അതിതീവ്ര മഴയും അത്യുഷ്ണവും ന്യൂനമർ‍ദങ്ങളും അതിജീവിക്കാനായി നമ്മുടെ നഗരങ്ങളേയും നാട്ടിന്‍പുറങ്ങളേയും മലയോര മേഖലകളെയും തയാറാക്കാമെന്നുമാണ് അടിയന്തരമായി ചിന്തിക്കേണ്ടത്.

മഴവെള്ളം വീഴുന്നിടത്തു തന്നെ പരമാവധി താഴ്ന്നാല്‍ തന്നെ വലിയൊരളവില്‍ തീരാവുന്നതേയുള്ളൂ മിന്നല്‍ പ്രളയം എന്ന പ്രശ്‌നം. കുന്നിന്‍മുകളിലും ചരുവുകളിലും ഉള്ള 5 സെന്‍റില്‍ കൂടുതലും ഉറച്ച മണ്ണുമുള്ളവർ‍ മഴക്കുഴികളും മഴവെള്ള സംഭരണികളും സ്ഥാപിക്കുകയാണെങ്കില്‍ താഴ്ന്ന മേഖലകളിലെ പ്രളയം വലിയൊരളവില്‍ നിയന്ത്രിക്കാം. കൂടാതെ പ്രളയം ഉണ്ടാകുന്ന ഇടങ്ങളില്‍ നിന്നും പമ്പുകളും പൈപ്പുകളും കൊണ്ട് അധികജലം വലിച്ചെടുത്ത് ഉറപ്പുള്ള ഗ്രൗണ്ടുകള്‍ക്കു താഴെ നിർ‍മ്മിച്ച ഭൂഗർ‍ഭ സംഭരണികളില്‍ നിറയ്ക്കുകയാണെങ്കില്‍ മിന്നല്‍ പ്രളയങ്ങള്‍ മിന്നല്‍ വേഗത്തില്‍ നിയന്ത്രിക്കാം.

ഓടിപ്പോകുന്ന മഴവെള്ളത്തെ നടത്തിക്കൊണ്ടു പോവുകയാണെങ്കില്‍ പ്രളയങ്ങളുടെ തീവ്രത കുറയ്ക്കാം. ഇതിനുവേണ്ടിയുള്ള പ്രവർ‍ത്തനങ്ങള്‍ ചെയ്യേണ്ടതാണ് ഏറ്റവും പ്രധാനം. ജനപങ്കാളിത്തം ഇതിന് ഏറ്റവും അത്യാവശ്യമാണ്. മഴക്കുഴികള്‍, മഴവെള്ള സംഭരണികള്‍ എന്നിവയ്ക്കു പുറമേ ജലം വലിച്ചെടുക്കാന്‍ കഴിയുന്ന പ്ലാസ്റ്ററിടാത്ത മുറ്റങ്ങള്‍, സുഷിരങ്ങളുള്ള തറയോടുകള്‍ പാകിയ നടപ്പാതകള്‍, അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്തതോ ഭാഗികമായി ചെയ്തതോ ആയ ഓടകള്‍, മഴവെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന റെയിന്‍ ഗാർ‍ഡന്‍ പോലത്തെ സംവിധാനങ്ങള്‍ എല്ലാ ഇടങ്ങളിലും ഉറപ്പാക്കുകയാണെങ്കില്‍ അവ പ്രളയങ്ങള്‍ കുറയ്ക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കൂടാതെ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലും മലഞ്ചരിവുകളിലും വനവത്കരണവും മണ്ണ് സംരക്ഷണ പ്രവർ‍ത്തനങ്ങളും ശാസ്ത്രീയമായിത്തന്നെ ചെയ്യുകയും വേണം.

ചില ധാരണകള്‍ നമുക്കുണ്ടാവേണ്ടത് നമ്മുടെ നിലനില്‍പ്പിന് വളരെ അത്യാവശ്യമാണ്. ഇതില്‍ഏറ്റവും പ്രധാനം ചീട്ടുകൊട്ടാരം പോലെ തകർ‍ന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളതെന്നുള്ള അറിവാണ്. അതിജീവനത്തിനായി നാം പൊരുതുമ്പോള്‍ വകതിരിവില്ലാത്ത ഭൂവിനിയോഗവും ജലപാതകളുടെ നശീകരണവും കാലാവസ്ഥാ കുറ്റകൃത്യങ്ങളാണെന്ന തോന്നല്‍ എല്ലാവർ‍ക്കും വേണം.

ബാഹുബലി എന്ന ബ്ലോക്ക് ബസ്റ്റർ‍ സിനിമയില്‍ അതിസാഹസമായി പനമരങ്ങളെ വില്ലുകള്‍ പോലെ വളച്ചു അതില്‍ കയറി കോട്ടകള്‍ ചാടികടക്കുന്ന മനുഷ്യരുടെ ദൃഢനിശ്ചയവും 2018ലെ മഹാപ്രളയത്തെ അതിജീവിക്കാന്‍ കാണിച്ച ഉത്സാഹവും എല്ലാവരും കാണിച്ചാല്‍ മാത്രമേ കാലാവസ്ഥാ അപകടങ്ങളെ നമുക്ക് അതിജീവിക്കുവാനാകൂ. അതല്ല, ഗതാഗതക്കുരുക്കുകളിലൂടെ നിയമങ്ങള്‍ തെറ്റിച്ചു വാഹനം ഓടിച്ച് എങ്ങനെയും വീടെത്തുന്നതാണ് ബുദ്ധി എന്ന മനോഭാവമാണ് ഇവിടെയും കാണിക്കാന്‍ പോകുന്നതെങ്കിൽ നമ്മുടെ നാട് നമ്മുടെ കണ്മുന്നില്‍ തകരുന്നത് നോക്കിനില്‍ക്കാം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്, സർ‍ക്കാരുകളുടേതു മാത്രമല്ല.

(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ ജിയോളജി വിഭാഗം മേധാവിയാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.