കാലം മാറിയല്ലോ, വാക്കുകളിൽ സംയമനം വേണം

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
കാലം മാറിയല്ലോ, വാക്കുകളിൽ സംയമനം വേണം

കേരള നിയമസഭയുടെ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊമ്പു കോർക്കുന്നത് മാധ്യമങ്ങൾ ആഘോഷിച്ചു തന്നെ കൊടുത്തിട്ടുണ്ട്. അമ്മാതിരി ഇങ്ങോട്ട് വേണ്ടെന്നു മുഖ്യമന്ത്രിയും, ഇമ്മാതിരി ഇങ്ങോട്ടും വേണ്ടെന്ന് പറയുന്ന പ്രതിപക്ഷ നേതാവും ഇതെല്ലാം കേട്ട് കോരിത്തരിച്ചിരിക്കുന്ന ജനങ്ങളും കേരളത്തിന്‍റെ പുതിയൊരു മുഖമാണ്.

പ്രതിപക്ഷ നേതാവ് എന്നാൽ എല്ലാത്തിനെയും എതിർക്കുന്നതും, ഭരണപക്ഷം എന്നാൽ പ്രതിപക്ഷം പറയുന്നതെല്ലാം നഖശിഖാന്തം എതിർക്കുന്നതും ആണെന്നാണ് അടുത്തകാലത്ത് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

കഴമ്പില്ലാത്ത ആരോപണങ്ങൾ ഉയർത്തി പിണറായി വിജയൻ നയിക്കുന്ന സർക്കാരിനെ തകർക്കണമെന്ന് പ്രതിപക്ഷ നേതാവ്. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗെയ്ൽ പദ്ധതി നടപ്പാക്കിയതും, ദേശീയപാത വികസനം മുന്നോട്ടുപോകുന്നതും വിഴിഞ്ഞം പ്രോജക്റ്റ് സമയബന്ധിതമായി നീങ്ങുന്നതുമെല്ലാം പിണറായി വിജയന്‍റെ തലയിലെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്. ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയാത്തതും ഭക്ഷ്യ പൊതുവിതരണ ശൃംഖല വേണ്ടവിധം കൊണ്ടുപോകാത്തതും ആശുപത്രികളിൽ മരുന്നില്ലാത്തതും ഈ സർക്കാരിന്‍റെ പരാജയവുമാണ്.

സമരങ്ങൾ കേരളത്തിന് പുത്തരിയല്ല. കരിങ്കൊടി കാണിക്കലും പുതിയൊരു രാഷ്‌ട്രീയ സംഭവമല്ല. യുഡിഎഫും എൽഡിഎഫുമെല്ലാം ഇത്തരം സമര പരിപാടികളുമായി പലപ്പോഴും മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ ഇത്തരം സമരങ്ങളെ അടിച്ചമർത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മുന്നിലിട്ട് സമരക്കാരെ പട്ടിയെ തല്ലുന്നത് പോലെ മർദിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പുറത്തുവന്നിട്ടും മുഖ്യമന്ത്രി അതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയായ സമീപനമല്ല. അക്രമികളായ പൊലീസുകാരെ ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമ്പോൾ പോലീസുകാരും കുട്ടി സഖാക്കളും മൃഗീയമായി മർദിക്കുന്നത് ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.

ഇന്ത്യൻ പാർലമെന്‍റിലെ സ്ഥിതിയും വ്യത്യസ്തമല്ല. പാർലമെന്‍റിൽ ലോക്സഭയും രാജ്യസഭയും ആരംഭിച്ചാൽ ഉടനെ തന്നെ ബഹളവും തുടങ്ങും. സ്പീക്കറുടെയും രാജ്യസഭാ അധ്യക്ഷന്‍റെയും മേശയ്ക്ക് ചുറ്റും പ്രതിപക്ഷത്തിന്‍റെ ബഹളമാണ്. അവസാനം അംഗങ്ങളെ ഒന്നൊന്നായി പുറത്താക്കുന്ന നടപടിക്രമങ്ങളാണ് അവിടെ അരങ്ങേറുന്നത്.

പാർലമെന്‍റിലാണെങ്കിലും അസംബ്ലിയിലാണെങ്കിലും ജനാധിപത്യ മര്യാദകൾ പാലിച്ച് പക്വതയാർന്ന ഭരണസംവിധാനം രാജ്യത്തും സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന ഒരു സാഹചര്യമാണ് നിലനിൽക്കേണ്ടത്. പാർലമെന്‍റിലും നിയമസഭകളിലും ആരോഗ്യകരമായ ചർച്ചകളാണ് നടക്കേണ്ടത്. ഇത്തരം ചർച്ചകളിലൂടെയാണ് ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടേണ്ടത്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ കാലഘട്ടം മുതൽ എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചകൾ നടന്നിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷമാണ് രാഷ്‌ട്രീയപ്രേരിതമായ സമര കോലാഹലങ്ങൾ പാർലമെന്‍റിൽ അരങ്ങേറിയത്. ബോഫോഴ്സ് തോക്കിടപാട് ചർച്ചകളിൽ തുടങ്ങിയ, സഭ നിർത്തിവയ്ക്കുന്ന വിധത്തിലുള്ള ബഹളങ്ങൾ പിന്നീട് തുടർക്കഥയായി.

ഇപ്പോൾ പ്രതിപക്ഷ അംഗങ്ങൾ കുറവാണ്. വലിയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബിജെപിയാകട്ടെ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നത്. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കണമെങ്കിൽ മതന്യൂനപക്ഷമുള്ള ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി നിർത്താൻ ഭരിക്കുന്നവർക്ക് കഴിയണം. ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം ഏറ്റുമുട്ടി തല്ലിപ്പിരിയുന്ന പാർലമെന്‍റും, നിയമസഭകളും നമ്മുടെ ജനാധിപത്യത്തെ ബലഹീനമാക്കും എന്ന കാര്യത്തിൽ സംശയമില്ല.

കേരള ജനതയും ഇന്ത്യൻ ജനതയും പ്രത്യേകിച്ച് ആഗ്രഹിക്കുന്നത് സമാധാനപൂർണമായ ജീവിതമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ അമ്മാതിരി ഇമ്മാതിരി പറച്ചിലുകൾ നിർത്തണം എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com