Pinarayi Vijayan
Pinarayi Vijayanfile

വിനോദയാത്ര എന്തിനു വിവാദമാക്കണം!

മുഖ്യമന്ത്രിയുടെ അഭാവത്തിലും ഭരണം നടക്കുന്നുണ്ട്; അദ്ദേഹത്തിന്‍റെ പാർട്ടിക്കാകട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടങ്ങളിലൊന്നും ഒരു പങ്കും വഹിക്കാനുമില്ല!

അജയൻ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിനോദയാത്രയ്ക്കു പോയതിൽ വിവാദമെന്തിനെന്നു മനസിലാകുന്നില്ല. അദ്ദേഹത്തിന്‍റെ അഭാവത്തിലും ഭരണം നടക്കുന്നുണ്ട്; അദ്ദേഹത്തിന്‍റെ പാർട്ടിക്കാകട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടങ്ങളിലൊന്നും ഒരു പങ്കും വഹിക്കാനുമില്ല!

എങ്കിലും പ്രതിപക്ഷത്തിന്‍റെ ഒരു വാദത്തിൽ മാത്രം കഴമ്പുണ്ട്- തന്‍റെ ചുമതലകൾ മുഖ്യമന്ത്രി ഔദ്യോഗികമായി ആർക്കും കൈമാറിയിട്ടില്ല. ഇനിയഥവാ കൈമാറിയിരുന്നെങ്കിലും, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ഗതി പിണറായിക്ക് ഉണ്ടാകുമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ എം.എം. ഹസനു താത്കാലികമായി കൈമാറിയ ചുമതല തിരിച്ചുകിട്ടാൻ സുധാകരൻ പെട്ട പാട് അദ്ദേഹത്തിനല്ലേ അറിയൂ! അച്ചടക്കവും അനുസരണയും സിപിഎമ്മിന്‍റെ മുഖമുദ്രയായതിനാൽ ആ പ്രശ്നം പിണറായിക്കുണ്ടാകില്ല. ''ആദ്യ അനുസരിക്കുക, പിന്നെ ചോദ്യം ചെയ്യുക'' എന്നാണ് മാവോ സെതൂങ് പണ്ട് പറഞ്ഞിട്ടുള്ളതെങ്കിൽ, സിപിഎം അത് കാലോചിതമായി ഒന്നു പരിഷ്കരിച്ച് ''ആദ്യം അനുസരിക്കുക, ഒരിക്കലും ചോദ്യം ചോദിക്കാതിരിക്കുക'' എന്നാക്കി മാറ്റിയിട്ടുണ്ട്.

വ്യക്ത്യാരാധനയിൽ പാർട്ടി പെട്ടുപോയിരിക്കുന്നു എന്ന ആരോപണം ശക്തമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പതിവുപോലെ മുഖ്യമന്ത്രിയുടെ യാത്രയെ പരമാവധി ന്യായീകരിച്ചു. കേന്ദ്ര സർക്കാരിന്‍റെയും പാർട്ടിയുടെയും അനുമതി അദ്ദേഹത്തിനുണ്ടെന്നു വരെ വാദിച്ചു.

ന്യായീകരിക്കാൻ മുന്നിട്ടിറങ്ങിയ മറ്റൊരാൾ സ്വയം വിവാദനായകനായ ഇ.പി. ജയരാജനാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ഒരു തെറ്റുമില്ലെന്നു വാദിച്ച ജയരാജൻ, യാത്രയ്ക്കു സ്പോൺസർമാരുണ്ടെങ്കിൽ കണ്ടെത്താൻ മാധ്യമ പ്രവർത്തകരെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.

ഇഎംഎസിന്‍റെ കാലം

ഇ.എം.എസ്. നമ്പൂതിരിപ്പാട്
ഇ.എം.എസ്. നമ്പൂതിരിപ്പാട്

കേരളത്തിലെ സമകാലിക ജനാധിപത്യ രീതി അനുസരിച്ച്, രണ്ടാം പിണറായി സർക്കാർ (ആദ്യ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ആരുമില്ലാതെ മുഖ്യമന്ത്രിയിൽ മാത്രം ഫോക്കസ് ഉള്ള രണ്ടാം സർക്കാർ) ആവർത്തിച്ചുറപ്പിക്കുന്നത്, വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെക്കാൾ വലുത് പാർട്ടിയാണ് എന്ന ആശയം തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പതിവായി ഉയർന്നു കേൾക്കുന്ന 'അടുത്ത മോദി സർക്കാർ', 'മോദിയുടെ ഗ്യാരന്‍റി' തുടങ്ങിയ പ്രയോഗങ്ങളുമായി ഇതിനു സാദൃശ്യം തോന്നാമെങ്കിലും, കുറ്റം മോദിയുടെയോ പിണറായിയുടേതോ അല്ലല്ലോ!

ഇതിഹാസതുല്യനായ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഒരു അഭിമുഖമാണ് ഈ പശ്ചാത്തലത്തിൽ ഓർമ വരുന്നത്. കെ.ആർ. ഗൗരി അടുത്ത മുഖ്യമന്ത്രിയാകുമെന്ന പ്രതീതി ശക്തമായിരുന്ന കാലം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് പാർട്ടിയുടെ രീതിയല്ലെന്ന് ഇഎംഎസ് അന്ന് അർധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. ഏകദേശം അതേ സമയത്തു തന്നെ ഒരു പ്രചാരണ യോഗത്തിൽ അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു പ്രഖ്യാപിച്ചത്, ''എന്‍റെ സർക്കാർ അധികാരം നിലനിർത്തും'' എന്നായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയപ്പോൾ, അൽപ്പം സമയമെടുത്ത് ഇഎംഎസ് സുചിന്തിതമായ മറുപടി നൽകി- ''ബംഗാളിലെ അടുത്ത സർക്കാർ തന്‍റെ സർക്കാരിന്‍റെ നയങ്ങൾ തുടർന്നുകൊണ്ടുപോകും എന്നാണ് ബസു ഉദ്ദേശിച്ചത്''.

സ്റ്റാർ അല്ലാത്ത ക്യാംപെയ്നർ

Pinarayi Vijayan
Pinarayi Vijayan

വിദേശയാത്ര കാരണം സംസ്ഥാനത്തിനു പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാൻ പിണറായിക്കു സാധിക്കാത്തത് ഒരു പ്രശ്നമൊന്നുമല്ല. ബിജെപിയെ നേരിടാൻ ശേഷിയുള്ള ഏക രാഷ്‌ട്രീയ പാർട്ടി എന്നവകാശപ്പെടുന്ന സിപിഎം അതിന്‍റെ ഏക മുഖ്യമന്ത്രിയെ ഒരു സ്റ്റാർ ക്യാംപെയ്നറായി കാണുന്നില്ല എന്നതാണ് വസ്തുത. ഒരുകാലത്ത് പാർട്ടി 34 വർഷം തുടർച്ചയായി അധികാരത്തിലിരിക്കുകയും, പിന്നീട് നിയമസഭയിൽ പ്രാതിനിധ്യം പോലും നഷ്ടപ്പെടുകയും ചെയ്ത ബംഗാളിൽ വരെ പിണറായിയെ പ്രചാരണത്തിനിറക്കണമെന്നു പാർട്ടിക്കു തോന്നിയില്ല. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ രംഗത്തിറക്കുന്നതു കൊണ്ട് വലിയ ഗുണമുണ്ടാകാനിടയില്ലെന്നും, അദ്ദേഹത്തെ കുടുംബത്തോടൊപ്പം വിദേശയാത്ര ചെയ്യാൻ അനുവദിക്കുന്നതാവും ഭേദമെന്നു പാർട്ടി നേതൃത്വത്തിനു തോന്നിയിട്ടുണ്ടാവാം.

അതിനപ്പുറം, ദേശീയ രാഷ്‌ട്രീയത്തിൽ സിപിഎമ്മിന്‍റെ സ്വാധീനം കുത്തനെ ചുരുങ്ങിയിരിക്കുന്നു, ഇന്ത്യയുടെ ഭൂപടത്തിലെ കേരളത്തെപ്പോലെ മൂലയ്ക്കൊതുങ്ങിയ അവസ്ഥ. പക്ഷേ, കോസ്റ്റൽ പാർട്ടി ഓഫ് ഇന്ത്യ എന്നു സിപിഎമ്മിനെ പുനർ നാമകരണം ചെയ്യണമെന്നൊക്കെ പാർട്ടി ശത്രുക്കൾ മാത്രമേ പറയൂ. ഡിഎംകെയുടെ ഔദാര്യത്തിൽ തമിഴ്‌നാട്ടിൽ ചില്ലറ സീറ്റുകൾ മത്സരിക്കാൻ കിട്ടിയിട്ടുണ്ടെങ്കിലും, അവിടെയൊക്കെ പ്രചാരണം നയിക്കാൻ അവിടത്തെ മുഖ്യമന്ത്രിയുണ്ട്, അയലത്തുനിന്ന് ആളെ എടുക്കുന്നില്ല! ഇതിനു മുൻപ് അവസാനമായി പിണറായി വിജയൻ കേരളത്തിനു പുറത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു.

യുക്തിയില്ലാത്ത ചോദ്യങ്ങൾ

Pinarayi Vijayan
Pinarayi VijayanFile Image

മുഖ്യമന്ത്രി അഭാവത്തിൽ മന്ത്രിസഭാ യോഗങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എന്നാൽ, ആ ചോദ്യത്തിലും കാര്യമായ യുക്തിയില്ല. കാരണം, ഈ പ്രതിവാര മന്ത്രിസഭാ യോഗങ്ങളിൽ കൈക്കൊള്ളുന്ന പല തീരുമാനങ്ങളുടെയും സുതാര്യത എന്നോ നഷ്ടമായിരിക്കഴിഞ്ഞു. യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനം എന്ന ചടങ്ങും കുറേക്കാലമായി പതിവല്ലാതായിരിക്കുന്നു.

എരിവേനലിൽ സംസ്ഥാനം ഉരുകിയൊലിക്കുമ്പോൾ മുഖ്യമന്ത്രി സുഖവാസത്തിനു പോയതും അപ്രസക്തമാണ്. കാരണം, കാലാവസ്ഥാ വ്യതിയാനമാണ് യഥാർഥ വില്ലൻ എന്നു നമുക്കറിയാം. പ്രതിസന്ധിയുടെ 'ഒറ്റപ്പെട്ട' സംഭവങ്ങൾ എന്തെങ്കിലുമുണ്ടായാൽ, പാർട്ടി കേഡറുകളെയും അവരുടെ സമാനതകളില്ലാത്ത 'ജീവൻരക്ഷാ' മാർഗങ്ങളെയും ആശ്രയിക്കാവുന്നതുമാണല്ലോ.

എന്തൊക്കെയായാലും, പ്രതിപക്ഷം സംസ്ഥാനത്തിനും അതിന്‍റെ പുരോഗതിക്കും എതിരാണെന്നും, സിപിഎം നടത്തുന്ന നിർണായക ചുവടുവയ്പുകളോട് അവർക്ക് അശൂയയാണെന്നും ഉറച്ചു വിശ്വസിക്കാൻ ഈ സാഹചര്യങ്ങളെല്ലാം പ്രേരണയാകുന്നുണ്ട്, എല്ലാവർക്കുമല്ല, പാർട്ടി കേഡറുകൾക്കു മാത്രം. ഇനി ജൂൺ 4 എന്ന ദിവസത്തിനു വേണ്ടി നമുക്ക് ആകാംക്ഷ വെടിയാതെ കാത്തിരിക്കാം. അന്ന് മുഖ്യമന്ത്രിയുടെ ദർശനം കിട്ടും, വോട്ടെണ്ണൽ പ്രവണത അനുകൂലമാണെങ്കിൽ സംശയങ്ങളൊക്കെ ദൂരീകരിക്കുകയും ചെയ്യാം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com