
പിഎം കിസാൻ: കർഷക ശാക്തീകരണത്തിലെ ഇന്ത്യൻ മാതൃക
ഡോ. പ്രമോദ് മെഹെർദ, അഡിഷണൽ സെക്രട്ടറി
അരിന്ദം മോദക്,
ഉപദേഷ്ടാവ്, കൃഷി, കർഷകക്ഷേമ മന്ത്രാലയം
സമഗ്ര വളർച്ചയും ഗ്രാമീണ അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ, കേന്ദ്ര സർക്കാരിന്‍റെ അഭിമാന പദ്ധതിയായി പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) തനതുമുദ്ര പതിപ്പിച്ചിരിക്കുന്നു. 2019 ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പദ്ധതി, കോടിക്കണക്കിന് ചെറുകിട, നാമമാത്ര കർഷകരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു. പൂർണമായും ഡിജിറ്റലും അത്യന്തം കാര്യക്ഷമവും അങ്ങേയറ്റം സുതാര്യവുമായ ഒരു സംവിധാനത്തിലൂടെ ആനുകൂല്യം നേരിട്ട് കൈമാറുന്നതിലെ ആഗോള മാതൃകയായി അതു മാറുകയും ചെയ്തു.
നേരിട്ടുള്ള പിന്തുണയിലൂടെ
കർഷക ശാക്തീകരണം
പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ നൽകുന്നു. ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായാണ് സഹായം വിതരണം ചെയ്യുന്നത്. ഈ കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സമീപനം ഇടനിലക്കാർ, കാലതാമസം, ചോർച്ച എന്നിവ ഒഴിവാക്കുന്നു. ഓരോ രൂപയും ഗുണഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഇതുവരെ, ₹3.69 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് കൈമാറിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ആനുകൂല്യ കൈമാറ്റ പദ്ധതികളിലൊന്നാക്കി ഇത് പിഎം-കിസാനെ മാറ്റിയിട്ടുണ്ട്. കേവലമായ സംഖ്യകൾക്കപ്പുറം, സബ്സിഡികൾ മുതൽ ശാക്തീകരണം വരെയുള്ള മാതൃകയിൽ സാധ്യമായ ഗുണാത്മക പരിവർത്തനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. വിത്തുകൾ, ഉപകരണങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ പിന്തുണ എങ്ങനെ മികച്ച രീതിയിൽ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ ഇത് കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നുവെന്ന് സാരം.
വഴിത്തിരിവായി മാറിയ പദ്ധതി
രണ്ട് ഹെക്റ്ററിൽ താഴെ ഭൂമിയുള്ള ഇന്ത്യയിലെ 85%ലധികം കർഷകർക്ക്, വിത്ത് വിതയ്ക്കൽ, വിളവെടുപ്പ് സീസണുകളിൽ നിർണായക സാമ്പത്തിക സഹായമായി ഈ ആനുകൂല്യങ്ങൾ നിലകൊള്ളുന്നു. അവ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട സമ്മർദം ഒഴിവാക്കുകയും അനൗപചാരിക വായ്പയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ദുരിത സമയങ്ങളിൽ സുരക്ഷാ കവചമൊരുക്കുകയും ചെയ്യുന്നു. സാമ്പത്തിക സഹായമെന്നതിലുപരി ആത്മാഭിമാനം, രാഷ്ട്രനിർമാണത്തിലെ പങ്കാളിയെന്ന നിലയിൽ കർഷകനുള്ള അംഗീകാരം എന്നിവയുടെ പ്രതീകമായി പിഎം-കിസാൻ വർത്തിക്കുന്നു.
ഡിജിറ്റൽ ഭരണനിർവഹണത്തിലെ
വിജയ മാതൃക
പിഎം-കിസാന്‍റെ വിജയത്തിന് പ്രധാന കാരണം ഇന്ത്യയുടെ ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ്. ജാം ത്രയം, ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ, ആധാർ ബയോമെട്രിക് തിരിച്ചറിയൽ കാർഡ്, മൊബൈൽ കണക്റ്റിവിറ്റി എന്നിവ സുഗമമായ വിതരണം സാധ്യമാക്കുന്നു. രജിസ്ട്രേഷൻ മുതൽ ഭൂമിയുടെ ഉടമസ്ഥാവകാശ പരിശോധന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ അധിഷ്ഠിതമായ പണമിടപാടുകൾ എന്നിവ വരെ പദ്ധതിയുടെ മുഴുവൻ പ്രക്രിയകളും ഡിജിറ്റലാണ്.
സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ, പിഎം കിസാൻ ഡിജിറ്റൽ അധിഷ്ഠിത, ആദ്യാവസാന ഭരണ മാതൃകയായിത്തീരുന്നു. വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുള്ള മേഖലകളിലുടനീളം ഭൂരേഖകൾ, ഗുണഭോക്തൃ ഡാറ്റാ ബേസുകൾ, പണമിടപാട് സംവിധാനങ്ങൾ എന്നിവ വിജയകരമായി ഏകീകരിക്കാനായിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും സാധ്യമാകാത്ത കർഷക കേന്ദ്രീകൃത ഘടനയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കിസാൻ ഇ-മിത്ര വോയ്‌സ് അധിഷ്ഠിത ചാറ്റ്ബോട്ട്, അഗ്രി സ്റ്റാക്ക് എന്നിവ പോലുള്ള കാർഷിക ആവാസവ്യവസ്ഥയിലെ നൂതന പദ്ധതികൾക്കും പിഎം കിസാൻ പ്രചോദനമേകിയിട്ടുണ്ട്. ഇന്ത്യൻ കാർഷിക മേഖലയെ ഭാവി സജ്ജമാക്കിത്തീർക്കാൻ വ്യക്തിഗതവും സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ നൽകാൻ അഗ്രിസ്റ്റാക്ക് പ്രതിബദ്ധമാണ്.
ആഗോള മാനദണ്ഡങ്ങൾ
നിർണയിക്കുന്നു
ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള ഫലപ്രദമായ ഉപാധിയെന്ന നിലയിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികൾ ലോകമെമ്പാടും പ്രസക്തി നേടുകയാണ്. എന്നിരുന്നാലും, പിഎം- കിസാൻ സവിശേഷമായ ഒരു കാര്യം വാഗ്ദാനം ചെയ്യുന്നു, അതിന്‍റെ വൈപുല്യം, വേഗത, ഡിജിറ്റൽ കാര്യക്ഷമത എന്നിവ വിഘടിത കാർഷിക പിന്തുണാ സംവിധാനങ്ങളെ പരിഷ്കരിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് അനുകരണീയ മാതൃക മുന്നോട്ടുവയ്ക്കുന്നു.
ഐഎഫ്പിആർഐ, എഫ്എഒ, ഐസിഎആർ, ഐസിആർഐഎസ്എടി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിലും വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിലും അസമത്വം കുറയ്ക്കുന്നതിലും ആധുനിക രീതികൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലും പിഎം കിസാന്‍റെ പങ്ക് ഉയർത്തിക്കാട്ടിയിട്ടുണ്ട്. പല രാജ്യങ്ങളും നടപ്പാക്കിയ സോപാധിക ആനുകൂല്യ കൈമാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിശ്വാസ്യതയിൽ അധിഷ്ഠിതവും നിരുപാധികവുമായ പിഎം കിസാന്‍റെ സമീപനം, പങ്കാളിത്തത്തിലൂന്നിയതും അന്തസുള്ളതുമായ ക്ഷേമ വിതരണത്തിന്‍റെ പ്രയാണത്തെ പ്രതിനിധീകരിക്കുന്നു.
ഗ്രാമീണ വികസനത്തിന് ഉത്തേജനം
പിഎം കിസാന്‍റെ പ്രഭാവം വ്യക്തിഗത ഗുണഭോക്താക്കൾക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. സുഗമമായ സാമ്പത്തിക ലഭ്യത ഗ്രാമീണ വിപണികളെ പുനരുജ്ജീവിപ്പിച്ചു. കാർഷിക അസംസ്കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും ആവശ്യകത വർധിച്ചു. ഗാർഹിക ഉപഭോഗ രീതികൾ മെച്ചപ്പെടുത്തി. ജോയിന്‍റ് ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം ഇടപാടുകൾ നടക്കുന്ന സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിലും ഇത് നിർണയക പങ്ക് വഹിക്കുന്നു.
മാത്രമല്ല, സമഗ്രവും പരസ്പരബന്ധിതവുമായ ഒരു ഗ്രാമീണ വികസന ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് സോയിൽ ഹെൽത്ത് കാർഡുകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ, പിഎം ഫസൽ ബീമ യോജന, തുടങ്ങിയ മറ്റ് മുൻനിര പദ്ധതികൾക്ക് അനുപൂരകമായി ഇത് വർത്തിക്കുന്നു. കർഷകർക്കുള്ള പെൻഷൻ പദ്ധതിയായ പിഎം കിസാൻ മാൻധൻ യോജനയുമായി പിഎം കിസാനെ സമന്വയിപ്പിച്ചത്, രാജ്യത്തെ കർഷകത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നതിൽ ഒരു പുതിയ ചുവടുവയ്പ്പായി മാറിയിട്ടുണ്ട്.
പ്രതിരോധശേഷി, സമത്വം, സുസ്ഥിരത
പിഎം-കിസാൻ ഒരു സാമ്പത്തിക സഹായ സംവിധാനമെന്നതിന് ഉപരിയായുള്ള ദൗത്യങ്ങൾ നിർവഹിക്കുന്നു. കർഷകർ നയിക്കുന്ന വളർച്ചയെന്ന കേന്ദ്ര സർക്കാരിന്‍റെ പരിവർത്തനാത്മക ദർശനത്തിന് ഉദാഹരണമാണിത്. അവകാശത്തിൽ നിന്ന് ശാക്തീകരണത്തിലേക്കും, സഹായത്തിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കും ഉള്ള പരിവർത്തനത്തിലൂടെ, രാജ്യവും കർഷകനും തമ്മിലെ കരാറിനെ ഇത് പുനർനിർവചിക്കുന്നു. അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിഎം കിസാൻ പോലുള്ള സംരംഭങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയുടെ അടിത്തറയായി മാറിക്കഴിഞ്ഞു.
നൂതന സാങ്കേതികവിദ്യകളുടെ നിരന്തര സമന്വയത്തിലൂടെയും കാലാവസ്ഥാ പ്രതിരോധം, സുസ്ഥിരത, കൃത്യതാ കൃഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും ഈ പദ്ധതി കൂടുതൽ ശക്തമായ പരിവർത്തന ഉപാധിയായി പരിണമിക്കാൻ ഒരുങ്ങുന്നു.വിശ്വാസ്യതയുടെയും സാങ്കേതികവിദ്യയുടെയും പരിവർത്തനത്തിന്‍റെയും വിജയഗാഥയാണ് പിഎം-കിസാൻ. ഡിജിറ്റൽ നൂതനാശയങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും സമന്വയിക്കുന്ന ദാർശനിക നയ സമീപനത്തിലൂടെ 21ാം നൂറ്റാണ്ടിൽ കോടിക്കണക്കിന് ജനങ്ങളെ എങ്ങനെ ശാക്തീകരിക്കാനും ഭരണനിർവഹണത്തെ പുനർനിർവചിക്കാനും കഴിയുമെന്നതിന്‍റെ സചേതനമായ ഉദാഹരണമാണിത്