
വേവ്സ് 2025 ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025 പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു.
''WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്'', അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേവ്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ സമ്പന്നമായ സിനിമാചരിത്രത്തെക്കുറിച്ചു പരാമർശിക്കവേ, 1913 മേയ് മൂന്നിനാണ് പ്രമുഖ ചലച്ചിത്രകാരൻ ദാദാസാഹിബ് ഫാൽക്കെ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ‘രാജാ ഹരിശ്ചന്ദ്ര’ പുറത്തിറങ്ങിയതെന്നു മോദി ചൂണ്ടിക്കാട്ടി. ഫാൽക്കെയുടെ ജന്മവാർഷികം ഒരു ദിവസം മുമ്പ് ആഘോഷിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. റഷ്യയിൽ രാജ് കപൂറിനുള്ള ജനപ്രീതി, കാനിൽ സത്യജിത് റേക്കു ലഭിച്ച ആഗോള അംഗീകാരം, ആർആർആറിന്‍റെ ഓസ്കർ നേട്ടം എന്നിവ എടുത്തുകാട്ടിയ അദ്ദേഹം, ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ ആഗോള ആഖ്യാനങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നു വ്യക്തമാക്കി. ഗുരു ദത്തിന്‍റെ ചലച്ചിത്രകാവ്യം, ഋത്വിക് ഘട്ടക്കിന്‍റെ സാമൂഹിക പ്രതിഫലനങ്ങൾ, എ.ആർ. റഹ്മാന്‍റെ സംഗീതപ്രതിഭ, എസ്.എസ്. രാജമൗലിയുടെ ഇതിഹാസ കഥനം എന്നിവയും അദ്ദേഹം പരാമർശിച്ചു. ഈ കലാകാരന്മാർ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളിൽ ഇന്ത്യൻ സംസ്കാരത്തെ ജീവസുറ്റതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
വേവ്സ് ഉച്ചകോടിയിൽ 60 രാജ്യങ്ങളിലായി ഏകദേശം ഒരുലക്ഷം സർഗാത്മക പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ നടത്തിയ വലിയ തോതിലുള്ള ക്രിയേറ്റേഴ്‌സ് ചലഞ്ചും ക്രിയേറ്റോസ്ഫിയർ സംരംഭവും അദ്ദേഹം എടുത്തുപറഞ്ഞു. 32 ചലഞ്ചുകളിൽനിന്ന് 800 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തുവെന്നും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞതായും അവരുടെ നേട്ടത്തിന് അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സർഗാത്മകതയും മനുഷ്യാനുഭവവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചു പരാമർശിച്ച മോദി, ഒരു കുട്ടിയുടെ യാത്ര ആരംഭിക്കുന്നതു ശബ്ദത്തിലേക്കും സംഗീതത്തിലേക്കുമുള്ള അവരുടെ ആദ്യ ആമുഖമായ അമ്മയുടെ താരാട്ടോടെയാണ് എന്നു ചൂണ്ടിക്കാട്ടി. അമ്മ കുട്ടിക്കായി സ്വപ്നങ്ങൾ നെയ്യുന്നതുപോലെ, സർഗാത്മക പ്രൊഫഷണലുകൾ യുഗസ്വപ്നങ്ങൾക്കു രൂപമേകുന്നുവെന്നു മോദി അഭിപ്രായപ്പെട്ടു.
''ഇന്ത്യ ശതകോടിയിലധികം ജനസംഖ്യയുള്ള രാജ്യം മാത്രമല്ല; ശതകോടിയിലധികം കഥകളുടെ നാടു കൂടിയാണ്'' - അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ സമ്പന്നമായ കലാചരിത്രത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, രണ്ടായിരം വർഷംമുമ്പ്, ഭരതമുനിയുടെ നാട്യശാസ്ത്രം വികാരങ്ങളെയും മനുഷ്യാനുഭവങ്ങളെയും രൂപപ്പെടുത്തുന്നതിൽ കലയുടെ കരുത്തിന് ഊന്നൽ നൽകിയിരുന്നെന്ന് ഓർമിപ്പിച്ചു.
നൂറ്റാണ്ടുകൾക്കുമുമ്പ്, കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം ശാസ്ത്രീയ നാടകമേഖലയിൽ പുതിയ ദിശ അവതരിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ തെരുവിനും ഒരു കഥയുണ്ടെന്നും, ഓരോ പർവതത്തിനും ഒരു ഗാനമുണ്ടെന്നും, ഓരോ നദിക്കും ഒരു രാഗം ഉണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരിക വേരുകൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങൾക്ക് ഓരോന്നിനും അവരുടേതായ നാടോടി പാരമ്പര്യങ്ങളും സവിശേഷമായ കഥപറച്ചിൽ ശൈലികളുമുണ്ടെന്നും, നാടോടിക്കഥകളിലൂടെ ചരിത്രം സംരക്ഷിക്കുന്ന സമൂഹങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭജനകളായാലും ഗസലുകളായാലും ഇതിഹാസ രചനകളായാലും സമകാലിക രാഗങ്ങളായാലും, ഓരോ രാഗത്തിലും ഒരു കഥയുണ്ടെന്നും, ഓരോ താളത്തിലും ഒരാത്മാവുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യൻ സംഗീതത്തിന്‍റെ ആത്മീയ പ്രാധാന്യം എടുത്തുകാട്ടി.
ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ കലാപരവും ആത്മീയവുമായ പൈതൃകത്തെ WAVES ഉച്ചകോടിയിൽ മോദി ഉയർത്തിക്കാട്ടി. ദിവ്യശബ്ദമായ 'നാദബ്രഹ്മം' എന്ന ആശയം അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പുരാണങ്ങൾ എല്ലായ്പ്പോഴും സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ദിവ്യത്വം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവന്‍റെ ഡമരുവിനെ ആദ്യത്തെ പ്രപഞ്ച ശബ്ദമായും സരസ്വതി ദേവിയുടെ വീണയെ ജ്ഞാനത്തിന്‍റെ താളമായും ശ്രീകൃഷ്ണന്‍റെ ഓടക്കുഴലിനെ സ്നേഹത്തിന്‍റെ ശാശ്വതസന്ദേശമായും ഭഗവാൻ വിഷ്ണുവിന്‍റെ ശംഖൊലിയെ ആശാവഹമായ ഉണർവിനുള്ള ആഹ്വാനമായും അദ്ദേഹം ഉദ്ധരിച്ചു.
WAVES 2025
"Connecting Creators, Connecting Countries" എന്ന ടാഗ്‌ലൈനോടുകൂടിയ നാല് ദിവസത്തെ ഉച്ചകോടിയാണ് WAVES 2025. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ നേതാക്കൾ, നയരൂപകർത്താക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ഇന്ത്യയെ മാധ്യമ, വിനോദ, ഡിജിറ്റൽ നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കാൻ ഇത് ഒരുങ്ങിയിരിക്കുന്നു.
ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് സർഗ്ഗാത്മകത, സാങ്കേതികവിദ്യ, കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി, സിനിമകൾ, OTT, ഗെയിമിംഗ്, കോമിക്സ്, ഡിജിറ്റൽ മീഡിയ, AI, AVGC-XR, പ്രക്ഷേപണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയെ WAVES സംയോജിപ്പിക്കും. ഇത് ഇന്ത്യയുടെ മാധ്യമ, വിനോദ വൈദഗ്ധ്യത്തിന്‍റെ സമഗ്രമായ പ്രദർശനമായി മാറും. 2029 ഓടെ 50 ബില്യൺ ഡോളർ വിപണി തുറക്കാനും ആഗോള വിനോദ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വികസിപ്പിക്കാനും WAVES ലക്ഷ്യമിടുന്നു.
WAVES 2025 ൽ, ആഗോള മാധ്യമങ്ങളുമായും വിനോദ മേഖലയുമായുള്ള രാജ്യത്തിന്‍റെ ഇടപെടലിൽ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, 25 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ പങ്കാളിത്തത്തോടെ ഇന്ത്യ ആദ്യമായി ഗ്ലോബൽ മീഡിയ ഡയലോഗ് (GMD) സംഘടിപ്പിക്കുന്നു. ഉച്ചകോടിയിൽ 6,100-ലധികം ബയർമാരും, 5,200 സെല്ലർമാരും, 2,100 പ്രോജക്ടുകളുമുള്ള ഒരു ആഗോള ഇ-വിപണിയായ WAVES ബസാറും ഉൾപ്പെടും. ബയർമാരെയും സെല്ലർമാരെയും പ്രാദേശികമായും ആഗോളമായും ബന്ധിപ്പിക്കുക, വിശാലമായ നെറ്റ്‌വർക്കിംഗും ബിസിനസ് അവസരങ്ങളും ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
90-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന് WAVES 2025 സാക്ഷ്യം വഹിക്കുന്നു, 10,000-ത്തിലധികം പ്രതിനിധികൾ, 1,000 സ്രഷ്ടാക്കൾ, 300+ കമ്പനികൾ, 350+ സ്റ്റാർട്ടപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്‍റ്, AVGC-XR, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു.