രാജ്യത്തിന്‍റെ ഐക്യത്തിനും പുരോഗതിക്കും സമർപ്പിച്ച ജീവിതം

ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125ാം ജന്മവാർഷികം നാം ആചരിക്കുകയാണ്
pm narendra modi special article about dr. shyama prasad mukherjee

ഡോ. ശ്യാമപ്രസാദ് മുഖർജി

Updated on

നരേന്ദ്ര മോദി (പ്രധാനമന്ത്രി)

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്‍റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പം സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് സർ ആശുതോഷ് മുഖർജിഏറ്റവും പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധനും ബുദ്ധിജീവികളിൽ ഒരാളുമായിരുന്നു. മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത വിധി തുറന്നിട്ടെങ്കിലും, ശ്യാമപ്രസാദിന്‍റെ മനഃസാക്ഷി നയിച്ചത് ത്യാഗത്തിന്‍റെയും ദേശീയ സേവനത്തിന്‍റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടങ്ങളേതുമാകട്ടെ, അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ആ യാത്രയിലുടനീളം തന്‍റെ പിഞ്ചുകുഞ്ഞിന്‍റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ആ ദുരന്തങ്ങൾ അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്തു പകരുകയും ചെയ്തു.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശമുണ്ടെങ്കിൽ, അത് ഇന്ത്യയുടെ ഏകതയായിരുന്നു. പശ്ചിമ ബംഗാൾ നമ്മുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കാൻ വിഭജനത്തിന്‍റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കു ശേഷം ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നുമകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്‍റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്.

ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്‌ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനു വേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബാ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കു ശേഷം, 2019ൽ ഈ സർക്കാർ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായി.

ഡോ. മുഖർജി രാജ്യത്തിനും രാജ്യത്തിന്‍റെ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം അത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ കൊണ്ടുവന്നു.

ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: ""വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉത്പാദിപ്പിക്കുന്ന ഫാക്റ്ററികളായി കാണുന്നത് തെറ്റാണ്. മുനിസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ- സെൻട്രൽ നിയമ നിർമാണ സഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്‍റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്''.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാലാ ലൈബ്രറി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥി ക്ഷേമം തുടങ്ങിയ മേഖലകളിലേക്കും ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും അഭിമാനബോധം വളർത്താൻ ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കാൻ തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്‍റെ ഈ മനോഭാവത്തിന്‍റെ മറ്റൊരുദാഹരണം ജീവിതത്തിന്‍റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നു നിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിനു തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ "ദിയ' ആയത് തികച്ചും അനുയോജ്യമായി. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനു ശേഷവും ചെയ്തത് കൃത്യമായി ഇതു തന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ- വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിന് അന്തസും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്‍റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗത ശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്‍റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെ കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്‍റ് പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്‍റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്‍റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

നമ്മുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുണ്ട്. ഡോ. മുഖർജി ആ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്‌ട്രനിർമാണ ദൗത്യം രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്‍റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്ത പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ അന്തസോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണ ഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്‍റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ആ ധാരണ ശരിയാണെന്ന് തെളിഞ്ഞു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസത്തയെ വീണ്ടും തകിടം മറിച്ച 42ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി മാനുഷിക പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കാൻ അദ്ദേഹം പൂർണമായും മുഴുകി. ജനങ്ങൾക്കായി നിരവധി ഭക്ഷണ വിതരണ കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത് സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്‍റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, "പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതി. 1942ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കൊത്തയിലെ ഒരു കോളെജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: ""നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതി വഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതു വരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്''.

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം. അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.

logo
Metro Vaartha
www.metrovaartha.com