വെങ്കയ്യ ഗാരു: ഭാരതത്തിന്‍റെ നിസ്വാർഥ സേവകൻ

മുൻ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്‍റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ലേഖനം.
PM Narendra Modi writes on M Venkiah Naidu
നരേന്ദ്ര മോദിയും വെങ്കയ്യ നായിഡുവും.File Photo

നരേന്ദ്ര മോദി, പ്രധാനമന്ത്രി

നമ്മുടെ മുൻ ഉപരാഷ്‌ട്രപതിയും ആദരണീയ രാഷ്‌ട്രതന്ത്രജ്ഞനുമായ എം. വെങ്കയ്യ നായിഡു ഗാരുവിന് ഇന്ന് 75 വയസ് തികയുന്നു. അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഞാൻ നേരുന്നു. ഒപ്പം, അദ്ദേഹത്തിന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും എന്‍റെ ആശംസകൾ.

പൊതുസേവനത്തിനായുള്ള അർപ്പണബോധവും അചഞ്ചലമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഒരു നേതാവിന്‍റെ ജീവിതം ആഘോഷിക്കാനുള്ള അവസരമാണിത്. രാഷ്‌ട്രീയ രംഗത്തെ തന്‍റെ ആദ്യകാലം മുതൽ ഉപരാഷ്‌ട്രപതി പദവി വരെ, വെങ്കയ്യ ഗാരുവിന്‍റെ കർമപാത, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സങ്കീർണതകളെ അനായാസമായും വിനയത്തോടെയും തരണം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ അതുല്യമായ കഴിവിന് ഉദാഹരണമാണ്. അദ്ദേഹത്തിന്‍റെ വാക്ചാതുര്യവും നർമബോധവും വികസന വിഷയങ്ങളിലെ അചഞ്ചലമായ ശ്രദ്ധയും കക്ഷിരാഷ്‌ട്രീയ ഭേദമന്യേ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു.

വെങ്കയ്യ ഗാരുവും ഞാനും പതിറ്റാണ്ടുകളായി പരസ്പരം അറിയുന്നവരാണ്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞാനും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ പൊതു സ്വഭാവം എന്നത് ആളുകളോടുള്ള സ്നേഹമാണ്. ആന്ധ്ര പ്രദേശിലെ വിദ്യാർഥി നേതാവെന്ന നിലയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ രംഗപ്രവേശനം. അദ്ദേഹത്തിന്‍റെ കഴിവും പ്രസംഗ പാടവവും സംഘടനാ വൈദഗ്ധ്യവും കണക്കിലെടുക്കുമ്പോൾ ഏത് രാഷ്‌ട്രീയ പാർട്ടിയും അദ്ദേഹത്തെ സ്വാഗതം ചെയ്യുമായിരുന്നു. എന്നാൽ രാഷ്‌ട്രം ആദ്യം എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം സംഘപരിവാറുമായി ചേർന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടു. ആർഎസ്എസുമായും എബിവിപിയുമായും സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം പിന്നീട് ജനസംഘത്തെയും ബിജെപിയെയും ശക്തിപ്പെടുത്തി.

ഏതാണ്ട് 50 വർഷം മുമ്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ യുവാവായ വെങ്കയ്യ ഗാരു അടിയന്തരാവസ്ഥാ വിരുദ്ധ പ്രസ്ഥാനത്തിൽ മുഴുകി. ലോക്നായക് ജയപ്രകാശ് നാരായണനെ ആന്ധ്രയിലേക്ക് ക്ഷണിച്ചതിന് അദ്ദേഹം ജയിലിലായി. ജനാധിപത്യത്തോടുള്ള ഈ പ്രതിബദ്ധത അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ ആവർത്തിച്ചു കാണാവുന്നതാണ്. 1980കളുടെ മധ്യത്തിൽ മഹാനായ എൻ.ടി. രാമറാവുവിന്‍റെ ഗവൺമെന്‍റിനെ കോൺഗ്രസ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടപ്പോൾ ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കാനുള്ള പ്രസ്ഥാനത്തിന്‍റെ മുൻനിരയിൽ അദ്ദേഹവും ഉണ്ടായിരുന്നു.

അതിശക്തമായ പ്രതിസന്ധികളെപ്പോലും അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിവുണ്ട്. 1978ൽ ആന്ധ്ര പ്രദേശ് കോൺഗ്രസിന് വോട്ട് ചെയ്‌തെങ്കിലും ആ പ്രവണതയെ മറികടന്ന് അദ്ദേഹം യുവ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 5 വർഷത്തിനു ശേഷം എൻടിആർ സുനാമി സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾപ്പോലും, അദ്ദേഹം ബിജെപി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ സംസ്ഥാനത്തുടനീളമുള്ള ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി.

വെങ്കയ്യ ഗാരുവിന്‍റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് അദ്ദേഹത്തിന്‍റെ പ്രഭാഷണ വൈദഗ്ധ്യം മനസിലായിട്ടുണ്ടാകും. അദ്ദേഹം തീർച്ചയായും ഒരു വാഗ്മിയാണ്, പക്ഷേ അത്രയും തന്നെ അദ്ദേഹം പ്രവർത്തന നിരതനുമാണ്. ഒരു യുവ എംഎൽഎ ആയിരുന്ന കാലം മുതൽ നിയമസഭാ കാര്യങ്ങളിൽ അദ്ദേഹം ചെലുത്തിയ ശ്രദ്ധയും തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിൽ പ്രകടിപ്പിച്ച ആർജവും കാരണം അദ്ദേഹം അന്നേ ബഹുമാനിക്കപ്പെട്ടിരുന്നു.

അതികായനായ എൻ.ടി. രാമറാവു വെങ്കയ്യ ഗാരുവിന്‍റെ കഴിവ് ശ്രദ്ധിക്കുകയും തന്‍റെ പാർട്ടിയിൽ അദ്ദേഹം ചേരാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വെങ്കയ്യ ഗാരു തന്‍റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കാൻ വിസമ്മതിച്ചു. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചും എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെട്ടും ആന്ധ്ര പ്രദേശിൽ ബിജെപിയെ ശക്തിപ്പെടുത്തിയ അദ്ദേഹം അവിടെ ബിജെപി സംസ്ഥാന അധ്യക്ഷനായി.

1990കളിൽ ബിജെപി കേന്ദ്ര നേതൃത്വം വെങ്കയ്യ ഗാരുവിന്‍റെ ശ്രമങ്ങൾ ശ്രദ്ധിക്കുകയും അങ്ങനെ 1993ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇതോടെ ദേശീയ രാഷ്‌ട്രീയത്തിൽ അദ്ദേഹം തന്‍റെ ചുവടു വച്ചു. കൗമാരപ്രായത്തിൽ അടൽ ബിഹാരി വാജ്പേയിയുടെയും ലാൽകൃഷ്ണ അഡ്വാനിയുടെയും സന്ദർശന വിവരങ്ങൾ പ്രഖ്യാപിച്ച് ചുറ്റിനടന്നിരുന്ന ഒരാൾ അവരോടൊപ്പം നേരിട്ടു പ്രവർത്തിക്കുന്ന പദവിയിലേക്കു മാറിയത് ശരിക്കും ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ നമ്മുടെ പാർട്ടിയെ എങ്ങനെ അധികാരത്തിലെത്തിക്കാമെന്നതിലും രാഷ്‌ട്രത്തിന് ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെ എങ്ങനെ നേടികൊടുക്കാമെന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഡൽഹിയിലേക്കുള്ള മാറ്റത്തിന് ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല, പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം ഉയർന്നു.

2000ൽ വെങ്കയ്യ ഗാരുവിനെ തന്‍റെ ഗവൺമെന്‍റിൽ മന്ത്രിയായി ഉൾപ്പെടുത്താൻ അടൽജി ആഗ്രഹിച്ചപ്പോൾ ഗ്രാമവികസന മന്ത്രാലയത്തോടുള്ള തന്‍റെ മുൻഗണന അദ്ദേഹം തൽക്ഷണം അറിയിച്ചു. ഇത് അടൽജി ഉൾപ്പെടെയുള്ളവരെ അമ്പരപ്പിച്ചു. കാരണം, നിങ്ങൾക്ക് ഏതു വകുപ്പ് വേണമെന്ന് ചോദിക്കപ്പെടുന്ന ഒരു നേതാവുണ്ടാവുകയും അദ്ദേഹത്തിന്‍റെ മുന്തിയ താൽപര്യം ഗ്രാമീണ വികസനമാവുകയും ചെയ്യുക എന്നത് അദ്ഭുതകരമായിരുന്നു. പക്ഷേ, വെങ്കയ്യ ഗാരുവിന് തന്‍റെ തീരുമാനം വ്യക്തമായിരുന്നു - അദ്ദേഹം ഒരു കർഷകന്‍റെ പുത്രനായിരുന്നു. അദ്ദേഹം തന്‍റെ ആദ്യകാലങ്ങൾ ഗ്രാമങ്ങളിൽ ചെലവഴിച്ചു. അതിനാൽ, അദ്ദേഹം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു മേഖലയുണ്ടെങ്കിൽ അത് ഗ്രാമവികസനമായിരുന്നു.

മന്ത്രിയെന്ന നിലയിൽ, "പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന'യുടെ ആശയ സാക്ഷാത്കാരത്തിൽ അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. വർഷങ്ങൾക്കു ശേഷം, 2014ലെ എൻഡിഎ ഗവൺമെന്‍റ് അധികാരമേറ്റപ്പോൾ, നഗര വികസനം, പാർപ്പിടം, നഗര ദാരിദ്ര്യ നിർമാർജനം എന്നീ നിർണായക വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ഞങ്ങൾ സുപ്രധാനമായ സ്വച്ഛ് ഭാരത് മിഷനും നഗരവികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പദ്ധതികളും ആരംഭിച്ചത്. ഒരുപക്ഷേ, ഇത്രയും വിപുലമായ കാലയളവിൽ ഗ്രാമ- നഗര വികസനത്തിനായി പ്രവർത്തിച്ച നേതാക്കളിൽ ഒരേ ഒരാളാണ് അദ്ദേഹം എന്ന് പറയാനാവും.

2014ൽ ഡൽഹിയിൽ വന്നപ്പോൾ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഗുജറാത്തിൽ പ്രവർത്തിച്ചിരുന്ന ഞാൻ രാജ്യതലസ്ഥാനത്തിന് പുറത്തുള്ള ആളായിരുന്നു. അത്തരം സമയങ്ങളിൽ വെങ്കയ്യ ഗാരുവിന്‍റെ ഉൾക്കാഴ്ചകൾ വളരെ പ്രയോജനപ്രദമായിരുന്നു. അദ്ദേഹം കാര്യക്ഷമതയുള്ള ഒരു പാർലമെന്‍ററി കാര്യ മന്ത്രിയായിരുന്നു - ഉഭയകക്ഷിത്വത്തിന്‍റെ സാരാംശം അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നാൽ അതേ സമയം പാർലമെന്‍ററി മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തിൽ അദ്ദേഹം കണിശത സൂക്ഷിച്ചു.

2017ൽ ഞങ്ങളുടെ സഖ്യം അദ്ദേഹത്തെ ഞങ്ങളുടെ ഉപരാഷ്‌ട്രപതി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു. വെങ്കയ്യ ഗാരുവിനെ പോലെ അതികായകന്‍റെ സ്ഥാനത്തേക്ക് മറ്റൊരു ആളെ സങ്കല്പിക്കാൻ പോലും കഴിയാത്തത് ഞങ്ങളെ വലിയ ധർമസങ്കടത്തിലാക്കിയിരുന്നു. അതേ സമയം, ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തേക്കാൾ മികച്ച സ്ഥാനാർഥിയില്ലെന്നും ഞങ്ങൾക്കറിയാമായിരുന്നു. മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലൊന്ന് എനിക്ക് ഒരിക്കലും മറക്കാനാവില്ല. പാർട്ടിയുമായുള്ള ബന്ധവും അത് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും ഓർത്തപ്പോൾ അദ്ദേഹത്തിന് കണ്ണുനീരടക്കാനായില്ല. അത് അദ്ദേഹത്തിന്‍റെ ആഴത്തിൽ വേരൂന്നിയ പ്രതിബദ്ധതയുടെയും അഭിനിവേശത്തിന്‍റെയും നേർക്കാഴ്ചയാണ് നൽകിയത്. ഉപരാഷ്‌ട്രപതിയായ ശേഷം പദവിയുടെ മഹത്വം വർധിപ്പിക്കുന്ന വിവിധ നടപടികൾ അദ്ദേഹം സ്വീകരിച്ചു. യുവ എംപിമാർക്കും വനിതാ എംപിമാർക്കും ആദ്യമായി എംപിമാർ ആകുന്നവർക്കും സംസാരിക്കാനുള്ള അവസരം ഉറപ്പാക്കിയ രാജ്യസഭയുടെ മികച്ച അധ്യക്ഷനായിരുന്നു അദ്ദേഹം. സഭയിലെ ഹാജരിന് അദ്ദേഹം ഏറെ ഊന്നൽ നൽകി. സമിതികളെ കൂടുതൽ ഫലപ്രദമാക്കുകയും സഭയിൽ ചർച്ചയുടെ നിലവാരം ഉയർത്തുകയും ചെയ്തു.

അനുച്ഛേദം 370, 35 (എ) എന്നിവ റദ്ദാക്കാനുള്ള തീരുമാനം രാജ്യസഭയിലെത്തിയപ്പോൾ അധ്യക്ഷനായിരുന്നത് വെങ്കയ്യ ഗാരു ആയിരുന്നു. അത് അദ്ദേഹത്തിന് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ഏകീകൃത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ആകർഷിക്കപ്പെട്ട ഒരു കുട്ടി, ഒടുവിൽ ആ സ്വപ്നം നേടിയെടുക്കുമ്പോൾ അതിന് ആധ്യക്ഷം വഹിക്കുകയായിരുന്നു.

ജോലിക്കും രാഷ്‌ട്രീയത്തിനും പുറമേ, വെങ്കയ്യ ഗാരു മികച്ച വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ മഹത്തായ തെലുങ്ക് സംസ്കാരം നഗരത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഉഗാദി, സംക്രാന്തി ആഘോഷ പരിപാടികൾ നഗരത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒത്തുചേരലുകളിലൊന്നാണ്. ഭക്ഷണം ഇഷ്ടപ്പെടുകയും ജനങ്ങൾക്ക് ആതിഥ്യമരുളുകയും ചെയ്യുന്ന ഒരാളായാണ് വെങ്കയ്യ ഗാരുവിനെ ഞാൻ എപ്പോഴും മനസിലാക്കുന്നത്. പക്ഷേ, പിന്നീട്, അദ്ദേഹത്തിന്‍റെ ആത്മനിയന്ത്രണം എല്ലാവർക്കും വ്യക്തമായി. ശാരീരികക്ഷമതയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അദ്ദേഹം ഇപ്പോഴും ബാഡ്മിന്‍റൺ കളിക്കുന്നതിലും തന്‍റെ വേഗത്തിലുള്ള നടത്തം ആസ്വദിക്കുന്നതിലും കാണാം.

ഉപരാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷവും വെങ്കയ്യ ഗാരു സജീവമായ പൊതുജീവിതം നയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ തനിക്ക് താത്പര്യമുള്ള വിഷയങ്ങളിൽ അദ്ദേഹം എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിക്കാറുണ്ട്. ഞങ്ങളുടെ ഗവണ്മെന്‍റ് മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ ഏറ്റവും ഒടുവിലായി കണ്ടത്. അദ്ദേഹം ആഹ്ലാദം പങ്കുവയ്ക്കുകയും എനിക്കും ഞങ്ങളുടെ ടീമിനും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ ജന്മ ദിനത്തിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന് ആശംസകൾ നേരുന്നു. യുവ പ്രവർത്തകരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സേവനതൽപ്പരരുമായ എല്ലാവരും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്ന് പഠിക്കുകയും ആ മൂല്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവരാണ് നമ്മുടെ രാജ്യത്തെ കൂടുതൽ ഊർജസ്വലമാക്കുന്നത്.

Trending

No stories found.

Latest News

No stories found.