

തർക്കങ്ങൾ സ്വാഭാവികം; പക്ഷേ, തട്ടി വീഴരുത്
സ്വതന്ത്ര ഇന്ത്യയിൽ, ഫെഡറൽ സിസ്റ്റമാണ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ നിയന്ത്രിക്കുന്നതും ശക്തിപ്പെടുത്തുന്നതും. ശക്തമായ സംസ്ഥാനങ്ങളും പ്രബലമായ കേന്ദ്രവും കൈകോർത്തു പിടിച്ചാലേ രാജ്യത്ത് വളർച്ചയും പുരോഗതിയും ഉണ്ടാകൂ. സ്വാതന്ത്ര്യം നേടിയ ആദ്യ അരനൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. വിഭിന്ന രാഷ്‌ട്രീയ പാർട്ടികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവർ തമ്മിലുള്ള സംഘർഷവും തുടങ്ങി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടോടു കൂടി പോകുമ്പോഴും വികസന കാര്യങ്ങളിൽ പരസ്പര ധാരണയും വിശ്വാസവും ഉണ്ടാകണം. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് മറിച്ചാണ്.
കേരളത്തിൽ 1957 മുതൽ പലപ്പോഴായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മുൻതൂക്കമുള്ള മുന്നണികളാണ് ഭരണ നേതൃത്വം വഹിച്ചിട്ടുള്ളത്. ആദ്യമായാണ് 2016ൽ പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഒരു ഇടതു മുന്നണി സർക്കാർ തുടർച്ചയായി രണ്ടാം പ്രാവശ്യവും അധികാരത്തിൽ കടന്നുവന്നത്. ഇതേ കാലഘട്ടത്തിൽ തന്നെ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതിനാൽ പല കാര്യങ്ങളിലും യോജിപ്പും അതുപോലെ തന്നെ വിയോജിപ്പും ഉണ്ടാകാറുണ്ട്.
ദേശീയപാതാ നിർമാണ കാര്യത്തിൽ 30 മീറ്റർ വീതി മതിയെന്ന് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ കേരളത്തിന്‍റെ ദേശീയ റോഡ് വികസന നയം മാറ്റിയെഴുതിയത് 2016ൽ അധികാരത്തിലേറിയ ഇടതു സർക്കാരാണ്. മേൽപ്പാലം ഉൾപ്പെടെ കാസർഗോഡ് മുതൽ പാറശാല വരെ 45 മീറ്റർ വീതിയിലും അതോടൊപ്പം സർവീസ് റോഡുകളുമുള്ള പുതിയ ഗതാഗത സംവിധാനത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. വെല്ലുവിളികളെല്ലാം അതിജീവിച്ച് കേന്ദ്രവും സംസ്ഥാനവും പരസ്പരം കൈകോർത്തതിനെ തുടർന്നാണ് ഇന്ത്യയിൽ അതിവേഗം ദേശീയപാത നിർമ്മിക്കുന്ന സംസ്ഥാനമായി കേരളം മാറിയത്.
മറ്റൊരു വികസനം നടക്കുന്നത് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്താണ്. പദ്ധതി ഉമ്മൻചാണ്ടിയാണ് തുടങ്ങിവച്ചെങ്കിലും അത് ശരവേഗതയിൽ മുന്നോട്ടു കൊണ്ടുപോയത് പിണറായി വിജയൻ സർക്കാരാണ്. കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണ പദ്ധതിക്ക് ലഭിച്ചു. അതുപോലെ കൊച്ചിയിലെ ത്രീ- ഇൻ- വൺ മെട്രൊ ഗതാഗത സിസ്റ്റം ഇന്ത്യയ്ക്കാകെ മാതൃകയായി.
ഇതൊക്കെയാണെങ്കിലും കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ ആശയപ്പൊരുത്തമില്ലാത്തതിനാൽ ചില കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിൽ കാലതാമസം വരുന്നുണ്ട്. ആശുപത്രി കെട്ടിടങ്ങൾക്ക് പേരു കൊടുക്കുന്ന കാര്യത്തിലും (ആയുഷ്മാൻ ആരോഗ്യ മന്ദിർ), നിറം കൊടുക്കുന്ന കാര്യത്തിലും (മെറ്റാലിക് മഞ്ഞ നിറം) ആശയക്കുഴപ്പം ഉണ്ടായതുകൊണ്ട് കുറേക്കാലത്തേക്ക് ആരോഗ്യ പരിപാലന രംഗത്ത് നമുക്ക് കേന്ദ്ര സഹായം ലഭിക്കാതിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ കേന്ദ്ര തീരുമാനം അംഗീകരിച്ചപ്പോൾ സഹായം ലഭിക്കുകയും ചെയ്തു.
ഇപ്പോൾ കേന്ദ്രാവിഷ്കൃത പിഎം ശ്രീ വിദ്യാലയ പദ്ധതി നടപ്പാക്കുന്നതിന് സിപിഎമ്മിന്‍റെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ പിന്തുണയില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ സമീപനം ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ്. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി സിപിഐയുമായി സമവായത്തിന്‍റെ സമീപനം എടുത്തെങ്കിലും പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നേരിട്ട് സിപിഐ സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച ചെയ്തിട്ടും അയവിന്‍റെ സാധ്യത തെളിഞ്ഞില്ല. മാത്രവുമല്ല, കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന്‍റെ ലക്ഷണവും കാണുന്നു.
1,500 കോടി രൂപയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലൂടെ കേരളത്തിന് ലഭിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐ-സിപിഎം തർക്കം രൂക്ഷമായപ്പോൾ മറുവശത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എടുത്ത സമീപനം വളരെ ശ്രദ്ധേയമാണ്. കേന്ദ്ര സഹായം നേടിയെടുക്കണമെന്നും, നമുക്ക് സ്വീകരിക്കാൻ പറ്റാത്ത തരത്തിലുള്ള വിദ്യാഭ്യാസ നയം കേന്ദ്രം കൊണ്ടുവന്നാൽ അത് ചർച്ചയിലൂടെ പരിഹരിക്കുകയോ അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ ശക്തമായ എതിർപ്പ് എടുക്കുകയോ വേണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ അധികാരക്കസേര തിരിച്ചുപിടിക്കാൻ കേരളത്തിൽ 24 മണിക്കൂറും അധ്വാനിക്കാൻ തയാറായി നിൽക്കുന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പദ്ധതിയോട് പൂർണമായും യോജിക്കുന്നില്ല. അതേ സമയം കോൺഗ്രസ് ഭരണ നേതൃത്വം വഹിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യാസ നയവും അംഗീകരിച്ച് നടപ്പിലാക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയുണ്ട്. ശിവൻകുട്ടി പറഞ്ഞത് താനും ബിനോയ് വിശ്വവും കമ്യൂണിസ്റ്റുകാരാണെന്നാണ്. ബിനോയിയുടെ അഭിപ്രായം മാനിക്കുന്നതോടൊപ്പം തന്നെ പ്രശ്നം പരിഹരിക്കാനായി ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി ബിനോയ് ഉൾപ്പെടെയുള്ളവരോട് സംഭാഷണം നടത്തുകയും ചെയ്തു.
ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രസ്താവന വളരെ വ്യക്തമാണ്. 2024ൽ തന്നെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും പിഎം ശ്രീയെക്കുറിച്ചും കേരളവും കേന്ദ്രവും തമ്മിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒപ്പിട്ടത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും സംസ്ഥാനമാണ്. കേന്ദ്ര നയം പൂർണമായി സ്വീകരിക്കുകയോ തള്ളിക്കളയുകയോ ഭാഗികമായി സ്വീകരിക്കുകയോ ചെയ്യാമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ പാഠ്യപദ്ധതി നിശ്ചയിക്കുന്നത് സംസ്ഥാനം തന്നെയായിരിക്കും. പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളുടെ മുമ്പിൽ സ്കൂളിന്‍റെ പേരിനു മുന്നിലായി പിഎം ശ്രീ എന്നെഴുതണം എന്നാണ് ഒരു നിബന്ധന. ഇത് നടപ്പിലാക്കുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്ന് ആലോചിക്കണം. ആർഎസ്എസ് ആശയങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാരിന് സ്വീകരിക്കാൻ പറ്റാത്തത് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാമല്ലോ.
എന്നാൽ, മന്ത്രിസഭയുടെ അംഗീകാരമില്ലാതെ കേന്ദ്ര സർക്കാരുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കരാറിൽ ഒപ്പിട്ടത് സിപിഎം- സിപിഐ രാഷ്‌ട്രീയ പിളർപ്പിന്‍റെ രൂക്ഷത വർധിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയിൽ നിന്ന് സിപിഐ വിട്ടുനിൽക്കണം എന്ന ആലോചനയും സജീവം. തദ്ദേശ തെരഞ്ഞെടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്ന സന്ദർഭത്തിൽ സിപിഎം- സിപിഐ സ്പർധ ഇടതു മുന്നണിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും.
ഒരു ക്യാബിനറ്റ് സംവിധാനത്തിൽ കേന്ദ്രത്തിൽ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുമാണ് ഭരണത്തിന് നേതൃത്വം കൊടുക്കേണ്ടതും തീരുമാനം എടുക്കേണ്ടതും എന്ന കാര്യം കാണാതിരിക്കരുത്. രാഷ്‌ട്രീയ, പ്രത്യയശാസ്ത്ര നയം പാർട്ടികൾക്ക് എടുക്കാം, എന്നാൽ ഭരണപരമായ അന്തിമ തീരുമാനം മുഖ്യമന്ത്രിക്കാണ്.
എന്തായാലും, വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നോട്ടു പോയിട്ടുള്ള കേരളത്തിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യകൾ തുടർന്നും സ്വീകരിക്കുകയും വേണം. വളരെ ചെലവേറിയതാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖല. സാമ്പത്തികമായും സാങ്കേതികമായും ലഭിക്കുന്ന കേന്ദ്ര സഹായം രണ്ടു കൈയും നീട്ടി സ്വീകരിക്കാവുന്ന വിധത്തിൽ, ഭരണ- പ്രതിപക്ഷ കക്ഷികൾ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ജ്യോത്സ്യന് പറയാനുള്ളത്.