കേരളം പതുക്കെ ശ്വാസമെടുത്ത് തുടങ്ങുന്നു

കിഫ്ബി മാതൃക പുനപ്പരിശോധിക്കാനും സംസ്ഥാനത്തിന്‍റെ കടബാധ്യതകൾ തുറന്നുകാട്ടുന്ന ധവളപത്രം തയാറാക്കാനും പുതിയ യുഡിഎഫ് സർക്കാർ തയാറെടുക്കുമ്പോൾ സാമ്പത്തിക ഉത്തരവാദിത്വത്തിന് ഊന്നൽ.
VD Satheesan govt’s early moves

പുതിയ സർക്കാരിന്‍റെ തുടക്കം പ്രതീക്ഷാനിർഭരം.

MV Graphics

Updated on

അജയൻ

''നല്ല തുടക്കം പകുതി വിജയമാണ്'' എന്ന ചൊല്ല് കടമെടുത്താൽ, വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ അതിന്‍റെ എളുപ്പമുള്ള ആദ്യ പകുതി മനോഹരമായി കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. ഭരണമെന്ന പേരിൽ പത്ത് വർഷം ജനം സഹിച്ചതിന് വോട്ടർമാർ ‍‍ഒടുവിൽ വിരാമമിട്ടപ്പോൾ, പുതിയ സർക്കാർ തുടക്കത്തിൽ തന്നെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തുയരുന്ന നീക്കങ്ങളാണ് നടത്തുന്നത്.

മുൻ സർക്കാരിന്‍റെ അഹങ്കാരം മുഴച്ചുനിന്ന മൂന്ന് വലിയ നടപടികളാണ് ഏറ്റവുമധികം ജനരോഷം വിളിച്ചുവരുത്തിയത്. അതിൽ ഏറ്റവും ക്രൂരമായത് ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങളെ അവഗണിച്ചു എന്നതു മാത്രമല്ല; മഴയും വെയിലും കൊണ്ട് മാസങ്ങളോളം തെരുവിൽ സമരം ചെയ്ത ആ സ്ത്രീകളോട് ഇടതുപക്ഷ സർക്കാർ കാട്ടിയ തണുത്ത അവജ്ഞ കൂടിയായിരുന്നു. ഇപ്പോൾ അവരുടെ ഓണറേറിയത്തിൽ വരുത്തിയ ചെറിയ വർധന വെറുമൊരാശ്വാസമല്ല; മുറിവേറ്റ അന്തസ്സിനുള്ള മരുന്നാണത്. 'മല എലിയെ പ്രസവിച്ചതാണ്' എന്നു പറഞ്ഞ് മുൻ ധനമന്ത്രി ഇതിനെ നിസാരവത്കരിക്കുന്നത് വിരോധാഭാസമാണ്. തങ്ങളുടെ സ്വന്തം അവഗണന കൊണ്ട് കല്ലിനു മേൽ കല്ലു വച്ച് പടുത്തുയർത്തിയതാണ് ആ മല എന്ന കാര്യം അദ്ദേഹം മറന്നുപോയിക്കാണും.

പിന്നീട് വന്നത് കെ-റെയിൽ എന്ന സ്വപ്നപദ്ധതിയുടെ കുഴിച്ചുമൂടലായിരുന്നു, കേരളം ആവശ്യപ്പെടാത്തതും കേരളത്തിന് അതിജീവിക്കാൻ കഴിയാത്തതുമായ ഒരു പദ്ധതി. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീതിയിലാഴ്ത്തിയ ഒരു സംസ്ഥാനത്ത്, പരിസ്ഥിതിലോലമായ ഭൂമിയിലൂടെ സിൽവർ ലൈൻ നിർമിക്കാൻ കാണിച്ച വാശി വികസനത്തിനു വേണ്ടിയായിരുന്നില്ല; ചക്രം പിടിപ്പിച്ച ബ്യൂറോക്രാറ്റിക് അഹങ്കാരമായിരുന്നു അത്. ജനങ്ങളുടെ പ്രതിഷേധങ്ങൾക്കു ചെവികൊടുക്കാതെ, വീട്ടുപടിക്കലും അടുക്കളയിലും വരെ കൊളോണിയൽ പതാകകൾ പോലെ മഞ്ഞക്കുറ്റികൾ സ്ഥാപിക്കുകയാണ് സർക്കാർ ചെയ്തത്. ഭരണം ഒരു നാടകമായി മാറുകയും, ട്രെയിനിൽ അപ്പം വിൽക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തിൽ കോമാളിരൂപമായി മാറുകയും ചെയ്തു.

വികസനരേഖയായിരുന്നില്ല, ദുരന്ത മുന്നറിയിപ്പായിരുന്നു ആ കണക്കുകൾ: 1,380 ഹെക്റ്റർ ഭൂമി, അതിൽ 85 ശതമാനം സ്വകാര്യ വ്യക്തികളുടെ വക; ഇരുപതിനായിരത്തോളം കുടുംബങ്ങൾ അനിശ്ചിതത്വത്തിലേക്ക്. ഇതെല്ലാം ചെയ്തത് ഏറ്റവും പരിസ്ഥിതിലോലമായ ഒരു പ്രദേശത്ത് ആഴത്തിൽ മുറിവുകളുണ്ടാക്കി കോൺക്രീറ്റിട്ട് നിറയ്ക്കാനായിരുന്നു. ഒരുകാലത്ത് എക്സ്പ്രസ് ഹൈവേയ്ക്കെതിരേ സമരം ചെയ്ത അതേ സിപിഎം ആണ് കേരളത്തെ ഒരു കത്തികൊണ്ട് നെടുകെ മുറിക്കുന്നതു പോലെ വിഭജിക്കുന്ന സിൽവർലൈനുമായി പെട്ടെന്നങ്ങു പ്രേമത്തിലായത്. 2018-ലെയും 2019-ലെയും പ്രളയത്തിന്‍റെ ശേഷിപ്പുകൾ ഇന്നും വേട്ടയാടുന്ന ഒരു സംസ്ഥാനത്ത്, 165 ജലസംവേദക മേഖലകളിലൂടെയാണ് ഈ പാത കടന്നുപോകേണ്ടിയിരുന്നത് എന്നു പോലും അവർ ഓർത്തില്ല.

ഇപ്പോൾ സതീശൻ സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയും ഭൂമി അതിന്‍റെ യഥാർഥ ഉടമകൾക്കു തിരിച്ചു കൊടുക്കാൻ ഉത്തരവിടുകയും ചെയ്യുമ്പോൾ, കേന്ദ്രം അനുമതി നൽകാത്തതുകൊണ്ടാണ് എന്നു പറഞ്ഞ് സിപിഎം നേതാക്കൾ കൈമലർത്തുകയാണ്. വിചിത്രമായ പ്രതിരോധം! പദ്ധതിക്കു ജീവനില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം 'കെ-റെയിൽ വരും കേട്ടോ' എന്ന് ഇവർ ഭജന പാടിയത്? കേരളം അതൊന്നും മറന്നിട്ടില്ല.

നവകേരള യാത്രയുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല; ജനങ്ങൾക്കിടയിലേക്കുള്ള യാത്രയായിരുന്നില്ല അത്; നികുതിപ്പണം ധൂർത്തടിച്ച അഹങ്കാരത്തിന്‍റെ സഞ്ചരിക്കുന്ന നാടകവേദിയായിരുന്നു. കരിങ്കൊടി കാട്ടിയവരോടുള്ള ക്രൂരതയായിരുന്നു അതിൽ ഏറ്റവും അക്ഷന്തവ്യം. പൂച്ചട്ടികൾ ആയുധങ്ങളായി, ചൂരലുകൾ ന്യായവാദങ്ങളായി, ഗുണ്ടകളും പൊലീസും ഒരുമിച്ചു നിന്നപ്പോൾ, സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു സർക്കാർ.

കേരളത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആലപ്പുഴയിലെ ക്രൂര മർദനമായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരെ പരസ്യമായി തെരുവിൽ തല്ലിച്ചതച്ചു. അധികാരത്തിന്‍റെ മർദനമേറ്റ ഒരാൾ ഒടുവിൽ ഇടതുപക്ഷത്തിന്‍റെ കോട്ടയായിരുന്ന മണ്ഡലത്തിൽ നിന്ന് എംഎൽഎയായി ജയിച്ചു കയറി ജനാധിപത്യത്തിന്‍റെ നിശബ്ദമായ പ്രതികാരം വീട്ടി. കോടതികൾ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഫയലുകൾ പൂഴ്ത്തിവയ്ക്കുക എന്ന തങ്ങളുടെ പ്രിയപ്പെട്ട വിദ്യയാണ് മുൻ സർക്കാർ പ്രയോഗിച്ചത്. എന്നാൽ, സതീശൻ സർക്കാർ ഇതിനായി എസ്‌ഐടി രൂപീകരിക്കുകയും ഒരു മാസത്തിനകം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തതോടെ രാഷ്ട്രീയ താത്പര്യങ്ങളെക്കാൾ വേഗത്തിൽ നീതിക്കു സഞ്ചരിക്കാനാവുമോ എന്നു കാണാൻ സംസ്ഥാനം കാത്തിരിക്കുകയാണ്.

ആദ്യകാല നടപടികൾക്കു പുറമേ, തെരഞ്ഞെടുപ്പുകൾക്കപ്പുറം ജനസംഖ്യാ യാഥാർഥ്യങ്ങളെ നോക്കിക്കാണാൻ സർക്കാർ എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. മാനവ വികസന സൂചികയിൽ കേരളം മുന്നേറുമ്പോഴും, അടുത്ത ഒരു ദശകത്തിനുള്ളിൽ നാലിലൊരാൾ 60 വയസ് പിന്നിടുന്ന വയോജന സമൂഹമായി സംസ്ഥാനം മാറുകയാണ്. വർഷങ്ങളായി സർക്കാരുകൾ ആയുർദൈർഘ്യത്തെക്കുറിച്ച് പെരുപ്പിച്ചു സംസാരിച്ചതല്ലാതെ അതിന്‍റെ പ്രത്യാഘാതങ്ങളെ നേരിടാൻ തയാറായിട്ടില്ല. ഇപ്പോൾ വയോജന പരിപാലനത്തിനായി പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചതിലൂടെ, രാഷ്ട്രീയത്തിലെ പതിവ് ശൈലികൾക്കു വിരുദ്ധമായി ദീർഘവീക്ഷണത്തിന് മുൻഗണന നൽകിയിരിക്കുകയാണ് വി.ഡി. സതീശൻ സർക്കാർ.

തുടക്കം ഗംഭീരമാണ്. എന്നാൽ, കേരളം ഭരിക്കുക എന്നത് തിരശില ഉയർന്ന ശേഷം നടത്താനുള്ള നാടകമല്ല, മറിച്ച് അണിയറയിൽ അവശേഷിച്ച തകർച്ചകളെ അതിജീവിക്കലാണ്. മുൻ ധനമന്ത്രിമാരായ കെ.എൻ. ബാലഗോപാലും ടി.എം. തോമസ് ഐസക്കും പണ്ട് പറഞ്ഞതും ഇപ്പോൾ ആവർത്തിക്കുന്നതുമായ പ്രസംഗങ്ങൾക്കപ്പുറം സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഇതിനെല്ലാം മുകളിലാണ് മുൻകാലത്തെ വലിയ സാമ്പത്തിക സ്മാരകമായ കിഫ്ബി (KIIFB). സംസ്ഥാനത്തിന്‍റെ ഭാവി വരുമാനത്തെ വിഴുങ്ങിക്കൊണ്ടാണ് അത് വികസന സ്വപ്നങ്ങൾ പകർന്നു നൽകിയത്.

വാർഷിക പ്ലാൻ വിഹിതത്തിൽ നിന്ന് പണം വകമാറ്റിയും, സെസ് പിരിച്ചും, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി മുഴക്കി പലിശയ്ക്ക് കടമെടുത്തും, ഇന്നത്തെ പരസ്യത്തിനു വേണ്ടി നാളെയെ പണയം വയ്ക്കുന്ന വിദ്യയാണ് കിഫ്ബി നടപ്പാക്കിയത്. നവകേരളത്തെക്കുറിച്ചുള്ള വലിയ പ്രസംഗങ്ങൾക്കു ശേഷവും കണക്കുകൾ ദയനീയമായി തുടരുന്നു: 38,600 കോടിയിലധികം രൂപ ചെലവഴിച്ചു, കടങ്ങളുടെ മലകൾ ബാക്കിയായി, പക്ഷേ എവിടെയാണ് ആ അദ്ഭുത വികസനം എന്ന് ജനങ്ങൾ ഇപ്പോഴും തെരഞ്ഞുകൊണ്ടിരിക്കുകയാണ്.

കേരളത്തിന്‍റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ധവളപത്രം പുറത്തുവന്നാൽ വലിയ വാർത്താ സമ്മേളനങ്ങളിലൂടെ മൂടിവെച്ച പല കാര്യങ്ങളും പുറത്തുവരും. എന്നാൽ, കണക്കുകൾ മാത്രം പോരാ. സർക്കാരിന് യഥാർഥ വിശ്വാസ്യത വേണമെങ്കിൽ കിഫ്ബി മോഡൽ പുനപ്പരിശോധിക്കണം. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ഒരു സാമ്പത്തിക പരീക്ഷണമായി അതിനെ കാണണം. കിഫ്ബി ഫണ്ടുകളുടെ വിനിയോഗം, ദുരുപയോഗം, അതിന്‍റെ രാഷ്ട്രീയ പാക്കേജിങ് എന്നിവയെക്കുറിച്ചുള്ള കൃത്യമായ ഓഡിറ്റിങ് ഇനി വൈകരുത്.

കേരളത്തിന് ഇപ്പോൾ വേണ്ടത് മാനുഷിക മുഖമുള്ള, ജനങ്ങളെ കേൾക്കാൻ ക്ഷമയുള്ള ഒരു സർക്കാരിനെയാണ്. സംസ്ഥാനം തളർന്നിരിക്കുകയാണ്, സാമ്പത്തികമായും വൈകാരികമായും മുറിവേറ്റിരിക്കുന്നു. ജനങ്ങൾക്ക് ഇനി വേണ്ടത് കോൺക്രീറ്റ് വാഗ്ദാനങ്ങളല്ല, കാരുണ്യത്തോടെയുള്ള പരിഗണനയാണ്. സതീശൻ സർക്കാർ ആദ്യ ചുവടുകളിലെ എളിമ നിലനിർത്തിയാൽ, പൊതുജീവിതത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രത്യാശ പതുക്കെ മടങ്ങിയെത്തും. സെക്രട്ടേറിയറ്റിന്‍റെ വാതിലുകൾ ജനങ്ങൾക്കായി തുറക്കപ്പെടട്ടെ, എൽഡിഎഫ് ഭരണത്തിൽ ജനാധിപത്യത്തിന്‍റെ വെളിച്ചം കെടുത്തിയ നിയന്ത്രണങ്ങൾ നീക്കി നിയമസഭ വീണ്ടും സ്വതന്ത്രമായി ശ്വസിക്കട്ടെ, അങ്ങനെ ജനങ്ങൾക്ക് സ്വന്തം ശബ്ദം ആ സഭയിൽ വീണ്ടും പ്രതിധ്വനിക്കുന്നതു കേൾക്കാൻ കഴിയട്ടെ.

logo
Metro Vaartha
www.metrovaartha.com