ഇവനാണ് നുമ്മ പറഞ്ഞ നടന്‍

''കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്ന വാക്കുകള്‍ മറക്കുവാന്‍ ആയിട്ടില്ല''
ഇവനാണ് നുമ്മ പറഞ്ഞ നടന്‍

ഒരു നല്ല നടന്‍ ആരായിരിക്കും എന്നാണു ചിന്തിക്കുന്നതെങ്കില്‍ ഒരു സംശയം കൂടാതെ നമുക്ക് പറയാന്‍ സാധിക്കണം രാഷ്‌ട്രീയ നേതാക്കണാണെന്ന്. ഒരു സംശയവും വേണ്ട ഇക്കാര്യത്തിൽ. നടിയുടെ കാര്യത്തിലും മാറ്റം ഒന്നുമില്ല. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ അഭിനയിക്കുന്നത് പോലെ മറ്റൊരാള്‍ക്കും അഭിനയിക്കാന്‍ സാധിക്കുകയില്ല. ഒരു ക്രിയയുടെ അനുകരണമാണ് അഭിനയകല എന്നാണ് അരിസ്റ്റോട്ടില്‍ അഭിനയത്തെ നിര്‍വചിച്ചിരിക്കുന്നത്. അഭിനയത്തിലൂടെ ജീവിതത്തെ പുനരാവിഷ്കരിക്കുകയാണ് ഒരു മികച്ച നടന്‍ ചെയ്യുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ നടനത്തെ നിര്‍വചിക്കുന്നത്, നാനാവിധ ഭാവങ്ങളും നാനാ പ്രകാരത്തിലുള്ള അവസ്ഥാവിശേഷങ്ങളും നിറഞ്ഞ ലോകവിശേഷങ്ങളുടെ അനുകരണം എന്നാണ്. ധനഞ്ജയന്‍റെ ദശരൂപകത്തില്‍ അവസ്ഥാനുകൃതിര്‍ നാട്യം എന്ന സൂത്രം പറയുന്നതും ഭരതന്‍റെ ആശയം തന്നെയാണ്. ലോകാവസ്ഥകളെ അനുകരിക്കല്‍ മാത്രമല്ല, അനുസരിക്കല്‍ കൂടിയാണ് അഭിനയകലയുടെ മര്‍മം.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലമായ ഇപ്പോള്‍ നമ്മള്‍ മികച്ച നടന്‍മാര്‍ രാഷ്‌ട്രീയക്കാരാണെന്ന് നേരിട്ട് കണ്ടുകൊണ്ടിരിക്കയാണല്ലോ. എന്തെല്ലാം തരത്തിലുള്ള അഭിനയമാണ് ഓരോ നേതാക്കളും നടത്തുന്നതെന്ന് നമ്മള്‍ കണ്ടതല്ലേ. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി എല്ലാ പാര്‍ട്ടിയിലെ സ്ഥാനാർഥികളും നേതാക്കളും അണികളും ഈ അഭിനയ മഹാമഹം ഗംഭീരമായി വിജയിപ്പിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ട് കൈകള്‍കൂപ്പി നമ്മുടെ അടുത്തുവരുന്ന സ്ഥാനാര്‍ഥി നമ്മുടെ കണ്‍വെട്ടത്ത് നിന്ന് ഒന്നുമറിഞ്ഞാല്‍ എത്ര പെട്ടെന്നാണ് അവരുടെ ചിരി മുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത്. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന അമര്‍ഷം എത്ര പെട്ടെന്നാണ് മറ്റൊരു ഭാവത്തിലേക്ക് മാറുന്നതെന്ന്. ഇത് കാണുവാനായി ഒരു പ്രസംഗവേദിയില്‍ പോയാല്‍ മതി. ചിരിയും ദേഷ്യവും സങ്കടവും എല്ലാം പ്രാസംഗികരുടെ മുഖത്ത് മാറിമറിയുന്നത് നിമിഷങ്ങളുടെ ഇടവേളകളില്ലാതെയാണ് എന്നുള്ളത് നാം കാണേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് കാലത്തുള്ള നേതാക്കളുടെ പത്രസമ്മേളനങ്ങളും മാധ്യമങ്ങളെ കാണുന്നതും നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. ദ്യശ്യമാധ്യമങ്ങളുടെ വരവോടെ ഇതിന് എല്ലാവര്‍ക്കും അവസരവും ലഭിച്ചു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നേതാക്കള്‍ നടത്തുന്ന സംഭാഷണങ്ങള്‍ നിങ്ങള്‍ ഒരുപക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും. അവരുടെ മുഖത്തെ ഭാവങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എത്ര തന്മയത്വത്തോടുകൂടിയാണ് ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്. എതിര്‍ പാര്‍ട്ടിയിലെ ഒരു നേതാവിന്‍റെയോ സ്ഥാനാർഥിയുടെയോ മറ്റേതെങ്കിലും ഒരു പ്രവര്‍ത്തകന്‍റെയോ തെറ്റായ ഒരു വിവരമാണ് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കരുതുക. അവരുടെ മുഖത്ത് അപ്പോള്‍ ഉണ്ടാകുന്ന ഭാവവും, അത് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്‍റെ വ്യതിയാനവും മികച്ച ഒരു നടനെ വെല്ലുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച ഒരു രാഷ്‌ട്രീയക്കാരന്‍ ആകണമെങ്കില്‍ മികച്ച ഒരു നടനായി മാറണം എന്നാണ് ഇപ്പോള്‍ സംസാരം.

രണ്ടു തരത്തിലുള്ള നടന്മാരെപ്പറ്റി ഗ്രോട്ടോവ്സ്കി പറയുന്നുണ്ട്. വിശുദ്ധനായ നടനും പാപിയായ നടനും. ആദ്യത്തെയാള്‍ പതിവ്രതയായ ധര്‍മപത്നിയെപ്പോലെ മനസും ശരീരവും ബുദ്ധിയും അഭിനയത്തിന് സമര്‍പ്പിക്കുന്നു. രണ്ടാമത്തെയാള്‍ വേശ്യയുടെ തൊഴില്‍പോലെ മാത്രമാണ് അഭിനയത്തെ കാണുന്നത്. പരിശുദ്ധ നടന്‍ അഭിനയത്തിലൂടെ തന്‍റെ അഹംബോധത്തെ ഇല്ലാതാക്കുമ്പോള്‍ പാപിയായ നടന്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ഒരു യന്ത്രംപോലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചലിക്കുകയാണ് ചെയ്യുന്നത്. അന്തര്‍പ്രേരണകള്‍ക്ക് അഗ്നിശുദ്ധി വരുത്തി സ്വയം ശുദ്ധനായിത്തീരുന്ന ഹോളി ആക്റ്റര്‍ സങ്കൽപ്പമാണ് ഗ്രോട്ടോവ്സ്കിക്ക് പ്രിയപ്പെട്ടത്.

നിലവിലെ തെരഞ്ഞെടുപ്പ് കാലത്തെ വ്യത്യസ്ത പാര്‍ട്ടികളിലെ ഓരോ നേതാക്കളെ നമുക്കിവിടെ പരിശോധനയ്ക്ക് എടുക്കാം. അവര്‍മാത്രമല്ല നടന രംഗത്തെ രാഷ്‌ട്രീയക്കാര്‍ എന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ പാര്‍ട്ടിയിലെയും നേതാക്കളില്‍ നടന്‍ ഉണ്ട് എന്നതാണ് സത്യം. ബിജെപിയുടെ സമുന്നതനായ നേതാവാണ് നരേന്ദ്രമോദി. അദ്ദേഹം പ്രധാനമന്ത്രിയാണ്. അദ്ദേഹം തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടങ്ങളിലും പ്രസ്താവനങ്ങളിലും പ്രസംഗങ്ങളിലും വ്യത്യസ്ത അവതരണ രീതി പിന്തുടരുന്നത് കാണാം. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ എത്തരത്തിലുള്ളതാണെന്ന് സമൂഹം ചര്‍ച്ച ചെയ്യട്ടെ. ഇവിടെ അഭിനയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹം വാരാണസിയില്‍ ഗംഗയുടെ തീരത്ത് കരഞ്ഞുകൊണ്ട് പറയുന്നതാണ് ഒടുവിലായി നമ്മള്‍ കണ്ടത്. ചിരിച്ചു കൊണ്ട് തന്‍റെ പഴയകാല ജീവിതത്തെ കുറിച്ചും, പൊളിറ്റിക്കല്‍ ബിരുദത്തെ കുറിച്ചും പറഞ്ഞതും ജനങ്ങളുടെ മനസിലുണ്ട്. മോദി കി ഗ്യാരണ്ടി എന്ന് സ്വയം പറഞ്ഞും, അണികളെ കൊണ്ട് പറയിപ്പിച്ചതും മറക്കുവാന്‍ കഴിയുമോ...? ഒടുവില്‍ ഹിന്ദു -മുസ്‌ലിം സ്നേഹത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം രാജ്യത്തെ ജനങ്ങളെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. മുന്‍പ് പറഞ്ഞ സംഭാഷണങ്ങളില്‍ നിന്നൊക്കെ തികച്ചും വിപരീതമായ ഒന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്ന വാക്കുകള്‍ മറക്കുവാന്‍ ആയിട്ടില്ല. അദ്ദേഹം ഇപ്പോള്‍ റായ്ബറേലിയില്‍ മത്സരിക്കുകയാണ്. അവിടെ അദ്ദേഹം പറയുന്ന വാക്കുകളും നാം സസൂഷ്മം കേള്‍ക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമാണ് രാഹുല്‍ ഗാന്ധിയുടെ ഓരോ പത്രസമ്മേളനത്തിലെ ഭാവങ്ങളും നമ്മള്‍ കാണേണ്ടതാണ്. ഭാവമാറ്റം അദ്ദേഹത്തിന്‍റെ മുഖത്ത് സ്പഷ്ടമായി നമുക്ക് നിരീക്ഷിക്കുവാന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ മുഖത്തെ ഭാവമാറ്റങ്ങള്‍ രാഷ്‌ട്രീയമായി വായിച്ചെടുക്കാന്‍ രാഷ്‌ട്രീയ പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി ഏറെ മാറിയിരിക്കുന്നു. അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. അഭിനയ കല എന്തെന്ന് അറിഞ്ഞു കഴിഞ്ഞു എന്ന് പറയുന്നതിലും വലിയ തെറ്റില്ല.

രാജ്യത്ത് ഇന്ന് ഒട്ടേറെ പ്രാദേശിക പാര്‍ട്ടികള്‍ രാഷ്‌ട്രീയ രംഗത്ത് വലിയ ചര്‍ച്ചാവിഷയമാകുന്നുണ്ട്. അതില്‍ ദേശിയ മാധ്യമങ്ങളടക്കം ഏറ്റവും പ്രാധാന്യം നല്‍കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകളാണ്. ആം ആദ്മി പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാള്‍. അദ്ദേഹം ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തുവന്ന കാഴ്ച ദേശീയ മാധ്യമങ്ങളിലെല്ലാം തല്‍സമയം പ്രക്ഷേപണം ചെയ്തതാണ്. അദ്ദേഹത്തിന്‍റെ അപ്പോഴത്തെ മുഖഭാവവും അദ്ദേഹത്തിന്‍റെ പുഞ്ചിരിയും ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. അവശനായി ക്ഷീണിതനായി പുറത്തിറങ്ങിയ കെജ്‌രിവാളിന്‍റെ വാടിയ ചിരിയും, ക്കൈവീശലും എങ്ങനെയാണ് മറക്കുക. തൊട്ടു പിറ്റേന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലെ മുഖഭാവം മറ്റൊന്നായിരുന്നു. നരേന്ദ്രമോദിക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഒപ്പം മുഖത്തിന്‍റെ ഭാവവും ശബ്ദത്തിന്‍റെ ഗാംഭീര്യവും വളരെ ശക്തമായിരുന്നു. തലേന്ന് നമ്മള്‍ കണ്ട കെജ്‌രിവാളിനെയായിരുന്നില്ല പത്രസമ്മേളനത്തില്‍ നമ്മള്‍ കണ്ടത്.

ഒരു നടന്‍ തന്‍റെ ശാരീരിക ചലനങ്ങളും, മാംസപേശികളുടെ വലിവ്, അംഗവിക്ഷേപം, മുഖചലനങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ, പ്രേക്ഷകരുടെ മനസിലേയ്ക്ക് സമാനമായ സദൃശ്യമാതൃകയെ പുനഃസൃഷ്ടിക്കുമ്പോഴാണ് അഭിനയം വിജയിക്കപ്പെടുന്നത്. അഭിനയത്തിലൂടെ ലക്ഷ്യമിടുന്ന വികാരഭാവങ്ങള്‍ അത്ര തീവ്രതയോടെ പ്രേക്ഷകനില്‍ എത്തുമ്പോള്‍ അഭിനയം വിജയിച്ചു എന്നു പറയാം. സംഭാഷണങ്ങളും സവിശേഷമായ ശരീരഭാഷയും മാനസികമായ വൈകാരിക സന്നദ്ധതയുമാണ് അഭിനയത്തിന് നാടകീയഭംഗി നല്‍കുന്നത്. സംഭാഷണത്തിലെ ആരോഹണം, സമഗതി, അവരോഹണം എന്നിവ അഭിനയ മുഹൂര്‍ത്തങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതൊക്കെത്തന്നെയാണ് മികച്ച ഒരു രാഷ്‌ട്രീയ നേതാവില്‍ കാണുന്നത്. അതുകൊണ്ട് തന്നെയാണ് നല്ലൊരു നടനായിരിക്കണമെന്ന അഭിപ്രായം വന്നതും.

ഇത്തരത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിക​ളി​ലെ​യും നേതാക്കളി​ൽ നമുക്കൊരു നടനെ കണ്ടെത്താം സന്ദര്‍ഭത്തിനൊത്തു മുഖഭാവങ്ങള്‍ മാറ്റുവാനും സംഭാഷണങ്ങളും സന്ദര്‍ഭത്തിനൊത്ത് മാറ്റുവാനും ഒരു സംവിധായകന്‍റെ സഹായവുമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയ നേതാക്കള്‍ മികച്ച നടന്മാരാണെന്ന് വിലയിരുത്തുന്നത്. ഇത് ഒരു കുറച്ചിലല്ല, മറിച്ച് ഒരു നേതാവിന് ആവശ്യം വേണ്ട കഴിവാണ്. ജനങ്ങള്‍ ഒരു നേതാവിനെ കാണുന്നത് അവര്‍ ഒപ്പമുണ്ടാകും എന്ന വിശ്വാസത്തിലാണ്. അവര്‍ നേതാവിനെ സമീപിക്കുന്നത് ആശ്വാസം ലഭിക്കാനാണ്. അവര്‍ നേതാവിനെ സമീപിക്കുന്നത് പ്രശ്ന പരിഹാരത്തിനാണ്. ഇവിടെയെല്ലാം നേതാവ് തങ്ങളുടെ കൂടെ ഉണ്ടെന്ന ആശ്വാസം ഉണ്ടാകേണ്ടതുണ്ട്. മിക്കവാറും അതിന് അഭിനയ കല നേതാവിന് തുണയാകും.

Trending

No stories found.

Latest News

No stories found.