മാലിന‍്യമുക്ത നവകേരളത്തിനായി ജനകീയ ക‍്യാംപെയിൻ

ബോധവത്കരണം, ശീലവത്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ വിവിധ ഘടകങ്ങളുള്ള ഒരു ബൃഹദ് ക്യാംപെയിനാണ് ലക്ഷ്യമിടുന്നത്.
People's campaign for pollution free New Kerala
pinarayi vijayanfile
Updated on

##പിണറായി വിജയൻ, മുഖ്യമന്ത്രി

രാജ്യത്ത് നിരവധി മാതൃകകള്‍ സൃഷ്ടിച്ചവരാണ് കേരളീയര്‍. അവയില്‍ ചിലത് ലോകത്തിനു തന്നെ മാതൃകയായിട്ടുമുണ്ട്. "മാലിന്യമുക്തം നവകേരളം' എന്ന ക്യാംപെയിനിലൂടെ മറ്റൊരു മാതൃക കൂടി മുന്നോട്ടുവയ്ക്കാനുള്ള തീവ്രയജ്ഞത്തിലാണ് നാമിപ്പോള്‍. ഹരിത കേരള മിഷന്‍ മുഖേന മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരു ജനകീയ ക്യാംപെയിന് ഇന്ന് തുടക്കം കുറിക്കുകയാണ്.

ശുചിത്വവും മാലിന്യ സംസ്‌കരണവും മുന്‍നിര്‍ത്തിയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നാം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. ആ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബോധവത്കരണം, ശീലവത്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ വിവിധ ഘടകങ്ങളുള്ള ഒരു ബൃഹദ് ക്യാംപെയിനാണ് ലക്ഷ്യമിടുന്നത്.

സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരളം തുടങ്ങിയവയിലെല്ലാം ജനകീയ പങ്കാളിത്തം സുപ്രധാന ചാലകശക്തിയായിരുന്നു. അതുകൊണ്ടുതന്നെ ശുചിത്വവും മാലിന്യസംസ്‌കരണവും ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാംപെയിനിന്‍റെ കേന്ദ്ര ബിന്ദുവും അതുതന്നെയാണ്. സകല ജനവിഭാഗങ്ങളെയും അണിനിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാനാണ് ഈ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.

ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, ശുചിത്വ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനെജ്മെന്‍റ് പ്രോജക്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ, തുടങ്ങിയവയെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാണ്. കര്‍ശനനിരീക്ഷണം, ബോധവത്കരണം, പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത ടൂറിസം, വൃത്തിയുള്ള പൊതുസ്ഥലങ്ങളും മാര്‍ക്കറ്റുകളും, മാലിന്യമുക്തമായ നീര്‍ച്ചാലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഈ ക്യാംപെയിനില്‍ ഉള്‍പ്പെടുന്നുണ്ട്. ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്താനായി കേരളീയര്‍ ഒന്നാകെ ഈ ജനകീയ ക്യാംപെയിനില്‍ അണിനിരക്കുകയാണ്.

കേരളീയര്‍ വ്യക്തി ശുചിത്വത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തി സാമൂഹ്യ ശുചിത്വത്തില്‍ കാണിക്കുന്നില്ല. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം കാണപ്പെടുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത്. വ്യക്തികളുടെ സ്വഭാവങ്ങളിലും ശീലങ്ങളിലും വേണ്ട മാറ്റം വരുത്തി ഈ പ്രശ്‌നം പരിഹരിക്കണം. ജനങ്ങള്‍ക്കായി ജനങ്ങള്‍ എന്നു പറയുന്നതുപോലെ പൊതുമാലിന്യ പ്രശ്‌നപരിഹാരം പൊതുസമൂഹത്തിലൂടെ എന്നതാണ് ഈ ക്യാംപെയിനിലൂടെ നാം മുന്നോട്ടുവയ്ക്കുന്നത്.

ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവ വായു, ജലം, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെയുള്ള മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജലാശയങ്ങളും നീര്‍ച്ചാലുകളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കേണ്ടതുണ്ട്. ശരിയായ മാലിന്യസംസ്‌കരണം സാധ്യമല്ലാതെ വരുമ്പോള്‍ ഭൂഗര്‍ഭജലം പോലും മലിനമാകുമെന്നും ഇത് ശുദ്ധജലത്തിന്‍റെ ലഭ്യത ഇല്ലാതാക്കി രോഗവ്യാപനത്തിന് കാരണമാകുമെന്നും തിരിച്ചറിയണം. ശാസ്ത്രീയ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെയേ മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാവൂ.

മാലിന്യ സംസ്‌കരണത്തിനായി സൃഷ്ടിക്കുന്ന പൊതു ഭൗതിക സൗകര്യങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള പിന്തുണ സമൂഹം നല്‍കണം. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതുമായ മാലിന്യ സംസ്‌കരണ യൂണിറ്റുകളായ കമ്യൂണിറ്റി കമ്പോസ്റ്റ്, കമ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയ്‌ക്കെതിരേ ചിലയിടങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം തടസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്‍റെ കാരണം ബോധവത്കരണത്തിന്‍റെ അഭാവമാണ്.

ഇതിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണയകറ്റാനും മുന്‍കൈയെടുക്കുകയാണ്. ഇത്തരം യൂണിറ്റുകള്‍ക്കെതിരേയല്ല, മറിച്ച്, മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്നതിന് എതിരേയാണ് എതിര്‍പ്പും പ്രതിഷേധവുമുണ്ടാകേണ്ടത്. അത്തരമൊരു ബോധ്യത്തിലേക്ക് പൊതുസമൂഹമാകെ ഉണരേണ്ടതുണ്ട്.

2016 ല്‍ നിലവില്‍വന്ന ഖരമാലിന്യ പരിപാലനചട്ട പ്രകാരം, മാലിന്യം സൃഷ്ടിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അത് സംസ്‌കരിക്കാന്‍ ഉള്ള ചുമതലയുണ്ട്. അതായത് നമുക്കെല്ലാവര്‍ക്കും, പൊതുസമൂഹത്തിനാകെ, മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്.

ചട്ടപ്രകാരം മാലിന്യ സംസ്‌കരണം നടത്താത്തവര്‍ക്ക് പിഴ ചുമത്താനും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതില്‍ പൊതുസമൂഹമാകെ ജാഗ്രത കാട്ടണം.

അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനവും നഗരജനസംഖ്യയായി മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മാലിന്യസംസ്‌കരണം എന്നത് നാം വളരെ ഗൗരവത്തോടെ ഏറ്റെടുക്കണം.

സുസ്ഥിരവും പ്രകൃതിസൗഹൃദപരവും അതിജീവന ശേഷിയുമുള്ളതുമായ നവകേരളത്തിന്‍റെ മുഖമുദ്രകളായി ശുചിത്വവും മാലിന്യ സംസ്‌കരണവും മാറണം. പെട്ടെന്നൊരു ദിവസം കൊണ്ട് സാധ്യമാക്കാവുന്നതല്ല ഇത്. മറിച്ച് തുടര്‍ന്നു കൊണ്ടേയിരിക്കേണ്ട പ്രവര്‍ത്തനമാണിത്.

അതുകൊണ്ടുതന്നെ മാലിന്യ സംസ്‌കരണത്തില്‍ എല്ലായ്‌പ്പോഴും ജനകീയ പങ്കാളിത്തം ഉണ്ടാകണം. അത് ഉറപ്പാക്കാന്‍ പൊതുസമൂഹമാകെ മുന്നോട്ടുവരികയും വേണം. മാലിന്യ സംസ്‌കരണം പൗരധര്‍മമായി ഏറ്റെടുക്കുന്ന സംസ്‌കാരം നമ്മുടെ നാട്ടില്‍ വളര്‍ന്നുവരണം. അതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഏവര്‍ക്കും കൈകോര്‍ക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com