
ഫ്രാൻസിസ് മാർപാപ്പയെ കാണാൻ ജോസഫ് എം. പുതുശേരി എത്തിയപ്പോൾ കർദിനാൾ മാർ ക്ലീമ്മിസ് ബാവ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു
ജോസഫ് എം. പുതുശേരി
ഫ്രാൻസിസ് മാർപാപ്പയുടെ അന്തിമ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുകയാണ്, ഇന്ത്യൻ സമയം 1.30ന്. ലോകം മുഴുവൻ നിറ കണ്ണുകളോടെ പരിശുദ്ധ പിതാവിന് വിടചൊല്ലുകയാണ്. എന്തു കൊണ്ടാണ് ലോകത്തിന്‍റെ മുഴുവൻ കണ്ണുനിറയുന്നത്? അതിനുള്ള ഉത്തരം മുൻഗാമിയായ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തന്നെ നൽകിയിട്ടുണ്ട്. "ഹൃദയങ്ങളോടുള്ള സംസാരം - കൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത് '. തന്‍റെ പിൻഗാമിയായി സ്ഥാനമേറ്റ ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്കുള്ള മുൻഗാമിയുടെ വിശേഷണമായിരുന്നു അത്. അതെ, ഹൃദയം മുഴുവൻ സ്നേഹവും അഗാധമായ കാരുണ്യവും കൊണ്ട് നിറയ്ക്കുകയും ആ ഹൃദയം കൊണ്ട് സംസാരിക്കുകയും ചെയ്തതു കൊണ്ടാണ് ഇന്നിന്‍റെ ലോകക്രമത്തിൽ ഏറ്റവും സ്വാധീനവും സ്വീകാര്യതയുള്ള ആത്മീയ ആചാര്യനായി അദ്ദേഹം മാറിയത്. അതുകൊണ്ടാണ് ലോക ജനതയാകെ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നത്, ആ വേർപാട് അവരെ കണ്ണീരിലാഴ്ത്തുന്നത്.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്‍റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതിക ദേഹം കബറടക്കുക. വത്തിക്കാനിൽ നിന്ന് നാലു കിലോമീറ്റർ അകലെ എക് ക്വിലീൻ കുന്നിലാണ് ഈ പള്ളി. അദ്ദേഹത്തിന്‍റെ ഒസ്യത്തിൽ ഇക്കാര്യം വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. "റോമിന്‍റെ സംരക്ഷകയായ മറിയം' എന്ന ചിത്രത്തോട് ഫ്രാൻസിസ് മാർപാപ്പ അഗാധമായ ഭക്തി പുലർത്തിയിരുന്നു. 2013ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിൽ എത്തി മാതാവിന്‍റെ ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചു. ഓരോ വിദേശ പര്യടനത്തിനു മുമ്പും അദ്ദേഹം ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചു ദൗത്യം മാതാവിനെ ഭരമേൽപ്പിക്കുകയും മടങ്ങിയെത്തുമ്പോൾ നന്ദി അറിയിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാവണം
"എന്‍റെ ജീവിതകാലം മുഴുവൻ പുരോഹിതനെ നിലയിലും മെത്രാനെന്ന നിലയിലും എന്നെ ഞാൻ ദൈവമാതാവായ അനുഗ്രഹീത കന്യാമറിയത്തിന് ഭരമേൽപ്പിച്ചിരുന്നു. അതിനാൽ പുനരുദ്ധാനം വരെ തന്‍റെ ഭൗതികശരീരം മാതാവിന്‍റെ വലിയ പള്ളിയിൽ വിശ്രമിക്കണമെന്ന് ഞാൻ നിർദേശിക്കുന്നു' എന്ന് അദ്ദേഹം ഒസ്യത്തിൽ എഴുതിയത്.
നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു മാർപ്പാപ്പായെ വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറത്ത് കബറടക്കുന്നത് എന്ന പ്രത്യേകതയാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. ആദിമകാലങ്ങളിൽ റോമിലെ കാറ്റകോമ്പ് എന്ന സ്ഥലത്തായിരുന്നു പാപ്പാമാരുടെ സംസ്കാരം നടത്തിയിരുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക സ്ഥാപിതമായ ശേഷം അതിന്‍റെ ഭൂഗർഭ അറയിലാണ് നാളിതുവരെ പാപ്പാമാരെ അടക്കിയിട്ടുള്ളത്. ആ പതിവിനാണ് ഇവിടെ മാറ്റം വരുന്നത്.
"മാറ്റങ്ങളുടെ പാപ്പ' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതും ഇതുപോലെയുള്ള ഒട്ടേറെ മാറ്റങ്ങൾ പ്രാവർത്തികമാക്കിയതു കൊണ്ടാണ്. കബറിടം നിലത്തായിരിക്കണം, ലളിതമായും പ്രത്യേക അലങ്കാരങ്ങൾ ഇല്ലാതെ, ഫ്രാൻസിസ് എന്ന ലിഖിതം മാത്രമേ ഉണ്ടാകാവൂ എന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സൈപ്രസ്, ഓക്ക്, പുളിമരങ്ങൾ കൊണ്ട് നിർമിച്ച 3 അറകളുള്ള പെട്ടിക്കുള്ളിൽ കബറടക്കുന്ന പരമ്പരാഗത രീതിക്ക് പകരം ലളിതമായ ഒറ്റമരപ്പെട്ടി ഉപയോഗിക്കും. ഉയർന്ന പീഠത്തിൽ പൊതുദർശനം എന്ന രീതിയും മാർപാപ്പയുടെ ആഗ്രഹപ്രകാരം ഉപേക്ഷിക്കും.
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുമ്പോൾ സർവ സ്വീകാര്യതയുടെ മഹത്തായ മാതൃക എഴുതിച്ചേർത്ത തിളങ്ങുന്ന അധ്യായത്തിനാണ് തിരശീല വീഴുന്നത്. അന്ന് മാർപാപ്പയുടെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കർദിനാൾമാരുടെ കോൺക്ലേവ് നടക്കുമ്പോൾ വെളുത്ത പുക വരുന്നതിനുമുമ്പ് മാധ്യമങ്ങൾ 14 പേരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടിരുന്നു. അതിൽ ഫ്രാൻസിസ് പാപ്പയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. അദ്ദേഹത്തെയാണ് മാർപാപ്പയായി തെരഞ്ഞെടുത്തത്. ആ തെരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ ശരിയായിരുന്നുവെന്ന് പുതിയ മാർപാപ്പ സ്വജീവിതത്തിലൂടെ തെളിയിച്ചു. വ്യത്യസ്ത വീക്ഷണം ഉള്ളവരും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരും അടക്കം എല്ലാവരും അദ്ദേഹത്തിന്‍റെ നടപടികളെ വാഴ്ത്തി പാടിയത് അതിന്‍റെ നിദർശനം.
1282 വർഷങ്ങൾക്കുശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള മാർപാപ്പ. ഈശോ സഭയിൽ നിന്നുള്ള ആദ്യ പാപ്പ. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ. ആഗോള സഭയുടെ തലവനായ 266ാം മാർപാപ്പയ്ക്ക് ഇങ്ങനെയും ചില പ്രത്യേകതകളുണ്ട് . വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമം സ്വീകരിച്ച മാർപാപ്പ ആ പേര് അന്വർഥമാക്കുന്ന രീതികളാണ് ഓരോ നടപടികളിലും അവലംബിച്ചത്. വിശുദ്ധ ഫ്രാൻസിസിനെപ്പോലെ ലാളിത്യം ജീവിതവ്രതമാക്കിയ പുതിയ മാർപാപ്പ, പാപ്പമാരുടെ താമസസ്ഥലമായ വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവച്ച് കർദിനാൾ എന്ന നിലയിൽ കോൺക്ലേവിനായി താമസിച്ച അപ്പാർട്ട്മെന്‍റായ സാന്താ മാർത്ത ഗസ്റ്റ് ഹൗസ് താമസത്തിനായി തെരഞ്ഞെടുത്തപ്പോൾ തന്നെ മാറ്റങ്ങളുടെ സൂചന വ്യക്തമായിരുന്നു. മാർപാപ്പമാർ പരമ്പരാഗതമായി ധരിക്കുന്ന ചുവന്ന ഷൂസും സ്വർണ കുരിശും മാലയും വേണ്ടെന്നു വച്ച് താൻ ധരിച്ചിരുന്ന വെള്ള കുരിശുമാലയും കറുത്ത ഷൂസും തുടർന്നും ധരിക്കാൻ തീരുമാനമെടുത്തു. മോതിരവും വെള്ളിയുടേത് മാത്രം. മാർപാപ്പ സ്ഥാനം ആഡംബരപൂർണമാക്കുന്നതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. തനിക്ക് സമ്മാനമായി ലഭിച്ച ലംബോർഗിനി എന്ന ആഡംബര കാർ ലേലം ചെയ്ത് ആ തുക പാവങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്ന മാർപാപ്പായെ നാം കണ്ടു. ഇത്തരം ആഡംബരങ്ങൾ ക്രൈസ്തവ സാക്ഷ്യത്തിന് നിരക്കുന്നതല്ലെന്നും അത്തരം രീതികൾ ഉപേക്ഷിക്കണമെന്നുമുള്ള കാർക്കശ്യത്തിന്‍റെ സ്വരം നാം കേട്ടു. മേഘാവൃതമായ ആകാശത്തിലും പ്രത്യാശയുടെ വെള്ളിവെളിച്ചം കാണാൻ നമുക്ക് കഴിയണമെന്നാണ് സ്ഥാനാരോഹണ ദിവ്യബലി മധ്യേ പാപ്പാ പറഞ്ഞത്. വിശക്കുന്നവനും ദാഹിക്കുന്നവനും പരദേശിക്കും നഗ്നനും രോഗിക്കും കാരാഗ്രഹ വാസിക്കും എല്ലാം ഈ പ്രത്യാശയുടെ പ്രകാശം പകർന്നു നൽകാൻ ക്രൈസ്തവരായ നമുക്ക് കടമയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.
പിന്നീടിങ്ങോട്ട് ഈ മാറ്റങ്ങളുടെ ശബ്ദം മാറ്റൊലി കൊള്ളുന്നതാണ് ലോകം കണ്ടത്. യുദ്ധങ്ങൾക്കെതിരേ, ഭീകരവാദത്തിനെതിരേ, അക്രമങ്ങൾക്കെതിരേ, കുടിയേറ്റ വിരുദ്ധതക്കെതിരേ, ഗർഭചിദ്രത്തിനെതിരേ, അനിയന്ത്രിതമായ കമ്പോള വ്യവസ്ഥയ്ക്കെതിരേ, അമിത ഉപഭോഗ സംസ്കാരത്തിനെതിരേ, സമത്വ രാഹിത്യത്തിനെതിരേ, ആഗോള താപനത്തിനെതിരേ ഒക്കെയുള്ള ഉറച്ച ശബ്ദം നാം കേട്ടു. അതിന് മുഖപക്ഷം ഉണ്ടായിരുന്നില്ല. കുടിയേറ്റക്കാരെ പുറത്താക്കുന്ന നയം സ്വീകരിച്ചതിന് അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ വിമർശിക്കുന്നത് നാം കണ്ടു. ഗർഭചിദ്രത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച കമല ഹാരിസും ആ വിമർശന മുന ഏറ്റുവാങ്ങി. കുടിയേറ്റക്കാരോട് മുഖം തിരിക്കുന്നത് മഹാപാപമാണെന്നും ഗർഭഛിദ്രം കൊലപാതകമാണെന്നും അർഥ ശങ്കയ്ക്കിടയില്ലാതെ അദ്ദേഹം പറഞ്ഞു.
വിശക്കുന്ന വയറുകൾ ഉണ്ടാവരുതെന്ന് ആഗ്രഹിച്ച മാർപാപ്പ, ഭക്ഷണം വേസ്റ്റ് ആക്കുന്നത് വലിയ പാപമാണെന്ന് വിളിച്ചുപറഞ്ഞു. വികലമായ വികസന സങ്കല്പം നിലനിൽക്കുമ്പോൾ ദാരിദ്ര്യ നിർമാർജനത്തിനാവണം ഓരോ രാജ്യവും മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധക്കൊതിയന്മാരോട് വിട്ടുവീഴ്ച കാട്ടാത്ത പാപ്പ, യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ലെന്നും യുദ്ധമെല്ലാം നശിപ്പിക്കുകയേയുള്ളൂവെന്നും മുന്നറിയിപ്പ് നൽകി. ഗാസയിലായാലും യുക്രെയ്‌നിലായാലും സിറിയയിലായാലും നിരപരാധികളുടെ രക്തം ചീന്തുന്നതിനെതിരേ അദ്ദേഹം വിരൽ ചൂണ്ടി. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി മുഴങ്ങിയ കാഹളശബ്ദമായി അതു മാറി.
കത്തോലിക്കാ സഭയിലെ വിശ്വാസ സമൂഹത്തിന് മാർഗദർശനം നൽകാൻ അതതു കാലത്തെ മാർപാപ്പമാർ എഴുതുന്നതായിരുന്നു ചാക്രിക ലേഖനങ്ങളെങ്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനങ്ങൾ സകല മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രദ്ധേയമായ കാഴ്ചപ്പാടുകളിലേക്ക് ലോക മനഃസാക്ഷിയെത്തന്നെ ഉണർത്താൻ അതുകൊണ്ട് കഴിഞ്ഞു. കോവിഡ് കാലത്ത് "ഫ്രതെല്ലി തൂത്തി' (ഏവരും സോദരർ) എന്ന ചാക്രിക ലേഖനത്തിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മാത്രമേ കൊവിഡ് മഹാമാരിയിൽ നിന്ന് നമുക്ക് കരകയറാനാവൂ എന്നും കൊവിഡിനൊപ്പം അനീതിയുടെയും അസമത്വത്തിന്‍റെയും സ്വാർഥതയുടെയും വൈറസിനെ കൂടി നശിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചത് ലോകത്തെയാകെ ഒന്നായി കണ്ടു കൊണ്ടാണ്. ചിലർ ആഡംബരത്തിലും മറ്റു ചിലർ പട്ടിണിയിലും കഴിയുമ്പോൾ സ്വകാര്യ സ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്ന സന്ദേശവും ഇതിലുണ്ട്.
"ലൗദാ ത്തോ സി' എന്ന പേരിൽ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമെന്ന വിഷയം ആസ്പദമാക്കിയുള്ള ചാക്രിക ലേഖനത്തിൽ ഭൂമിയെ നാശത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. നാം അധിവസിക്കുന്ന ഗ്രഹത്തിന് നമ്മൾ ദോഷം വരുത്തരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദു ആകേണ്ടതിന്‍റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം വാചാലനായി. പ്രകൃതിയെ നശിപ്പിക്കാൻ ഒരു മനുഷ്യനും അധികാരമില്ലെന്ന് ഐക്യരാഷട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി.
ഓരോ സമൂഹത്തിനും ഭൂമിയുടെ സമൃദ്ധിയിൽ നിന്ന് തങ്ങളുടെ നിലനിൽപ്പിന് ആവശ്യമുള്ളത് എടുക്കാം. എന്നാൽ വരും തലമുറകൾക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കാനും അതിന്‍റെ ഫലം ഉറപ്പുവരുത്താനുമുള്ള ചുമതലയും അവർക്കുണ്ട് എന്ന് പറയുമ്പോൾ എത്ര വിശാലമായ ദർശനമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നതെന്നു ഓർക്കുക. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത വ്യക്തമാക്കുന്ന സ്ഥായിയായ നിലപാട് അദ്ദേഹത്തെ ഹരിത മാർപാപ്പ എന്ന വിശേഷണം കൊണ്ടു മൂടാനും കാരണമായി.
"സെൽഫി' സംസ്കാരം ഉപേക്ഷിക്കണമെന്ന് പറയുന്ന മാർപാപ്പ "ചുറ്റുമുള്ളവരുടെ കണ്ണുകളും മുഖങ്ങളും കൈകളും ആവശ്യങ്ങളും കാണുക, അതിലൂടെ സ്വന്തം മുഖവും സാധ്യതകൾ നിറഞ്ഞ സ്വന്തം കരങ്ങളും കാണുക' എന്നു പറയുന്നതിലൂടെ സാമൂഹ്യ ജീവിതത്തെ എത്ര ഉൾക്കാഴ്ചയോടെയാണ് കാണുന്നതെന്ന് വ്യക്തം.
തനിക്ക് മുന്നിൽ ഉയർത്തപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെ ഹൃദയപൂർവം പ്രതികരിച്ചതിലൂടെ വിവാദ നായകനെന്ന പരിവേഷവും അദ്ദേഹത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്. നിരീശ്വരവാദി സ്വർഗത്തിൽ പോവില്ല എന്നു പറയാൻ ഞാനാര്, ഒറ്റുകാരനായ യൂദാസ് നശിച്ചുപോയി എന്ന് വിധിക്കുന്നത് എന്തിന് എന്നതടക്കമുള്ള പ്രതികരണങ്ങളും ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിച്ചതും അവർക്കുവേണ്ടി നിരന്തരമായി വാദിച്ചതുമൊക്കെ വിമർശന വിധേയമാക്കപ്പെട്ടു.
കാലം കാതു തുറന്നു കേൾക്കേണ്ട ഒട്ടേറെ കാര്യങ്ങൾ പ്രതിധനിപ്പിച്ചു കൊണ്ടാണ് മാർപാപ്പ യാത്രയാവുന്നത്. ചരിത്ര ഗതിയിൽ സഭയ്ക്ക് പറ്റിയ തെറ്റുകൾക്ക് നിരുപാധികം മാപ്പപേക്ഷിച്ചു കൊണ്ട് അവിടെയും അദ്ദേഹം പുതുചരിത്രം എഴുതി. ബാലപീഡനം, മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാൻമാർക്കുമെതിരേ ശക്തമായ നടപടികൾ എടുത്ത് മാപ്പിലെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും പവിത്രതയും ഉയർത്തിക്കാട്ടി. കാലത്തിന്‍റെ ഹൃദയമിടിപ്പുകൾ കേട്ട് അതിനോട് ക്രിയാത്മകമായും സത്യസന്ധമായും പ്രതികരിച്ച, വാക്കും പ്രവർത്തിയും സമന്വയിപ്പിച്ച ആത്മീയ ആചാര്യനായി അദ്ദേഹം വാഴ്ത്തപ്പെടുമെന്നു തീർച്ച.
ഇത്തരമൊരു മഹാചാര്യനുമായി കൂടികാണാൻ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ അസുലഭ ഭാഗ്യവും അവിസ്മരണീയ മുഹൂർത്തവുമായി നിലനിൽക്കുന്നു. 2017ൽ ഇറ്റാലിയൻ പാർലമെന്‍റിൽ നടന്ന ഇന്‍റർ പാർലമെന്‍ററി അസംബ്ലി ഓൺ ഓർത്തഡോക്സിയുടെ(IAO) 24ാമത് വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ പോയപ്പോഴാണിത് സംഭവിച്ചത്. അഭിവന്ദ്യ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് അതിന് അവസരം ഒരുക്കിയത്. തിരുമേനി തന്നെയാണ് പോപ്പിനടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത്. "ബോൻ ജോർണോ" (ഗുഡ് മോർണിങ്) എന്നു തുടങ്ങി "തൂത്തി ഇന്ത്യാനി അസ്പെത്താത്തി പെർ ലാ സുവാ പ്രസൻസാ എ ലാ ബെനദിക് സിയോനേ' (ഇന്ത്യയിൽ വന്ന് തങ്ങളെ അനുഗ്രഹിക്കണമെന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു) എന്ന് ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തോട് പറയുമ്പോൾ എനിക്കുണ്ടായ അഭിമാനം വലുതായിരുന്നു. "സോനോ വിച്ചീനോ ദി കാർഡിനൽ ക്ലിമിസ്' (കർദിനാൾ ക്ലീമിസിന്‍റെ അയൽക്കാരനാണ്) എന്നു കൂടി പറയുമ്പോൾ മാർപാപ്പ എന്‍റെ ഇരു കരങ്ങളും ഗ്രഹിച്ച് ശ്രദ്ധയോടെ എനിക്ക് ചെവി കൂർപ്പിക്കുകയായിരുന്നു.
"പിതാവിനെ കാണാൻ പുതുശേരി ഇറ്റാലിയൻ ഭാഷ പഠിക്കുകയായിരുന്നു' എന്നു ക്ലീമിസ് തിരുമേനി അപ്പോൾ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം കരം അമർത്തി, ഒരു അംഗീകാരമോ അഭിനന്ദനമോ പോലെ. ഞാൻ സമ്മാനിച്ച it@kallooppara.schools എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ശ്രദ്ധയോടെ കണ്ണോടിച്ചു. പേജുകൾ മറിച്ചു നോക്കി. അത് പൂർത്തിയായെന്നു തോന്നിയപ്പോൾ ഞാൻ കൈയിൽ കരുതിയിരുന്ന ജപമാല നീട്ടി. അദ്ദേഹം അത് വാഴ്ത്തിത്തന്നു. വിട വാങ്ങുമ്പോഴേക്കും വീണ്ടും എന്‍റെ നേരെ കൈ ഉയർത്തി എന്നെ അനുഗ്രഹിച്ചു. ഇതിനെക്കാൾ വലിയൊരു ജീവിതസാഫല്യം എന്താണ്? വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ദൈവവഴിയിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത ഫ്രാൻസിസ് മാർപാപ്പായുമായുള്ള ഈ സാമീപ്യവും ഇടപെടലും ദിവ്യാനുഗ്രഹത്തിന്‍റെ മറ്റൊരു ലോകത്തേക്കാണ് എന്നെ ആനയിച്ചത്. പരിശുദ്ധ പിതാവ് വിടവാങ്ങുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഈ സ്മരണകൾ എന്‍റെ മനോമുകുരത്തിൽ നിറഞ്ഞു തുളുമ്പുന്നു. ഒരു ഊർജപ്രവാഹത്തിന്‍റെ സന്നിവേശം പോലെ.
ഒരു നിരാശ മാത്രം ബാക്കി നിൽക്കുന്നു. പിതാവിന്‍റെ ഇന്ത്യാ സന്ദർശനം നടന്നില്ലെന്ന കാര്യം. ശ്രീലങ്കയും ബംഗ്ലാദേശും മ്യാൻമറും അടക്കമുള്ള അയൽ രാജ്യങ്ങളിലൊക്കെ സന്ദർശനം നടത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള തന്‍റെ ഇംഗിതം 2016 ഒക്റ്റോബറിൽ തന്നെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മ്യാൻമർ, ബംഗ്ലാദേശ് സന്ദർശന തീയതി തീരുമാനിക്കുന്നത് ഇന്ത്യയുടെ തീരുമാനം അറിഞ്ഞശേഷം മതിയെന്നു വരെ പാപ്പ നിലപാടെടുത്തിരുന്നു എന്നാണ് സഭാ വൃത്തങ്ങൾ പറയുന്നത്. എന്നാൽ രാജ്യത്തിന്‍റെ ഔദ്യോഗിക ക്ഷണം യഥാസമയം നടത്താതെ വൈകിപ്പിച്ചതാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും സന്ദർശനം നടക്കാതെ പോയതിന്‍റെ കാരണം. സിബിസിഐ അടക്കം നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടു ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടും കേന്ദ്ര സർക്കാർ ക്ഷണിക്കാൻ മടിക്കുകയാണെന്ന വിമർശനം ഉയർന്നത്. ഒടുവിൽ 2021ലാണ് പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയുടെ ക്ഷണം അറിയിക്കുന്നത്. നമ്മുടെ നിർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ. ഇതിനുത്തരവാദികളായവരാണ് അതിനു മറുപടി നൽകേണ്ടത്.