മാർപാപ്പയ്ക്ക് എന്തു ശമ്പളം കിട്ടും?
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാം അധ്യക്ഷനായി ഈ മാസം എട്ടിനാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത്. പാപ്പയുടെ സ്ഥാനത്തെത്തുന്ന ആദ്യ അമെരിക്കക്കാരന്‍ കൂടിയാണ് അദ്ദേഹം. 18നാണ് പാപ്പയുടെ സ്ഥാനാരോഹണം നടക്കുന്നത്.
മാർപാപ്പ എന്ന സ്ഥാനത്തിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. എന്നാല്‍, ഈ സ്ഥാനം വഹിക്കുന്നവരുടെ ശമ്പളത്തെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഭൂരിഭാഗം പേര്‍ക്കും വലിയ ധാരണയില്ല. ആത്മീയ സ്ഥാനം വഹിക്കുന്നവര്‍ക്ക് കനത്ത ശമ്പളവും ആനുകൂല്യങ്ങളുമൊക്കെ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരാറുണ്ട്.
2013 മുതല്‍ 2025 ഏപ്രില്‍ 21 വരെ മാർപാപ്പയുടെ സ്ഥാനം വഹിച്ച ഫ്രാന്‍സിസ് ഒന്നാമൻ, എളിമയുള്ള ജീവിത ശൈലിക്ക് ഉടമയായിരുന്നു. ആഡംബരങ്ങള്‍ അദ്ദേഹം നിരസിച്ചിരുന്നു. വ്യക്തിപരമായ വരുമാനമൊന്നും കൈപ്പറ്റാതെയാണ് അദ്ദേഹം പാപ്പയുടെ സ്ഥാനം വഹിച്ചത്.
ലിയോ പതിനാലാമന്‍ പാപ്പയുടെ ശമ്പളം
ലിയോ പതിനാലാമൻ മാർപാപ്പ
സേക്രഡ് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ കത്തോലിക്കാ സ്റ്റഡീസ് പ്രൊഫസറായ ഡാനിയേല്‍ റോബിന്‍റെ അഭിപ്രായത്തില്‍, ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രതിമാസം ഏകദേശം 33,000 ഡോളര്‍ വരുമാനമായി ലഭിക്കും. ഇത് ഏകദേശം 28,18,860 ഇന്ത്യന്‍ രൂപ വരും. അമെരിക്കന്‍ പ്രസിഡന്‍റിന്‍റെ ശമ്പളത്തിനു തുല്യമായിരിക്കും പാപ്പയുടെയും ശമ്പളം.
ഇതിനു പുറമെ 24 മണിക്കൂറും ഭക്ഷണം, വ്യക്തിഗത വാഹനം (പോപ്പ് മൊബൈല്‍), സ്വകാര്യ ഫാര്‍മസി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വത്തിക്കാനില്‍ മാത്രം ലഭ്യമായ മറ്റ് ആനുകൂല്യങ്ങള്‍ വേറെ. പാപ്പയുടെ സ്ഥാനത്തു നിന്ന് വിരമിച്ചാല്‍ മാസത്തില്‍ പെന്‍ഷനായി മാത്രം 2.8 ലക്ഷത്തോളം രൂപ ലഭിക്കും. ഇതിനു പുറമെ താമസം, ഭക്ഷണം, ഹൗസ് കീപ്പിങ് ചെലവുകള്‍ക്കുള്ള പണവും ലഭിക്കും.
അതേസമയം, പുതിയ പാപ്പ നിര്‍ദ്ദിഷ്ട ശമ്പളം സ്വീകരിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. പരമ്പരാഗതമായി പാപ്പമാര്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഗ്രാന്‍ഡ് അപ്പസ്‌തോലിക് പാലസിലാണ്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ വളരെ ലളിതമായ ഡോമസ് സാങ്‌റ്റേ മാര്‍ത്തേ ഗസ്റ്റ് ഹൗസാണ് താമസത്തിനായി തെരഞ്ഞെടുത്തത്.
നികുതി നല്‍കേണ്ടി വരുമോ?
ഡോണൾഡ് ട്രംപ്
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്‍റെ അമെരിക്കന്‍ പൗരത്വം ഉപേക്ഷിച്ചില്ലെങ്കില്‍, ഒരു പുരോഹിതന്‍ എന്ന നിലയിലും ഒരു വിദേശ രാജ്യത്തിന്‍റെ തലവന്‍ എന്ന നിലയിലും അദ്ദേഹത്തിന് അസാധാരണമായ നികുതി ബാധ്യതകള്‍ നേരിടേണ്ടി വന്നേക്കും. പല രാജ്യങ്ങളും വിദേശത്തുള്ള പൗരന്മാരെ നികുതിയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍, യുഎസ് അങ്ങനെ ചെയ്യുന്നില്ല. അതിനര്‍ഥം ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് നികുതി നല്‍കേണ്ടി വരുമെന്നു തന്നെയാണ്.