
ഭരണത്തിനെതിരായ ജനവിധി
ചെറിയ ഭൂരിപക്ഷത്തോടെ സ്വരാജ് ജയിച്ചാലും തോറ്റാലും 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പുൽ പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പതിനായിരത്തിന് മുകളിൽ ഇടതുമുന്നണി തോറ്റതുകൊണ്ട് , പിണറായിയുടെ പിന്തുണയുള്ള ഒരു യുവ സഖാവ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും. വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിപക്ഷ നേതാവായതിനുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകൾക്കും നേതൃത്വം നൽകി വിജയിപ്പിച്ചെങ്കിലും ഈ തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്‍റെ നേതൃപാടവം കൂടുതൽ തെളിഞ്ഞു വന്നത്.
വളരെ ശ്രദ്ധേയമായ രാഷ്‌ട്രീയ മുന്നറിയിപ്പുകൾ നൽകികൊണ്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പരിസമാപ്തിയായി. യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് 11077 വോട്ടിന്‍റെ ഭൂരിപക്ഷത്തോടുകൂടി വിജയിച്ചു. നീണ്ട 9 വർഷത്തെ കാത്തിരിപ്പിന് ഇടവേള നൽകികൊണ്ടാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരികെപ്പിടിച്ചത്.
ആര്യാടൻ ഷൗക്കത്തിന്‍റെ പിതാവും ജനകീയനും രാഷ്‌ട്രീയ തന്ത്രജ്ഞനുമായ ആര്യാടൻ മുഹമ്മദ് ഏഴ് പ്രാവശ്യം വിജയിച്ച അസംബ്ലി നിയോജക മണ്ഡലമാണ് നിലമ്പൂർ. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചിരുന്നെങ്കിലും രണ്ടു പ്രാവശ്യവും പരാജയപ്പെട്ടു. അന്ന് അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്നു ഇന്ന് യുഡിഎഫിനും എൽഡിഎഫിനും വെല്ലുവിളിയായി മാറിയ പി.വി. അൻവർ.
തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ സുപ്രധാനമായ ചില രാഷ്‌ട്രീയ മുന്നറിയിപ്പുകൾ പുറത്തു വരുന്നുണ്ട്. ആര്യാടൻ ഷൗക്കത്ത്-എം.സ്വരാജ് പോരാട്ടം സതീശൻ- പിണറായി പോരാട്ടമാകുന്നതാണ് പിന്നീട് കണ്ടത്. രണ്ട് പ്രാവശ്യം തുടർച്ചയായി അധികാരത്തിൽ വന്ന് പത്തു വർഷം ഭരണമേറ്റ പിണറായി വിജയന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്ന ഇടതുമുന്നണി സർക്കാരിനുള്ള ഒരു ജനവിധിയായി മാറി ഈ തെരഞ്ഞെടുപ്പ്. ചെറിയ ഭൂരിപക്ഷത്തോടെ സ്വരാജ് ജയിച്ചാലും തോറ്റാലും 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പുൽ പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പതിനായിരത്തിന് മുകളിൽ ഇടതുമുന്നണി തോറ്റതുകൊണ്ട് , പിണറായിയുടെ പിന്തുണയുള്ള ഒരു യുവ സഖാവ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും. എം.എ. ബേബി, മുഹമ്മദ് റിയാസ്, പി. രാജീവ് തുടങ്ങി ഈ പദവിക്ക് അർഹരായ ഒരു ഡസനിലധികം യുവനേതാക്കൾ സിപിഎമ്മിലുണ്ട്.
ഇടതുമുന്നണി അവർക്ക് നിർത്താവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർഥിയെയാണ് എം. സ്വരാജിൽ കണ്ടെത്തിയത്. നിലമ്പൂരുകാരൻ, മാന്യനായ രാഷ്‌ട്രീയ പ്രവർത്തകൻ, വിദ്യാസമ്പന്നൻ എന്നീ നിലകളിൽ, അവിടെ മത്സരിച്ച നാല് സ്ഥാനാർഥികളിൽ കേമൻ എം.സ്വരാജ് ആയിരുന്നു.
ഇടതു മുന്നണിക്ക് അവരുടെ മേഖലയിലും യുഡിഎഫ് മേഖലകളിലും അഭിമാനകരമായ നേട്ടം ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാൽ സ്വന്തം നാട്ടിൽ പോലും ലീഡ് നിലനിർത്താൻ സ്വരാജിന് ആയില്ല.
തെരഞ്ഞടുപ്പിൽ ഏറ്റവും ശ്രദ്ധ നേടിയത് സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി. അൻവറാണ്. നിലമ്പൂരിൽ നിന്ന് രണ്ടു പ്രാവശ്യം എൽഡിഎഫിന്‍റെ സഹായത്തോടെ വിജയിച്ച അൻവർ എൽഡിഎഫിൽ നിന്ന് രാജിവച്ച് പുറത്തുവന്ന് ഒരു ജനവിധി തേടുകയായിരുന്നു. പക്ഷെ ഇക്കുറി അദ്ദേഹത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒന്നുകിൽ യുഡിഎഫിന്‍റെ പിന്തുണ, അല്ലെങ്കിൽ താൻ നിർദേശിക്കുന്ന ഡിസിസി പ്രസിഡന്‍റായ വി.എസ് ജോയിക്ക് സ്ഥാനാർഥിത്വം അതായിരുന്നു അൻവറിന്‍റെ നിലപാട്. പക്ഷെ വി.ഡി. സതീശൻ ശക്തവും വ്യക്തവുമായി ഏകപക്ഷീയമായ നിലപാടെടുത്തു. അൻവറിനെ ഒരു അസോസിയേറ്റ് മെംബറാക്കാൻ പോലും തയാറായില്ല. യുഡിഎഫിൽ നിന്നും ലീഗിൽ നിന്നും ശക്തമായ സമ്മർദം ഉണ്ടായെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടുപ്പിച്ചില്ല. അതുകൊണ്ട് അൻവർ രാഷ്‌ട്രീയമായി എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി. സതീശനെയുമാണ്. അങ്ങിനെ പിണറായിസവും സതീശനിസവും ചർച്ചാ വിഷയമായി. എന്നാൽ അൻവറിന് കിട്ടിയ 19760 വോട്ടുകൾ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ആ വോട്ടുകൾ രണ്ട് മുന്നണികളിൽ നിന്നാണെങ്കിലും രണ്ട് കൂട്ടർക്കും അതൊരു വെല്ലുവിളിയാണ്.
വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിപക്ഷ നേതാവായതിനുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകൾക്കും നേതൃത്വം നൽകി വിജയിപ്പിച്ചെങ്കിലും ഈ തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്‍റെ നേതൃപാടവം കൂടുതൽ തെളിഞ്ഞു വന്നത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ചെറുപ്പക്കാരുടെ പിന്തുണയോടെ നല്ല ഭൂരിപക്ഷം നേടി തന്‍റെ കഴിവ് സതീശൻ തെളിയിക്കുകയും ചെയ്തു. എ,ഐ ഗ്രൂപ്പുകളടക്കം എല്ലാവരും ഒന്നിച്ച് സതീശന്‍റെ നേതൃത്വത്തിൽ ടീം യുഡിഎഫ് എന്ന ഒറ്റ ഗ്രൂപ്പായി. കുഞ്ഞാലിക്കുട്ടിക്ക് വലിയ സ്വാധീനമുള്ള മുസ്‌ലിം ലീഗിന്‍റെ സംഘടന പാടവവും ഐക്യവും ഈ വിജയത്തിന് വലിയ സഹായകമായി. മുസ്‌ലിം ലീഗിന്‍റെ ഓരോ വോട്ടും ബാലറ്റ് പെട്ടിയിൽ എത്തിയിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിൽ കടന്നുവന്നാൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരിക്കും അടുത്ത കേരള മുഖ്യമന്ത്രി എന്നാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനു മുമ്പ് വരെ എല്ലാവരും കരുതിയിരുന്നത്. പല സീനിയർ കോൺഗ്രസ്സ് നേതാക്കളെയും ദേശീയ-സംസ്ഥാന തലത്തിൽ വെട്ടിനിരത്തിയ ജനറൽ സെക്രട്ടറിക്ക് കേരളത്തിൽ മുഖ്യമന്ത്രിയാകണമെങ്കിൽ അദ്ദേഹം തന്നെ തീരുമാനിച്ചാൽ മതി. കാരണം അദ്ദേഹം തന്നെയാണ് ഹൈക്കമാൻഡ്.
എന്നാൽ നിലമ്പൂരിൽ വി.ഡി സതീശൻ നടത്തിയ പ്രകടനം എല്ലാവരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് കഷ്ടിച്ച് ജയിക്കുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പിലാണ് വലിയ ഭൂരിപക്ഷം നേടിയത്. യുഡിഎഫിന് ലഭിച്ച വലിയ ലീഡ് പിണറായി സർക്കാരിന്‍റെ ഭരണത്തിനെതിരേയുള്ള ജനവിധി കൂടിയാണ്.
ഈ നേട്ടം കോൺഗ്രസിന് ദേശീയ തലത്തിലും നേട്ടമാണ്. 2026 ൽ കേരളത്തിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വീണ്ടും അധികാരത്തിൽ വരാനുള്ള സാഹചര്യം ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
മറിച്ച് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയുകയോ തോൽക്കുകയോ ചെയ്തിരുന്നെങ്കിൽ ഒരു വലിയ പൊട്ടിത്തെറി യുഡിഎഫിൽ ഉണ്ടാകുമായിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ അവർക്ക് വലിയ ശക്തിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപിക്ക് നിലമ്പൂരിൽ ആകെ കിട്ടാവുന്നത് ക്രൈസ്തവ സമൂഹത്തിന്‍റെ വോട്ടായിരുന്നു. അവരിലൊരാൾ തന്നെ ബിജെപി സ്ഥാനാർഥിയായി വന്നിട്ട് പോലും നേട്ടം കൊയ്യാനായില്ല.
തെരഞ്ഞെടുപ്പിൽ കണ്ട മറ്റൊരു പ്രത്യേകത പണത്തിന്‍റെ സ്വാധീനവും മാധ്യമങ്ങളുടെ വാശിയേറിയ പ്രചാരണവുമാണ്. ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും പണം വാരിക്കോരി ചൊരിഞ്ഞിട്ടുണ്ട്. അതിൽ അൽപ്പം പിന്നിൽ നിന്നത് അൻവറാണ്.
തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ തന്നെ എൽഡിഎഫിനും സർക്കാരിനും പറ്റിയ പിഴവുകൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയോര പ്രദേശങ്ങൾ അസ്വസ്ഥമാണ്. പട്ടയ പ്രശ്നവും വന്യമൃഗ ശല്ല്യവും പരിഹരിക്കാൻ കഴിയാത്തതും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും മലയോര കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകളും വലിയൊരു തിരിച്ചടിയായി. മനുഷ്യരെക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് വനം ഉദ്യോഗസ്ഥരും കേന്ദ്ര-സംസ്ഥാന സർക്കാരും സ്വീകരിച്ചത്. ഇടതുപക്ഷത്തിൽ സിപിഎമ്മിന്‍റെ സംഘടനാ ശൈലി ശക്തമാണ്. അതൊരു കേഡർ പാർട്ടിയാണ്. എന്നാൽ ഈ സംഘടന ശക്തികൊണ്ട് വിജയത്തിലേക്കെത്താൻ അവർക്കായില്ല.
കോൺഗ്രസ് ഒരു ജനക്കൂട്ടമാണെങ്കിലും രാഷ്‌ട്രീയ വെല്ലുവിളികൾ വരുമ്പോൾ അണക്കെട്ട് പൊട്ടിയത് പോലെ കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ ഒന്നിച്ചു കൂടും. തെരഞ്ഞെടുപ്പ് ഫലം അഭിമാനകരമായ വിധത്തിൽ അനുകൂലമാവുകയും ചെയ്യും.
ഈ വർഷാവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 മാർച്ച്/ ഏപ്രിൽ മാസങ്ങളിൽ അസംബ്ലിയിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ്. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും ‘ആസിഡ് ടെസ്റ്റ് ’ നടക്കുന്ന ജനവിധിയായിരിക്കും നിലമ്പൂരിലേത് എന്നാണ് രാഷ്‌ട്രീയ-മാധ്യമ ലോകം തെരഞ്ഞെടുപ്പിന് മുമ്പ് പ്രവചിച്ചത്. അത് ശരിയാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ജനങ്ങളോടൊപ്പം ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത് നടക്കാൻ പോകുന്ന തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോലെയാകും എന്നാണ് ജോത്സ്യന് പറയാനുള്ളത്.