
കൊവിഡനന്തര ജീവിതം, അപ്രതീക്ഷിത മരണങ്ങളും...
അതീതം
എം.ബി. സന്തോഷ്
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ എയ്ഡഡ് സ്കൂളുകളിലൊന്നായ കണിയാപുരം മുസ്‌ലിം എച്ച്എസ്എസിലെ മൈതാനത്തിൽ എല്ലാ ദിവസവും രാവിലെ എത്തി ഫുട്ബോൾ കളിക്കുമായിരുന്ന സർക്കാർ ജീവനക്കാരനായിരുന്നു അനസ്. അവിടെയെത്തി കളിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വ്യായാമം ചെയ്യുന്നതിനിടയിൽ ആ 40കാരൻ കുഴഞ്ഞുവീണ് മരിച്ചിട്ട് അധികമായില്ല. ജിം സെന്‍ററിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ രാവിലെ 5ന് അഭിഭാഷകൻ കുഴഞ്ഞുവീണു മരിച്ചത് കഴിഞ്ഞ മാസമാണ്. മലപ്പുറത്തെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷററും സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന സുൽഫിക്കറാണ് (55) മരിച്ചത്.
അമ്പലവയലിൽ ജിമ്മിൽ രാത്രി വ്യായാമം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് ഫെബ്രുവരിയിലാണ്. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് (20) മരിച്ചത്. കൊച്ചി എളമക്കരയില്‍ ജിമ്മിലെ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചത് സെപ്റ്റംബറിലാണ്. എളമക്കര ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദനിവാസില്‍ വി.എസ്. രാഹുലിന്‍റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസായിരുന്നു. രാവിലെ ജിമ്മിലെ ട്രഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊവിഡിനു ശേഷം ജിമ്മിൽ വർക്ക്ഔട്ടിനിടെ ഒട്ടേറെപ്പേരാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ഹിന്ദി സീരിയൽ താരം സിദ്ധാന്ത് സൂര്യവംശി, കന്നഡ സൂപ്പർ സ്റ്റാർ പുനിത് രാജ് കുമാർ, കൊമേഡിയൻ രാജു ശ്രീവാസ്തവ, ബോളിവുഡ് താരം സൽമാൻഖാന്‍റെ ബോഡി ഡബിൾ ആയിരുന്ന സാഗർ പാണ്ഡേ തുടങ്ങി അറിയപ്പെടുന്ന എത്രയെത്ര പേരാണ് കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ ഇത്തരത്തിൽ ജിമ്മിൽ വർക്ക്ഔട്ടിനിടെ മരിച്ചത്. അപ്പോൾ, അറിയപ്പെടാത്ത എത്ര പേരായിരിക്കും മരണത്തിന് കീഴടങ്ങിയിരിക്കുക?
ഇത്തരം അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയത് ആലപ്പുഴ മെഡിക്കൽ കോളെജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ്. ഷാജഹാനാണ്. അമിതമായ വർക്കൗട്ടുകൾ ഗുണകരമല്ല. അതിനുമപ്പുറം ആരോഗ്യകരമാവേണ്ടതുണ്ട് ജിമ്മുകളിലെ സ്ഥിതി. യോഗ്യതയുള്ള ട്രെയ്നർമാർ ഉള്ളിടത്തേ പോകാവൂ എന്നും തീരുമാനിക്കേണ്ടിയിരിക്കുന്നു. ഈയിടെയാണ് ജിമ്മുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് പരിശോധന നടത്തിയത്.50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്.
ജിമ്മുകളിൽ നിന്നും പിടിച്ചെടുത്തവയിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവ. ഡോക്റ്ററുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകൾ. ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഈ മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. ഈ ജിമ്മുകൾക്കെതിരേ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത് നല്ല കാര്യം.
ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്. കൊവിഡിനു ശേഷം സംസ്ഥാനത്തൊട്ടാകെ കോസ്മെറ്റിക് ക്ലിനിക്കുകൾ വ്യാപകമായിട്ടുണ്ട്. തിരുവനന്തപുരത്ത് മന്ത്രിമന്ദിരങ്ങൾക്കടുത്തുള്ള, പ്രമുഖർ സന്ദർശനം നടത്തുന്ന ഇത്തരമൊരു ഒരു ക്ലിനിക്കിൽ ഒരു യോഗ്യതയുമില്ലാത്തവരാണ് ചികിത്സ! ഈ ക്ലിനിക്കിനെതിരെ പരാതികൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അടക്കം ലഭിച്ചതായാണ് അറിയുന്നത്. അതിലും നടപടി ഉണ്ടാവട്ടെ.ഇത്തരം യോഗ്യതയില്ലാത്തവരുടെ ചികിത്സയിൽ ഉള്ള സൗന്ദ്രര്യം 'കെടുത്താൻ' പോവുന്നവരെ ഓർത്ത് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.ആരോഗ്യവും സൗന്ദര്യവും പ്രധാനമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് യോഗ്യതയുള്ളവരുടെ അടുത്ത് മാത്രമേ ചികിത്സയ്ക്ക് പോകാവൂ എന്ന് നമ്മൾ ഇനി എന്നാണ് തീരുമാനിക്കുക?
കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പുണെയിലെ താമസസ്ഥലത്തുവച്ച് കുഴഞ്ഞുവീണു മരിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലിക്കു കയറിയിട്ട് 4 മാസമേ ആയിരുന്നുള്ളൂ . അമിത ജോലി സമ്മർദത്താലാണ് മരണമെന്ന് അന്ന് പരാതി ഉയർന്നു. ആ മരണം കഴിഞ്ഞ് കുറച്ചുകാലത്തിനു ശേഷം അന്നത്തെ വിവാദങ്ങളെല്ലാം എല്ലാവരും മറന്നു. കൊവിഡിനു ശേഷം ജോലി സമ്മർദം വലിയൊരു വിഷയമായി വളരുകയാണ്. ഇന്‍ഫോസിസ് സ്ഥാപകനും ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയുമായ എന്‍.ആര്‍. നാരായണമൂര്‍ത്തി ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന് അഭിപ്രായപ്പെട്ടത് അതിനു ശേഷമാണെന്ന് മറക്കരുത്.
ഇപ്പോൾ തന്നെ മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും ദിവസം ഒമ്പതും പത്തും മണിക്കൂര്‍ ജോലി ചെയ്തിരുന്നിടത്ത് പതിനാലും പതിനഞ്ചും മണിക്കൂറൊക്കെ പതിവായി. അസമയത്ത് ജോലി ചെയ്യുന്നു, അതു തീരുമ്പോള്‍ വീണ്ടും പുതിയ ജോലികള്‍ വരുന്നു. ഇതിനിടയ്ക്ക് വിശ്രമിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനുമൊന്നും അവസരമില്ല. ജീവനക്കാരെ അമിതസമ്മര്‍ദത്തിലാക്കുന്ന സാഹചര്യമുണ്ട് പലയിടത്തും. കീഴ്ജീവനക്കാരന്‍, മേല്‍ ജീവനക്കാരന്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും സമ്മര്‍ദ്ദത്തിലാവുന്ന സ്ഥിതിയാണ്. എടുക്കാന്‍ വയ്യാത്ത ഭാരമാണ് എന്നു പറഞ്ഞാല്‍ "ജോലിക്കള്ളൻ' എന്ന് മുദ്രകുത്തി പരിഹസിക്കും.
കൊവിഡിന് ശേഷം ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ പൊതുവേ കൂടിയിട്ടുണ്ടെന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജ് മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. മോഹന്‍ റോയി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനസിലേറ്റ ഗുരുതരമായ പരിക്കുകള്‍ വകവെക്കാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും അവരവരുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ ചെറുപ്പക്കാർ താങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങളെ സഹിക്കുന്നു. ഒരു വ്യക്തിയുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ സന്തുലനം ഉണ്ടെങ്കില്‍ മാത്രമേ ജീവിതം ഭംഗിയായി മുന്നോട്ടു പോവുകയുള്ളൂ. ഇത് കോര്‍പ്പറേറ്റ് കമ്പനികളും മനസിലാക്കേണ്ടതാണ്. അമിതമായ ജോലിഭാരവും ജോലി സമ്മര്‍ദ്ദവും കാരണം മിടുക്കരെ നഷ്ടമാവുന്നത് കമ്പനികള്‍ക്ക് തന്നെയാണ് ദോഷം. അത് ഒരുതരത്തിലുള്ള കോര്‍പ്പറേറ്റ് കൊലപാതകമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് കൊവിഡിനുശേഷം കേരളത്തിലെ മരണ നിരക്കിനെപ്പറ്റി അന്വേഷിക്കാമെന്ന് തീരുമാനിച്ചത്. പലേടത്തു നിന്നും ചെറുപ്പക്കാരുടെ മരണം വാർത്തയായതിനപ്പുറം കൂടുതൽ കാര്യക്ഷമമായ പഠനങ്ങളിലേക്ക് കണ്ടെത്തിയതായി വിവരം ലഭിച്ചില്ല. ഇതേക്കുറിച്ച് അറിയാനായി ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെ ഔദ്യോഗിക മൊബൈൽ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഒരുതവണ പോലും അതെടുക്കാനോ തിരിച്ചുവിളിക്കാനോ അവർ തയ്യാറായില്ലെന്ന വിവരവും ഖേദപൂർവം അറിയിക്കട്ടെ.
അങ്ങനെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ജനനമരണ രജിസ്ട്രാറുടെ ആധികാരിക കണക്കിനെ അഭയം പ്രാപിച്ചത്. 5 വർഷത്തെ മരണക്കണക്കെടുത്തപ്പോൾ - കൊവിഡിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നുവെന്ന വിവരം വ്യക്തമായി. തൊട്ടുതലേവർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയതെന്ന ഞെട്ടിക്കുന്ന വിവരവും ലഭിച്ചു.അപ്പോഴും നമുക്ക് കേരളത്തിൽ പോലും കൊവിഡാനന്തര ജീവിതത്തെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കുന്നതായ വിവരങ്ങൾ ലഭിച്ചില്ല.
കേരള ആരോഗ്യ സർവകലാശാലയിലെ സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിന്‍റെ ആഭിമുഖ്യത്തിൽ നമ്മുടെ ജീവിതത്തിന്‍റെ നിലവാരത്തെ എത്രത്തോളം ബാധിച്ചു എന്നൊരു പഠനം നടത്തുന്നുണ്ട്. അതാണ് ഇതുവരെ കണ്ടെത്തിയ വളരെ ഗൗരവമായ പഠനം. സർക്കാരിന്‍റെ ധനസഹായത്തോടെ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് പഠനം. ആ പഠനത്തിന്‍റെ ചുമതലയുള്ള പ്രൊഫസറായ ഡോ. കെ. രാജമോഹനൻ പറഞ്ഞ ഒരുദാഹരണമുണ്ട്: ചെറുപ്പക്കാരനായ മേശിരിപ്പണിക്കാരൻ. വലിയ അധ്വാനിയായിരുന്നു. അധ്വാനിച്ച് കുടുംബം പുലർത്തുന്നതിൽ ആഹ്ലാദിച്ചയാൾ. കൊവിഡ് ബാധിച്ച ശേഷം അയാൾക്ക് കായികാധ്വാനം പ്രയാസമായി.
അങ്ങനെ. അയാൾ പണം വായ്പയെടുത്ത് ഒരു ഓട്ടോ എടുത്തു. തിരുവനന്തപുരത്തുകാർക്കറിയാം, ആറ്റുകാൽ പൊങ്കാല ദിവസങ്ങൾ ഓട്ടോക്കാർക്ക് ചാകരയാണ്. അത്തരമൊരു ചാകരക്കാലത്തുപോലും ഓട്ടം പോകാനാവാത്ത വിധം അവശനായിരുന്നു അയാൾ. ലൈംഗിക ജീവിതത്തെക്കുറിച്ച് അയാളോട് ചോദിച്ചപ്പോൾ അതും പ്രയാസകരമാണെന്നാണ് പറഞ്ഞത്.
അത്തരം ഗൗരവമുള്ള കാര്യങ്ങളാണ് പഠനത്തിലൂടെ പുറത്തുവരുന്നത്. ആ റിപ്പോർട്ടിനായി നമുക്ക് കാത്തിരിക്കാം. പക്ഷെ, കൊവിഡിനുശേഷമുള്ള മരണങ്ങളെപ്പറ്റി ഗൗരവകരമായ ആധികാരിക പഠനങ്ങളൊന്നും നടക്കുന്നതായി വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. അതുകൂടി അത്യാവശ്യമല്ലേ?അതും കൊവിഡിനുശേഷം 2 വർഷം മരണം അതിനുമുമ്പത്തേതിനെക്കാൾ 40 ശതമാനം വർധിച്ച സാഹചര്യത്തിൽ... അതിനായുള്ള നടപടികൾ വേഗത്തിലുണ്ടാവുമെന്നുതന്നെ കരുതാം