'മുദ്ര' യോജന: സർവാശ്ലേഷിയായ വളർച്ചയുടെ ചാലക ശക്തി

Pradhan Mantri MUDRA Yojana

'മുദ്ര' യോജന: സർവാശ്ലേഷിയായ വളർച്ചയുടെ ചാലക ശക്തി

Updated on

## വൈ. വേണുഗോപാൽ റാവു,

(എംഡി & സിഇഒ, മുദ്ര ലിമിറ്റഡ്)

ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരികയാണ്. 2047 ൽ വികസിത ഭാരതം സാക്ഷാത്കരിക്കാനുള്ള പ്രയാണത്തിൽ നിർണായക പങ്കാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വഹിക്കാനുള്ളത്. രാജ്യത്ത് ഏകദേശം 12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തൊഴിൽ വിപണിയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും രാജ്യത്ത് സംരംഭകത്വ സംസ്ക്കാരം വളർത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ ഉത്പാദന മേഖലയുടെ നട്ടെല്ലാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെങ്കിലും, വായ്പാ ലഭ്യതയുടെ അഭാവം, പ്രത്യേകിച്ച് ഔപചാരിക മാർഗങ്ങൾ മുഖേനയുള്ള വായ്പ ലഭ്യത ഒരു പ്രധാന വെല്ലുവിളിയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്കുള്ള ധനസഹായം സ്ഥാപനവത്ക്കരിക്കേണ്ടതുണ്ടെന്ന് സാരം. അതുവഴി അനൗപചാരിക സംരംഭങ്ങളെ മുഖ്യധാരയിലേക്ക് ആനയിക്കുകയും സമ്പദ്‌വ്യവസ്ഥയിൽ വരുമാനവും തൊഴിലവസര സൃഷ്ടിയും വർധിപ്പിക്കുകയും വേണം. 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ), മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്‍റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (മുദ്ര ലിമിറ്റഡ്) എന്നിവയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നാഴികക്കല്ലായി മാറി. ഒരു ദശാബ്ദത്തിലേറെയായി കോടിക്കണക്കിന് സൂക്ഷ്മ സംരംഭകർക്ക് ഔപചാരിക സമ്പദ് വ്യവസ്ഥ മുഖേന വായ്പ ലഭിക്കാൻ മുദ്ര യോജന സഹായകമായി വർത്തിക്കുന്നു.

പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങി നിരവധിയായ വായ്പാ സ്ഥാപനങ്ങൾ വഴി, ഇതുവരെ സേവനം ലഭിക്കാത്ത കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട ബിസിനസുകൾക്ക് പ്രധാനമന്ത്രി മുദ്ര യോജന വിജയകരമായി ധനസഹായം ലഭ്യമാക്കി. പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിൽ അനുവദിച്ചതും വിതരണം ചെയ്തതുമായ മൊത്തം തുക യഥാക്രമം ₹33.54 ലക്ഷം കോടിയും ₹32.76 ലക്ഷം കോടിയുമായിരുന്നു. ഏകദേശം 53 കോടി വായ്പാ അക്കൗണ്ടുകൾ മുഖേനയാണ് ധനസഹായം ലഭ്യമാക്കിയത്. സംരംഭകർക്ക് താങ്ങാനാവുന്ന തരത്തിലുള്ള ഈട് രഹിത വായ്പകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, പ്രധാനമന്ത്രി മുദ്ര യോജന രാജ്യത്ത് സ്വയം തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലും അർധനഗര പ്രദേശങ്ങളിലും ഉൾപ്പെടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്തു.

അവസാന സംരംഭകനും ധനസഹായം ലഭ്യമാകും വിധം പ്രധാന മന്ത്രി മുദ്ര യോജന പ്രകാരമുള്ള ധനസഹായം പുനഃക്രമീകരിച്ചുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ ചെറുകിട ബിസിനസുകളുടെ വളർച്ചയ്ക്ക് ശക്തി പകരുക എന്ന ലക്ഷ്യം മുദ്ര നേടിയിട്ടുണ്ട്. ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്കിന്‍റെ (സിഡ്ബി) പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമെന്ന നിലയിൽ, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ സംരംഭങ്ങൾക്കുൾപ്പെടെ പ്രാപ്യവും സർവാശ്ലേഷിയുമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മുദ്ര ലിമിറ്റഡ്, സ്ഥിരതയോടെ പ്രവർത്തിച്ചു പോരുന്നു. ഇത് ചെറുകിട സംരംഭകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുകയും, സ്വന്തം വളർച്ചാ സാധ്യതകൾ പൂർണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു.

മുദ്ര വായ്പകളുടെ 68%വും വനിതാ സംരംഭകർക്കാണ് ലഭിച്ചിട്ടുള്ളത്. ഇത് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സ്വന്തം കുടുംബത്തിനും സമൂഹത്തിനും അർഥവത്തായ സംഭാവനകൾ നൽകാനും വനിതകളെ പ്രാപ്തരാക്കുന്നു. കൂടാതെ, മുദ്ര വായ്പകളിൽ 50%വും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കാണ് ലഭിച്ചത്. മുദ്ര വായ്പകളുടെ 21% പുതുസംരംഭകർക്ക് നൽകിയതിലൂടെ മുദ്ര, സംരംഭക സംസ്ക്കാരത്തെ വളർത്തിയെടുക്കുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലും വായ്പകൾ വിതരണം ചെയ്തതോടെ, പ്രാദേശിക വളർച്ചയും സന്തുലിത വളർച്ചയും ഉറപ്പാക്കുന്നതിൽ മുദ്ര വായ്പകൾ നിർണായക പങ്ക് വഹിച്ചു. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള കുറഞ്ഞ ചെലവിലുള്ള, ഈട് രഹിത വായ്പകൾ വർഷങ്ങളായി സൂക്ഷ്മ - സംരംഭക - വായ്പാ ഭൂമികയെ പരിവർത്തനം ചെയ്യുകയും, മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

ചെറുകിട ബിസിനസുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, ഗവണ്മെന്‍റ് അടുത്തിടെ പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴിൽ തരുൺ പ്ലസ് എന്ന പുതിയ വായ്പാ വിഭാഗം അവതരിപ്പിച്ചു. ഇത് വായ്പാ തുക ₹20 ലക്ഷമായി ഉയർത്തുന്നു. മികച്ച വായ്പാ യോഗ്യതയും തിരിച്ചടവ് ശേഷിയും മുഖമുദ്രയാക്കിയ സംരംഭകരുടെ പരിശ്രമങ്ങളെ ഈ പരിഷ്ക്കരണം പ്രോത്സാഹിപ്പിക്കുന്നു.

പുതിയ തരുൺ പ്ലസ് വിഭാഗം അവതരിപ്പിക്കുന്നതിന് മുമ്പ്, മുദ്ര വായ്പകൾ മൂന്ന് വിഭാഗങ്ങളിലായാണ് വിതരണം ചെയ്തിരുന്നത്. (i) ശിശു: ₹50,000 വരെയുള്ള വായ്പകൾ (ii) കിഷോർ: ₹50,000 ന് മുകളിൽ ₹5 ലക്ഷം വരെയുള്ള വായ്പകൾ (iii) തരുൺ: ₹5 ലക്ഷത്തിന് മുകളിൽ ₹10 ലക്ഷം വരെയുള്ള വായ്പകൾ എന്നിങ്ങനെ.

പ്രവർത്തന മൂലധന സൗകര്യമെന്ന നിലയിൽ ഗഡുക്കളായി തിരിച്ചടവുള്ള വായ്പകളുടെ രൂപത്തിലും പ്രധാനമന്ത്രി മുദ്ര വായ്പകൾ നൽകുന്നു. സൂക്ഷ്മ സംരംഭകർക്ക് കുറഞ്ഞ ചിലവിൽ പ്രവർത്തന മൂലധന ഫണ്ടുകൾ ഫലപ്രദമായി ലഭ്യമാക്കുന്നതിന്, വിവിധ വായ്പാ സ്ഥാപനങ്ങൾ പ്രധാനമന്ത്രി മുദ്ര വായ്പക്കാർക്ക് മുദ്ര കാർഡ് എന്ന് പേരിലുള്ള റുപേ പ്ലാറ്റ്‌ഫോമിലെ ഡെബിറ്റ് കാർഡും നൽകുന്നു.

ഈ പദ്ധതി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രവർത്തനത്തിന്‍റെ ആദ്യ വർഷത്തിൽ അംഗ വായ്പാ സ്ഥാപനങ്ങൾക്ക് (Member Lending Institutions- MLIs) നൽകിയ അനുമതിയും വിതരണവും യഥാക്രമം ₹3,533 കോടിയും ₹3,526 കോടിയും ആയിരുന്നു. 2025 മാർച്ച് 31 ആയപ്പോഴേക്കും ഇത് യഥാക്രമം ₹1.03 ലക്ഷം കോടിയും ₹1 ലക്ഷം കോടിയുമായി വർധിച്ചു. ഈ തോതിൽ വളർച്ച കൈവരിക്കുന്നതിനായി, മുദ്ര ലിമിറ്റഡ് വർഷങ്ങളായി 120ലധികം അംഗ വായ്പാ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് പുനർവായ്പാ പിന്തുണ നൽകി.

10 വർഷം മുമ്പ് സർക്കാർ വിഭാവനം ചെയ്തതുപോലെ തന്നെ പി‌എം മുദ്ര യോജന അതിന്‍റെ ദൗത്യം നിറവേറ്റി. 10 വർഷം പൂർത്തിയാകുമ്പോഴും, പദ്ധതി പിന്നാക്കം നിൽക്കുന്നവരുടെ സ്വപ്നങ്ങൾ നിറവേറ്റുകയും രാജ്യത്തെ കോടിക്കണക്കിന് സൂക്ഷ്മ സംരംഭകരുടെ അഭിലാഷങ്ങൾക്ക് ചിറകുകളേകുകയും ചെയ്യുന്നു.

'മുദ്ര'യിൽ തുടർന്നും ശ്രദ്ധ കേന്ദീകരിക്കും

രാജ്യം മുദ്ര യോജനയുടെ 10ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "പ്രധാൻമന്ത്രി മുദ്ര യോജന'യുടെ (പിഎംഎംവൈ) ഗുണഭോക്താക്കൾക്ക് അഭിനന്ദനങ്ങൾ നേർന്നു.

സ്വപ്നങ്ങൾ ശാക്തീകരിക്കുന്നതിന്‍റെയും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന്‍റെയും ദശകമാണ് ആഘോഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തുടനീളം പാർശ്വവത്കൃത സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും മുദ്ര പദ്ധതി വഹിച്ച നിർണായക പങ്ക് എടുത്തുകാട്ടി.

എക്സിൽ (ട്വിറ്റർ) പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

""ഇന്ന്, നാം മുദ്രയുടെ 10ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ പദ്ധതിയിലൂടെ ജീവിതം പരിവർത്തനം ചെയ്യപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ ദശകത്തിൽ, മുദ്ര യോജന നിരവധി സ്വപ്നങ്ങൾ യാഥാർഥ്യമാക്കി; മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ജനതയെ ദീപ്തമാക്കാൻ അവരെ സാമ്പത്തിക പിന്തുണയോടെ ശാക്തീകരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക്, ഒന്നും അസാധ്യമല്ലെന്ന് ഇതു വ്യക്തമാക്കുന്നു.

മുദ്ര ഗുണഭോക്താക്കളിൽ പകുതിയും എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങളിൽപ്പെട്ടവരാണെന്നതും ഗുണഭോക്താക്കളിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണെന്നതും ഏറെ സന്തോഷകരമാണ്. ഓരോ മുദ്ര വായ്പയും അന്തസും ആത്മാഭിമാനവും അവസരവും ഉൾക്കൊള്ളുന്നു. സാമ്പത്തിക ഉൾച്ചേർക്കലിനു പുറമേ, ഈ പദ്ധതി സാമൂഹ്യ ഉൾപ്പെടുത്തലും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കിയിട്ടുണ്ട്.”

വരും കാലങ്ങളിൽ, എല്ലാ സംരംഭകർക്കും വായ്പ ലഭ്യമാകുന്ന തരത്തിൽ ആത്മവിശ്വാസവും വളരാനുള്ള അവസരവും നൽകുന്ന കരുത്തുറ്റ ആവാസ വ്യവസ്ഥ ഉറപ്പാക്കുന്നതിൽ തുടർന്നും നമ്മുടെ ഗവണ്മെന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കും''.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com