'നമസ്‌കാരം, ദിനേശാണ്, പിആര്‍ഒ':സിനിമാവാര്‍ത്തകളുടെ കാല്‍നൂറ്റാണ്ട്

'നമസ്‌കാരം, ദിനേശാണ്, പിആര്‍ഒ':സിനിമാവാര്‍ത്തകളുടെ കാല്‍നൂറ്റാണ്ട്

ഫോണിന്‍റെ മറുതലയ്ക്കല്‍ പതിഞ്ഞ ശബ്ദത്തില്‍, 'നമസ്‌കാരം, ദിനേശാണ്, പിആര്‍ഒ' എന്ന ആമുഖമൊഴുകിയെത്തുമ്പോള്‍ ഓര്‍മിച്ചോളൂ, ഒരു സിനിമാവാര്‍ത്ത പിറവിയെടുക്കുകയാണ്. ഇതു പിആര്‍ഒ എ. എസ്. ദിനേശ്. അഭ്രപാളിയുടെ ആള്‍ക്കൂട്ടങ്ങള്‍ക്കും ആഘോഷക്കൂട്ടങ്ങള്‍ക്കുമിടയില്‍ സൗമ്യനായി തന്‍റെ സേവനം തുടരുന്ന അറുപത്തിനാലുകാരന്‍. സിനിമാ വാര്‍ത്തയെഴുത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു എ. എസ്. ദിനേശ്. അക്ഷരങ്ങളിലൂടെ മാത്രം ശബ്ദിച്ച് മലയാള സിനിമയുടെ അവിഭാജ്യഘടകമായ മനുഷ്യന്‍. സിനിമാ പോസ്റ്ററില്‍ പിആര്‍ഒമാരുടെ പേരു കൂടി എഴുതുന്ന വിധത്തില്‍ സ്വന്തം സേവനത്തിന്‍റെ മഹത്വം സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ദിനേശിന്‍റെ സിനിമാവഴികളിലേക്ക്...

എഴുത്തുകാരനാകാന്‍ മോഹിച്ചു

എഴുത്തും വായനയും ചെറുപ്പത്തിലെ ദിനേശിന്‍റെ കൂടെയുണ്ടായിരുന്നു. എഴുത്തുകാരനാവണം എന്നായിരുന്നു മോഹം. അത്തരം മോഹത്തിന്‍റെ സ്വാഭാവിക പരിണാമമെന്നോണം എത്തിച്ചേര്‍ന്നതു പത്രപ്രവര്‍ത്തന പഠനത്തില്‍. കേരള പ്രസ് അക്കാദമിയില്‍ ഔദ്യോഗിക പഠനം താണ്ടുന്നതിനു മുമ്പേ അഭിമുഖങ്ങളൊക്കെ ഫ്രീലാന്‍സായി ചെയ്തു തുടങ്ങി. ജോണി സാഗരിഗ, സര്‍ഗം കബീര്‍, ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടങ്ങിയവരൊക്കെ ഓഡിയോ കസെറ്റ് രംഗത്തു നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. സുഹൃത്തായ ശ്രീകുമാര്‍ അരൂക്കുറ്റി അക്കാലത്തു തന്നെ കസെറ്റുകളുടെ പിആര്‍ വര്‍ക്കില്‍ സജീവം. ആ വര്‍ക്കുകള്‍ ചെയ്താണ് ദിനേശിന്‍റെ തുടക്കം. ശ്രീകുമാര്‍ അരൂക്കുറ്റി വഴി സംവിധായകന്‍ തമ്പി കണ്ണന്താനത്തെ പരിചയപ്പെട്ടത് വഴിത്തിരിവായി. 

സിനിമാവാര്‍ത്തകളുടെ അമരക്കാരന്‍

തമ്പി കണ്ണന്താനത്തെ അഭിമുഖം ചെയ്തു. വാരികയില്‍ അഭിമുഖം അച്ചടിച്ചു വന്നപ്പോള്‍ നല്ല അഭിപ്രായമുയര്‍ന്നു. ദിനേശിന്‍റെ ഭാഷയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും തമ്പി കണ്ണന്താനത്തിനും ബോധിച്ചു, കൂടെ നില്‍ക്കാമോ എന്നായി അദ്ദേഹം. ഹരിഹരന്‍റെ സംവിധാനത്തില്‍ മനോജ് കെ. ജയനും വാണി വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളായ പഞ്ചലോഹം എന്ന സിനിമ തമ്പി കണ്ണന്താനം നിര്‍മിക്കാനൊരുങ്ങുന്ന സമയം. അങ്ങനെ 1998ല്‍ ആ ചിത്രത്തിലൂടെ പിആര്‍ഒ എന്ന ഔദ്യോഗിക വിശേഷണത്തിന്‍റെ തണലിലേക്കു ചേക്കേറി. തുടര്‍ന്ന് സര്‍ഗം കബീറിന്‍റെ നിര്‍മാണത്തില്‍ വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദാദാസാഹിബ്, ജോണി സാഗരിഗ നിര്‍മിച്ച മോഹന്‍ലാല്‍ സിനിമ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്നിവയുടെ പിആര്‍ വര്‍ക്കുകളും ചെയ്തു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സിനിമാവാര്‍ത്തകളിലെ 'ദിനേശസ്പര്‍ശം'

സിനിമാവാര്‍ത്തകളുടെ കാല്‍നൂറ്റാണ്ട് ദിനേശ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആയിരത്തിലധികം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. സിനിമ പിആര്‍ വര്‍ക്കിലേക്ക് എത്തുന്ന കാലത്ത് നാലു പേരാണ് ഈ രംഗത്തുണ്ടായിരുന്നത്. സാമ്പത്തിക വരുമാനം വളരെ കുറവായതുകൊണ്ടു തന്നെ എന്തിനാ ഈ പണിക്ക് പോകുന്നതെന്നു ദിനേശിനോടു ചോദിക്കാന്‍ നിരവധി പേരുണ്ടായിരുന്നു. എങ്കിലും ഇതാണു സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞ് യാത്ര തുടര്‍ന്നു. അതുവരെ തുടര്‍ന്നുവന്ന പതിവ് പിആര്‍ രീതികളെ മാറ്റിനിര്‍ത്തി, സ്വന്തമായൊരു പാത തന്നെ വെട്ടിത്തുറന്നു. എഴുത്തിലും സമീപനത്തിലും ഒരു ദിനേശസ്പര്‍ശം അവശേഷിപ്പിച്ചതോടെ, സിനിമാവാര്‍ത്തകളുടെ പുതുരീതിയെ പലരും അംഗീകരിച്ചു. സിനിമയുടെ ആദ്യാവസാനം കൂടെ നില്‍ക്കുന്നതാണു ദിനേശിന്‍റെ രീതി. പടം പ്രഖ്യാപിക്കുന്നതു മുതല്‍ റിലീസ് ചെയ്തതിനു ശേഷവും ദിനേശിന്‍റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലേക്ക് വ്യത്യസ്തശൈലിയില്‍ ഒഴുകിയെത്തും. സിനിമയെക്കുറിച്ചു മാത്രമല്ല അണിയറ പ്രവര്‍ത്തകരുടെയും താരങ്ങളുടെയുമൊക്കെ ഇന്റര്‍വ്യൂ എഴുതി. ലൊക്കേഷൻ വിശേഷങ്ങൾ വിസ്തരിച്ചെഴുതി. എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി. അങ്ങനെ അവസാനിക്കാത്ത സിനിമാവാര്‍ത്തകളുടെ അമരക്കാരന്‍ തന്നെയായി മാറി.

ആത്മാര്‍ഥതയുടെ അക്ഷരരൂപങ്ങള്‍

നിരന്തരം സ്വയം പുതുക്കുന്ന പിആര്‍ഒ ആണ് ദിനേശ്. ആദ്യം എന്തു ചെയ്തു എന്നതല്ല, അവസാനം എന്തൊക്കെ ചെയ്തു എന്നതാണ് വിലയിരുത്തപ്പെടുന്നതെന്നു ദിനേശ് പറയുമ്പോള്‍, അനുഭവങ്ങളുടെ കരുത്തുണ്ട് ആ വാക്കുകളില്‍. ദിനേശിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നു മലയാള സിനിമ പറയുന്ന കാലമെത്തി. ഒന്നും പെട്ടെന്നായിരുന്നില്ല, സ്വയം തെളിയിക്കേണ്ട കാലഘട്ടം താണ്ടിയാണ് ഇതുവരെ എത്തിച്ചേര്‍ന്നത്. ഒരു സേവനം എന്ന പോലെ പിആര്‍ വര്‍ക്കുകള്‍ ചെയ്തതു കൊണ്ടു തന്നെ ആത്മാര്‍ഥതയുടെ അക്ഷരരൂപങ്ങളായിരുന്നു ദിനേശനില്‍ നിന്നും പിറന്നത്. കേള്‍ക്കുന്ന പോലെ എഴുതാനും, ആഗ്രഹിക്കുന്ന പോലെ അവതരിപ്പിക്കാനും സാധിച്ചു. പിആര്‍ വര്‍ക്കിലും ദിനേശിന്‍റെ സമീപനത്തിലും സൗഹൃദങ്ങളിലും അക്ഷരത്തെറ്റുകളേ ഉണ്ടായിരുന്നില്ല.

സിനിമാസംഘങ്ങള്‍ക്കൊപ്പം ധാരാളം യാത്ര ചെയ്ത അനുഭവമുണ്ട്. ജമ്മു കശ്മീരിലും രാജസ്ഥാനിലുമൊക്കെ പോകാൻ സാധിച്ചു. മാധ്യമങ്ങള്‍ക്കു വ്യത്യസ്ത വാര്‍ത്തകളുടെ വിരുന്നൊരുക്കി. മലയാളത്തില്‍ മാത്രമല്ല, കെജിഎഫ്, ബാഹുബലി തുടങ്ങിയ നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്കായും പിആര്‍ വര്‍ക്ക് ചെയ്തു. സിനിമയിലെ അതികായരാണെങ്കിലും പുതുമുഖമാണെങ്കിലും ഒരേ രീതിയിലാണു സമീപിക്കുന്നത്. ജീവിതം കാണാനുളള അവസരം കൂടിയാണീ ജോലിയെന്നു പറയുന്നു ദിനേശ്. അതൊരു ഭാഗ്യമാണ്. സിനിമയിലെ പലരുടെയും വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ കാണാന്‍ കഴിഞ്ഞു.

നേരിട്ടറിഞ്ഞ് വാര്‍ത്തയൊരുക്കണം

എല്ലാവരും പിആര്‍ഒ മാരാണിപ്പോള്‍. ആര്‍ക്കും വാര്‍ത്ത കൊടുക്കാം. സാങ്കേതികവിദ്യയുടെ വളര്‍ച്ച സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ പോയി, സ്റ്റില്‍ മേടിച്ച്, സ്റ്റുഡിയോയില്‍ കൊണ്ടുപോയി തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്കെത്തിച്ച ഒരു തലമുറയുടെ പ്രതിനിധിയാണ്. ഇന്ന് ഒരു മിനിറ്റ് പോലും വേണ്ട. എല്ലാം ഒരു വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയിരിക്കുന്നു. സൗകര്യങ്ങളുടെ ആധിക്യമേറുമ്പോള്‍ പലപ്പോഴും ജീവനില്ലാത്ത വാര്‍ത്തകളും ഉണ്ടാകുന്നുവെന്നു ദിനേശന്‍ പറയുന്നു. നേരിട്ടറിഞ്ഞ് വാര്‍ത്തയൊരുക്കുന്ന അനുഭവമൊന്നു വേറെ തന്നെയാണ്. ലൊക്കേഷനില്‍ പോകാതെ എഴുതാന്‍ കഴിയും, പക്ഷേ നമ്മള്‍ ചുരുങ്ങിപ്പോകും, പലതും കാണാതെ പോകും. അറിഞ്ഞും അനുഭവിച്ചും എഴുതിത്തഴമ്പിച്ചയൊരാളുടെ വാക്കുകള്‍.  സിനിമയിലെ തലമുറകളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണു ദിനേശിന്‍റെ വാര്‍ത്തായാത്ര. ജഗതി ശ്രീകുമാര്‍ മുതല്‍ വിനീത് ശ്രീനിവാസന്‍ വരെ ദിനേശിന്‍റെ വാര്‍ത്തായെഴുത്തിനെക്കുറിച്ചു നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ട്.

ഇനിയും വാര്‍ത്തകള്‍ ഒഴുകിയെത്തും ദിനേശിന്‍റെ തൂലികയില്‍ നിന്നും. ഒരു സിനിമ പിറക്കുമ്പോള്‍ മുതല്‍ ആസ്വാദനത്തിന്‍റെ അവസാനതുള്ളിയും പ്രേക്ഷകന്‍ നുണഞ്ഞുതീരുന്നതു വരെ എഴുത്തിന്‍റെ അത്ഭുതങ്ങളറിയിച്ച് ഇദ്ദേഹം കൂടെ നില്‍ക്കുന്നു. പ്രതിഫലം ചോദിച്ചു വാങ്ങുന്ന പതിവില്ല. ആ ജോലിയുടെ പ്രാധാന്യവും മേന്മയും തിരിച്ചറിഞ്ഞു പ്രതിഫലം നല്‍കുന്ന സ്ഥിതിയിലേക്കു വളര്‍ന്നിട്ടുണ്ട് പിആര്‍ഒ എ. എസ് ദിനേശ്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com