
വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക പങ്കാളിത്തത്തിലൂടെയും സ്ത്രീ ശാക്തീകരണ ശ്രമങ്ങളെ മുന്നോട്ടു നയിക്കാൻ ജി20 രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ആഗോള സംരംഭമാണ് ജി20 എംപവർ.
"വനിതകൾ നയിക്കുന്ന വികസനം' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചപ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ ആഖ്യാനത്തിൽ അതൊരു സുപ്രധാന വഴിത്തിരിവായിരുന്നു. നൂതനമായ ഈ സമീപനം, ഇന്ത്യയുടെ ശ്രമഫലമായി, ഇപ്പോൾ ജി20 എംപവർ-ന്റെ പദാവലിയുടെ ഭാഗമായി മാറിയിരിക്കുന്നു. സ്ത്രീകളെ ശാക്തീകരിക്കുകയെന്ന കേവല ലക്ഷ്യത്തിനുപരിയായി, സ്ത്രീകൾ കേവലം ഗുണഭോക്താക്കളല്ല, വികസനത്തിന് നേതൃത്വം വഹിക്കേണ്ടവരാണെന്ന പ്രതീതി വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് ശ്രദ്ധ ക്ഷണിച്ചു.
ഇന്ത്യയുടെ ജി20 എംപവർ നേതൃത്വത്തിന് കീഴിൽ, ഈ ആശയം പൂർണഹൃദയത്തോടെ സ്വീകരിക്കപ്പെടുകയും ഈ ആഖ്യാന പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു രൂപ രേഖ സൃഷ്ടിക്കാൻ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. മൂന്നു തലങ്ങളിലാണ് നമ്മുടെ ശ്രദ്ധ: വിദ്യാഭ്യാസം, വനിതാ സംരംഭകത്വം, സമസ്ത തലങ്ങളിലും വനിതാ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം എന്നിവ. ഈ മേഖലകളുടെ പൊതു പ്രമേയം ഡിജിറ്റൽ ശാക്തീകരണമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്ത്രീകൾ വിജയിക്കാനാഗ്രഹിക്കുന്ന മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങളിലേക്കും വിഭവങ്ങളിലേക്കും തുല്യ പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാനും നാം പ്രതിജ്ഞാബദ്ധരാണ്.
വിദ്യാഭ്യാസ മേഖലയിൽ, STEM വിദ്യാഭ്യാസത്തിലേക്കും ഉന്നത വളർച്ച കൈവരിക്കാൻ സാധിക്കുന്ന തൊഴിൽ മേഖലകളിലേക്കും വനിതകളുടെ മെച്ചപ്പെട്ട പ്രവേശനത്തിനായി ഞങ്ങൾ വാദിക്കുന്നു. അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകളിലും ഭാവി- സജ്ജമായ സമഗ്ര പാഠ്യപദ്ധതികളിലും നിക്ഷേപിക്കാൻ ഞങ്ങൾ കോർപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നു. വനിതകളുടെയും പെൺകുട്ടികളുടെയും തുടർപഠനം പ്രോത്സാഹിപ്പിക്കുന്ന വ്യക്തമായ നയങ്ങളും നിയമ ചട്ടക്കൂടുകളുമുള്ള ഒരു "സമസ്ത സർക്കാർ' സമീപനം സ്വീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
വനിതാ സംരംഭകത്വ മേഖലയിൽ, വനിതാ സംരംഭകരുടെ - പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ ഉന്നമനത്തിനായി സമഗ്രമായ ഒരു തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ ശക്തമായ സ്തംഭങ്ങളാകാൻ വനിതാ സംരംഭകരെ പ്രാപ്തരാക്കുന്നത് മെച്ചപ്പെട്ട ലിംഗ സമത്വത്തോടൊപ്പം അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കും ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ധനസഹായം നൽകുന്നവരും ആർജിക്കുന്നവരും മാത്രമല്ല, വളർച്ചയുടെ മാർഗദർശകരും സഹായകരും എന്ന നിലയിലും മുന്നേറാൻ ഞങ്ങൾ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു.
സമസ്ത തലങ്ങളിലും വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഉന്നത തലങ്ങളിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കാനും, തൊഴിലിടങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ അവതരിപ്പിക്കാനും, ലിംഗ വൈവിധ്യ പരിമാണങ്ങളുടെ പതിവ് അവലോകനങ്ങളും പ്രസിദ്ധീകരണങ്ങളും നടത്താനും, സ്ത്രീ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുമുള്ള ശേഷി വർധിപ്പിക്കുന്ന പദ്ധതികൾ വികസിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ത്രീകളെ യഥാവിധി ശാക്തീകരിക്കാൻ, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വങ്ങളിലും തീരുമാനമെടുക്കൽ പ്രക്രിയകളിലുമുള്ള വനിതകളുടെ ചുമതലകൾ നാം പരിപോഷിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ സംരംഭവുമായി ബന്ധപ്പെട്ട് ഉണ്ടായ ആറ് പ്രത്യക്ഷ ഫലങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് പ്രത്യേക അഭിമാനമുണ്ട്. ഒന്നാമതായി, വിജ്ഞാനത്തിലൂടെ സ്ത്രീകളെ മുന്നേറാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു അതുല്യ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ടെക്ഇക്വിറ്റി ഞങ്ങൾ ആരംഭിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു ദശലക്ഷം സ്ത്രീകളിലെങ്കിലും 120 ഭാഷകളിൽ ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാമതായി, വനിതാ പ്രാതിനിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുരോഗതി നിരീക്ഷിക്കുന്നതിന് പരിമാണയുക്തവും ചിട്ടയായതുമായ മാർഗം പ്രദാനം ചെയ്യുന്ന ഒരു കെപിഐ ഡാഷ്ബോർഡ് ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ശക്തമായ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് ഈ കണക്കുകൾ സ്ഥിരമായി നിരീക്ഷിക്കുന്നതിലൂടെ, എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാതൃകകളും മൂലകാരണങ്ങളും സാധ്യതയുള്ള ഇടപെടലുകളും നമുക്ക് തിരിച്ചറിയാൻ കഴിയും.
മൂന്നാമതായി, മികച്ച സമ്പ്രദായങ്ങൾ സമാഹരിക്കുന്നതും ലോകമെമ്പാടുമുള്ള ഫലപ്രദമായ തന്ത്രങ്ങളും സമ്പ്രദായങ്ങളും പങ്കിടാനും രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സർവെ അധിഷ്ഠിത വിശകലന സങ്കേതമായ "ബെസ്റ്റ് പ്രാക്ടീസ് പ്ലേബുക്ക് ' ഞങ്ങൾ സൃഷ്ടിച്ചു. പ്ലേബുക്കിന്റെ 2023 പതിപ്പിൽ 19 ജി20 രാജ്യങ്ങളിൽ നിന്നും അതിഥി രാജ്യങ്ങളിൽ നിന്നുമുള്ള 149 മികച്ച മാതൃകകകൾ ഉൾപ്പെടുന്നു.
നാലാമതായി, ജി20 രാജ്യങ്ങളിൽ നിന്നും അതിഥി രാജ്യങ്ങളിൽ നിന്നുമുള്ള വനിതകളുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടുന്നതിനായി ജി20 എംപവർ വെബ്സൈറ്റിൽ ഒരു പ്രത്യേക പ്രചോദനാത്മക വിഭാഗം ഞങ്ങൾ ചേർത്തിട്ടുണ്ട്. 10 രാജ്യങ്ങളിൽ നിന്നുള്ള 73 പ്രചോദനാത്മക കഥകൾ ജി20 എംപവർ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
അഞ്ചാമതായി, നമ്മുടെ അധ്യക്ഷതയ്ക്ക് കീഴിൽ, പ്രതിജ്ഞ സ്വീകരിക്കുന്നവരുടെയും അഭിഭാഷകരുടെയും ശൃംഖല വിപുലീകരിക്കുന്നതിനുള്ള ജി20 എംപവർ സംരംഭത്തെ പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുന്നു. ജി20 എംപവറിന്റെ അഭിഭാഷകരുടെ ശൃംഖല, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ, സ്വാധീനമുള്ള സംഘടനകൾ ഉൾക്കൊള്ളുന്നു. അതിന്റെ വിപുലീകരണം തുടരുന്നു. ജി20 രാജ്യങ്ങളിൽ ഉടനീളമുള്ള 500 അഭിഭാഷകർ ഇതിന്റെ ഭാഗമാണ്.
ഈ സംരംഭങ്ങൾക്ക് പുറമേ, സ്വകാര്യമേഖലയിലെ ലിംഗസമത്വം സംബന്ധിച്ച സുപ്രധാന പ്രതിബദ്ധതയായ ഗാന്ധിനഗർ വിളംബരവും ഞങ്ങൾ അവതരിപ്പിച്ചു. ഈ പ്രഖ്യാപന പ്രകാരം, സ്വന്തം തൊഴിൽ ശക്തിയിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും വനിതകളായിരിക്കുമെന്ന് കമ്പനികൾ പ്രതിജ്ഞ ചെയ്യുന്നു. ഇതിനോടകം 30 ശതമാനം വനിതാ തൊഴിലാളികളെന്ന ലക്ഷ്യം കൈവരിച്ച സംഘടനകൾ എല്ലാ തലങ്ങളിലും 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കും വിധം പ്രതിജ്ഞ വിപുലീകരിക്കുന്നു. 2030ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ശക്തമായ ഈ പ്രഖ്യാപനം, കൂടുതൽ സമത്വപൂർണവും ഉൾക്കൊള്ളുന്നതുമായ തൊഴിൽ ശക്തിയെ സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയ്ക്ക് തെളിവാണ്.
വനിതകൾ നേതൃത്വം നൽകുന്ന വികസനമെന്ന അജണ്ടയ്ക്ക് ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് കീഴിൽ വലിയ ഉത്തേജനമാണ് ലഭിച്ചത്. വികസനത്തിന്റെ നേതൃത്വമേറ്റെടുക്കാൻ വനിതകൾ മുന്നോട്ടുവരുന്ന കാലം സമാഗതമായിരിക്കുന്നു.
(അഭിപായങ്ങൾ വ്യക്തിപരം).