
#എ.എന്‍. ഷംസീര്‍, സ്പീക്കര്‍, കേരള നിയമസഭ
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് നിയമസഭാ സമുച്ചയത്തില്‍ ആരംഭം കുറിച്ചു കഴിഞ്ഞു. മലയാളത്തിന്റെ മഹോത്സവമായ കേരളീയം സംഘടിപ്പിക്കുന്നതിനൊപ്പമാണ് 7 വരെ പുസ്തകോത്സവവും ഒരുക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസാധകര് അണിനിരക്കുന്ന പുസ്തകോത്സവത്തിന്റെ രണ്ടാമത് എഡിഷന് പങ്കാളിത്തം കൊണ്ട് ചരിത്രം രചിക്കുമെന്നുറപ്പാണ്.
ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നതിനൊപ്പം കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ സമഗ്ര സംഭാവന നല്കിയ വ്യക്തിത്വത്തിനുള്ള നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്കി ആദരിക്കും.
കഴിഞ്ഞ ജനുവരിയിലാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം എഡിഷന് സംഘടിപ്പിക്കപ്പെട്ടത്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയമസഭ വന്‍ ജനപങ്കാളിത്തത്തോടെയുള്ള അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കിയത്. അത് ജനാധിപത്യത്തിന്റെ സര്‍ഗാത്മക അധ്യായമായി മാറി. അന്ന് നിയമസഭയിലേക്ക് എത്തിയത് ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണ്. ഏഴുലക്ഷത്തോളം പേര് അക്ഷരങ്ങളുടെ, അറിവിന്റെ വാതായനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ അടുത്തറിഞ്ഞു. പുതുതലമുറയ്ക്ക് ദിശാബോധം പകരുന്ന അക്ഷരോത്സവമായി നിയമസഭാ പുസ്തകോത്സവം മാറുകയായിരുന്നു. പുത്തന്‍ കാഴ്ചകളും അനുഭവങ്ങളുമൊരുക്കി കേരള മോഡലിലെ മറ്റൊരു തിലകക്കുറിയെന്ന വിശേഷണം കരസ്ഥമാക്കിയാണ് 2023 ജനുവരി 9ന് ആരംഭിച്ച് 15ന് പുസ്തകോത്സവം സമാപിച്ചത്.
ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ ഈ പുസ്തകോത്സവത്തിന് സാധിക്കുമെന്നാണ് കഴിഞ്ഞ പുസ്തകോത്സവ കാലത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞത്. രണ്ടാം എഡിഷനിലേക്ക് എത്തുമ്പോള്‍ രാഷ്ട്രപതിയുടെ വാക്കുകളെ പ്രകാശിപ്പിക്കാനുള്ള ഒരുക്കങ്ങളാണുള്ളത്. അക്ഷരങ്ങളിലൂടെ മനുഷ്യന് ലഭിക്കുന്ന വെളിച്ചം ഇല്ലാതാക്കാനാണ് ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നത്. അറിവിന് പകരം അജ്ഞാനം വിളമ്പുന്ന, അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന, ശാസ്ത്രചിന്തകള്‍ക്ക് പകരം നുണക്കഥകളെ സ്ഥാപിച്ചെടുക്കുന്ന അക്ഷരവൈരികള്‍ രാജ്യത്ത് വര്‍ഗീയതയുടെ വിളവെടുപ്പു നടത്താന്‍ ശ്രമിക്കുകയാണ്. പുരോഗമന സമൂഹത്തെ പിന്നാക്കം നയിക്കാനുള്ള ശ്രമമാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. സാമൂഹ്യ പരിഷ്കരണ- നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും മുമ്പുള്ള സമൂഹം പുനഃസ്ഥാപിക്കണമെന്നാണ് അവരുടെ ആഗ്രഹം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയും ജാതിജീര്ണതകളും നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി പോലുള്ള സൂക്തങ്ങളും തിരികെ കൊണ്ടുവരാനാണ് പരിശ്രമം. നിലവിലുള്ള ഭരണഘടനയ്ക്ക് പകരം മനുസ്മൃതി സ്ഥാപിക്കണമെന്ന ചിന്ത എത്രമാത്രം അപരിഷ്കൃതമാണ്. അത്തരമൊരു വര്‍ത്തമാനത്തില്‍ പുസ്തകങ്ങളും അക്ഷരങ്ങളും അറിവുമാണ് ജനങ്ങള്‍ക്കുള്ള കരുത്ത്. പട്ടിണിയായ മനുഷ്യന്റെ കൈയിലെ ആയുധമായി പുസ്തകം മാറുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാനാവുക. വായനയാണ് ലഹരിയെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നിയമസഭാ പുസ്തകോത്സവം ഒരുക്കുന്നതിലൂടെ അക്ഷരവെളിച്ചത്തിലൂടെ അജ്ഞതയുടെ ഇരുട്ടിനെ അകറ്റാനാണ് ശ്രമിക്കുന്നത്.
ഈ പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ പുസ്തകം വാങ്ങാൻ വിനിയോഗിക്കാം. അതത് മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും കീഴിലുള്ള ഗ്രന്ഥശാലകള്‍ക്കും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കുമാണ് ഇതിലൂടെ പുസ്തകങ്ങള്‍ വാങ്ങാനാവുക.
ദേശീയ- അന്തര്‍ദേശിയ പ്രതിഭകളെ അണിനിരത്തിയുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും മന്ത്രിമാരും മറ്റും പങ്കാളികളാവുന്ന പാനല്‍ ചര്‍ച്ചകളും സെമിനാറുകളും വിഷന്‍ ടോക്സും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും തുടങ്ങി കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തെ ജീവസുറ്റതാക്കുന്ന നിരവധി പരിപാടികള്‍ പുസ്തകോത്സവ വേദിയില്‍ നടന്നുകൊണ്ടിരിക്കയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെയിലും മഴയുമേല്ക്കാതെ പുസ്തകശാലകള്‍ സന്ദര്‍ശിക്കാന്‍ ഉതകുന്ന വിധത്തിലാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം ഒരുക്കിയ ഭക്ഷണശാലകളില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളും ആസ്വദിക്കാം.
നിയമനിര്‍മാണ സഭയെന്ന നിലയില്‍ സ്വാഭാവികമായ നിയന്ത്രണമുള്ളതു കൊണ്ട് രാജ്യത്തെ നിയമസഭകളിലൊന്നും പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കാറില്ല. എന്നാല്‍, പുസ്തകോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭാ മന്ദിരത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. ജനങ്ങള്‍ക്ക് നിയമസഭയെ മനസിലാക്കാനും അതിന്റെ ചരിത്രം ഉള്‍ക്കൊള്ളാനും ഇവിടെ നടക്കുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച് അറിവുണ്ടാക്കാനും പുസ്തകോത്സവം സഹായകമാവും. നിയമസഭാ മന്ദിരത്തിന്റെ അകത്തളവും നിയമസഭയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും 100 വര്‍ഷത്തെ ചരിത്രമുള്ള നിയമസഭാ ലൈബ്രറിയും കാണാന്‍ സൗകര്യമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വിദ്യാർഥികള്‍ക്ക് സിറ്റി റൈഡിങ്ങിനുള്ള ബസുകള്‍ ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ സജ്ജീകരിച്ചിട്ടുണ്ട്. സഭാ സമുച്ചയവും പരിസരവും ദീപാലങ്കാരങ്ങളാല്‍ ആകര്‍ഷകമാക്കി. ഒരു വര്‍ഷത്തെ സംഘാടനം കൊണ്ടു തന്നെ കേരളത്തിന്റെ ആഭ്യന്തര ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു ഇവന്റായി നിയമസഭയുടെ പുസ്തകോത്സവം മാറി.
സമാനതകളില്ലാത്ത കൂട്ടായ്മയുടെ മനോഹാരിതയാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രത്യേകത. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്താണ് ഒന്നാം എഡിഷന് വിജയിപ്പിച്ചത്. രണ്ടാം എഡിഷനും വ്യത്യസ്തമാവില്ല. അക്ഷരങ്ങളോടും അറിവിനോടും ഏറെ അടുപ്പമുള്ളവരാണ് മലയാളികള്‍. കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി മാറിയതു പോലും വായിക്കാനും അറിയാനുമുള്ള സമൂഹത്തിന്റെ അതിയായ താത്പര്യം മൂലമാണ്. വിശ്വവിഖ്യാതമായ കേരള മോഡല്‍ ഉണ്ടാക്കാന്‍ സാധിച്ചതിനും അതിന് തുടര്‍ച്ചകളുണ്ടാക്കാന്‍ കഴിയുന്നതിനും രാജ്യത്തെ പ്രബുദ്ധമായ ഭൂമികയായി കേരളം തലയുയര്‍ത്തി നില്ക്കുന്നതിനും ഇത്തരം മികവുകള്‍ കാരണമായിട്ടുണ്ട്.
കേരളത്തില്‍ നിരവധി പുസ്തകോത്സവങ്ങള്‍ നടക്കാറുണ്ട്. വിവിധ പ്രസിദ്ധീകരണ ശാലകളുടേയും മറ്റു സ്ഥാപനങ്ങളുടേയുമൊക്കെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള പുസ്തകമേളകള്‍ നമുക്കു സുപരിചിതമാണ്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി, കേരളത്തിന്റെ ഒട്ടാകെയുള്ള, ഓരോ പൗരന്റേയും പുസ്തകോത്സവം എന്ന കിരീടമാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കോട്ടവും തട്ടാതെ ആ പദവി ഉയര്‍ത്തിപ്പിടിച്ച് ഈ പുസ്തകോത്സവത്തിന്റെ രണ്ടാം എഡിഷന് വിജയിപ്പിക്കാന്‍ നമുക്ക് കൈകള്‍ കോര്‍ക്കാം.