PV Narasimha Rao
PV Narasimha Rao

നരസിംഹ റാവു: സാമ്പത്തിക, ആണവ നയങ്ങളിലെ നിശബ്‌ദ വിപ്ലവം

സാമ്പത്തിക, ആണവ നയങ്ങളിലെന്ന പോലെ, അയോധ്യ പ്രശ്നത്തിലും റാവു സ്വീകരിച്ച നിലപാട് പിൻഗാമികൾക്ക് അവഗണിക്കാനാവാത്ത നയ സമീപനമായി തുടരുകയായിരുന്നു

പ്രത്യേക ലേഖകൻ

രാജ്യം സാമ്പത്തികത്തകർച്ചയിലേക്കും രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങിയ ഒരു കാലത്താണ് പി.വി. നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ ദീർഘവീക്ഷണംകൊണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വത്തെ തന്ത്രങ്ങൾ കൊണ്ടും റാവു മറികടന്നപ്പോൾ രാജ്യം സ്വന്തം കാലുറപ്പിച്ചു. 1992ൽ റാവു പ്രധാനമന്ത്രിയാകുമ്പോഴുള്ള ഇന്ത്യയായിരുന്നില്ല 1996ൽ റാവു പടിയിറങ്ങുമ്പോഴുള്ള ഇന്ത്യ. ഭരണത്തിന് റാവുവിന് ഒരു അവസരം കൂടി ലഭിച്ചില്ലെങ്കിലും രാജ്യത്തിന് നിവർന്നു നിൽക്കാൻ ആ അഞ്ചു വർഷം അടിത്തറയിട്ടു. പിന്നീടിങ്ങോട്ടുള്ള വളർച്ചയുടെ തുടക്കം മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധനെ ധനമന്ത്രിയാക്കി സാമ്പത്തിക രംഗം പൊളിച്ചെഴുതിയ റാവുവിന്‍റെ നയങ്ങളിൽ നിന്നായിരുന്നു.

ഇന്ദിരയുടെ വിശ്വസ്തൻ

രാജീവ് ഗാന്ധിക്കും ഇന്ദിര ഗാന്ധിക്കും ഒപ്പം പി.വി. നരസിംഹ റാവു.
രാജീവ് ഗാന്ധിക്കും ഇന്ദിര ഗാന്ധിക്കും ഒപ്പം പി.വി. നരസിംഹ റാവു.

ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന വിശേഷണത്തോടെയാണ് റാവു അധികാരത്തിലേറിയത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളിൽ അംഗവുമായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൽ, പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പരിചയസമ്പത്തുമായാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി റാവു അധികാരമേറ്റത്.

1969ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളരുമ്പോൾ ഇന്ദിര ഗാന്ധിക്കൊപ്പമായിരുന്നു അദ്ദേഹം. ആ വിശ്വാസ്യതയാണ് ഇന്ദിരയുടെയും രാജീവിന്‍റെയും മന്ത്രിസഭകളിൽ രണ്ടാമൻ എന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയതും.

രാഷ്‌ട്രീയാതീതമായ നയചാതുരി

നരസിംഹ റാവുവും സുബ്രഹ്മണ്യൻ സ്വാമിയും.
നരസിംഹ റാവുവും സുബ്രഹ്മണ്യൻ സ്വാമിയും.

1991ൽ സജീവ രാഷ്‌ട്രീയം അവസാനിപ്പിക്കുന്നതിന്‍റെ വക്കിൽ നിൽക്കുകയായിരുന്ന റാവു, രാജീവിന്‍റെ അഭാവത്തിൽ കോൺഗ്രസിൽ ഉടലെടുത്ത നേതൃത്വ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിൽ തിരിച്ചെത്തുന്നത്. 1991ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം ന്യൂനപക്ഷ സർക്കാരുമായി അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയതു തന്നെ ആ നയചാതുരിക്ക് ആദ്യ ഉദാഹരണം. നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാൾ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ അഞ്ച് വർഷം തികയ്ക്കുന്നത് അതാദ്യമായിരുന്നു. പ്രധാനമന്ത്രിയാകുമ്പോൾ പാർലമെന്‍റ് അംഗമല്ലാതിരുന്ന റാവു നന്ദ്യാൽ ഉപതെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രി മോഹം മനസിലുണ്ടായിരുന്ന ശരദ് പവാർ അടക്കമുള്ള പ്രമുഖർ റാവുവിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്നു. പ്രതിപക്ഷത്തുള്ള ജനതാ പാർട്ടിയുടെ പ്രതിനിധി സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ളവർക്ക് നിർണായക പദവി നൽകി. ജനീവയിൽ നടന്ന ഐക്യരാഷ്‌ട്ര സഭാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ റാവു നിയോഗിച്ചത് പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയിയെ ആയിരുന്നു.

സാമ്പത്തിക നയത്തിലെ വിപ്ലവം

മൻമോഹൻ സിങ്ങും നരസിംഹ റാവുവും. പിന്നിൽ അർജുൻ സിങ്.
മൻമോഹൻ സിങ്ങും നരസിംഹ റാവുവും. പിന്നിൽ അർജുൻ സിങ്.

രാഷ്‌ട്രീയക്കാരനല്ലാത്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയതായിരുന്നു പ്രധാനമന്ത്രി പദവിയിൽ നരസിംഹ റാവുവിന്‍റെ മാസ്റ്റർ സ്ട്രോക്ക് ആയി കണക്കാക്കപ്പെടുന്നത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമായിരുന്നു അത്. നയപരമായ സമഗ്ര മാറ്റത്തിലൂടെയല്ലാതെ അതിനെ അതിജീവിക്കാൻ സാധിക്കില്ലെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് മൻമോഹൻ സിങ്ങിലൂടെ റാവു ഇന്ത്യയെ ഉദാരീകരണത്തിന്‍റെയും ആഗോളീകരണത്തിന്‍റെയും മാർഗത്തിലേക്കു തിരിച്ചുവിടുന്നത്. വിദേശ മൂലധന നിക്ഷേപം വിശാലമായി ആകർഷിക്കാനും ആഭ്യന്തര വ്യവസായങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങൾ ലഘൂകകരിക്കാനും ഓഹരി വിപണി പരിഷ്കരിക്കാനും നടപടികളുണ്ടായി.

ഇത്തരത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വരുത്തിയ നിർണായക മാറ്റത്തിലൂടെയാണ് ഇന്ത്യയുടെ ചരിത്രത്തിൽ നരസിംഹ റാവുവിന്‍റെ പേര് മായാ മുദ്രയാകുന്നത്. രാഷ്‌ട്രീയത്തിലുപരി രാജ്യത്തെ സേവിച്ച ഭരണകർത്താവ് എന്നാണ് അദ്ദേഹത്തെ മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാം അനുസ്മരിച്ചിട്ടുള്ളത്.

''റാവു ബോംബുണ്ടാക്കി, ഞാൻ പൊട്ടിച്ചു''

എ.ബി. വാജ്പേയിയും നരസിംഹ റാവുവും.
എ.ബി. വാജ്പേയിയും നരസിംഹ റാവുവും.

1998ൽ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യ പൊഖ്റാനിൽ രണ്ടാമത്തെ ആണവായുധ പരീക്ഷണം നടത്തിയതെങ്കിലും, അതിനു കളമൊരുങ്ങിയത് റാവുവിന്‍റെ ഭരണകാലത്തായിരുന്നു എന്നും കലാം തന്നെ അനുസ്മരിച്ചിട്ടുണ്ട്. ആറ്റം ബോബ് നിർമിച്ചു കഴിഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം എതിരായതിനാൽ പരീക്ഷണം വേണ്ടെന്ന് റാവു നിർദേശിക്കുകയായിരുന്നു. തുടർന്ന് കലാമിനെയും ആണവായുധ പരിപാടിക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ആർ. ചിദംബരത്തെയും കൂട്ടി നരസിംഹ റാവു തന്‍റെ പിൻഗാമിയായ അടൽ ബിഹാരി വാജ്പേയിയെ കാണാൻ പോയി. ആണവായുധ പരിപാടിയെക്കുറിച്ച് വാജ്പേയിക്കു നേരിട്ടു വിവരം കൈമാറുകയായിരുന്നു ലക്ഷ്യം.

''ബോംബ് തയാറാണെന്ന് റാവു എന്നോടു പറഞ്ഞു. ഞാനത് പൊട്ടിക്കുക മാത്രമാണ് ചെയ്തത്'', പിൽക്കാലത്ത് വാജ്പേയി അനുസ്മരിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന്‍റെ പിതാവായി റാവു വിശേഷിപ്പിക്കപ്പെടാറുണ്ട്.

തുടരുന്ന നയ പൈതൃകം

പി.വി. നരസിംഹ റാവു, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, സോണിയ ഗാന്ധി എന്നിവർക്കൊപ്പം.
പി.വി. നരസിംഹ റാവു, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, സോണിയ ഗാന്ധി എന്നിവർക്കൊപ്പം.

റാവു തുടങ്ങിവച്ച ആണവായുധ പദ്ധതി മാത്രമല്ല, 1991ലെ സാമ്പത്തിക പ്രതിന്ധിയിൽനിന്നു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിർത്തിയ സാമ്പത്തിക പരിഷ്കരണങ്ങളും വാജ്പേയിയു‌ടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുന്നോട്ടു കൊണ്ടുപോയി. റാവുവിന്‍റെ ധനമന്ത്രിയായ മൻമോഹൻ സിങ് പിന്നീട് പത്ത് വർഷം പ്രധാനമന്ത്രിയായിരുന്നപ്പോഴും റാവു സർക്കാരിന്‍റെ നയം തന്നെയായിരുന്നു സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനം.

1992 ഡിസംബർ ആറിന് കർ സേവകർ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതു തടയാൻ സാധിക്കാതിരുന്നതാണ് റാവുവിന്‍റെ പ്രധാനമന്ത്രി പദത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായി കണക്കാക്കപ്പെടുന്നത്. അങ്ങനെയൊരു പാപക്കറ ബാക്കി നിൽക്കുമ്പോൾ തന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി നരസിംഹ റാവു വിശേഷിപ്പിക്കപ്പെടുന്നു. സാമ്പത്തിക, ആണവ നയങ്ങളിലെന്ന പോലെ, അയോധ്യ പ്രശ്നത്തിലും റാവു സ്വീകരിച്ച നിലപാട് പിൻഗാമികൾക്ക് അവഗണിക്കാനാവാത്ത നയ സമീപനമായി തുടരുകയായിരുന്നു.

എന്നാൽ, അധികാരം നഷ്ടമായ റാവുവിനെ പിന്നീടു കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവും ശക്തമാണ്. 1996നു ശേഷം പാർട്ടി വേദികളിലൊന്നും റാവുവിന് കാര്യമായ പരിഗണനകൾ ലഭിച്ചിരുന്നില്ല. ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നു റാവുവിന്‍റെ മരണം. മരണശേഷം റാവുവിന് കോൺഗ്രസ് ആസ്ഥാനത്ത് അന്ത്യാഞ്ജലിക്ക് അവസരം നൽകിയില്ലെന്നും ഡൽഹിയിൽ സംസ്കാരത്തിന് ഭൂമി അനുവദിച്ചില്ലെന്നുമുള്ള ആരോപണങ്ങളിൽ കോൺഗ്രസിന്‍റെ പ്രതിരോധം ഇപ്പോഴും ദുർബലം. റാവുവിന്‍റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിലും കോൺഗ്രസ് വീഴ്ചവരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. അതുകൊണ്ടുതന്നെ സർദാർ വല്ലഭ് ഭായി പട്ടേലിനെപ്പോലെ റാവുവിനെയും ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന വാദം ഇപ്പോഴത്തെ ഭാരതരത്ന പ്രഖ്യാപനത്തിൽ ഉയരുന്നുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com