

ഉത്തർപ്രദേശിലെ ഹർദോയിയിൽ 600 കിലോമീറ്റർ മീററ്റ്- പ്രയാഗ്‌രാജ് ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡിന്‍റെ രൂപരേഖയടക്കം പ്രദർശിപ്പിച്ചിരിക്കുന്ന എക്സിബിഷൻ കാണുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവർ സമീപം
പ്രത്യേക ലേഖകൻ
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മുതൽ മീററ്റ് വരെ 594 കിലോമീറ്റർ നീളന്ന ""ഗംഗാ എക്സ്പ്രസ് വേ'' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.
ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമിച്ച ഈ എക്സ്പ്രസ് വേ ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയും രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിൽ ഒന്നുമാണ്. എട്ടു വരികളായി വികസിപ്പിക്കാവുന്ന ആറു വരി ആക്സസ്-നിയന്ത്രിത ഇടനാഴി, മീററ്റിനെ 12 ജില്ലകളിലൂടെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്നു. കേവലമൊരു റോഡ് എന്നതു മാത്രമല്ല വിപുലമായ വ്യാവസായിക, ലോജിസ്റ്റിക്സ്, വികസന ഇടനാഴിയായും പ്രവർത്തിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
ഗംഗാ എക്സ്പ്രസ് വേയുടെ നാലു ഭാഗങ്ങളിൽ മൂന്നെണ്ണം അദാനി ഗ്രൂപ്പാണ് നിർമിച്ചിരിക്കുന്നത്. 594 കിലോമീറ്ററിൽ 464 കിലോമീറ്ററും ഈ കമ്പനി പൂർത്തിയാക്കി. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഈ റോഡ് ഒരു ഗതാഗത നാഴികക്കല്ല് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്പാദനം, ചരക്കുനീക്കം, റിയൽ എസ്റ്റേറ്റ്, കൃഷി, ടൂറിസം എന്നിവയെ ഒരേ സമയം എങ്ങനെ മുന്നോട്ടുനയിക്കാൻ കഴിയുമെന്നതിന്‍റെ പരീക്ഷണ ഉദാഹരണം കൂടിയാണ്.
കണക്റ്റിവിറ്റി മാത്രമല്ല
ഈ റോഡിന്‍റെ ഉദ്ഘാടന സമയവും വളരെ പ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വളർച്ചാ എൻജിനായി സ്വന്തം കാലിൽ നിലനിൽക്കാൻ ഉത്തർപ്രദേശ് കഠിനമായി പരിശ്രമിക്കുന്നതിനിടെയാണ് ഈ പദ്ധതി വരുന്നത്. എക്സ്പ്രസ് വേ പടിഞ്ഞാറൻ, മധ്യ, കിഴക്കൻ യുപിയെ ബന്ധിപ്പിക്കുന്നു. മീററ്റിനും പ്രയാഗ്‌രാജിനും ഇടയിലുള്ള യാത്രാ സമയം 10-12 മണിക്കൂറിൽ നിന്ന് കേവലം 6-8 മണിക്കൂറായി കുറയ്ക്കുന്നു.
എന്നാൽ ഇതിന്‍റെ വലിയ കഥ റോഡരികിലാണ്. ഇടനാഴിയിൽ 12 ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിങ് ആൻഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററുകൾ സംസ്ഥാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഏതാണ്ട് 47,000 കോടി രൂപയുടെ 987 നിക്ഷേപ നിർദേശങ്ങൾ ഇതിനകം ലഭിച്ചു.
മീററ്റ്, ഹാപുർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബുദൗൺ, ഷാജഹാൻപുർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. ഈ ഭൂമിശാസ്ത്രപരമായ വ്യാപനം വളരെ പ്രധാനമാണ്. സംസ്ഥാനത്തെ ചില വികസിതമായ ബെൽറ്റുകളെ ഇത് ചരിത്രപരമായിത്തന്നെ നിക്ഷേപകാര്യത്തിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളുമായി ബന്ധിപ്പിക്കുന്നു.
പ്രധാന സവിശേഷതകൾ
എക്സ്പ്രസ് വേയുടെ വലിപ്പം മാത്രമല്ല, ഡിസൈൻ സവിശേഷതകളും ഒരുപോലെ ശ്രദ്ധേയമാണ്.
1. വിവിധോദ്ദേശ്യ ഇടനാഴി: ഇത് ഒരു പൂർണ മൊബിലിറ്റി പദ്ധതിയല്ല. ലോജിസ്റ്റിക് പാർക്കുകൾ, വെയർഹൗസിങ്, കാർഷിക സംസ്കരണം, നിർമാണ മേഖലകൾ എന്നിവയെ സംയോജിപ്പിച്ച് ഒരു എക്സ്പ്രസ് വേ- കം- ഇൻഡസ്ട്രിയൽ ഇടനാഴിയായി സർക്കാർ ഇതിനെ ഉയർത്തിക്കാട്ടുന്നു.
2. റോഡ് ചുറ്റിപ്പറ്റി ഒരു നിർമാണ മേഖല: വ്യാവസായിക ക്ലസ്റ്റർ തന്ത്രം മേഖലാ അടിസ്ഥാനത്തിലുള്ളതാണ്. ഓരോ ജില്ലകളുടെയും ശക്തിയെ അടിസ്ഥാനമാക്കി നിർമാണം, ലോജിസ്റ്റിക്സ്, ഇ- കൊമേഴ്‌സ്, ഭക്ഷ്യ സംസ്കരണം, വെയർഹൗസിങ് എന്നിവയിൽ വ്യത്യസ്ത നോഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണു പ്രതീക്ഷ.
3. പ്രതിരോധ മേഖല: ഷാജഹാൻപുരിലെ 3.5 കിലോമീറ്റർ റോഡ് എയർസ്ട്രിപ് ആയാണ് നിർമിച്ചിരിക്കുന്നത്. അടിയന്തരമായ യുദ്ധവിമാന ലാൻഡിങ്ങുകൾ ഇവിടെ നടത്താം. അതായത് സിവിലിയൻ ഗതാഗതത്തിനപ്പുറം ഈ ഹൈവേ രാജ്യരക്ഷയ്ക്കും തന്ത്രപരമായ പ്രയോജനം നൽകുന്നു.
4. വിവിധ എക്സ്പ്രസ് വേ ശൃംഖലകളിലേക്കും പ്ലഗ് ചെയ്യുന്നു
ഈ എക്സ്പ്രസ് ഹൈവേ മറ്റു നിരവധി എക്സ്പ്രസ് വേ ശൃംഖലകളിലേക്കും പ്ലഗ് ചെയ്യുന്നു എന്നതാണു ശ്രദ്ധേയം. ഇത് ഇവയുമായി ലിങ്ക് ചെയ്യുന്നതോ ഫീഡ് ചെയ്യുന്നതോ ആയതിനാൽ അതിന്‍റെ പ്രാധാന്യം വർധിക്കുന്നു. യമുന എക്സ്പ്രസ് വേ, ആഗ്ര- ലഖ്‌നൗ എക്‌സ്‌പ്രസ് വേ, ജെവാർ ലിങ്ക് എക്സ്പ്രസ് വേ, നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ലിങ്കുകൾ, ഹരിദ്വാർ കണക്റ്റിവിറ്റി എന്നിവയെല്ലാം ഗംഗാ ഹൈവെയുമായി ബന്ധിക്കപ്പെടും.
ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്,വ്യവസായം, കൃഷി
റോഡുകൾ ഗതാഗതത്തെ ആകർഷിക്കുന്നു, ഇടനാഴികൾ മൂലധനത്തെ ആകർഷിക്കുന്നു. ഇവിടെയാണ് കഥ വലുതാകുന്നത്. റിയൽ എസ്റ്റേറ്റ് ആയിരിക്കും ആദ്യകാല ഗുണഭോക്താവ്.
മീററ്റ്, പ്രയാഗ്‌രാജ്, കാൺപുർ, ഉത്തരാഖണ്ഡിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഭൂമിയുടെ വില ഉയർത്താൻ ഈ പാതയ്ക്ക് കഴിയുമെന്നു വാദിക്കുന്നവരുണ്ട്. "യുപിയുടെ സാമ്പത്തിക ചരിത്രത്തിന്‍റെ നട്ടെല്ല് ' എന്ന് വിളിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ മീററ്റിൽ കണ്ട 40 ശതമാനത്തിലധികം ഭൂമിവില വർധനവ് പലരും ചൂണ്ടിക്കാണിക്കുന്നു, മെട്രൊ, നമോ ഭാരത്, എക്സ്പ്രസ് വേ ലിങ്കുകൾ എന്നിവയുടെ പിന്തുണയുള്ള ഘാസിയാബാദിനും മറ്റൊരു തലത്തിലുള്ള ഡിമാൻഡ് കാണാനായേക്കും.
ജെവാർ വിമാനത്താവളത്തിലേക്കും യമുന എക്സ്പ്രസ് വേയിലേക്കുമുള്ള കണക്റ്റിവിറ്റിയുടെ സഹായത്താൽ അടുത്ത കുറച്ച് വർഷങ്ങളിൽ ചില വിപണികളിൽ 30- 40 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അതുപോലെ, പ്രയാഗ്‌രാജ് മറ്റൊരു പ്രധാന ഗുണഭോക്താവായി ഉയർന്നുവരും. 3- 5 വർഷത്തിനുള്ളിൽ 20- 30 ശതമാനം റിയൽ എസ്റ്റേറ്റ് വളർച്ച അവിടെയുണ്ടാകാം.
ടയർ- II നഗരങ്ങളിൽ ഭവന വളർച്ചയുണ്ടാകും. സൂക്ഷ്മ വിപണികളിൽ 25-35 ശതമാനം വർധനവ് ഉണ്ടാകും. എക്സ്പ്രസ് വേയുടെ 5-10 കിലോമീറ്ററിനുള്ളിലെ ഭൂമിയുടെ വികാസവും വിലയും 4- 6 വർഷത്തിനുള്ളിൽ 30-50 ശതമാനം ഉയരും. കേവലം വില വർധന മാത്രമല്ല, ഇടനാഴികളെ അടിസ്ഥാനമാക്കി നഗരവൽക്കരണം വിപുലമാകും.
ചരക്കുനീക്കത്തിലും വലിയ ഘടനാപരമായ മാറ്റം കാണാനാവും. ഏറ്റവും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉയർന്നുവരുന്നത് ലോജിസ്റ്റിക് മേഖലയിൽ നിന്നായിരിക്കാം. ചരക്ക് നീക്ക ചെലവ് കുറയ്ക്കൽ, വേഗത്തിലുള്ള ടേൺ എറൗണ്ട്, കുറഞ്ഞ ഇൻവെന്‍ററി ചെലവ് എന്നിവ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) മുതൽ തുണിത്തരങ്ങൾ വരെയുള്ള മേഖലകൾക്കാണു ഗുണം ചെയ്യുക. ഇൻവെന്‍ററി വഹിക്കൽ ചെലവ് 15-20 ശതമാനം കുറയാം. ലോജിസ്റ്റിക്സ് ചെലവ് പലപ്പോഴും ജിഡിപിയുടെ 13-14 ശതമാനമായി കണക്കാക്കപ്പെടുന്ന ഒരു രാജ്യത്ത് ഇതു പ്രധാനമാണ്.
ഫർണിച്ചർ, വീട്ടുപകരണങ്ങൾ പോലുള്ള വലിയ വാണിജ്യങ്ങൾക്ക് ചരക്കുനീക്ക ചെലവ് 40-50 ശതമാനം വരെ കുറയും. ഭാരമേറിയ സാധനങ്ങൾക്കുള്ള ലോജിസ്റ്റിക്സ് ചെലവ് 10-15 ശതമാനം കുറയും. ടയർ-II, ടയർ-III ഇന്ത്യകൾക്കായി ഒരു പുതിയ വെയർഹൗസിങ്, ഡെലിവറി നട്ടെല്ല് നിർമിക്കാൻ ഈ ഇടനാഴി സഹായിക്കും. ഇന്ത്യയുടെ ഇ- കൊമേഴ്‌സ് മേഖല 200 ബില്യൺ ഡോളറിലധികം മൂല്യമുള്ളതായി കണക്കാക്കപ്പെടുമ്പോൾ ഈ ഇടനാഴി അവയുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തും.
ഇടനാഴിയിലെ വെയർഹൗസിങ് ഡിമാൻഡിൽ 25-35 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ലോജിസ്റ്റിക്സ് മെച്ചപ്പെടുമ്പോൾ ഷാജഹാൻപുർ, ഹർദോയ്, റായ്ബറേലി തുടങ്ങിയ ജില്ലകളിൽ കൂടുതൽ ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങൾ കാണാനാവും. ഫാക്റ്ററികൾക്കും സാധാരണ ചരക്കുകൾക്കും എന്നപോലെ കാർഷികോത്പന്നങ്ങൾക്കും മികച്ച തടസമില്ലാത്ത റോഡ് സൗകര്യം പ്രധാനമാണ്.
വാരാണസി, ഗർമുക്തേശ്വർ, പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം എന്നിവയ്ക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. ക്ഷേത്ര നഗര നിക്ഷേപങ്ങൾ വർധിക്കുന്നതിനാൽ തീർഥാടന ടൂറിസവുമായി ബന്ധപ്പെട്ട വാണിജ്യം ഒരു ദ്വിതീയ വളർച്ചാ എൻജിനായി മാറിയേക്കാം.
കിഴക്ക്- പടിഞ്ഞാറ് ബന്ധനം
ചരിത്രപരമായി, പടിഞ്ഞാറൻ യുപി അവിടത്തെ വ്യാവസായിക ആവാസവ്യവസ്ഥ കാരണം താരതമ്യേന സമ്പന്നമായിരുന്നു. മറുവശത്ത്, കൃഷിയെ വളരെയധികം ആശ്രയിക്കുന്ന കിഴക്കൻ യുപി പിന്നിലാണ്. മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്നതിലൂടെ, എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഗംഗാ എക്സ്പ്രസ് വേ ഈ രണ്ടു പ്രദേശങ്ങളെയും വ്യത്യസ്തമായ സാമ്പത്തിക പ്രൊഫൈലുകളുമായി ബന്ധിപ്പിക്കുന്നു. ഇത് സന്തുലിതമായ പ്രാദേശിക വികസനത്തിലേക്ക് നയിക്കും.
എല്ലാ പ്രധാന എക്സ്പ്രസ് വേകളും പരിവർത്തനാത്മകമായ സ്വാധീനം ചെലുത്തുമെന്ന് അവകാശപ്പെടുമ്പോൾ തന്നെ, എല്ലാം ഒരുപോലെ ഫലം നൽകുന്നില്ല. പക്ഷേ ഗംഗാ എക്സ്പ്രസ് വേയുടെ കാര്യം വ്യത്യസ്തമാണ്. റോഡ് അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക നോഡുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വിമാനത്താവള കണക്റ്റിവിറ്റി, വെയർഹൗസിങ്, നഗര വളർച്ച, മഹാക്ഷേത്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
അത് ഒരു ഹൈവേ കഥയല്ല, ഒരു വികസന ഇടനാഴി കഥയാണ്. 47,000 കോടി രൂപയുടെ വ്യാവസായിക- നിക്ഷേപ പൈപ്പ് ലൈനിന്‍റെ ഒരു ഭാഗമെങ്കിലും വൈകാതെ യാഥാർഥ്യമായാൽ, യാത്രാ സമയത്തേക്കാൾ വളരെ കൂടുതൽ പുനർനിർമാണത്തിന് ഈ പദ്ധതി കാരണമാകും. ഗംഗാ എക്സ്പ്രസ് വേ മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ഇത് ഉത്തർപ്രദേശിന്‍റെ വളർച്ചാ ഭൂപടം തന്നെ പുനർനിർമിച്ചേക്കാം.
.