വേലി തന്നെ വിളവ് തിന്നട്ടെ

പമ്പ - സന്നിധാനം റൂട്ടിൽ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും ഡ്രൈവർ അല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാവാൻ പാടില്ലെന്നും ഹൈക്കോടതി സ്പഷ്ടമായി വിധിച്ചിട്ടുള്ളതാണ്.
പമ്പ - സന്നിധാനം റൂട്ടിൽ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും ഡ്രൈവർ അല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാവാൻ പാടില്ലെന്നും ഹൈക്കോടതി സ്പഷ്ടമായി വിധിച്ചിട്ടുള്ളതാണ്.

എം.ആർ. അജിത് കുമാറിന്‍റെ ട്രാക്റ്റർ യാത്ര, ശബരിമലയിലേക്ക്.

Updated on

വീണ്ടുവിചാരം | ജോസഫ് എം. പുതുശേരി

വേലി തന്നെ വിളവ് തിന്നുകയാണോ? ശബരിമലയിലേക്കുള്ള എഡിജിപി അജിത് കുമാറിന്‍റെ ട്രാക്റ്റർ യാത്ര കാണുമ്പോൾ അങ്ങനെ ഉറപ്പിക്കാനല്ലേ കഴിയൂ. പമ്പ - സന്നിധാനം റൂട്ടിൽ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും ഡ്രൈവർ അല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാവാൻ പാടില്ലെന്നും ഹൈക്കോടതി സ്പഷ്ടമായി വിധിച്ചിട്ടുള്ളതാണ്. ഡോളി തൊഴിലാളികൾ നൽകിയ ഹർജിയിലാണ് 12 വർഷം മുമ്പ് തന്നെ ഹൈക്കോടതി അർഥശങ്കയ്ക്കിടനൽകാത്തവിധം ഈ നിർദേശം നൽകിയത്. യാത്രാ വാഹനമല്ല ട്രാക്റ്റർ എന്ന വസ്തുതയും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണ് ശബരിമലയിൽ നടപടികൾ മുന്നോട്ടുപോയിരുന്നത്. സന്നിധാനത്തേക്ക് സാധനസാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്റ്ററിൽ ആരെങ്കിലും യാത്രചെയ്യാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് 2021 നവംബർ 25ന് ഹൈക്കോടതി വീണ്ടും നിർദേശം നൽകിയിട്ടുമുണ്ട്.

ഇതെല്ലാം നിലനിൽക്കുമ്പോഴാണ് കോടതി വിധി അനുസരിക്കാൻ മറ്റാരെക്കാളും ബാധ്യസ്ഥനായ എഡിജിപിയുടെ നഗ്നമായ നിയമലംഘനം. ഇക്കാര്യങ്ങളൊന്നും അറിയാത്തയാളല്ല അജിത് കുമാർ, അറിയാതെ സംഭവിച്ചുപോയതുമല്ല. ശബരിമലയിലെ പൊലീസ് ചീഫ് കോ - ഓർഡിനേറ്ററായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ള അജിത് കുമാറിന് ഇക്കാര്യങ്ങൾ നന്നായി അറിയുകയും ചെയ്യാം. എന്നിട്ടാണ് ഈ നിയമലംഘനം ! അതിന് ഒറ്റ ഉത്തരമേയുള്ളൂ. പദവിക്കുമപ്പുറത്തുള്ള സ്വാധീനവും അധികാരം കൈയാളാൻ ലഭിക്കുന്ന വഴിവിട്ട അവസരങ്ങളും വഴി ഉന്മത്തനാക്കപ്പെട്ടതിന്‍റെ ഗർവും അമിതാധികാരപ്രയോഗവും.

നിയമം പാലിക്കാനും നടപ്പാക്കാനും നിയോഗിക്കപ്പെടുന്നവർക്ക് അത് അനുസരിക്കാൻ മറ്റാരെക്കാളും ബാധ്യതയുണ്ട്. പലപ്പോഴും അങ്ങനെയല്ല, സംഭവിക്കുന്നതെങ്കിൽ കൂടി. ഇവിടെ അധികാരം ലഭിക്കുന്നവരും കൈയാളുന്നവരും തങ്ങൾ ഇതിനെല്ലാം അതീതരാണെന്നും തങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്നുമുള്ള ധിക്കാരപരമായ സ്വയംബോധത്തിലേക്കാണ് എത്തിപ്പെടുക. അതിന്‍റെ പ്രയോഗസാധ്യതയാണ് ട്രാക്റ്റർ യാത്രയിലൂടെ വെളിവായത്.

ശബരിമലയ്ക്ക് പോകാൻ താൻ ട്രാക്റ്റർ വിളിച്ചുവരുത്തിയിട്ടില്ലെന്നും നടന്നു കയറുന്നതിനിടെ കാലുവേദന ഉണ്ടായപ്പോൾ കയറിയതാണെന്നുമാണ് എഡിജിപി നൽകുന്ന വിശദീകരണം. എത്ര സമർഥമായാണ് പച്ചക്കള്ളം പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നത്. കുറച്ചു ദൂരം നടന്നു എന്നുള്ളത് ശരിയാണ്. അത് സദുദ്ദേശ്യപരമായിരുന്നില്ല, മറിച്ച് സിസിടിവി ക്യാമറ ഒഴിവാക്കാനുള്ള സൂത്രവിദ്യയായിരുന്നു.

സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചു ദൂരം നടന്ന് ഒന്നാം വളവിന് അടുത്തുവച്ചാണ് ട്രാക്റ്ററിൽ കയറിയത്. സന്നിധാനത്ത് യൂടേണിന് മുമ്പു ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്റ്ററിൽ നിന്നിറങ്ങി തുടർന്നങ്ങോട്ട് നടന്നുപോകുകയും ചെയ്തു. തിരികെ ഇവിടെ നിന്നു തന്നെ ട്രാക്റ്ററിൽ കയറി ഒന്നാം വളവിൽ തന്നെ വന്നിറങ്ങി പമ്പയിലേക്കു നടന്നുപോവുകയും ചെയ്തു. ട്രാക്റ്ററിൽ സഞ്ചരിച്ച ഭാഗത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. അതെല്ലാം മനസിലാക്കി തന്ത്രപൂർവം പ്ലാൻ ചെയ്ത ട്രാക്റ്റർ യാത്ര. ഇത്തരത്തിൽ ബോധപൂർവം കുറ്റകൃത്യം ചെയ്യുമ്പോൾ തെളിവായി എന്തെങ്കിലും അവശേഷിക്കുമെന്നത് പ്രമാണം പോലെ സത്യമാണ്. അത് അന്വേഷണ ഏജൻസിയായ പൊലീസിന്‍റെ തലപ്പത്തുള്ള എഡിജിപിയെങ്കിലും മനസിലാക്കണമായിരുന്നു. എന്നാൽ പിടിക്കപ്പെടാൻ എന്തെങ്കിലുമൊന്ന് അവശേഷിച്ചല്ലേ മതിയാകൂ. അതാണ് ഇവിടെയും സംഭവിച്ചത്. ആരോ ഫോട്ടോയെടുത്തു. സ്വാമി അയ്യപ്പൻ റോഡിലെ ഏഴാം വളവായ നെടുത്തേരിയിലെ 21-ാം സിസിടിവി ക്യാമറയിൽ ദൃശ്യം പതിയുകയും ചെയ്തു. പ്ലാനിനും പദ്ധതിക്കും അപ്പുറത്തുള്ള അടി !

സംഭവം വിവാദമായിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. പൊലീസിലെ സൂപ്പർ പവർ ആയ അജിത് കുമാറിനെതിരേ കേസെടുക്കാൻ ആരാണ് ധൈര്യപ്പെടുക! അതുകൊണ്ടുതന്നെ ഡ്രൈവർക്കെതിരേയാണ് കേസെടുത്തത്. എഡിജിപിയുടെ നിയമലംഘനത്തിന് പ്രതിസ്ഥാനത്ത് പാവം ട്രാക്റ്റർ ഡ്രൈവർ! പക്ഷേ പ്രതീക്ഷിച്ചതുപോലെ കാര്യം അവിടംകൊണ്ട് അവസാനിച്ചില്ല. ഹൈക്കോടതി എടുത്തു കുടഞ്ഞതോടെ അന്വേഷണമായി, പ്രഹസനമാണെങ്കിൽ കൂടി. ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിൽ അജിത് കുമാർ ഗുരുതര വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി. എന്നാൽ വീഴ്ച വരുത്തിയ ആളുടെമേൽ എന്ത് നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ഇല്ലെന്നതാണ് രസകരമായ വസ്തുത. എഡിജിപിയെ ഡിജിപിയും ഭയക്കുന്നു എന്നർഥം. ഇത്തരം സംഭവങ്ങൾ പൊലീസിൽ ഇനി ആരും ആവർത്തിക്കരുതെന്ന കർശന നിർദേശം നൽകാൻ റിപ്പോർട്ടിൽ ഡിജിപി മറന്നതുമില്ല. ഇനിയുള്ള കാര്യമല്ലേ, ഇപ്പോൾ ആർക്കും നോവില്ലല്ലോ! എത്ര കാര്യക്ഷമമായ ജാഗ്രത!

അജിത് കുമാറിന് ഇതു വല്ലതും പുത്തരിയാണോ! തൃശൂർ പൂരം തന്നെ കലക്കാൻ ചരടുവലിച്ചയാളാണ് അദ്ദേഹം. സംസ്ഥാന റവന്യൂ മന്ത്രി തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ അന്വേഷണത്തിലും എഡിജിപി വീഴ്ചവരുത്തിയെന്ന് റിപ്പോർട്ടുമുണ്ടായി. പക്ഷേ, ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല ഡിജിപി നിയമനത്തിനുള്ള പട്ടികയിൽ അദ്ദേഹത്തെ കൂടി ഉൾപ്പെടുത്താനാവുമോ എന്നാണ് അതിനുശേഷവും സർക്കാർ കിണഞ്ഞ് പരിശ്രമിച്ചത്. അന്വേഷണവും റിപ്പോർട്ടും ഒക്കെ അവിടെ കിടക്കും. അജിത് കുമാർ തന്നിഷ്ടപ്രകാരം മുന്നോട്ട്! കാരണം അജിത് കുമാർ ഭരണസംവിധാനത്തിൽ അത്രയേറെ സ്വാധീനമുള്ളയാളാണ്. പി.വി. അൻവറിന്‍റെ ഭാഷ കടമെടുത്താൽ മുഖ്യമന്ത്രിയെ ‍'അങ്കിൾ' എന്ന് വിളിക്കുന്ന എഡിജിപി. പിന്നെ എന്തു തിരിഞ്ഞുനോക്കാനാണ്. മുഖ്യമന്ത്രിയുടെ കാര്യപ്രാപ്തിയും കർമകുശലതയും കണക്കിലെടുത്ത് യാത്രയ്ക്കിടയിൽ തന്നെ കിടന്നുറങ്ങാനും ഭക്ഷണം കഴിക്കാനും കോൺഫറൻസ് നടത്താനുമൊക്കെ സംവിധാനമുള്ള കാരവൻ വാഹനം ക്രമീകരിക്കണമെന്ന് ശുപാർശ ചെയ്ത മഹാനാണ് അജിത് കുമാർ. അതൊക്കെ പിന്നെ വെറുതെയാവുമോ! അതിനുമപ്പുറത്താണ് അൻവർ ഉന്നയിച്ച ആരോപണങ്ങളിലെ അജിത് കുമാറിന്‍റെ വീരകൃത്യങ്ങൾ. അന്വേഷണത്തിൽ അതിലെല്ലാം ക്ലീൻചിറ്റ് നൽകാൻ ശ്രമിക്കുമ്പോഴും കവടിയാറിലെ കൊട്ടാര സദൃശ്യമായ വീടിന്‍റെ പണി തകൃതിയായി നടക്കുന്നത് പകൽപോലെ നിലനിൽക്കുന്നു. എന്നിട്ടും വല്ല കുലുക്കവുമുണ്ടായോ? അപ്പോൾ പിന്നെ അജിത് കുമാർ എന്തിന് നിയമവിധേയനാവണം? അതനുസരിച്ച് വർത്തിക്കണം?

അപ്പോൾ പിന്നെ പൗരജനങ്ങൾ എന്തു പ്രതീക്ഷയാണ് വയ്ക്കേണ്ടത്. ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാതിരുന്നാൽ അവർക്ക് നന്ന്. കാരണം 'സിസ്റ്റം' അങ്ങനെയാണ്. സിസ്റ്റം തകരാറിലാണെന്ന് ആരോഗ്യമന്ത്രി തന്നെ ആവർത്തിച്ചുപറയുന്നത് നാം കേട്ടു. സിസ്റ്റത്തിന് സർവത്ര കുഴപ്പം. കോട്ടയം മെഡിക്കൽ കോളെജിലെ തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് ബിന്ദു എന്ന പാവം സ്ത്രീ മരണത്തോട് മല്ലിടുമ്പോഴും അതിനടിയിൽ ആരുമില്ല, അത് ഉപയോഗിക്കാത്ത കെട്ടിടമാണ് എന്ന് ആവർത്തിച്ചുകൊണ്ട് രക്ഷാപ്രവർത്തനം പോലും വൈകിപ്പിക്കുന്ന മന്ത്രിമാരുടെ സാന്നിധ്യം കൊണ്ടുണ്ടായ സിസ്റ്റത്തിന്‍റെ കാര്യക്ഷമത നാം കണ്ടു.

കൈയെത്തും ദൂരത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി ലൈൻ മാറ്റണമെന്ന ആവശ്യത്തിൽ കെഎസ്ഇബിയും സ്കൂൾ മാനെജ്മെന്‍റും പുലർത്തിയ നിസംഗതയ്ക്ക് ഒരു പിഞ്ചു ബാലന്‍റെ ജീവൻ വില നൽകേണ്ടിവന്നപ്പോഴും കമ്പിയിൽ കയറി പിടിക്കാമോ എന്ന് കൂസലില്ലാതെ ചോദിക്കുമ്പോൾ സിസ്റ്റം എത്ര എഫക്റ്റീവായിരുന്നു എന്ന് നാം തിരിച്ചറിയുകയായിരുന്നു. ഒടുവിൽ ഗോവിന്ദ ചാമി എന്ന കൊടും ക്രിമിനൽ തടവു ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജയിൽ പുള്ളികളെല്ലാം സെല്ലിൽ തന്നെയുണ്ടെന്ന് റിപ്പോർട്ട് നൽകുന്നതിലെ സിസ്റ്റത്തിന്‍റെ കൃത്യതയും സൂക്ഷ്മതയും നാം കണ്ടു.

കാവിക്കൊടി പിടിച്ച സ്ത്രീരൂപം ഭാരതാംബയാണെന്ന് പ്രഖ്യാപിച്ച് മല്ലയുദ്ധത്തിന് ഇറങ്ങുന്ന ഗവർണർ വഴി സർവകലാശാല യുദ്ധക്കളമായി മാറുമ്പോൾ ചാൻസലറുടെ സിസ്റ്റം കാര്യക്ഷമമായും കരുതലോടുകൂടിയും തുടിക്കുന്നത് നാം കണ്ടു. സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐകാർക്ക് വൈസ് ചാൻസലറുടെ മുറിയിലേക്ക് കയറാൻ സംരക്ഷണവും പ്രോത്സാഹനവും നൽകുന്ന പൊലീസിന്‍റെ ചിത്രം സിസ്റ്റത്തിന്‍റെ കാര്യക്ഷമതയിൽ എവറസ്റ്റ് കയറുന്ന അഭിമാനബോധമാണുണ്ടാക്കിയത്. പെട്ടെന്നൊരു നിമിഷം സ്വിച്ച് ഇട്ടതുപോലെ സമരം അവസാനിക്കുമ്പോൾ സിസ്റ്റം എത്ര മഹത്തരമെന്ന്‌ ആശ്ചര്യപ്പെടുന്ന അവസ്ഥാവിശേഷമാണ് ഉളവാക്കിയത്. ഇതെല്ലാം കണ്ടും കേട്ടും ആശങ്കപ്പെടുന്ന ദോഷൈകദൃക്കുകളോട് ഇത് സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പറയാൻ വൈക്ലബ്യം ലെവലേശമില്ലാത്ത ഭരണസംവിധാനം നമുക്കുള്ളപ്പോൾ എന്തിനാണ് ആധിയേറ്റി ബിപി കൂട്ടുന്നത്. വേലി തന്നെ വിളവ് തിന്നട്ടെ! നിയമപാലകർ തന്നെ അവർക്കുള്ള എല്ലാ പ്രിവിലേജും ഉപയോഗിച്ച് നിയമലംഘനം നടത്തട്ടെ! അവർക്ക് സംരക്ഷണം തുടരുന്ന അധികാരികളെ ഓർത്ത് നമുക്ക് അഭിമാനിക്കാം! ഇതൊക്കെ എങ്ങനെയൊക്കെയായാലും 'നമ്പർ വൺ' ആയി നാം നിലനിൽക്കുമല്ലോ. അതല്ലേ നമ്മുടെ തുറുപ്പുഗുലാൻ! അതല്ലേ പ്രധാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com