

അയ്യപ്പ സംഗമവും കോടതി വിധിയും
file photo
ജ്യോത്സ്യൻ| ഗ്രഹനില
അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ എത്തുന്ന ശബരിമല ശാസ്താവ് ചില്ലറക്കാരനല്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. വർഷങ്ങളായി ശബരിമലയിൽ നടന്നുവന്നിരുന്ന തട്ടിപ്പുകളും കളവുകളും വെട്ടിപ്പുകളും ഇപ്പോൾ പൊതുസമൂഹത്തിന്‍റെ മുന്നിലേക്ക് ഓരോന്നായി വരുകയാണ്. ഈ വെളിപ്പെടുത്തലുകൾക്ക് വഴിയൊരുക്കിയത് ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമമാണ് എന്നതാണു ശ്രദ്ധേയം.
അയ്യപ്പനെ രാഷ്‌ട്രീയവത്കരിച്ച് വോട്ട് പിടിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിതെന്ന് അന്ന് യുഡിഎഫും പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളും ശക്തമായി ആരോപിച്ചിരുന്നു. എന്നാൽ കാലം കടന്നപ്പോൾ ചിത്രം മാറി. ഇന്ന് അയ്യപ്പനെ മുൻനിർത്തി രാഷ്‌ട്രീയ ലാഭം തേടുന്നത് യുഡിഎഫാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കണക്കുകൾ തെറ്റിച്ച വിജയം ഉണ്ടായത് ശബരിമലയിലെ കളവുകൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് എന്നതൊരു യാഥാർഥ്യമാണ്.
ശബരിമല ക്ഷേത്രത്തിലെ അവസ്ഥ ഒറ്റപ്പെട്ടതല്ല. കേരളത്തിലെയും ഇന്ത്യയിലെയും മിക്ക പ്രമുഖ ആരാധനാലയങ്ങളിലും ഇതേ കഥ തന്നെയാണ് ആവർത്തിക്കുന്നത്. പട്ടിണി കിടന്നും മുണ്ട് മുറുക്കിയുടുത്തും സമ്പാദിക്കുന്ന ജനങ്ങളുടെ ചെറുചെറു സമ്പാദ്യങ്ങളാണ് ഭക്തിയുടെ പേരിൽ ദേവാലയങ്ങളിൽ സമർപ്പിക്കപ്പെടുന്നത്. മലയാറ്റൂർ പള്ളി, ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി, ഗുരുവായൂർ ക്ഷേത്രം, പദ്മനാഭസ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മുസ്‌ലിം ദേവാലയം, വേളാങ്കണ്ണി, പഴനി, തിരുപ്പതി, മധുര മീനാക്ഷി ക്ഷേത്രം, കേരളത്തിലെ പ്രമുഖമായ മറ്റു ക്ഷേത്രങ്ങൾ... എവിടെയും കോടികളുടെ സ്വർണവും പണവും കെട്ടിക്കിടക്കുന്നു.
ഈ സമ്പത്ത് അതതു ദേവാലയങ്ങളുടെ ഭരണക്കാർ ഫലപ്രദമായി ഉപയോഗിച്ചാൽ പാവങ്ങൾക്ക് അഭയമൊരുക്കാനും വിശപ്പകറ്റാനും സൗജന്യ വിദ്യാലയങ്ങളും ആശുപത്രികളും അനാഥാലയങ്ങൾ നിർമിക്കാനും കഴിയുമായിരുന്നു. എന്നാൽ ഈശ്വരാനുഗ്രഹം തേടി ചെല്ലുന്നവർ ഭക്തിപൂർവം സമർപ്പിക്കുന്ന സ്വർണവും രത്നവും നോട്ടുകെട്ടുകളുമൊക്കെ അനധികൃതമായി ചിലരുടെ കൈകളിൽ ഒതുങ്ങുകയാണ്. ആരാധനാലയ മേലധികാരികളാണ് അവിടെ എല്ലാം തീരുമാനിക്കുന്നത്.
ഒരുകാലത്ത് പൗരോഹിത്യം തട്ടിപ്പാണെന്നും അന്ധവിശ്വാസം സമൂഹത്തെ മയക്കുന്ന മരുന്നാണെന്നും പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകാർ പോലും ഇന്നു ദേവാലയങ്ങളിൽ കയറിയിറങ്ങി മന്ത്ര- തന്ത്രങ്ങൾ നടത്തുന്നതും, അവയുടെ ഭരണം കൈക്കലാക്കുന്നതും വോട്ടും സമ്പത്തും കണക്കിലെടുത്താണ്. അന്ധവിശ്വാസത്തെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടുന്നില്ല. കാരണം വിശ്വാസം ഇന്ന് ആത്മീയതയല്ല, വോട്ട് ബാങ്കാണ്.
അത്തരമൊരു സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിലൂടെ ചില സത്യങ്ങൾ കോടതി വഴി പുറത്തുവന്നത്. അതിന് ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന വ്യക്തി ഒരു നിമിത്തമായി എന്നു മാത്രം. ഇടതോ വലതോ എന്നല്ല, എല്ലാവരും ചേർന്ന് കണക്കില്ലാതെ എത്തിയ പണം കട്ടു എന്നതാണ് യാഥാർഥ്യം. ശർക്കരക്കുടം കണ്ടാൽ എല്ലാവരും കൈയിടും. കൂടുതൽ ആർക്ക് കിട്ടി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കുറച്ചു കട്ടവർ കൂടുതൽ കട്ടവരെ കുറ്റപ്പെടുത്തും.
മനുഷ്യരുള്ളിടത്തോളം ഈശ്വര വിശ്വാസം നിലനിൽക്കും. പക്ഷേ അത് മനുഷ്യരെ ചൂഷണം ചെയ്യാനുള്ള മാർഗവും ഉപകരണവുമാകരുത്. അതിനുള്ള ധൈര്യം സമൂഹത്തിനുണ്ടായാലേ യഥാർഥ ഭക്തിയും നീതിയും ഒരുമിച്ചു നിലനിൽക്കൂ. ഏതായാലും ശബരിമല ശാസ്താവിന്‍റെ കരുത്തിനു മുന്നിൽ തലകുനിക്കുന്നു. അയ്യപ്പ സംഗമത്തിന് സിപിഎം മുൻകൈയെടുത്തത് ആ അയ്യപ്പന്‍റെ ഇച്ഛയും ശക്തിയുമായി ജോത്സ്യൻ വിശ്വസിക്കുന്നു. ഉപ്പു തിന്നവരെല്ലാം നന്നായി വെള്ളം കുടിക്കട്ടെ!