വി.എസിന്‍റെ വിശ്വസ്തൻ സുരേഷിനെ സമീപിച്ചു, മലമ്പുഴ വിസ്മയിപ്പിക്കുമോ?

മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച മലമ്പുഴയില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന എ. സുരേഷ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന ചര്‍ച്ച സജീവം
Will A. Suresh become an independent candidate for UDF?

എ. സുരേഷ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ

FILE PHOTO

Updated on

തൃശൂര്‍: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച മലമ്പുഴയില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന എ. സുരേഷ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന ചര്‍ച്ച സജീവം. യുഡിഎഫ് നേതാക്കള്‍ ഇതിനായി തന്നെ ബന്ധപ്പെട്ടിരുന്നതായി സുരേഷ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഇദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന വിലയിരുത്തലാണുള്ളത്.

ദീര്‍ഘകാലം വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ അസിസ്റ്റന്‍റായിരുന്ന സുരേഷിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇടതുകോട്ടയായി അറിയപ്പെടുന്ന മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിച്ചാല്‍ വി.എസ് അനുകൂലികളുടെ വോട്ടിനൊപ്പം നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ബിജെപിയാണ് അവിടെ രണ്ടാമത്.

വര്‍ഷങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്ന മണ്ഡലമാണ് മലമ്പുഴ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് സുരേഷിനെ സിപിഎം പുറത്താക്കിയത്. പിന്നീട് പല തവണ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സുരേഷ് പാര്‍ട്ടിയെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ല.

പിണറായിയുടെ കണ്ണിലെ കരടായ സുരേഷിന്‍റെ സിപിഎമ്മിലേക്കുള്ള മടങ്ങിവരവ് യാഥാര്‍ഥ്യമാകാനുള്ള സാധ്യത കുറവുമാണ്. ഈ സാഹചര്യത്തില്‍ സുരേഷ് യുഡിഎഫ് ക്യാംപിലെത്തുമെന്ന പ്രതീക്ഷയാണു കോണ്‍ഗ്രസിനുള്ളത്. ഇടതു കോട്ടയായ മലമ്പുഴയില്‍ സുരേഷിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നീക്കങ്ങളിലൊന്നായി മാറും.

സിപിഎമ്മിന്‍റെ എല്ലാ ഉള്ളുകള്ളികളും അറിയാവുന്ന ഒരാള്‍ തന്നെ പോര്‍ക്കളത്തിലിറങ്ങുന്നത് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കുമെന്നുറപ്പാണ്. വിഎസ് മത്സരിച്ചു ജയിച്ച മലമ്പുഴയെ സുരേഷിനും അടുത്തറിയാം. അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് എ. സുരേഷ് ഇന്നലെ പ്രതികരിച്ചത്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് പറയുന്നു. എന്നാൽ, മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമായി പറയുന്നതുമില്ല. അടുപ്പമുള്ളവരുമായി സംസാരിച്ചു തീരുമാനിക്കാം എന്നാണു നിലപാട്.

മലമ്പുഴയിൽ കഴിഞ്ഞ തവണ ബിജെപി നേതാവ് സി. കൃഷ്ണകുമാർ മത്സരിച്ചപ്പോൾ 50,000ത്തിലേറെ വോട്ടുകൾ നേടിയിരുന്നു. ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചേക്കുമെന്നാണു സൂചന. സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായാൽ മത്സരം ഇവർ തമ്മിലായേക്കുമെന്നാണു വിലയിരുത്തൽ.

1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ടി. ശിവദാസ മേനോനും ഉൾപ്പെടെയുള്ളവർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com