വെറും പേരുമാറ്റമല്ല ഈ പുനർനാമകരണം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം, ഭൂതകാലത്തെ മായ്ച്ചുകളയാനും അതിനെ സ്വന്തം പ്രതിച്ഛായയിൽ പുനർനിർമിക്കാനുമുള്ള കേന്ദ്ര താത്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
Employment guarantee scheme name change

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പേരുമാറ്റം.

Updated on
Summary

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ 'വിബി ജി റാം ജി' എന്ന് പുനർനാമകരണം ചെയ്യുന്നതിലൂടെ കോൺഗ്രസ് കാലത്തെ പൈതൃകം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആവശ്യത്തിനനുസരിച്ച് തൊഴിൽ നൽകുന്ന രീതിയിൽ നിന്ന് അനുവദിക്കപ്പെട്ട ഫണ്ട് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്കുള്ള ഈ മാറ്റം വികേന്ദ്രീകരണത്തെ തകർക്കും. സംസ്ഥാന വിഹിതം 60 ശതമാനമായി കുറച്ചതിലൂടെ ഫെഡറലിസം വെല്ലുവിളിക്കപ്പെടുകയാണ്. ഗാന്ധിയൻ സങ്കൽപ്പങ്ങൾക്കു പകരം കേന്ദ്രീകൃത അധികാരം അടിച്ചേൽപ്പിക്കുന്നു. ഹിന്ദി, സംസ്കൃതം പേരുകൾ നിയമങ്ങളിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായ ബഹുസ്വരതയ്ക്കും വിരുദ്ധമാണ്.

അജയൻ

വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) - അതായത്, നിലവിൽ പാർലമെന്‍റിന്‍റെ മേശപ്പുറത്തുള്ള വിബി-ജി റാം ജി ബിൽ. മുൻ യുപിഎ സർക്കാരിന്‍റെ പ്രധാന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) റദ്ദാക്കി, അതിനു പകരം കൊണ്ടുവരുന്ന ബിൽ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതുന്നതിലേക്ക് കടക്കും മുൻപ്, പരിചിതമായ ഒരു രീതി ശ്രദ്ധിക്കേണ്ടതുണ്ട്: ചിഹ്നങ്ങളും റോഡുകളുടെ പേരുകളും മുതൽ പദ്ധതികളും സ്ഥാപനങ്ങളും വരെ, കോൺഗ്രസ് ഭരണകാലത്തുനിന്നുള്ള എല്ലാ ദൃശ്യമായ അടയാളങ്ങളും തുടച്ചുനീക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്‍റിന്‍റെ നിരന്തരമായ നീക്കത്തിന്‍റെ ഭാഗമാണിത്.

ബിജെപി ഗവൺമെന്‍റിന്‍റെ പല പ്രധാന പദ്ധതികളും മുൻ പദ്ധതികളുടെ പേര് മാറ്റിയ പതിപ്പുകൾ മാത്രമാണ്. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്നത് ദേശീയ പെൺകുട്ടി ദിനത്തിന്‍റെ പുനർനാമകരണമാണ്; പ്രധാനമന്ത്രി ജൻ ധൻ യോജന എന്നത് ബേസിക് സേവിങ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടിന്‍റെ പകർപ്പാണ്; ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന, രാജീവ് ഗാന്ധി ഗ്രാമീൺ വിദ്യുതീകരണ യോജനയിൽ നിന്നുണ്ടായതാണ്; പിഎം പോഷൺ പദ്ധതിയുടെ വേരുകൾ പഴയ ഉച്ചഭക്ഷണ പദ്ധതിയിലാണ്; അടൽ മിഷൻ ഫൊർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ എന്നത് അടിസ്ഥാനപരമായി ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ തന്നെയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'മേയ്ക്ക് ഇൻ ഇന്ത്യ' പോലും ദേശീയ മാനുഫാക്ചറിങ് പോളിസിയുടെ പ്രതിധ്വനിയാണ്, അതേസമയം സ്വച്ഛ് ഭാരത് എന്നത്, നിർമൽ ഗ്രാം യോജനയുടെ വിപുലീകരണം മാത്രമാണ്. അന്ന് പദ്ധതികൾ എത്രത്തോളം ഫലപ്രദമായോ അല്ലാതെയോ നടപ്പാക്കി എന്നതു മാത്രമാണ് പ്രധാനം. ഭരണത്തിന്‍റെ മൂല്യമളക്കുന്നത് നടപ്പാക്കലിലൂടെയാണ്, പേര് മാറ്റത്തിലൂടെയല്ല. കടമെടുക്കൽ എത്ര ഉച്ചത്തിൽ പരസ്യം ചെയ്താലും, അത് ആശയങ്ങളുടെ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നത്.

ഒക്റ്റോബർ രണ്ടിന് രാജ്ഘട്ടിൽ ആചാരപരമായ പുഷ്പചക്രം അർപ്പിക്കുന്നത് ഒഴിച്ചുനിർത്തിയാൽ, മഹാത്മാ ഗാന്ധി ഒരിക്കലും യഥാർഥത്തിൽ ഒരു ബിജെപി ഐക്കൺ ആയിരുന്നില്ല. നാഥുറാം ഗോഡ്‌സെ പരസ്യമായി വാഴ്ത്തപ്പെടുന്ന കാലഘട്ടത്തിൽ, ഗ്രാമീണ മേഖലകളിൽ തൊഴിൽ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു പദ്ധതിയിൽ നിന്ന് ഗാന്ധിയുടെ പേര് മായ്ച്ചുകളയാൻ ബിജെപി തീരുമാനിച്ചതിൽ അദ്ഭുതപ്പെടാനില്ല. കൃഷിപ്പണി മുതൽ ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള കനാൽ, റോഡ് നിർമാണം വരെ, ദശലക്ഷക്കണക്കിന് ദരിദ്രരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുമ്പോൾ തന്നെ, ഈ പരിപാടി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.

പേരുമാറ്റത്തിന്‍റെ വ്യാഖ്യാനങ്ങളിൽ വ്യക്തമായ ഒരു വൈരുദ്ധ്യം കാണാം. ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം ഗവൺമെന്‍റ് ഉദ്ധരിക്കുമ്പോഴും, ഈ പദ്ധതി, വികേന്ദ്രീകരണത്തെ അതിന്‍റെ അന്തഃസത്തയിൽ തന്നെ ദുർബലപ്പെടുത്തുന്നു. പഴയ പദ്ധതി പ്രകാരം ഉണ്ടായിരുന്ന കേന്ദ്രത്തിന്‍റെ വിഹിതം 90 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചു, ഇത് കേന്ദ്ര നയങ്ങളാൽ സാമ്പത്തികമായി ഞെരുക്കപ്പെടുന്ന സംസ്ഥാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഒരു തൊഴിൽ പദ്ധതി നടപ്പാക്കാൻ പോലും സംസ്ഥാനങ്ങൾ ഫണ്ടിനായി കെഞ്ചേണ്ടി വരുന്നതോടെ ഫെഡറലിസം വെറും ചടങ്ങായി മാറുന്നു. ഗാന്ധിയുടെ ഗ്രാമസ്വരാജ് വികേന്ദ്രീകൃത അധികാരത്തിനും സ്വയംപര്യാപ്തതയ്ക്കും സമഗ്രമായ സാമൂഹിക വികസനത്തിനും വേണ്ടിയുള്ളതായിരുന്നു. എന്നാൽ, പുതിയ നിർദേശം ഈ തത്വങ്ങളോരോന്നിനെയും അവയുടെ അടിത്തറയിൽ തന്നെ തകർക്കുന്നു.

ഒരിക്കൽ ആവശ്യധിഷ്ഠിതമായിരുന്ന ഒരു പദ്ധതി ഇപ്പോൾ അലോക്കേഷൻ അധിഷ്ഠിതമായി പുനർനിർമിക്കപ്പെടുന്നു. കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ ബജറ്റ് പിന്തുണ ക്രമാനുഗതമായി കുറഞ്ഞു, ഒടുവിലത്തെ ബജറ്റിലെ പെട്ടെന്നുള്ള വർധന ഒരു തെറ്റുതിരുത്തലിനേക്കാൾ വലിയൊരു പുനർരൂപകൽപ്പനയുടെ മുന്നോടിയായിരുന്നു. 100 ദിവസത്തെ നിയമപരമായ ഗ്യാരന്‍റി, വെറും ഏഴ് ശതമാനം കുടുംബങ്ങൾ മാത്രം നേടുകയും രാജ്യവ്യാപകമായി ശരാശരി 45 ദിവസം മാത്രം ലഭിക്കുകയും ചെയ്യുന്നത് ഇപ്പോൾ 125 ആയി ഉയർത്തിയിരിക്കുന്നു. ഇത് ഘടനാപരമായ പരാജയങ്ങളെ സ്പർശിക്കാതെ തൊഴിൽ വിപുലീകരിച്ചുവെന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു. മോശമായ കാര്യം, ഡിജിറ്റൽ അറ്റൻഡൻസ് വെരിഫിക്കേഷൻ മുതൽ ആധാർ ലിങ്ക്ഡ് പേയ്മെന്‍റുകൾ വരെയുള്ള 'ടെക് പരിഷ്കാരങ്ങൾ' ഗുണഭോക്താക്കളുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുക മാത്രമാണ് ചെയ്തത്, അവകാശത്തെ ഒഴിവാക്കലായി മാറ്റുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനയിലായിരുന്ന തൊഴിലിന്‍റെ സ്വഭാവം പോലും ഇനി കേന്ദ്രം നിശ്ചയിക്കും. മുൻകാല ചരിത്രം പരിശോധിച്ചാൽ, രാഷ്ട്രീയ നേട്ടം കൊയ്യാൻ കഴിയുന്ന സംസ്ഥാനങ്ങളിലേക്ക് അലോക്കേഷനുകൾ തിരിച്ചുവിടുമെന്നതിൽ സംശയമില്ല. കാർഷിക സീസണിൽ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഇളവുകൾ, കുറഞ്ഞ കൂലിക്ക് കൂടുതൽ തൊഴിലാളികളെ ലഭിക്കുന്ന വൻകിട ഭൂവുടമകൾക്കു മാത്രമേ സഹായകമാകൂ.

നിർദിഷ്ട ബിൽ ഒരു വലിയ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്, അത് അവകാശപ്പെടുന്ന മഹാത്മാവിന്‍റെ ആശയങ്ങളുമായി അതിനു വലിയ ബന്ധമൊന്നുമില്ല. കോൺഗ്രസ് അംഗങ്ങൾ പാർലമെന്‍റിൽ ഗാന്ധിയുടെ ചിത്രം ഉയർത്തിയപ്പോൾ ഭരണപക്ഷം നേരിട്ടത് 'ജയ് റാം' വിളികളോടെയാണ്; പദ്ധതിയുടെ പേരിൽ റാം (RAM) എന്ന് ചേർത്തത് തന്നെ വലിയൊരു നീതീകരണമാണെന്ന മട്ടിൽ!

ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ദേശീയത, ഇന്ത്യയുടെ നാഗരിക ധർമത്തിൽ നിന്ന് വേർപെടുത്തപ്പെട്ടതാണ്, പകരം കേന്ദ്രീകൃത അധികാരത്തിന്‍റെയും അടിച്ചേൽപ്പിക്കപ്പെട്ട ഏകരൂപത്തിന്‍റെയും കടമെടുത്ത പാശ്ചാത്യ ആശയങ്ങളെയാണ് ഇത് അനുകരിക്കുന്നത്. ഭരണഘടനയോടു പോലും അവഗണനയാണ് കാണിക്കുന്നത്. പാർലമെന്‍റ് മറിച്ചൊരു തീരുമാനമെടുക്കുന്നതു വരെ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും ബില്ലുകൾ, ആക്റ്റുകൾ, റെഗുലേഷനുകൾ തുടങ്ങിയ എല്ലാ നിയമനിർമാണ ഗ്രന്ഥങ്ങൾക്കും ഇംഗ്ലീഷ് നിർബന്ധമാണെന്ന് ആർട്ടിക്കിൾ 348 അനുശാസിക്കുന്നു. എന്നിട്ടും പുതിയ നിയമങ്ങൾ കൂടുതലായി ഹിന്ദിയിലും സംസ്‌കൃതത്തിലും തയാറാക്കുകയും മുൻഗണന നൽകുകയും ചെയ്യുന്നു, ദേശീയ ചൈതന്യം രണ്ട് ഭാഷകളിൽ മാത്രമാണ് വസിക്കുന്നത് എന്ന മട്ടിൽ ഇത് ഭരണഘടനാപരമായ ബഹുസ്വരതയെ ഒരു ഭാഷാപരമായ ലിറ്റ്മസ് ടെസ്റ്റായി ചുരുക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com