ആധാർ കാർഡ് പേഴ്സിലുണ്ടെന്ന ധൈര്യത്തിൽ റോഡിലൂടെ നടന്നുപോകുന്ന നിങ്ങളോട് "നീ ആരാടാ?' എന്നൊരു പൊലീസ് യജമാനൻ ചോദിച്ചാൽ എന്തു സംഭവിക്കും?
"ഇതു ഞാൻ!' എന്ന് ചങ്കിൽ കൈവച്ചു നിങ്ങൾ പറയുമോ?
പിന്നെന്താണ് പറയുക?
അല്ലെങ്കിൽ തിരിച്ച് അതേ ചോദ്യം അങ്ങോട്ടു ചോദിക്കണം.
അതുമല്ലെങ്കിൽ ""താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, താനാരാണെന്നും ഞാന്‍ ആരാണെന്നും. അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും!'' എന്ന കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ സിനിമാ ഡയലോഗ് പ്രയോഗിക്കണം. അപ്പോൾപ്പിന്നെ ചങ്കും കരളും വേറേ ഫിറ്റു ചെയ്യേണ്ടിവരും. അതൊക്കെ ഏനക്കേടും മെനക്കേടുമാണ്.
"നീ ആരാടാ?' എന്ന പൊലീസ് ചോദ്യത്തിൽ പുതുമയൊന്നുമില്ല. പണ്ടത്തെ ഇടിയൻ നാറാപിള്ളയും ഹേഡ് കുട്ടൻപിള്ളയുമൊക്കെ പ്രജകളോടു കുശലം ചോദിച്ചിരുന്നത് ഈ വിധമായിരുന്നുവല്ലോ.
"അടിയനൊരു വഴിപോക്കനാണേ, ഉപദ്രവിക്കരുതേ, യേമാനേ!' എന്ന് തോളത്തെ തോർത്തെടുത്ത് അരയിൽ കെട്ടി താണുതൊഴുതു പറഞ്ഞാൽ അക്കാലത്ത് തടി കേടാകാതെ നമുക്ക് രക്ഷപെടാമായിരുന്നു. എന്നാൽ, ഇന്നത്തെ നവോത്ഥാന വ്യവസ്ഥിതിയിൽ സംഗതികൾ അത്ര എളുപ്പമല്ല.
നാടെങ്ങും പരിചിതനായ വിനായകൻ എന്ന മലയാളി നടനെ കണ്ടമാത്രയിൽ നമ്മുടെ യേമാന്മാർ ചുവരിലെ ഗാന്ധിയുടെ ചിത്രം സാക്ഷിയാക്കി "നീ ആരാടാ?' എന്നു ഗർജിച്ചത് നമ്മൾ കണ്ടതാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ, ആ ഗർജനത്തിന്റെ നടുക്കം മിന്നും ഉഡുകളിൽ ഇപ്പോഴും ദൃശ്യമാണ്.
ചോദ്യവും ഭേദ്യവും!
എല്ലാം അറിഞ്ഞുകൊണ്ടുള്ള ഈ ചോദ്യം ഒരു മാറാരോഗത്തിന്റെ ലക്ഷണം മാത്രമാണ്. ഉത്തരം ആഗ്രഹിക്കാത്ത ഇത്തരം ചോദ്യങ്ങൾക്ക് നാനാതരം അർഥങ്ങളുണ്ട്. അതിൽ അധികാര ധാർഷ്ട്യവും അഹംഭാവവും അസഹിഷ്ണുതയും ഒരിറ്റു ലൈംഗികതയുമുണ്ട്.
സാധാരണക്കാരനായ ഒരു ഇരയുടെ ഉടുമുണ്ടിന് പിടിച്ച് യേമാന്മാർ ഈ ചോദ്യം തുപ്പുന്നത് അവരുടെ ആന്തരിക ചോദനകളെ തണുപ്പിക്കാൻ കൂടിയാണ്. അതിനു ശേഷം ഇരയുടെ നാഭി നോക്കി ബൂട്ടു കൊണ്ട് ഒരു ചവിട്ടു കൂടി കൊടുക്കുന്നതോടെ സുഖകരമായ ഒരു പ്രക്രിയ കഴിയും. എക്കാലവും അനുവദിക്കപ്പെട്ടിട്ടുള്ള സർക്കാർ ചെലവിലുള്ള ചില്ലറ സുഖാനുഭവങ്ങളാണ് ഇതൊക്കെ എന്നു കരുതിയാൽ മതി.
കാലം എത്ര ചെന്നാലും അടിസ്ഥാന മൂല്യങ്ങൾ- "തൊഴിസ്ഥാന മൂല'കൾ - മാറുകയില്ലെന്നു പറയുന്നത് എത്ര ശരിയാണ്!
നീയും അവനും ഞാനും
വിനായകനെപ്പോലുള്ളവരോട് ഇതാണ് നയമെങ്കിൽ ഒരു മേൽവിലാസവുമില്ലാത്ത ഒരു സാധാരണക്കാരനോട് എങ്ങനെയായിരിക്കും അധികാരികളുടെ ഇടപെടലെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
"നീ ആരാടാ!' എന്ന ചോദ്യത്തിനു പിന്നാലെ ആ മനുഷ്യന്റെ കവിളിൽ അടി പൊട്ടുമെന്നതിൽ സംശയമില്ല. അതോടെ അടിയേറ്റവന്റെ അഭിമാനം കടൽ കടക്കും. ഭാര്യയുടെയും മക്കളുടെയും മുമ്പിൽ അയാൾക്ക് ഒരിക്കലും തലയുയർത്തി നിൽക്കാൻ കഴിയാതെ വരും.
അധികാരവും തണ്ടും തടിയുമുള്ള ഒരു മനുഷ്യൻ മറ്റൊരു ഗതികെട്ട മനുഷ്യനെ നോക്കി "നീ ആരാടാ!' എന്ന് ആക്രോശിക്കുമ്പോൾ, ആ നിമിഷത്തിൽ ഇരുവരുടെയും കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ - എന്തൊക്കെ വികാര, വിചാരങ്ങളായിരിക്കും ഉദിച്ചസ്തമിച്ചിട്ടുണ്ടാവുക!
കോപ - താപങ്ങളുടെ യുദ്ധക്കളം
ഈ കോപവും താപവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇവിടെ നിത്യവും നടക്കുന്നത്. തിരക്കേറിയ നടുറോഡിലൂടെ പോകുന്ന ബസ് തടഞ്ഞുനിർത്തി ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർക്കുന്നതിനും പ്രേമം നിരസിച്ച പെണ്ണിനെ പിന്നാലെ പോയി വകവരുത്താൻ നോക്കുന്നതിനും നടുറോഡിലെ പ്രാകൃതമായ ശക്തിപ്രകടനത്തിനുമൊക്കെ കാരണം ഇത്തരം ഏറ്റുമുട്ടലുകളുടെ തുടർചലനങ്ങളാണ്.
ഈ രീതിയിൽ പല അസംബന്ധങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആത്മാഭിമാനമില്ലാത്ത ഒരു സമൂഹവും നാനാവിധ താത്പര്യങ്ങളുള്ള രാഷ്ട്രീയവും അരാഷ്ട്രീയവുമായ അധികാരകേന്ദ്രങ്ങളും ദല്ലാളുകളും രൂപപ്പെടുകയായി.
പൊറോട്ടയും എല്ലുറപ്പും
യേമാൻമാരുടെ ചോദ്യങ്ങളോട് യുവത്വം എങ്ങനെ പ്രതികരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ടെലിവിഷൻ ചാനലുകളും പൊറോട്ടയും കൊണ്ട് തൃപ്തമാകുന്ന യുവത്വത്തേക്കാൾ ദയനീയമായി മറ്റെന്താണുള്ളതെന്ന് എം.എൻ. വിജയൻ ഖേദിച്ചിട്ടുണ്ട്.
പൊറോട്ട തിന്നാൽ എല്ലുറപ്പും പല്ലുറപ്പും കിട്ടുമെന്നാണ് പലരും കരുതുന്നത്. കസബ പൊലീസ് സ്റ്റേഷനിൽ
ഇടിയൻ നാറാപിള്ളമാരുടെ ചോദ്യങ്ങളെ നേരിട്ട ബഷീറിന്റെ എല്ലുറപ്പ് ഇന്ന് പലരിലും കാണ്മാനില്ല.
ഒരൊന്നൊന്നര ചോദ്യം!
"നീ ആരാണ്?' എന്നത് ചെറിയ ചോദ്യമല്ല എന്നർഥം. ശരിക്കു പറഞ്ഞാൽ അത് ഒരൊന്നൊന്നര ചോദ്യമാണ്. ശരീരത്തെയും ആത്മാവിനെയും ഭേദിക്കുന്ന സെൽഫ് ലോഡഡ് ക്വസ്റ്റ്യനാണ്.
"നീ ആരാണ്? " എന്ന ചോദ്യത്തിനുപകരം "ഞാൻ ആരാണ്?' എന്ന് ആരായുന്ന ഒരവസ്ഥയാണ് യഥാർഥ അന്വേഷണത്തിന്റെ തുടക്കം. "എന്നെ തിരയുന്ന ഞാൻ' എന്നാണ് മഹാകവി പി. കുഞ്ഞിരാമൻ നായരുടെ അനുഭവ ചിന്തകളുടെ പേര്. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ പുസ്തകത്തിന്റെ പേര് "ഞാൻ' എന്നും!
അങ്ങനെ നോക്കുമ്പോൾ ഈ കർമഭൂമിയിൽ എത്രയോ അന്വേഷികൾ വന്നു മടങ്ങി!
ആത്മാവിന്റെ അന്വഷണം
"താനാരുവ്വാ?' എന്ന് മുള്ളുവച്ച ചോദ്യത്തിന് "അഹം ബ്രഹ്മാസ്മി' - അതായത്, ഞാൻ ബ്രഹ്മമാണ് - എന്ന ഉത്തരത്തിനും സ്കോപ്പുണ്ട്.
കാശിയിലെ ഗംഗാതീരത്തു കണ്ട ചണ്ഡാളനോട് "ആരാണ് നീ' എന്ന് ആദിശങ്കരൻ ചോദിക്കുന്നു. ഏതാണ്ട് ഇതേ ചോദ്യമാണ് ചണ്ഡാളരൂപനായ ശിവനും ഉരുളയ്ക്ക് ഉപ്പേരിയെന്നോണം ചോദിക്കുന്നത്. ഒടുവിൽ ഇതൊരു തത്വശാസ്ത്ര ചർച്ചയായി മാറുന്നു.
ഓണത്തിരുമുറ്റത്തു നിന്ന മഹാബലി "താനാരാണ്?' എന്ന് കവിയോടു ചോദിച്ചതിന്റെ ഉത്തരമാണ് "ബലിദർശനം' എന്ന അക്കിത്തത്തിന്റെ മഹാകാവ്യം. താനാരെന്ന് അതുവരെ ചിന്തിക്കാന്‍ മിനക്കെടാതിരുന്ന കവി തന്നെക്കുറിച്ചും മനുഷ്യരാശിയെക്കുറിച്ചും മനനം ചെയ്തു തുടങ്ങി. അതിപുരാതനമായ ഭാരതഖണ്ഡത്തിലെ സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും പിന്മുറക്കാരനാണ് താൻ എന്നായിരുന്നു കവിയുടെ ഉത്തരം.
"നീ ആരാണ്?' എന്ന ചോദ്യത്തിന് എതിർപ്പിന്റെ പ്രവാചകനായിരുന്ന പി. കേശവദേവും ഉത്തരം പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്: ""ജീവിതത്തെ സ്നേഹിച്ചും മരണത്തെ ധിക്കരിച്ചും ജീവിക്കുന്ന ഈ ഭൂമിയിലെ കോടാനു കോടികളിൽ ഒരു മനുഷ്യനാണ് ഞാൻ''.
"ഞാൻ ആരാണ്, നാണു നായരേ? എന്റെ പേരെന്താണ്?' എന്നന്വേഷിച്ച് ഉഴറി നടക്കുന്ന ഒരു മനുഷ്യന്റെ കഥ പറഞ്ഞത് എം. മുകുന്ദനായിരുന്നു.