

ബജറ്റിൽ ചെലവുകൾക്കൊപ്പം തന്നെ വരുമാന മാർഗങ്ങളെക്കുറിച്ചും സർക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്
file image
ജ്യോത്സ്യൻ|ഗ്രഹനില
വിവാഹം കഴിയുന്ന ആദ്യ ആഴ്ചകളിൽ വധൂവരന്മാർക്ക് ലഭിക്കുന്ന സ്വീകരണവും പ്രശംസകളും ചെറുതല്ല. വരന്‍റെ ഗാംഭീര്യവും വധുവിന്‍റെ പുഞ്ചിരിയും വസ്ത്രധാരണവുമെല്ലാം നാട്ടുകാരും ബന്ധുക്കളും ചർച്ചയാക്കും. എന്നാൽ, ഈ മധുവിധു കാലം കഴിഞ്ഞ് യഥാർഥ ജീവിതത്തിലേക്ക് കടക്കുമ്പോൾ അഭിനന്ദിച്ചവരൊന്നും കൂടെയുണ്ടാകില്ല; ജീവിതത്തിലെ പലവിധ വെല്ലുവിളികളെ ദമ്പതികൾ തന്നെ നേരിടണം. ഇതേ അവസ്ഥ തന്നെയാണ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിനോടും പറയാനുള്ളത്.
ഭരണകക്ഷിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനെപ്പോലെ വിരലിലെണ്ണാവുന്നവർ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം ഭരണ പരിചയമില്ലാത്ത ചെറുപ്പക്കാരാണ്. ഒരു പഞ്ചായത്ത് മെംബറോ മന്ത്രിയോ പോലുമാകാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തിയ ആളാണ് സതീശൻ. 102 എംഎൽഎമാരുടെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ ഈ വിസ്മയത്തിന് തിളക്കമേറി. തുടക്കത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ ആരും കാര്യമാക്കിയെന്ന് വരില്ല, എന്നാൽ മാസങ്ങൾ കഴിയുമ്പോൾ ചെറിയ പാളിച്ചകൾ പോലും വലിയ വിചാരണകൾക്ക് വഴിവയ്ക്കും.
തെരഞ്ഞെടുപ്പ് കാലത്തെ വൻ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാകുമെന്ന് ജനങ്ങൾ വിശ്വസിക്കാറില്ലെങ്കിലും, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന പദ്ധതികളെ അവർ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ധവളപത്രവും പിന്നാലെ പുതിയ ബജറ്റും വന്നതോടെ നേട്ടങ്ങൾ കൊട്ടിഘോഷിച്ച് ഭരണകക്ഷി എംഎൽഎമാർ മണ്ഡലങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്.
സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത പല പ്രഖ്യാപനങ്ങളും ജനങ്ങളുടെ കൈയടി നേടിയിട്ടുണ്ട്. സിനിമ, ടൂറിസം മേഖലകൾക്ക് വ്യവസായ പദവി നൽകിയത് ആ രംഗത്തുള്ളവർക്ക് വലിയ ആശ്വാസമാണ്. കൊച്ചിയിൽ ജെ.സി. ഡാനിയൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നടൻ സലിം കുമാറിന് സ്മാരകം, ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി, ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും, മുൻ മന്ത്രിമാരായ ആർ. ശങ്കർ, പനമ്പിള്ളി ഗോവിന്ദ മേനോൻ എന്നിവർക്ക് സ്മാരകങ്ങൾ എന്നിവ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളാണ്. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ഉന്നത വിദ്യാഭ്യാസ ഹബ്ബ്, ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, മുസിരീസ് പൈതൃക പദ്ധതി, ഗ്ലോബൽ കൺവെൻഷൻ സെന്‍റർ, ബോൾഗാട്ടി പാലസിന് സമാന്തര പാലം എന്നിവയും ശ്രദ്ധേയമാണ്.
എന്നാൽ, കേരളത്തിന്‍റെ വികസനത്തിന് അടിത്തറയിട്ട കെ. കരുണാകരനെപ്പോലൊരു നേതാവിനെ ബജറ്റിൽ പൂർണമായി വിസ്മരിച്ചത് എന്തു കൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ), കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, വൈപ്പിനിലേക്കുള്ള മൂന്നു ഗോശ്രീ പാലങ്ങൾ, കായംകുളം താപനിലയം എന്നിവയെല്ലാം കരുണാകരന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമാണ്. അദ്ദേഹത്തിന്‍റെ മകനെ മന്ത്രിസഭയിൽ എടുത്തതുകൊണ്ടു മാത്രം കരുണാകരന്‍റെ അനുയായികൾ തൃപ്തരാകും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ?
തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ രണ്ടു മെഡിക്കൽ കോളെജുകൾ പ്രഖ്യാപിച്ചത് നല്ലതു തന്നെ, എന്നാൽ നിലവിലുള്ള സർക്കാർ മെഡിക്കൽ കോളെജുകളുടെ നിലവാരം ഇനിയും മെച്ചപ്പെടാനുണ്ട്. ടൂറിസത്തിൽ "ദൈവത്തിന്‍റെ സ്വന്തം നാടായ' കേരളത്തിൽ ഇപ്പോഴും "ശുചിത്വ കേരളം' എന്നത് യാഥാർഥ്യമായിട്ടില്ല. ലോകത്തെ പ്രധാന ടൂറിസം നഗരങ്ങളെല്ലാം ശുചിത്വമുള്ളവയാണ്; ഈ കുറവ് പരിഹരിക്കാതെ വിനോദസഞ്ചാര വളർച്ച സാധ്യമല്ല.
വൻകിട വികസന പദ്ധതികൾക്ക് ഇനി സർക്കാരില്ലെന്നും, അതെല്ലാം സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകുകയാണെന്നുമാണ് ബജറ്റ് വ്യക്തമാക്കുന്നത്. എന്നാൽ സ്വകാര്യ മൂലധനം ആകർഷിക്കാൻ അനുയോജ്യമായ അന്തരീക്ഷം നാട്ടിലുണ്ടാകണം. സെക്രട്ടേറിയേറ്റിന്‍റെ മുഖ്യവാതിൽ എപ്പോഴും തുറന്നിടും എന്ന് കൊട്ടിഘോഷിച്ചവർക്ക്, ഇപ്പോൾ അത് അടയ്ക്കാനും തുറക്കാനും പ്രത്യേക പൊലീസ് സേനയെ കാവൽ നിർത്തേണ്ടി വരുന്നത് വൈരുധ്യമാണ്. സ്വകാര്യ നിക്ഷേപം എന്ന ഒരൊറ്റമൂലി കൊണ്ടു മാത്രം കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി മുരടിച്ചുനിൽക്കുന്ന കേരളത്തിന്‍റെ വ്യവസായ- വിദ്യാഭ്യാസ- ടൂറിസം മേഖലകൾ പെട്ടെന്നു വളരില്ല.
ഒരു സർക്കാരിന്‍റെ വിജയത്തിന്‍റെ മാനദണ്ഡം മാർക്കുകളാണല്ലോ. രാഷ്‌ട്രീയ പക്ഷഭേദമില്ലാതെ സാമ്പത്തിക വിദഗ്ധർ ഈ ബജറ്റിന് നൽകിയ മാർക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും: ഡോ. മേരി ജോർജ് -7.5/10, സുജാ ചാണ്ടി, പ്രമുഖ എക്കണോമിസ്റ്റ്-7/10, ഡോ. ജോസ് സെബാസ്റ്റ്യൻ (ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ-5/10. ബജറ്റിൽ ചെലവുകൾക്കൊപ്പം തന്നെ വരുമാന മാർഗങ്ങളെക്കുറിച്ചും സർക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. ഈ സാമ്പത്തിക വ്യക്തതയില്ലെങ്കിൽ, കേരളത്തിന്‍റെ വികസന കുതിപ്പിന്‍റെ അതിവേഗ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിൽക്കുമെന്നാണ് ജോത്സ്യന് പറയാനുള്ളത്.