ക്യാംപസിലും കുടുംബത്തും റാഗിങ്

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായ റാങ്കിങ് ആശങ്ക ഉളവാക്കുന്നതാണ്. കുടുംബങ്ങളില്‍ നവദമ്പതികള്‍ റാഗിങ്ങിനു സമാനമായ ക്രൂരകൃത്യങ്ങള്‍ക്കു വിധേയരാകുന്നതും ആശങ്കാജനകം
Ragging surge in Kerala in campuses and even in families
ക്യാംപസിലും കുടുംബത്തും റാഗിങ്
Updated on

വിജയ് ചൗക്ക് | സുധീര്‍ നാഥ്

സമീപകാലത്ത് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായി നടക്കുന്ന റാങ്കിങ്ങുകള്‍ ആശങ്ക ഉളവാക്കുന്നതാണ്. കുടുംബങ്ങളില്‍ നവദമ്പതികള്‍ റാഗിങ്ങിന് സമാനമായ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതും ആശങ്ക ഉളവാക്കുന്ന ഒന്നാണ്. റാഗിങ് എന്നാല്‍ പുതുതായി വരുന്ന വിദ്യാർഥികളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്ന ഒന്നാണെന്നാണ് പറയുന്നത്. തുടക്കക്കാരനോ അല്ലാത്തതോ ആയ ഏതു വിദ്യാര്‍ഥിയോടും വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടല്‍ എന്നാണ് യു.ജി.സി. റാഗിങിനെ നിര്‍വചിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് കുടുംബങ്ങളില്‍ നവദമ്പതികള്‍ പെരുമാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗന്ദര്യമില്ല, നിറമില്ല, വരുമാനമില്ല, സ്റ്റാറ്റസിന് ചേര്‍ന്നതല്ല എന്നൊക്കെ പറഞ്ഞ് ക്രൂരപീഡനത്തിനോ മാനസിക വേട്ടയാടലിനോ ഇടയാക്കുന്ന വാര്‍ത്തകളും നമ്മള്‍ സമീപകാലത്ത് വായിച്ചിരുന്നല്ലോ. ഇവിടെ വധുവും, വരനും പരസ്പരം പഴിചാരുന്ന സാഹചര്യമുണ്ട്.

വിദ്യാർഥികളും നവ വധുവും, വരനും ആത്മഹത്യയിലേക്ക് കടത്തിവിടുന്ന സാചര്യങ്ങളാണ് പലപ്പോഴും ഇത്തരത്തിലുള്ള റാഗിങ്ങുകളുടെ ഫലമായിട്ടുണ്ടാകുന്ന്. മാനസികമായി വ്യക്തികളെ തളര്‍ത്തുന്ന പല നടപടികളും ഇത്തരം റാഗിംഗങ്ങളിലൂടെ ഉണ്ടാകുന്നു എന്നുള്ളതാണ് മാനസിക ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത്. മാനസികമായി കരുത്തുള്ളവരായിരിക്കില്ല റാഗിങ്ങിന് വിധേയരാകുന്ന എല്ലാവരും. അതാണ് അപകടകരമായ കാര്യം. ദുര്‍ബല മനസുള്ളവര്‍ക്ക് താങ്ങാവുന്നതിലും വലുതാണ് റാഗങ്ങിലൂടെ ഉണ്ടാകുന്ന സാഹചര്യങ്ങള്‍.

കോടതിയുടെയും പൊതുസമൂഹത്തിന്‍റെയും ശക്തമായ ഇടപേടലും ആവശ്യമായ നിയമനിര്‍മാണവും മൂലവും റാഗിങ് ഗണ്യമായി കുറഞ്ഞിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് റാഗിങ് പരാതികള്‍ പരിഹരിക്കാനായി ആന്‍റി റാഗിങ് ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിട്ടുമുണ്ട്. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി റാഗിങ്ങ് വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു. വിദ്യാലയങ്ങളില്‍ മാത്രമല്ല കുടുംബങ്ങളിലേയ്ക്കും റാഗിങ്ങിന്‍റെ സ്വഭാവം പടരുന്നു. മറ്റൊരു തരത്തില്‍ നോക്കുകയാണെങ്കില്‍ വന്യമ്യഗങ്ങള്‍ നാട്ടിലേിയക്ക് വരുന്നതും റാഗിങ്ങിന്‍റെ ഫലമായി തന്നെ എന്ന് പറയാം. മനുഷ്യന്‍ വനങ്ങള്‍ കയ്യേറി റാഗിങ്ങിന് സമാനമായ നടപടികളല്ലേ ചെയ്യുന്നത്...?

റാഗിങ്ങിന് പിന്‍ബലമായുള്ളത് നമ്മുടെ നാട്ടില്‍ വ്യാപകമാകുന്ന ലഹരിയുടെ ഉപയോഗം ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രായ വ്യത്യാസമില്ലാതെയാണ് കേരളത്തില്‍ വ്യാപകമായ മയക്ക് മരുന്ന് ഉപയോഗം എന്നത് ഞെട്ടിക്കുന്ന സത്യമാണ്. അതേസമയം നമ്മുടെ ദൃശ്യ മാധ്യമരംഗത്തും, സാമൂഹ്യ മാധ്യമ രംഗങ്ങത്തും പ്രദര്‍ശിപ്പിക്കുന്ന പല പരിപാടികളിലെ ഉള്ളടക്കങ്ങളിലും ആക്രമണത്തേയും, ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വിഭവങ്ങള്‍ ഉണ്ടെന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ സ്ഥാനം വഹിക്കുന്ന പ്രേംകുമാര്‍ ഏതാനും നാളുകള്‍ക്കു മുമ്പ് മലയാള സീരിയലുകളില്‍ ചിലത് എന്‍ഡോസള്‍ഫാനെക്കാള്‍ ഭീകരമാണെന്ന് പറഞ്ഞതിന് തികച്ചും ന്യായീകരിക്കുന്ന ഒട്ടേറെ സീരിയലുകള്‍ മലയാളത്തില്‍ ഉണ്ട് എന്നുള്ളതിന് യാതൊരു സംശയവുമില്ല. നമ്മുടെ വീടുകളിലെ ചെറിയ സ്‌ക്രീനില്‍ വരുന്ന പല സീരിയലുകളും കുടുംബത്തോടെ കണ്ടിരിക്കാവുന്നതാണോ എന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.

കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ഗെയിമുകളില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും പ്രാധാന്യം കൊടുക്കുന്നുണ്ട്. തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്ന ഗെയിമുകളും തലവെട്ടി മാറ്റുന്ന ഗെയിമുകളും യുവതലമുറയുടെ മാനസിക നിലയെ തന്നെ അക്രമത്തിന്‍റെ പാതയിലേക്ക് മാനസികമായി എത്തിക്കുന്നു എന്നുള്ളതാണ് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. മൊബൈല്‍ ഗെയിമുകളിലും ഇന്‍റര്‍നെറ്റ് ഗെയിമുകളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സ്ഥിരമായി ചെയ്യുന്നതില്‍ യുവതലമുറ ഏറെ താല്‍പര്യം കാണിച്ചു വരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. സ്‌ക്രീനുകളില്‍ നിന്ന് യഥാർഥ ജീവിതത്തിലേക്ക് ഇവര്‍ സമാനമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അതിന്‍റെ മുഖ്യകാരണം അവര്‍ അടിമപ്പെട്ടു പോയ ഇത്തരം ഗെയിമുകള്‍ തന്നെയായിരിക്കും. ഗെയിം നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ പുറത്തിറക്കുന്നതും ഇത്തരത്തിലുള്ള ക്രൂരതയുടെ പര്യായങ്ങളിലേക്കാണ് എന്നുള്ളത് വലിയ കുറ്റകരമായ പ്രവര്‍ത്തി തന്നെയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നുള്ളതിന് ഒരു ന്യായീകരണവും ഇല്ല. ഇത് തടയുവാന്‍ നമ്മുടെ സമൂഹത്തില്‍ നിയമങ്ങളും ശക്തമല്ല എന്നുള്ളത് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

കൊലയും, ആക്രമണവും, കൊള്ളയും തുടങ്ങിയ ക്രൂരമായ നടപടികളോട് യുവതലമുറയ്ക്ക് വെറുപ്പുളവാക്കുന്നില്ല എന്നുള്ളതും നമ്മള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതാണ്. എന്ത് ക്രൂര നടപടികള്‍ ചെയ്യുവാനും ഒരു മടിയുമില്ലാത്ത പുതുതലമുറ എങ്ങനെ ഉണ്ടായി എന്നുള്ളത് നമ്മള്‍ പഠിക്കേണ്ടതാണ്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ മാറ്റിയെടുക്കേണ്ടത് സമൂഹത്തിന്‍റെ നന്മയ്ക്ക് ആവശ്യവുമാണ്. റാഗിങ്ങുകള്‍ ചെയ്യുന്നവര്‍ തന്നെയാണ് പില്‍ക്കാലത്ത് സ്വന്തം മാതാപിതാക്കളെ പോലും അതിക്രൂരമായി ചെയ്യുന്നത് എന്നുള്ളത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രൂരമായ നടപടികള്‍ ചെയ്യുന്നതിന് പുതിയ തലമറയ്ക്ക് ഒരു മാനസിക സംഘര്‍ഷവും ഇല്ലാത്ത മനസ് പാകപ്പെടുത്തി എടുക്കുന്നതിന് റാഗിങ്ങുകള്‍ വലിയ പങ്കു വഹിക്കുന്നു എന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ റാഗിങ്ങുകള്‍ അതിശക്തമായി തടയുന്നതിന്‍റെ ആവശ്യം സമൂഹത്തിന്‍റെ നന്മയുടെ ഭാഗമായി കണക്കാക്കുകയും വേണം.

ക്രൂരതയില്‍ സുഖം കാണുന്നവര്‍ നമുക്കിടയിലുണ്ട്. മാസോക്കിസവും സാഡിസവും വേദന ആസ്വദിക്കുന്നതിനെ കുറിച്ചാണ്. മാസോക്കിസം എന്നത് വേദന അനുഭവിക്കുന്നതിന്‍റെ ആനന്ദത്തെ സൂചിപ്പിക്കുന്നു. സാഡിസം എന്നത് മറ്റൊരാളില്‍ വേദന വരുത്തിവെക്കുന്നതിന്‍റെ ആനന്ദത്തെ സൂചിപ്പിക്കുന്നു. ഇങ്ലീഷില്‍ ആയിരക്കണക്കിന് അത്തരം പദങ്ങളുണ്ട്. യഥാർഥവും സാങ്കല്‍പ്പികവുമായ ആളുകളുടെ പേരുകളില്‍ നിന്നാണ് ഇത്തരം പേരുകള്‍ ഉണ്ടായത് എന്ന് കാണാം. 19-ാം നൂറ്റാണ്ടിലെ ജര്‍മന്‍ നോവലിസ്റ്റായ ലിയോപോള്‍ഡ് വോണ്‍ സാച്ചര്‍-മസോക്കിന്‍റെ പേരില്‍ നിന്നാണ് മാസോക്കിസം വരുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ മാര്‍ക്വിസ് ഡി സേഡിന്‍റെ പേരില്‍ നിന്നാണ് സാഡിസം വരുന്നത്.

നമ്മുടെ കേരളത്തില്‍ മനുഷ്യ ജീവന്‍റെ ദൈര്‍ഘ്യം കൂടി വരുന്നതായി കാണാം. നമ്മുടെ നാട്ടില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണവും അതുകൊണ്ട് തന്നെ കൂടി വരുന്നതായി മനസിലാക്കണം. മുതിര്‍ന്ന പൗരന്മാര്‍ ഏറ്റവും അധികം ക്രൂരമായ പീഡനത്തിനും അവര്‍ക്കെതിരെയുള്ള ക്രൂരമായ പെരുമാറ്റത്തിനും ഇടവരുന്നത് സ്വന്തം മക്കളില്‍ നിന്ന് തന്നെയാണ്. ആണ്‍മക്കളില്‍ നിന്നാണ് ഇത് കൂടുതലായി ഉണ്ടാകുന്നത് എന്ന് സാമൂഹ്യനീതി വകുപ്പിന്‍റെ നാഷണല്‍ ഹെല്‍പ് ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റി സെന്‍റര്‍ കേരളത്തിന്‍റെ 2023 24 വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. 38 ശതമാനം ആണ്‍മക്കളില്‍ നിന്നും 15 ശതമാനം മരുമക്കളില്‍ നിന്നും മരുമകനില്‍ നിന്നുമാണ് മുതിര്‍ന്ന പൗരന്മാര്‍ ക്രൂരമായ ഇത്തരം പെരുമാറ്റങ്ങള്‍ നേരിടുന്നത് എന്നണ് പഠന റിപ്പോര്‍ട്ട്. ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായ പെരുമാറ്റം അവഗണനയും ഈ ക്രൂര പെരുമാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

ക്യാംപസുകളില്‍ റാഗിങ്ങുകള്‍ കൂടുന്നതിന് കാരണം ജൂനിയര്‍ വിദ്യാർഥികളില്‍ നിന്ന് പണപ്പിരിവ് നടത്തുക എന്നുള്ള ലക്ഷ്യത്തിലാണ്. സീനിയര്‍ വിദ്യാർഥികള്‍ക്ക് ലഹരി ഉപയോഗത്തിന് പണം കണ്ടെത്തേണ്ട ഒരു സാഹചര്യം ഉണ്ടാകുന്ന അവസരത്തിലാണ് അവര്‍ റാഗിങ്ങുകള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ജൂനിയര്‍ വിദ്യാർഥികള്‍ സീനിയര്‍ വിദ്യാർഥികള്‍ക്ക് പണം നല്‍കേണ്ട സാഹചര്യം കേരളത്തിലെ ക്യാംപസുകളില്‍ സമീപകാലത്ത് വ്യാപകമാണെന്ന് പറയപ്പെടുന്നു. ഇതിനെതിരെ ശക്തമായ നിയമം നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യം അതിക്രമിച്ചിരിക്കുകയാണ്. ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ഇത് കാരണമാകും എന്ന് പറയുന്നു.

ക്യാംപസില്‍ ആയാലും കുടുംബത്തിലായാലും ക്രൂരമായ നടപടികള്‍ക്ക് പിന്നില്‍ ലഹരിയുടെ ഉപയോഗമാണ് എന്നുള്ളത് ഒരു സത്യമാണ്. കേരളത്തില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടിയാണ് ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുവാന്‍ വേണ്ടത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരേണ്ട വളരെ സമയമാണ് ഇപ്പോള്‍ എന്ന ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണ് ചെയ്യുവാന്‍ സാധിക്കൂ. നമ്മുടെ നാടിനെ രക്ഷിക്കാന്‍ ഓരോ പൗരന്മാരും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുവരണമെന്നുള്ള അഭ്യർഥന മാത്രമാണ് നടത്തുവാന്‍ ഉള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com