
"നാല് കുട്ടികള്‍ എന്റെ അടുത്തേക്ക് വന്നു. അവര്‍ യാചകരായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ തണുത്ത് വിറക്കുന്നുണ്ടായിരുന്നു.ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചു. എനിക്കൊപ്പമുണ്ടായിരുന്ന ആൾ പറഞ്ഞു: "അവരുടെ ദേഹത്ത് അപ്പടി ചെളിയാണ്, കെട്ടിപ്പിടിക്കരുത്...' എന്നെയും താങ്കളെയുംകാൾ വൃത്തി അവർക്കുണ്ടെന്ന് എനിക്ക് അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടി വന്നു. അവര്‍ക്ക് ധരിക്കാന്‍ സാധിക്കാത്ത ജാക്കറ്റും കമ്പിളിയും ഞാനും ഉപേക്ഷിക്കുകയായിരുന്നു.'-ഇന്ത്യയിലെ ഏതെങ്കിലും ഒരു നേതാവിന് ഇതുപോലെ ജനക്കൂട്ടത്തോട് പറയാനാവുമോ?
എനിക്കന്ന് 14 വയസ്. സ്കൂളിലെ ഭൂമിശാസ്ത്ര ക്ലാസിലായിരുന്നു, അപ്പോൾ. അധ്യാപിക പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ എന്തെങ്കിലും തെറ്റിന് ചൂരലടിയേൽക്കാനാവുമെന്നാണ് കരുതിയത്. ഹെഡ്മാസ്റ്റർ പറഞ്ഞതിങ്ങനെ: "വീട്ടിൽ നിന്ന് ഫോണുണ്ടായിരുന്നു. അമ്മയുടെ കൂടെ ജോലി ചെയ്ത സ്ത്രീയായിരുന്നു വിളിച്ചത്. അവർ പറഞ്ഞത് മുത്തശ്ശിക്ക് വെടിയേറ്റു എന്നാണ്. സഹോദരി പ്രിയങ്കയേയും കൂട്ടി വീട്ടിലെത്തിയപ്പോൾ മുത്തശ്ശിയുടെ രക്തം തളം കെട്ടിക്കിടക്കുന്ന സ്ഥലം കണ്ടു...
ആറേഴ് കൊല്ലം കഴിഞ്ഞു. അപ്പോൾ, അമെരിക്കയിലായിരുന്നു. ഒരു മെയ് 21. വീണ്ടും ഫോൺ. അച്ഛന്റെ കൂട്ടുകാരനാണ്. "രാഹുൽ, മോശം വാർത്തയാണ്'. അത്രയും കേട്ടപ്പോൾ തന്നെ അച്ഛൻ മരിച്ചെന്ന് മനസിലായി. "ഞാൻ ഈ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മനസിലാവില്ല. പക്ഷെ, കാശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അവരുടെ വീട്ടുകാർക്കും മനസിലാവും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. ഈ സങ്കടങ്ങൾ പങ്കുവയ്ക്കാനായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി ജനങ്ങളോടൊപ്പം പദയാത്ര നടത്തിയത്...
ഇങ്ങനെ സംസാരിക്കാൻ കഴിയുന്ന ഒരാളേയുള്ളൂ. ആ ആളെയാണ് ഇന്ത്യയിലെ ഭരണപക്ഷം ഇതുവരെ "പപ്പുമോൻ' എന്നുവിളിച്ച് കളിയാക്കിക്കൊണ്ടിരുന്നത്. സ്ഥിരതയില്ലാത്ത, കഠിനാധ്വാനി അല്ലാത്ത നേതാവെന്നു പറഞ്ഞ് അണികൾ പോലും അവിശ്വസിച്ചു, നിർണായക ഘട്ടത്തിൽ വിദേശവാസത്തിന് പോകുന്നവൻ എന്ന് കുറ്റപ്പെടുത്തി. അതങ്ങനെ തന്നെ ആയിരുന്നു എന്നതാണ് വാസ്തവം.
രാഹുൽഗാന്ധി എന്ന നെഹൃകുടുംബത്തിന്റെ ഒസ്യത്തുമായി കോൺഗ്രസ് പ്രസിഡന്റായ ആളെപ്പറ്റി അങ്ങനെയേ പറയാൻ കഴിയുമായിരുന്നുള്ളൂ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് രാജ്യഭാരം പാരമ്പര്യാവകാശമായി കിട്ടുമെന്ന് വലിയൊരു വിഭാഗം കരുതിയ ചക്രവർത്തികുമാരൻ. എന്നാൽ,പറഞ്ഞതും കേട്ടതുമല്ലാതെ ഇന്ത്യ എന്ന മഹാസംസ്കൃതിയേയും അവിടത്തെ ജനങ്ങളെയും വേണ്ടത്ര പരിചയമില്ലാതെ എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായപ്പോൾ ചെങ്കോലും സിംഹാസനവും മാത്രമല്ല, കാൽക്കീഴിലെ മണ്ണും ഒലിച്ചുപോവുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടിവന്ന പഴയ കഥകളിലെ രാജകുമാരന്റെ അവസ്ഥയായിരുന്നു അദ്ദേഹത്തിന്.
ഉപജാപക സംഘങ്ങൾ കുഴിയിൽ ചാടിച്ചതോടെ ആരെ കൊള്ളണം, ആരെ തള്ളണം എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതി. ഇപ്പോഴും അതിലൊന്നും വലിയ മാറ്റം വന്നു എന്ന് കരുതാനാവില്ല. എങ്കിലും, ഇന്ത്യ എന്താണെന്നറിയാൻ ആ രാജകുമാരൻ എടുത്ത തീരുമാനം ചരിത്രപരമായിരുന്നു. 2022 സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 4,080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ട് 145 ദിവസം കൊണ്ട് ശ്രീനഗറിലെത്തി.
"ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളെജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എന്റെ മനസിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് കരുതിയത്. എന്നാൽ അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രയ്ക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷാ പ്രശ്നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ, മഹാത്മാഗാന്ധിയും എന്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിന്റെ ശക്തി നമ്മളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല. ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താനാകില്ല. കാരണം അവർക്ക് ഭയമാണ്.'- ആ വെല്ലുവിളി ബിജെപി ഏറ്റെടുക്കുമോ എന്നറിയില്ല.
നടപ്പ് രാഷ്ട്രീയ പ്രവർത്തനമാക്കിയ ആളിന്റെ രക്തസാക്ഷിത്വ ദിനത്തിലാണ്, ജനുവരി 30ന് "ഭാരത് ജോഡോ യാത്ര' എന്ന രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിപ്പിച്ചത്. മഹാത്മാ ഗാന്ധിയെപ്പോലെ ഇന്തയിലെമ്പാടും ഇറങ്ങിനടന്ന ഒരു നേതാവില്ലല്ലോ. ആ നടത്തയാണ് മോഹൻദാസ് കരംചന്ദിനെ മഹാത്മാ ഗാന്ധിയും രാഷ്ട്രപിതാവുമാക്കിയത്.
രാഷ്ട്രീയ നേതാക്കളുടെ ഭാരതയാത്രകളുടെ കൂട്ടത്തിൽ ഒടുവിലത്തേത് എൽ.കെ. അഡ്വാനിയുടെ ജനചേതനായായിരുന്നു.2011ഒക്റ്റോബർ11ന് ആരംഭിച്ച ആ റാലി 22 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും 38 ദിവസം സഞ്ചരിച്ചതാണ് നരേന്ദ്ര മോദി സർക്കാരിന് അടിത്തറയിട്ടത്. കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്രസർക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു ആ യാത്ര. അഡ്വാനിയുടെ ആദ്യദേശീയ യാത്ര അയോദ്ധ്യയിൽ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി 1990ൽ നടത്തിയ രഥയാത്രയാണ്. 1990 സെപ്തംബർ 25ന്സോമനാഥക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഒക്റ്റോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒക്റ്റോബർ 23ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് അഡ്വാനി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്.അതിനുശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എ.ബി. വാജ്പേയി സർക്കാരിനെ അധികാരത്തിലെത്തിച്ചത് ആ രഥയാത്രയായിരുന്നു.
പിന്നീട്, പ്രധാനമന്ത്രിയായ ചന്ദ്രശേഖർ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായിരിക്കെ 1983 ജനുവരി 6 മുതല്‍ ജൂണ്‍ 25 വരെ കന്യാകുമാരിയില്‍നിന്ന് ന്യൂഡല്‍ഹിയിലുള്ള ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് പദയാത്ര നടത്തി. 4,260 കിലോമീറ്റര്‍ നീളുന്നതായിരുന്നു അത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയാനും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായിരുന്നു യാത്ര.
"ആധുനിക ഇന്ത്യയുടെ ശില്പി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പ്രശസ്ത കൃതിയാണ് "ഇന്ത്യയെ കണ്ടെത്തൽ'.എന്നാൽ,പുസ്തകങ്ങൾക്കപ്പുറം "ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ്' എന്നുപറഞ്ഞ ഗാന്ധിജിയെ അറിഞ്ഞ് ഇന്ത്യയെ കണ്ടെത്തിയിരിക്കുകയാണ് നെഹൃവിന്റെ കൊച്ചുമകന്റെ മകൻ.അച്ഛൻ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും മുത്തശ്ശിയുടെ അച്ഛൻ നെഹൃവും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അതിലേയ്ക്കുള്ള നടത്തം തുടങ്ങണമെങ്കിൽ രാഹുൽഗാന്ധിക്കു മുന്നിൽ ഏറെ ദൂരമുണ്ട്.മൂന്ന് "ഭാരതരത്നം'നേടിയ കുടുംബത്തിലെ അനന്തരാവകാശി എന്നതാവും ഈ യാത്രയിൽ രാഹുൽഗാന്ധിയ്ക്കുള്ള ഇന്ത്യൻ ജനതയുടെ പാഥേയം.
പ്രതിപക്ഷമില്ലാത്ത രാജ്യം ഏകാധിപത്യത്തിലേയ്ക്കും അമിതാധികാര പ്രവണതകളിലേയ്ക്കും കുതിയ്ക്കുമെന്ന് ഉറപ്പാണ്. മികച്ച ഭരണം ഉറപ്പുവരണമെങ്കിൽ കരുത്തരായ പ്രതിപക്ഷം കൂടിയേ തീരൂ.അധികാരത്തിലെത്താനല്ല, മികച്ച പ്രതിപക്ഷമാകാനെങ്കിലും നേതൃത്വം നൽകാൻ രാഹുൽഗാന്ധിക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
"ഭാരത് ജോഡോ യാത്ര' ബിജെപിയെ ചകിതരാക്കി എന്നത് വാസ്തവമാണ്. രാഹുൽ ധരിക്കുന്നത് 41,000 രൂപയുടെ ബർബറി ടീ ഷർട്ട് ആണെന്നായിരുന്നു ബിജെപിയുടെ ആദ്യ ആരോപണം. കൊച്ചിയിലെ പ്രചാരണ ബാനറിൽ സവർക്കർ ഇടംപിടിച്ചത് മറ്റൊരു വിവാദം. യാത്ര രാജസ്ഥാനിൽ എത്തിയപ്പോൾ കൊവിഡ് ഉയർത്തി പ്രതിരോധിക്കാനായി ബിജെപി ശ്രമം. മാർച്ച് നിർത്തിവയ്ക്കണമെന്ന കേന്ദ്ര ആരോഗ്യ മന്തിയുടെ കത്തിനെ കോൺഗ്രസ് അവഗണിച്ചു. കൊടും തണുപ്പിൽ സ്വെറ്ററില്ലാതെ വെളുത്ത ടീ ഷർട്ട് മാത്രം ധരിച്ച രാഹുലായിരുന്നു അടുത്ത വിവാദം.
അതിന് യാത്രയുടെ സമാപനദിവസം രാഹുൽ മനോഹരമായി മറുപടി പറഞ്ഞു .നെഞ്ചോട് ചേർന്ന് പുണർന്നും സ്നേഹചുംബനം നൽകിയും രാഹുൽഗാന്ധി പുതിയൊരു സംസ്കാരം മുന്നോട്ടുവയ്ക്കുകയാണ്. സഹോദരി പ്രിയങ്കയുമായി മഞ്ഞുവാരി കളിച്ചത് ബിജെപി വിവാദമാക്കിയപ്പോൾ പുഞ്ചിരി കൊണ്ട് രാഹുൽ അതിനെ നേരിട്ടു. ആ വിവാദം രാഹുലിന് ഗുണകരമായെന്ന് വൈറലായി പറന്ന ആ വീഡിയോയിലൂടെ പിന്നീട് തിരച്ചറിഞ്ഞപ്പോൾ, വീണു പോയത് വിവാദമാക്കിയവർ തന്നെയായിരുന്നു.
"രാഹുൽ ഗാന്ധി നിങ്ങളുടെ മനസിലാണ്. ഞാന്‍ പഴയ രാഹുലിനെ കൊന്നു. അയാള്‍ ഇനി അവിടെ ഇല്ല'. - കുരുക്ഷേത്രയിൽ വച്ചാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. അതെ. രാഹുൽ സ്വയം പുതുക്കിപ്പണിതിരിക്കുന്നു. അങ്ങനെ, അയാൾ നടന്നുനടന്ന് നായകനായി. ഇനി, നായകത്വം സ്വന്തം കർമങ്ങളിലൂടെ ആവർത്തിച്ച് തെളിയിക്കേണ്ടിയിരിക്കുകയുമാണ്. കുതിരപ്പുറത്തേറിയോ ആനപ്പുറത്തോ ഒക്കെയാണ് ഇന്ത്യൻ നായകരുടെ ആഗമനം. അവിടേയ്ക്കാണ് നടന്നുനടന്ന് വൈവിധ്യങ്ങളാൽ സമ്പന്നമായ ജനങ്ങളെ ചേർത്തുപിടിച്ചുള്ള രാഹുൽ ഗാന്ധിയുടെ എഴുന്നെള്ളത്ത്. കണക്കെടുപ്പ് കാലത്തിന് കൈമാറാം.