ഏറ്റുമുട്ടൽ കപ്പിത്താന്മാർ തമ്മിൽ

“രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല
ഏറ്റുമുട്ടൽ കപ്പിത്താന്മാർ തമ്മിൽ

#എം.ബി. സന്തോഷ്

തിരുവനന്തപുരം: യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും കപ്പിത്താന്മാർ തമ്മിൽ ബിജെപി ബന്ധത്തിന്‍റെ പേരിൽ ഏറ്റുമുട്ടൽ. കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഇന്നലെ വാക്പോര് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലിലാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിൽ എൽഡിഎഫ് പ്രവർത്തകർ കുടുംബാംഗങ്ങളാണെന്ന് പറഞ്ഞ രാഹുലാണ് “ഇന്ത്യ’ മുന്നണിയിലെ പ്രമുഖ ഘടകക്ഷിയായ സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

“രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി’ എന്നു ചൂണ്ടിക്കാട്ടിയ രാഹുൽ, വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂ എന്നും പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

ബിജെപിക്കെതിരേ മത്സരിക്കുന്നതിനു പകരം ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയ്ക്കെതിരേ മത്സരിക്കുന്ന രാഹുലിനെതിരേ ഇടതു കക്ഷികൾ വിമർശനം സംസ്ഥാനത്ത് കടുപ്പിക്കുന്നതിനിടയിലാണ് രാഹുലിന്‍റെ തിരിച്ചടി. ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ട്. താൻ ഭാരത് ജോഡോ യാത്ര നടത്തി, 4,000 കിലോമീറ്റർ നടന്നു. അതിന്‍റെ മുട്ടുവേദന ഇപ്പോഴുമുണ്ട്- രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ ന്യായ് യാത്ര കടന്നുപോയിട്ട് അധികം കാലമാകാത്ത അരുണാചൽ പ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മത്സരിക്കുന്ന സീറ്റുകൾ ഉൾപ്പെടെ 10 സീറ്റുകളിലാണ് കോൺഗ്രസ് ബിജെപിക്കെതിരേ സ്ഥാനാർഥികളെ നിർത്താതെ വാക്കോവർ നൽകിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആക്രമണം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു കോൺഗ്രസ് പ്രകടന പത്രികയിൽ പരാമർശം പോലുമില്ലെന്ന വിമർശനം ആവർത്തിച്ച മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെയോ പതാക ഉയർത്തിപ്പിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ് അധഃപതിച്ചുവെന്ന് കുറ്റപ്പെടുത്തി.

ജമ്മു കാശ്മീരിൽ ജോഡോ യാത്ര അവസാനിച്ച അന്നു തന്നെയാണ് കോൺഗ്രസ് മുഖ്യ വക്താവും കത്വ കേസിലെ ഇരയുടെ അഡ്വക്കെറ്റുമായിരുന്ന ദീപിക സിങ് രജാവത്ത് കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. മുൻ മന്ത്രിയും ബിജെപി നേതാവുമായ ചൗധരി ലാൽ സിങ്ങിനെ ജോഡോ യാത്ര സമാപനവേദിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജി. കത്വയിൽ പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ റേപ്പിസ്റ്റുകളെ പരസ്യമായി ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും മുന്നിൽ നിന്നയാളാണ് അയാൾ. ജമ്മു കാശ്മീരിലെ ഉധംപുരിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നത് ചൗധരി ലാൽ സിങ്ങാണ്. കേരളത്തിൽ എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നവരിൽ നാലിലൊന്നും മുൻ യുഡിഎഫുകാരാണെന്നും പേരുകൾ സഹിതം മുഖ്യമന്ത്രി പറഞ്ഞു.

“ഇതേ കോൺഗ്രസിലിരുന്നാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്? മോദിയുടെ തെറ്റായ നയങ്ങൾക്കെതിരേയും അതിനെ നയിക്കുന്ന ആർഎസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവരും ആർഎസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക എന്നേ പറയാനുള്ളൂ’- മുഖ്യമന്ത്രി പരിഹസിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com