
കേരളം വീണ പതിറ്റാണ്ട്
രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ തന്നെ തങ്ങൾക്കു മുന്നിൽ വരുന്നതെല്ലാം വല്ലാത്തൊരു വിരോധത്തോടെ തച്ചുതകർക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സർവത്ര അഴിമതിയുടെ കേരള മോഡലെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്. സ്വർണക്കടത്ത് മുതൽ മാസപ്പടി വരെ മുഖ്യമന്ത്രിയുടെ ഓഫിസും മകളും പോലും ഉൾപ്പെട്ട ആരോപണങ്ങളും അഴിമതിക്കഥകളും അന്തമില്ലാതെ തുടരുന്ന അവസ്‌ഥ! സിപിഎം നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്‍റെ തുടർച്ചയായ അഴിമതികൾ മൂലം കേരളം തകർന്ന ഒരു പതിറ്റാണ്ടാണു നമുക്ക് മുന്നിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഇടത് സർക്കാരിന്‍റെ കൊടിയ അഴിമതിയുടെ മറ്റൊരുദാഹരണമാണ് ലൈഫ് മിഷൻ പദ്ധതി. ഇടുക്കിയിലെ കരിമണ്ണൂരിലടക്കം ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി കേരള സർക്കാർ നിർമിച്ചു നൽകിയ ഫ്ലാറ്റുകൾ പലേടത്തും ഇടിഞ്ഞു വീഴാറായിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി പണിത ഫ്ലാറ്റുകളിൽ മിക്കതും മാസങ്ങൾക്കുള്ളിൽ തന്നെ പൊട്ടിപ്പൊളിഞ്ഞു. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് ഇതിനൊപ്പം തകർന്നടിഞ്ഞത്.
പാവപ്പെട്ടവർക്ക് വീടെന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെ അട്ടിമറിക്കാൻ ഒരു വശത്ത് സംസ്‌ഥാന സർക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കവെ തന്നെ മറുവശത്ത് പൊതു ഫണ്ട് വകമാറ്റാനും ദുരുപയോഗം ചെയ്യാനുമുള്ള ഒരു മാർഗമായിട്ടാണ് അതിനെ അവർ കാണുന്നത്. ഇതാണ് അഴിമതിയുടെ മറ്റൊരു കേരള മോഡൽ.
നിക്ഷേപക സൗഹൃദമെന്ന വായ്ത്താരിയുമായി ഒൻപതു വർഷമായി കേരളം ഭരിക്കുന്ന സർക്കാരിന്‍റെ നിക്ഷേപക വിരുദ്ധ സമീപനങ്ങളിൽ മനം മടുത്തും അതിനിരയാക്കപ്പെട്ടും ഇവിടം വിട്ടുപോയ എത്രയെത്ര വ്യവസായ സംരംഭകരാണ് നമ്മുടെ അറിവിലുള്ളത്. ഇടുക്കി മുണ്ടക്കയം സ്വദേശി ജോബി ജോസഫ് എന്ന സംരംഭകനാണ് ഈ ഗണത്തിലെ ഒടുവിലത്തെ കണ്ണി. പൊലീസിന്‍റെയും മറ്റേതാനും ഉദ്യോഗസ്ഥരുടെയും നിരന്തര പീഡനത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് മഹാരാഷ്ട്രയിലേക്ക് നാടു വിടേണ്ടി വന്നു ജോബി ജോസഫിന്. സംസ്‌ഥാനം നിക്ഷേപക സൗഹൃദമെന്നവകാശവാദമുന്നയിക്കുന്നവർ തന്നെ നിക്ഷേപകരെ ഇവിടെ നിന്നും ആട്ടിപ്പായിക്കാൻ കൂട്ടുനിന്നതിന്‍റെ ഉദാഹരണം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയെന്നത് പോലെ അട്ടപ്പാടിയിലെ മധുവിൽത്തുടങ്ങി ദളിതർക്കെതിരേയും അതിക്രമങ്ങൾ വർധിച്ചു വരുന്നതും ഇടത് ഭരണ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്തതാവുന്നതാണ്. സംസ്ഥാനത്തിന്‍റെ ഋണബാധ്യത അഥവാ പൊതു കടം ഇപ്പോൾ ₹4.81 ലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മയും വിലക്കയറ്റവും ദേശീയ ശരാശരിയുടെ ഇരട്ടിയായി. യുവാക്കൾക്ക് തൊഴിൽ തേടി മറ്റെവിടേക്കെങ്കിലും പലായനം ചെയ്യേണ്ട അവസ്ഥ.
ഇടത് സർക്കാരിന്‍റെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലുമായി ബന്ധപ്പെട്ട ഏതാനും യാഥാർഥ്യങ്ങൾ മാത്രമാണിവ. സംസ്‌ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസനമെന്നാൽ കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി അവതരിപ്പിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ഇതിനൊരവസാനമുണ്ടായേ തീരൂ. കേരളത്തിന് വേണ്ടത് സമഗ്രമായ മാറ്റമാണ്. അഴിമതിക്കഥകളുടെ സിപിഎം മോഡലും നിഷ്ക്രിയതയുടെ കോൺഗ്രസ് മാതൃകകളും ഒരുമിച്ചവസാനിപ്പിച്ച്, സംസ്ഥാനത്തിന്‍റെ സമഗ്ര പുരോഗതിക്ക്, വികസിത കേരളത്തിനായി ഒരു പുതിയ മാതൃക ഇവിടെ യാഥാർഥ്യമാകേണ്ടിയിരിക്കുന്നു.