

വികസിത കേരളം എന്ന ലക്ഷ്യത്തിനാവണം വോട്ട്
രാജീവ് ചന്ദ്രശേഖര്‍ (ബിജെപി സംസ്ഥാന അധ്യക്ഷന്‍)
""ഇടതും മതിയായി, വലതും മതിയായി, ഇനി വരണം ബിജെപി'' എന്ന മുദ്രാവാക്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വയ്ക്കുന്നത്. വെറുമൊരു മുദ്രാവാക്യത്തിനപ്പുറം വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗം കൂടിയായാണ് ബിജെപി ഇതിനെ കാണുന്നത്. തദ്ദേശ സ്ഥാപനങ്ങളെ നശിപ്പിച്ച അഴിമതിയെന്ന വിപത്തില്‍ നിന്നുള്ള മോചനമാണ് ബിജെപി ഗ്യാരണ്ടി നല്‍കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ നിർമിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണ രംഗത്തു നിന്നും അഴിമതി പൂർണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന വാഗ്ദാനമാണ് ബിജെപി നല്‍കുന്നത്.
ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടര്‍ച്ചയായി ഭരിച്ച് നശിപ്പിച്ച തദ്ദേശ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. ശതകോടികളുടെ പദ്ധതി നിര്‍വഹണ ഫണ്ടുകള്‍ അഴിമതി നടത്തിത്തീര്‍ത്ത നൂറുകണക്കിന് ഉദാഹരണങ്ങളാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കണ്ടുംകേട്ടും അറിഞ്ഞത്. വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കും എന്ന വാഗ്ദാനമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തിയാല്‍ ബിജെപി ആദ്യം നടപ്പാക്കുന്നത്. ഏറ്റവും താഴേത്തട്ടുവരെ വികസനത്തിന്‍റെയും ഭരണത്തിന്‍റെയും പ്രയോജനങ്ങള്‍ ലഭ്യമാക്കും.
നാളെയും 11നുമായി രണ്ട് ഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഏഴ് പതിറ്റാണ്ട് കേരളത്തെ വരിഞ്ഞുമുറുക്കിയ വികസന മുരടിപ്പിനെ വേരോടെ പിഴുതെറിയാനുള്ള നിർണായക ജനവിധിയായാണ് ബിജെപി കാണുന്നത്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ അഴിമതിയെ സ്ഥാപനവത്കരിച്ച മുന്നണികളാണ് എൽഡിഎഫും യുഡിഎഫും എന്നതാണ് എനിക്ക് കേരളം മുഴുവന്‍ യാത്ര ചെയ്തപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും, പ്രീണനത്തിലും മുങ്ങിയ ഇവർക്കു ബദലായി, നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വികസന നയം ഓരോ വാര്‍ഡിലും എത്തിക്കാനും വലിയൊരു രാഷ്‌ട്രീയ മാറ്റത്തിനും തുടക്കം കുറിക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് ഒരവസരമാണ്. രണ്ടു മുന്നണികള്‍ക്കും മാറിമാറി അവസരം നല്‍കിയിട്ടും അവര്‍ എന്താണ് ഈ നാടിന് നല്‍കിയതെന്ന് ചോദിക്കാനുള്ള നിർണായക ദിനം. ജനാധിപത്യ സര്‍ക്കാരുകള്‍ വരും മുമ്പു തന്നെ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ഒരിഞ്ചു മുന്നോട്ടു പോകാന്‍ ഒരു മേഖലയിലും കേരളത്തിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കണ്ണില്‍ പൊടിയിട്ടും വര്‍ഗീയ കാര്‍ഡ് ഇറക്കിയും രണ്ടു മുന്നണികളും നടത്തുന്ന നാടകത്തില്‍ നിഷ്‌കളങ്ക ജനങ്ങള്‍ വീണു പോകുകയാണ്. ആ കാലം കഴിഞ്ഞു എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ്.
വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും കേരളമാണ് രാജ്യത്ത് മുമ്പില്‍ നില്‍ക്കുന്നത്. കടം മേടിച്ച് മാത്രം ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്‍റെ ഭാവി ഇല്ലാതാക്കുന്നു. ഒരുപാട് വികസന സാധ്യതകള്‍ ഉണ്ടായിരുന്ന കേരളത്തെ ഒരു ഉപഭോക്ത സംസ്ഥാനമാക്കി മാറ്റിയതും ഇടത്, വലത് മുന്നണികളുടെ ഭരണമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വാ തുറക്കുന്ന പ്രതിപക്ഷം പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ബി ടീം മാത്രം. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചോദിക്കാന്‍ പോലും ലജ്ജിക്കുന്ന ഗതികേടിലാണ് 70 വര്‍ഷം കേരളം ഭരിച്ച മുന്നണികള്‍. ജനരോഷം ഭയന്ന് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും അവര്‍ മടിക്കുമ്പോള്‍, 21,065 സ്ഥാനാര്‍ഥികളെ അണിനിരത്തി 90 ശതമാനത്തോളം സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ബിജെപി മാത്രമാണ്.
മാസങ്ങളോളം പാവപ്പെട്ടവരുടെ പെന്‍ഷന്‍ മുടക്കി അവരെ പട്ടിണിക്കിട്ട ശേഷം, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം കുടിശിക തീര്‍ക്കുന്ന ഇടതു സര്‍ക്കാരിന്‍റേത് രാഷ്‌ട്രീയ കാപട്യമാണ്. ജനസേവനമല്ല, പച്ചയായ തട്ടിപ്പാണ് പാവങ്ങളെ പറ്റിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്നത്. അന്നം മുടക്കിയവര്‍ ഇപ്പോള്‍ അന്നദാതാക്കളായി വേഷം കെട്ടുന്നത് ജനങ്ങളെ വെറും വോട്ട് ബാങ്കായി മാത്രം കാണുന്നതുകൊണ്ടാണ്.
അവിടെയാണ് ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കണം എന്നതിന് മാതൃകയായി മോദി സര്‍ക്കാര്‍ മാറുന്നത്. കിസാന്‍ സമ്മാന നിധി പോലെയുള്ള പദ്ധതികള്‍ ആരംഭിച്ച ശേഷം ഇന്നേവരെ യാതൊരുവിധ മുടക്കവുമില്ലാതെ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ധനസഹായം എത്തുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം 140 കോടി ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. യാതൊരു ഭേദഭാവങ്ങളുമില്ലാതെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരിന്‍റെ മാതൃക തന്നെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കും.
വയ വന്ദന പോലുള്ള പദ്ധതികള്‍ മലയാളികള്‍ക്ക് നിഷേധിക്കപ്പെടുന്നതിന് കാരണം ഇടതു ഭരണമാണ്. ദേശീയ തലത്തില്‍ മോദി സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമ്പോള്‍, കേരളത്തില്‍ അത് 8.56% എന്ന റെക്കോര്‍ഡ് നിരക്കിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. അരി വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂട്ടി സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന "കേരള മോഡല്‍' പരാജയമാണെന്ന് സമ്മതിക്കാന്‍ തയ്യാറുണ്ടോ? ജിഎസ്ടി പരിഷ്‌കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ഇടത്, വലത് മുന്നണികളുടെ ലക്ഷ്യം ജനക്ഷേമമല്ല എന്ന് വ്യക്തം. ഗ്രാമ - നഗരങ്ങളില്‍ മികച്ച ഗുണനിലവാരമുള്ള റോഡുകളും ദേശീയപാതകളും ബൈപാസുകളുമെല്ലാം എത്തിയത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ്. കേരളത്തില്‍ നിന്ന് 8 കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മുന്നണിയായി കേന്ദ്രം ഭരിച്ചപ്പോഴും ലഭിക്കാതിരുന്ന പദ്ധതികള്‍ ആണ് 10 വര്‍ഷം കൊണ്ട് കേരളത്തിലേക്ക് എത്തിയത്.
മതേതരത്വം പ്രസംഗിക്കുന്ന യുഡിഎഫ് വര്‍ഗീയ ശക്തികളായ ജമാഅത്തെ ഇസ്‌ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പരസ്യമായി കൈകോര്‍ക്കുന്നത് സമാധാനത്തിന് ഭീഷണിയാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന ഇവരുടെ അവസരവാദ രാഷ്‌ട്രീയം കേരളത്തെ അപകടത്തിലാക്കും. ജമാഅത്തെ ഇസ്‌ലാമിയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തിയ സിപിഎമ്മും ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കൊപ്പം കൂട്ടുകൂടുന്ന കോണ്‍ഗ്രസും സ്വയം അവരെ വിശേഷിപ്പിക്കുന്നത് മതേതര പാര്‍ട്ടികളെന്നാണ്.!
കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിക്കുമ്പോള്‍ സിപിഎം പിഡിപി - എസ്ഡിപിഐ എന്നിവരുമായും പ്രാദേശിക തലത്തില്‍ സഖ്യം ഉണ്ടാക്കുന്നു. രാജ്യസുരക്ഷയ്ക്കു പോലും വെല്ലുവിളി സൃഷ്ടിക്കുന്ന മതമൗലികവാദ സംഘടനകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന അപകടകരമായ രാഷ്‌ട്രീയമാണ് ഇരു മുന്നണികളും നടത്തുന്നത്. ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ വിഷയത്തില്‍ പോലും കോണ്‍ഗ്രസും സിപിഎമ്മും അയാളെ സഹായിക്കാനായി നിന്നതിനു പിന്നിലും ഇതേ മതമൗലിക സംഘടനകളുടെ സമ്മര്‍ദമുണ്ട്.
കൊച്ചി സെന്‍റ് ട്രീസാസ് സ്‌കൂളിലെ ഹിജാബ് വിവാദവും ആ സ്‌കൂളിനോട് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ച നയം പരിശോധിച്ചാല്‍ മനസിലാകും രണ്ട് മുന്നണികളും ഭീകര സംഘടനകള്‍ക്ക് എത്രത്തോളം അടിമപ്പെട്ടു പോയി എന്നത്.
രാഷ്‌ട്രീയ വിരോധവും തീവ്രവാദ സംഘടനകളുടെ സമ്മര്‍ദവും കാരണം കേന്ദ്രത്തിന്‍റെ "പിഎം ശ്രീ' പദ്ധതി പോലും അട്ടിമറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകള്‍ തകര്‍ന്നുവീഴുമ്പോഴും കുട്ടികളുടെ സുരക്ഷയേക്കാള്‍ വലുത് തങ്ങളുടെ വോട്ട് ബാങ്ക് ആണെന്ന് എല്‍ഡിഎഫ് തെളിയിക്കുന്നു.
പണം കേന്ദ്രത്തിന്‍റേത്, പരാജയം സംസ്ഥാനത്തിന്‍റേത് - അതാണ് ജല ജീവന്‍ മിഷന്‍റെ അവസ്ഥ. മോദി സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും, ഭരണപരമായ അനാസ്ഥ മൂലം 2025ലും 32 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ സാധിക്കാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ പരാജയത്തിന്‍റെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ശസ്ത്രക്രിയ ഉപകരണങ്ങള്‍ രോഗികള്‍ വാങ്ങണം, മെഡിക്കല്‍ കോളെജുകളില്‍ പോലും ചികിത്സ കിട്ടാക്കനി. സാധാരണക്കാരന്‍റെ ജീവന്‍ വച്ച് പന്താടുന്ന ഈ ദുര്‍ഭരണത്തിന് അറുതി വരുത്തേണ്ടത് ഓരോ വോട്ടറുടെയും ജീവല്‍പ്രശ്‌നമാണ്.
ഫണ്ട് വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ശ്വാസം മുട്ടിച്ചിട്ടും, വികസനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ പാലക്കാട് നഗരസഭ കാണിച്ച മാതൃകയാണ് ബിജെപിയുടെ ഗ്യാരണ്ടി. ദക്ഷിണേന്ത്യയിലെ ആദ്യ സമ്പൂർണ ക്യാമറ നിരീക്ഷണ നഗരമായും, മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായും പാലക്കാട് മാറിയെങ്കില്‍, അത് ബിജെപി ഭരണത്തിന്‍റെ കാര്യക്ഷമത കൊണ്ടു മാത്രമാണ്.
വികസന മുരടിപ്പും കടക്കെണിയും മാത്രം സമ്മാനിച്ച ഇരുമുന്നണികളെയും പരീക്ഷിച്ച് മടുത്ത കേരളത്തിനു മുന്നിലുള്ള മികച്ച അവസരമാണ് ബിജെപി. തദ്ദേശ സ്ഥാപനങ്ങളില്‍ പരിമിതമായ സാന്നിധ്യം മാത്രമുണ്ടായിട്ടും 1.7 ലക്ഷം വീടുകളും ഗ്രാമീണ റോഡുകളും നല്‍കി മോദി സര്‍ക്കാര്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തുമ്പോള്‍, ആ വികസന യാത്രയ്ക്ക് വേഗം കൂട്ടാന്‍ തദ്ദേശ ഭരണത്തിലും എന്‍ഡിഎ വരേണ്ടത് അനിവാര്യമാണ്. നഗരസഭയില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ സമഗ്ര വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നതടക്കമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ശബരിമലയെ പോലും തകര്‍ക്കുകയാണ് ഇരുമുന്നണികളും കലാകാലങ്ങളായി ചെയ്യുന്നത്. അവിടുത്തെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു, ഒടുവില്‍ സ്വർണം പോലും മോഷ്ടിച്ച് കടത്തുന്നു. മുഖ്യമന്ത്രിയുടെ സ്വന്തക്കാരായ രണ്ട് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. ദേവസ്വം മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ടായിരുന്നു എന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു മോഷണമായി മാത്രമല്ല ഇതിനെ കാണേണ്ടത്, ഇതിന് പിന്നില്‍ അന്താരാഷ്‌ട്ര മാഫിയ ബന്ധം കോടതി തന്നെ സംശയിച്ചതാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തും ശബരിമലയില്‍ നടന്നത് വലിയ കൊള്ളയാണ്.
നിരവധി സ്ത്രീകളെ ഉപദ്രവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന നേതാവിനെ മാസങ്ങളോളം സംരക്ഷിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴില്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതമായി ജീവിക്കാനാകും? രാഹുലിനെപ്പോലുള്ള സ്ത്രീപീഡകരെല്ലാം സ്വതന്ത്രമായി വിരാജിക്കുന്ന സാഹചര്യം ഉണ്ടാവരുത്. നമ്മുടെ രാഷ്‌ട്രീയ രംഗത്തിന്‍റെ പുതിയ മാറ്റത്തിനും വികസിത കേരളത്തിനും വേണ്ടിയുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ്. അടുത്ത തലമുറയ്ക്കു വേണ്ടി വികസിതമായ ഒരു കേരളം യാഥാര്‍ഥ്യമാക്കാന്‍ ബിജെപി- എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.