പൗരസേവനത്തിൽ ഊന്നിയ ഭരണം

ജനങ്ങൾക്കു പ്രഥമ സ്ഥാനം നൽകുന്ന റിപ്പബ്ലിക്
rajnath singh special article

രാജ്‌നാഥ് സിങ്, രാജ്യരക്ഷാ മന്ത്രി

file photo

Updated on

രാജ്‌നാഥ് സിങ്,

രാജ്യരക്ഷാ മന്ത്രി

1952 മെയ് 16ന് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാർലമെന്‍റിനെ അഭിസംബോധന ചെയ്യവേ, പ്രഥമ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആ നിമിഷത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തിന് ഊന്നൽ നൽകുകയുണ്ടായി. ഇന്ത്യയുടെ പ്രയാണത്തിലെ ഒരുഘട്ടം മാത്രമാണ് ഇതിലൂടെ പൂർത്തിയായതെന്നും, രണ്ടാംഘട്ടത്തിൽ ""ഒരു രാഷ്‌ട്രത്തിനോ ജനതയ്ക്കോ മുന്നോട്ടുള്ള പ്രയാണത്തിൽ വിശ്രമിക്കാൻ ഇടമുണ്ടാകില്ല'' എന്നും അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു.

രാഷ്‌ട്രീയ സ്വാതന്ത്ര്യവും ഭരണഘടനാപരമായ പരമാധികാരവും കൈവരിച്ചെങ്കിലും, റിപ്പബ്ലിക്കിന്‍റെ ദൗത്യം പൂർത്തിയാകാൻ ഇനിയും ഏറെയുണ്ടെന്ന സൂക്ഷ്മവും എന്നാൽ അഗാധവുമായ ഓർമപ്പെടുത്തലായിരുന്നു അത്. ഡോ. പ്രസാദ് വ്യക്തമാക്കിയതുപോലെ, ഇന്ത്യയുടെ മുന്നിലുള്ള യഥാർഥ ലക്ഷ്യം ""നമ്മുടെ ജനങ്ങൾക്കു സന്തോഷം പകരുകയും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യുക'' എന്നതായിരുന്നു. പുതിയ റിപ്പബ്ലിക്കിന്‍റെ ധാർമിക ഉദ്ദേശ്യത്തെ നിർവചിക്കുന്ന ഒന്നായിരുന്നു ആ ഉത്തരവാദിത്വം.

ഈ ധാർമിക ഉത്തരവാദിത്വത്തെ ജനാധിപത്യ ഭരണത്തിന്‍റെ ഹൃദയഭാഗത്തു പ്രതിഷ്ഠിക്കുന്നതിലൂടെ, ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഡോ. പ്രസാദ് പുനർനിർവചിച്ചു. ഇന്ത്യ ഇനി മുതൽ പ്രജകളുടെ രാജ്യമല്ല; മറിച്ച്, പൗരന്മാരുടെ റിപ്പബ്ലിക്കായിരിക്കും. അവർ രാഷ്‌ട്രീയ ശബ്ദത്തിൽ തുല്യരും, ഭരണഘടനയാൽ കൂട്ടിയിണക്കപ്പെട്ടവരും, പൊതുവായ ദേശീയ പ്രയാണത്തിലെ സഹയാത്രികരായി ഒന്നിച്ചവരും ആയിരിക്കും.

അതുകൊണ്ടു തന്നെ, ഇന്ത്യൻ റിപ്പബ്ലിക് കേവലം സ്വാതന്ത്ര്യത്തിൽ നിന്നു മാത്രം ഉടലെടുത്തതല്ല; മറിച്ച്, ജനാധിപത്യത്തെ അതിന്‍റെ യഥാർഥ അർഥത്തിൽ പ്രതിഷ്ഠിച്ച ബോധപൂർവമായ ഭരണഘടനാപരമായ തെരഞ്ഞെടുപ്പിൽ നിന്നു കൂടിയാണ്. ജനാധിപത്യത്തിന്‍റെ കാതലായ തത്വശാസ്ത്രത്തെ ഉൾക്കൊള്ളുന്ന ""ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ ഭരണം'' എന്ന വാചകത്തിലാണു ജനാധിപത്യം പലപ്പോഴും സംഗ്രഹിക്കപ്പെടാറുള്ളത്.

പരമാധികാരം പൗരന്മാരിൽ നിക്ഷിപ്തമാക്കുകയും ഭരണകൂടത്തിന്‍റെ അധികാരത്തിനു ഭരണഘടനാപരമായ പരിധികൾ നിശ്ചയിക്കുകയും ചെയ്ത ഭരണഘടനയുടെ അംഗീകാരത്തോടെ ""ജനങ്ങളുടെ'' എന്ന തത്വം സാക്ഷാത്കരിക്കപ്പെട്ടു. പശ്ചാത്തലങ്ങൾ നോക്കാതെ പ്രായപൂർത്തിയായ ഓരോ ഇന്ത്യക്കാരനും തുല്യമായ രാഷ്‌ട്രീയ ശബ്ദം നൽകിയ 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലൂടെ ""ജനങ്ങളാൽ'' എന്ന തത്വം പ്രതിഫലിച്ചു.

എന്നിരുന്നാലും, മൂന്നാമത്തെ വശമായ ""ജനങ്ങൾക്കു വേണ്ടി'' എന്നത്, പൗരന്മാർക്കു ശാക്തീകരണവും ക്ഷേമവും നൽകുന്നതിനായി ഗവണ്മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള നിരന്തരമായ കടമയെ സൂചിപ്പിക്കുന്നു. ഗവണ്മെന്‍റിന്‍റെ ഓരോ നടപടിയും സാമൂഹ്യ-സാമ്പത്തിക നീതി എന്ന ലക്ഷ്യത്തിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിലേക്കും നയിക്കപ്പെടേണ്ടതാണ്. ജനക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സാമൂഹ്യക്രമം ഉറപ്പാക്കാൻ നമ്മുടെ ഭരണഘടന ഭരണസംവിധാനത്തോടു നിർദേശിക്കുന്നുമുണ്ട്.

ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ വിജയം നിലകൊള്ളുന്നത് ഭരണം എത്രത്തോളം ജനങ്ങളെ സേവിക്കുന്നു എന്നതിലാണ്. ജനാധിപത്യത്തിന്‍റെ നിയമസാധുത നിലനിർത്തുന്നതു നടപടിക്രമങ്ങളിലൂടെ മാത്രമല്ല; മറിച്ച്, അതിന്‍റെ പ്രകടനത്തിൽകൂടിയുമാണ്. സാമൂഹ്യ ആവശ്യങ്ങളോടു പ്രതികരിക്കാനും, അസമത്വങ്ങൾ കുറയ്ക്കാനും, മാനുഷിക അന്തസ് ഉയർത്തിപ്പിടിക്കാനുമുള്ള ഭരണസംവിധാനത്തിന്‍റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് അതു വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കിന്‍റെ കരുത്തളക്കുന്നത്, അത് അതിന്‍റെ ഏറ്റവും ദുർബലരായ പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ്.

ഇന്ത്യയുടെ രാഷ്‌ട്രീയ ചിന്തകൾ എക്കാലത്തും ജനാധിപത്യത്തെക്കുറിച്ചുള്ള മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. പുരാതന ഇന്ത്യയിൽ, ""യോഗക്ഷേമം'' എന്ന സങ്കൽപ്പം വ്യക്തിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനുംവേണ്ടിയാണു നിലകൊണ്ടത്. മഹാത്മാഗാന്ധിയുടെ ‘സർവോദയ’എന്ന ആശയം എല്ലാവരുടെയും, പ്രത്യേകിച്ചു സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും, ഉന്നമനം വിഭാവനം ചെയ്തു. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ "ഏകാത്മ മാനവ ദർശനം' വികസനത്തോടുള്ള സമഗ്രവും മനുഷ്യകേന്ദ്രീകൃതവുമായ സമീപനത്തെയാണ് ആവിഷ്കരിച്ചത്.

സമകാലിക ഭരണത്തിൽ, ""ഏവർക്കുമൊപ്പം, ഏവരുടെയും വികസനം'' എന്ന കാഴ്ചപ്പാട് ഏവരെയും ഉൾക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള സുസ്ഥിരവും പ്രത്യയശാസ്ത്രപരവുമായ പ്രതിജ്ഞാബദ്ധതയാണു പ്രതിഫലിപ്പിക്കുന്നത്. ഏറ്റവും ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായവരുടെ ഉന്നമനത്തിനു മുൻഗണന നൽകി, ഗവണ്മെന്‍റ് സജീവമായി ""ജനങ്ങൾക്കു വേണ്ടി'' പ്രവർത്തിക്കുന്ന ഈ പ്രതിജ്ഞാബദ്ധത, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ശ്രദ്ധേയമായ ഫലങ്ങൾ നൽകി. ഗവണ്മെന്‍റ് അതിന്‍റെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിനെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുകയും, സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും വിഭാഗങ്ങളിലും എത്തുന്ന, ഏവരെയും ഉൾച്ചേർക്കുന്ന വളർച്ച ഉറപ്പാക്കുകയും ചെയ്തു.

ഭരണഘടനയുടെ നാലാം ഭാഗമനുസരിച്ച്, നീതിയുക്തവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഭരണസംവിധാനം ബാധ്യസ്ഥമാണ്. 29 തൊഴിൽ നിയമങ്ങളെ സമഗ്രമായ നാലു ലേബർ കോഡുകളായി ഏകീകരിച്ചതിലൂടെ, ഭരണഘടനാപരമായ നിർദേശങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യക്ഷമമായ ചട്ടക്കൂടിനു രൂപം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ, ""ജനങ്ങൾക്കു വേണ്ടി'' എന്ന, ഏവരെയും ഉൾച്ചേർക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യ- സാമ്പത്തിക നീതിക്കു കൂടുതൽ മുൻഗണന നൽകി. ലോക ബാങ്കിന്‍റെ "വസന്തം 2025: ദാരിദ്ര്യവും സമത്വവും സംബന്ധിച്ച സംക്ഷിപ്ത റിപ്പോർട്ട് ' (Spring 2025 Poverty and Equity Brief) പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ 171 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രപരമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് അർഥവത്തായ നീതി ലഭ്യമാക്കുന്നതിനും അവരുടെ അന്തസും സമത്വവും ഉയർത്തിപ്പിടിക്കുന്നതിനുമായി "ഭിന്നശേഷിക്കാരുടെ അവകാശ നിയമം- 2016', "മുസ്‌ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം-2019' തുടങ്ങിയ പുരോഗമനപരമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ജനകേന്ദ്രീകൃത ഭരണത്തിന്‍റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളിലൊന്നാണു ശുചിത്വ ഭാരത യജ്ഞം (SBM). ""ജനങ്ങൾക്കു വേണ്ടി'' എന്ന ജനാധിപത്യ ആദർശത്തെ താഴേത്തട്ടിൽ പ്രായോഗികമാക്കാൻ ഈ ദൗത്യത്തിനു സാധിച്ചു. കേവലം ശുചിത്വ പദ്ധതി എന്നതിലുപരി, മാനുഷിക അന്തസ്, പൊതുജനാരോഗ്യം, സ്ത്രീ സുരക്ഷ, സാമൂഹ്യ ഉൾച്ചേർക്കൽ എന്നിവയിൽ അധിഷ്ഠിതമായ രാജ്യവ്യാപക മുന്നേറ്റമായി ഇതു മാറി. ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനമുണ്ടായിട്ടും ദീർഘകാലമായി അവഗണിക്കപ്പെട്ടു കിടന്ന വിഷയത്തെ അഭിസംബോധന ചെയ്തതിലൂടെ, ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ ജനകീയ മുന്നേറ്റമായി ശുചിത്വഭാരതയജ്ഞം ഉയർന്നുവന്നിരിക്കുന്നു.

അവസരങ്ങളുടെയും പദവികളുടെയും തുല്യത ഉറപ്പാക്കാൻ പാർശ്വവത്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വ്യക്തിപരമായ ദുരന്തങ്ങളോ നിർഭാഗ്യങ്ങളോ നേരിടുന്നവർ എന്നിവരുടെ ക്ഷേമം അത്യന്താപേക്ഷിതമാണ്. "പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന'യ്ക്കു കീഴിൽ 80 കോടിയിലധികം പേർക്കു സൗജന്യഭക്ഷണം നൽകുന്നത് ഇതിനുദാഹരണമാണ്.

ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, "പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന' എന്നത്, പോളിസി എന്നതിലുപരി, അവരുടെ ഏറ്റവും ദുരിതപൂർണമായ നിമിഷങ്ങളിൽ അന്തസും പ്രതീക്ഷയും നൽകിയ ഒന്നാണ്. ഗുണഭോക്താക്കളിൽ 53 ശതമാനവും സ്ത്രീകളും, 72 ശതമാനത്തിലധികം പേർ ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരുമാണ് എന്നതിലൂടെ, ഈ പദ്ധതി രാജ്യവ്യാപകമായി ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപ്തി വർധിപ്പിച്ചു.

സ്വയം പര്യാപ്ത ഇന്ത്യ എന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയപ്പോൾ, അതു കേവലം സാമ്പത്തിക മുദ്രാവാക്യം മാത്രമായിരുന്നില്ല. മറിച്ച്, വ്യക്തിതലത്തിലുള്ള സ്വയംപര്യാപ്തതയുടെ വിപുലീകരണം കൂടിയായിരുന്നു. മുദ്ര യോജന, നൈപുണ്യ ഇന്ത്യ ദൗത്യം തുടങ്ങിയ പദ്ധതികളിലൂടെ, പൗരന്മാരെ സ്വയം പര്യാപ്തരും സംരംഭകരും സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുന്നതിനാണ് അത് ഊന്നൽ നൽകിയത്. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ആധാരശിലയാണു സ്വയംപര്യാപ്തത. ഇത്തരം ഇടപെടലുകൾ അതിനു കരുത്തുറ്റ ഉത്തേജനം പകർന്നു.

അതുപോലെ, ആയുഷ്മാൻ ഭാരത് പദ്ധതി അന്തസുറ്റതും ചെലവു കുറഞ്ഞതുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കി, ജനങ്ങളുടെ സ്വാതന്ത്ര്യം വർധിപ്പിക്കാൻ ശ്രമിച്ചു. ജൻധൻ യോജന ദശലക്ഷക്കണക്കിനു പാവപ്പെട്ടവരെ ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിന്‍റെ ഭാഗമാക്കി. കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിച്ചതിലൂടെ, ദീർഘകാലമായി വ്യവസ്ഥാപിത സഹായങ്ങളിൽനിന്നു പുറന്തള്ളപ്പെട്ടവർക്കു സാമ്പത്തിക സുരക്ഷിതത്വവും വ്യക്തിപരമായ അന്തസും തിരികെ നൽകാൻ ഇതിനായി.

""ജനങ്ങൾക്കുവേണ്ടി'' എന്ന ഭരണ നിർവഹണത്തിന്‍റെ ഇതേ ജനാധിപത്യപരമായ അനിവാര്യതയാണു "നാരീശക്തി വന്ദൻ അധിനിയ'മിലും പ്രകടമാകുന്നത്. ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ഈ നിയമം.

പരമാധികാരം വിനിയോഗിക്കപ്പെടുന്ന സാമൂഹ്യ അടിത്തറ വിപുലീകരിക്കുന്നതിലൂടെ ഈ പരിഷ്കാരം ""ജനങ്ങളുടെ'' എന്ന തത്വത്തിനു കൂടുതൽ കരുത്തേകുന്നു. പ്രാതിനിധ്യ സ്ഥാപനങ്ങളെ സമൂഹത്തിന്‍റെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാക്കി മാറ്റുന്നതിലൂടെ ഇതു ""ജനങ്ങളാൽ'' എന്ന ആശയത്തെ പരിപോഷിപ്പിക്കുന്നു. ഏറ്റവും പ്രധാനമായി, ജീവിതാനുഭവങ്ങളിൽ വേരൂന്നിയ കാഴ്ചപ്പാടുകൾ ഭരണനിർവഹണത്തെ സ്വാധീനിക്കുന്നു എന്നുറപ്പാക്കുന്നതിലൂടെ, ""ജനങ്ങൾക്കു വേണ്ടി'' എന്ന തത്വത്തെ ഇതു മുന്നോട്ടുനയിക്കുന്നു.

അതുകൊണ്ടു തന്നെ, ഇന്ത്യയുടെ ജനാധിപത്യപ്രയാണം എന്നതു നിശ്ചലമായ ഭരണഘടനാ നേട്ടമല്ല. മറിച്ച്, തുടർച്ചയായ ദേശീയ ദൗത്യമാണ്. ഭരണഘടനയും തെരഞ്ഞെടുപ്പുകളും ജനാധിപത്യത്തിന്‍റെ ചട്ടക്കൂടു സ്ഥാപിക്കുമ്പോൾ, ജനങ്ങളുടെ ആഗ്രഹങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുള്ള ഭരണത്തിലൂടെയും ധാർമികമായ നേതൃത്വത്തിലൂടെയും ജനകീയ അഭിലാഷങ്ങളുമായുള്ള നിരന്തരമായ സമ്പർക്കത്തിലൂടെയുമാണു റിപ്പബ്ലിക് നിലനിൽക്കുന്നത്. ഭരണകൂടം ""ജനങ്ങൾക്കു വേണ്ടി'' എന്ന തത്വത്തിൽ അചഞ്ചലമായി ഉറച്ചു നിൽക്കുമ്പോഴാണു ജനാധിപത്യം അതിന്‍റെ യഥാർഥ അർഥത്തിൽ നിലനിൽക്കുന്നത്.

റിപ്പബ്ലിക്കിന്‍റെ കരുത്ത് എന്നതു കേവലം അതിന്‍റെ സ്ഥാപനങ്ങളുടെ നിലനിൽപ്പിലല്ല; മറിച്ച്, ഭരണ സംവിധാനത്തെ ജനങ്ങളുടെ യഥാർഥ ജീവിത സാഹചര്യങ്ങളുമായി നിരന്തരം പൊരുത്തപ്പെടുത്താനുള്ള പരിശ്രമത്തിൽ കൂടിയാണ്. ഓരോ തലമുറയും ഭരണഘടനാപരമായ ആ വാഗ്ദാനം പുതുക്കാൻ കടപ്പെട്ടിരിക്കുന്നു. അതായത്, സ്വാതന്ത്ര്യം എന്നത് ഏവർക്കും അന്തസും അവസരവും നീതിയുമായി മാറണം. ഇന്ത്യൻ റിപ്പബ്ലിക് എന്നതു പൂർത്തിയായ പദ്ധതിയല്ല; മറിച്ച്, ജനാധിപത്യ പങ്കാളിത്തത്താൽ നിലനിർത്തപ്പെടുന്നതും ഭരണ സംവിധാനം അതിന്‍റെ പൗരന്മാരെ എത്രത്തോളം വിശ്വസ്തതയോടെ സേവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുന്നതുമായ പൊതുവായ ഉത്തരവാദിത്വമാണത്.

ഈ 77ാം റിപ്പബ്ലിക് ദിനത്തിൽ, പൗരന്മാരാണ് ഇന്നു ഭരണ നിർവഹണത്തിന്‍റെ കേന്ദ്ര ബിന്ദു എന്നു നിസംശയം പറയാം. സാമൂഹ്യനീതിക്കു കരുത്തു പകർന്നും സാമ്പത്തിക ഉൾച്ചേർക്കൽ സാധ്യമാക്കിയും, ക്ഷേമാധിഷ്ഠിത ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനാപരമായ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിച്ചും മുന്നേറുകയാണ് ഇന്ത്യൻ റിപ്പബ്ലിക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com