
ദശരഥന് ലഭിച്ച കർമഫലം
വെണ്ണല മോഹൻ
കാലം കരിമ്പടം പുതച്ചു കിടന്നു! വനാരംഭം ഒരു ഗുഹാമുഖം പോലെ... വന്യമായ സൗന്ദര്യം രാവിനാൽ ദൃഢീഭവിച്ചു കഴിഞ്ഞിരുന്നു. അകലെ എവിടെയോ അമ്പിളി അറച്ചു നിൽക്കുന്നുണ്ട്. എങ്കിലും, അമ്പിളിവെളിച്ചച്ചീന്തിൽ ചില നിഴലുകൾ... അവ വൃക്ഷങ്ങൾ മുടിയഴിച്ചാടുന്ന രാക്ഷസ കോലങ്ങൾക്ക് സമം. ദശരഥ മഹാരാജൻ കുതിക്കുകയായിരുന്നു. വനപ്രവേശം. നായാട്ടിനുള്ള ത്വര. രാജ രക്തത്തിന്‍റെ ഊഷ്മവ്യതിയാനങ്ങൾ. വനാന്തരങ്ങളിലേക്ക് കടന്നു. മൃഗയാ വിനോദം. സരയൂ നദി ശാന്തമായി ഒഴുകുന്നു. അതിന്‍റെ തീരത്തെത്തി മഹാരാജൻ.
വില്ലും ശരങ്ങളുമേന്തി നാലുപാടും മിഴികൾ അയച്ചു. മൃഗങ്ങളെയൊന്നും കാണുന്നില്ല. ജലം കുടിക്കാൻ എങ്കിലും മൃഗങ്ങൾ എത്തേണ്ടതല്ലേ? ഒരു വൃക്ഷ ശിഖരത്തിൽ കയറിയിരുന്നു. അപ്പോഴേതാ സരയൂവിൽ നിന്ന് കുളുകുളാ ജലപാനം ചെയ്യുന്നതു പോലുള്ള ശബ്ദം. ആനയായിരിക്കുമത്. മഹാരാജൻ കണക്കുകൂട്ടി. "ശബ്ദ വേധി' ശരം തൊടുത്തു. ശബ്ദം കേട്ട സ്ഥലത്ത് കൃത്യമായി എത്തുന്ന ശരം! (ശബ്ദം അറിഞ്ഞെത്തുന്ന ഇന്നത്തെ സൂപ്പർ സോണിക് മിസൈലുകൾ പോലെ എന്നു പറയാം). അമ്പു കൊണ്ടതോ, അന്ധരായ വൃദ്ധ മാതാക്കളുടെ ആവശ്യത്തിനായി വെള്ളം കോരാൻ വന്ന കുമാരന്‍റെ ദേഹത്തും!
അമ്പേറ്റു പിടയുന്ന കുമാരനെ കണ്ട് പശ്ചാത്താപ വിവശനും ദുഃഖിതനുമായി തീർന്ന ദശരഥ രാജൻ കുമാരന്‍റെ നിർദേശപ്രകാരം ആ മാതാപിതാക്കളെ ചെന്നു കണ്ടു. കാര്യങ്ങൾ വളരെ ദുഃഖത്തോടെ അറിയിച്ചു. എന്നാൽ ഏക മകനായ കുമാരൻ നഷ്ടപ്പെട്ട ആ വൃദ്ധ ദമ്പതികൾ അറിയാതെയാണെങ്കിലും ദശരഥൻ ചെയ്തുപോയ കുറ്റത്തിനു ശിക്ഷയായി മരണസമയത്ത് പുത്രവിയോഗം വിധിച്ചു.
ദശരഥൻ പറയുന്നു:
"വൃദ്ധതപോധന-
നന്നേരമെന്നോടു
പുത്രശോകത്താൽ
മരിക്കെന്നു ചൊല്ലിനാൻ'
ഒടുവിൽ, മക്കളായ രാമലക്ഷ്മണന്മാരുടെ വിയോഗം ദുഃഖം അനുഭവിച്ചു കർമഫലം അനുഭവിക്കേണ്ടിവന്നു, അയോധ്യാപതിയായ ദശരഥന്. ജീവിതയാത്രയിൽ കർമം എന്ന പ്രവൃത്തിയും കർമഫലം എന്ന അനുഭവവുമാണ് ഉടനീളമുള്ളത്. രത്നാകരൻ എന്ന കാട്ടാളൻ വാല്മീകി എന്ന മഹാകവിയായി മാറിയതിനു പിന്നിലും "കർമഫല ഭയം' ആയിരുന്നല്ലോ!"താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ തന്നെ അനുഭവിക്കണം' എന്നാണറിവ്. ആ അറിവ് ഒരു തിരിച്ചറിവിനും മാറ്റത്തിനും പരിണാമത്തിനും വഴിയായി.
കവിതയുടെ ലാവണ്യാനുഭൂതി നൽകിക്കൊണ്ടു തന്നെ കർമത്തിന്‍റെയും ഫലത്തിന്‍റെയും നേർക്കാഴ്ചകളാണ് രാമായണം സൃഷ്ടിച്ച മഹാകവി നമ്മിലേക്കെത്തിക്കുന്നത്. രാമായണത്തിലെ ഓരോ സംഭവങ്ങളിലും ഒരു ചിമിഴിൽ നിന്നു പൊഴിയുന്ന മുത്തുകൾ പോലെ കർമവും ഫലങ്ങളും ശോഭിക്കുന്നു! കർമവും കർമഫലവും എങ്ങനെയാണ് ചേർന്നിരിക്കുന്നത് എന്നു വ്യക്തമാക്കിത്തരുന്നു. ഇന്ദ്രിയങ്ങൾക്ക് അപ്പുറമായിരിക്കാം സത്യമെന്ന യാഥാർഥ്യം. ദശരഥ മഹാരാജാവിന്‍റെ കർമഫലം അത് വ്യക്തമാക്കിത്തരികയാണ്. എത്രമാത്രം നമുക്ക് ഇന്ദ്രിയങ്ങളെ വിശ്വസിക്കാനായിയേക്കും!
സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും നാം നിത്യവും കാണുമ്പോഴും ഒരിക്കലും ആ സൂര്യൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല എന്ന ശാശ്വത സത്യം മനസിലാക്കി ഭൂമിയുടെ ഭ്രമണമാണ് ഈ തോന്നലിന് നിദാനം എന്ന് അറിയുകയും ചെയ്യുന്നു. ഇന്ദ്രിയാനുഭവങ്ങൾക്കപ്പുറമുള്ള സത്യം കാണാൻ കണ്ണിനും കണ്ണായ കണ്ണിനെ തുറക്കാൻ രാമായണം സഹായിക്കുമ്പോൾ ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കർമത്തിന്‍റെ അതിരുകളുകളുടെ ബോധ്യം നേടിയെടുക്കുന്നു.
പരദ്രോഹമില്ലാത്ത സദ്കർമങ്ങൾ ചെയ്തു മാനവികതയുടെ ഭൂമികയിൽ ജീവിതം അടയാളപ്പെടുത്താനുള്ള മറുവാക്കായി ജീവിതത്തെ മാറ്റാൻ നൂറ്റാണ്ടുകൾക്കു മുമ്പേ വിരചിതമായ രാമായണം നമുക്ക് പ്രേരകമായിത്തീരുന്നു! ഏതു പ്രവൃത്തിക്കും വാക്കിനും ചിന്തയ്ക്കുമൊക്കെ ഫലം ലഭിച്ചേ പറ്റൂ. ഫലം ലഭിക്കുക്കുന്നതിന് അൽപം ചില കാല വ്യത്യാസം ഉണ്ടായേക്കാം എന്നു മാത്രം. വിത്ത് നട്ടു കഴിഞ്ഞ് വെള്ളം, വളം തുടങ്ങി വേണ്ടതെല്ലാം ചെയ്താലും വിത്ത് മുളച്ച് വൃക്ഷമാകാനും ഫലം ലഭിക്കാനും സമയമെടുക്കാറുണ്ടല്ലോ. പരീക്ഷ എഴുതിയാൽ റിസൽറ്റ് വരാൻ സമയമെടുക്കില്ലേ? മരുന്നു കഴിച്ചാൽ അസുഖം മാറാൻ സമയമെടുക്കില്ലേ? അതേപോലെ തന്നെ എന്നു പറയാം.
ഇനി, ഫലം ലഭിക്കും മുൻപ് ഇഹലോകവാസം വെടിഞ്ഞാലോ? വീണ്ടും ഫലപൂർത്തീകരണത്തിനായി ജന്മം എടുക്കേണ്ടി വരുന്നു. ആത്മീയതലത്തിൽ "പുനരപി ജനനം പുനരപി മരണം' എന്നു പറയുമ്പോൾ ഊർജതന്ത്ര ശാസ്ത്ര പ്രകാരം "ഒരു ഊർജത്തെ രൂപമാറ്റം വരുത്താമെന്നല്ലാതെ പുതുതായി നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല' എന്ന ഊർജ സംരക്ഷണ നിയമമാണ് നിത്യമായി മാറുന്നത്.
മനസ് ചിലപ്പോൾ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച വനമായിത്തീരാം. ഇന്ദ്രീയ സന്തോഷങ്ങൾക്കായി പരപീഢാ പ്രവൃത്തികൾ വേട്ടയാടലുകളിൽപ്പെടാം. അവിടെയൊക്കെ നാം അറിയുന്ന ഇന്ദ്രിയങ്ങളെയാണ് വിശ്വസിക്കാറ്. എന്നാൽ ആന്തരിക ജ്ഞാനങ്ങളെ, ധർമാധർമങ്ങളെ അവഗണിക്കുന്നു. ഉണ്മയെ അറിയാതാകുന്നു. അപ്പോൾ നടക്കുന്നത് പലപ്പോഴും പാപങ്ങളിലേക്കുള്ള കൂപ്പുകുത്തലാണ്. അതിൽ നിന്നും ലഭിക്കുന്നതോ, ദുഃഖവും ഒറ്റപ്പെടലും.
കർമ്മമാണ് ഓരോരുത്തരുടേയും വിധി. ഇന്നത്തെ എന്‍റെ കർമം നാളത്തെ എന്നെ രൂപപ്പെടുത്തുന്നു. അങ്ങനെയും ദശരഥന്‍റെ കർമഫലത്തെക്കുറിച്ച് ചിന്തിക്കാമല്ലോ?!
ശനിയാഴ്ച:
വികാരപരമായ സന്ദർഭങ്ങളിൽ വാഗ്ദാനമരുതേ...