രാമനാമ പ്രസക്തി
രാമനാമ പ്രസക്തി
രാമായണ ചിന്തകൾ - 26 - വെണ്ണല മോഹൻ
മലയാള ഭാഷയുടെയും ആധുനിക മലയാള കവിതയുടെയും മാനകീകരണത്തിനും വ്യവസ്ഥാപനത്തിനും കാരണക്കാരൻ തുഞ്ചത്ത് എഴുത്തച്ഛനാണെന്നത് സുവിദിതം. ഭാഷയ്ക്ക് അദ്ദേഹം നൽകിയ സംഭാവന ചെറുതല്ല. എഴുത്തച്ഛൻ രാമായണത്തിന്‍റെ മർമവും ധർമവും വെളിപ്പെടുത്തുമ്പോൾ ഭാഷയ്ക്ക് മാത്രമല്ല മലയാളികൾക്കാകമാനം ധർമപ്രചോദവും ലക്ഷ്യസൂചികയും ഒക്കെയായി മാറുന്നു ഈ ഇതിഹാസം! മനുഷ്യന് മനഃശുദ്ധി വരുത്തുന്നതും ആത്മീയ ശക്തി പ്രദാനം ചെയ്യുന്നതുമായ ഉദാത്ത ഭാവമാണ് ഭക്തി! ഭക്തിയുടെ ആത്യന്തിക സിദ്ധി ജ്ഞാനം ആകുന്നു. തിരിച്ച് ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും പ്രമുഖ ആവിഷ്കാരം ഉള്ളത് ഭക്തി. ഒട്ടേറെ സന്ദർഭങ്ങളിൽ എഴുത്തച്ഛൻ ഭക്തിയുടെ അനുപമ സിദ്ധികളെപ്പറ്റി വാചാലനാകുന്നത് കാണാം." ഭക്തി വർധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതില്ല. ഉത്തമോത്തമാന്മാരായവരവരല്ലൊ'- എന്നാണ് പറയുന്നത്. ഈശ്വര നാമജപം കൊണ്ടു തന്നെ 'കലിയായ കാലമിതിൽ മോക്ഷഗതി'പ്രാപിക്കാമെന്ന് കേരളീയരെ പഠിപ്പിച്ച അധ്യാത്മിക ഗുരു കൂടിയാണ് എഴുത്തച്ഛൻ.
രാമനാമം പ്രണവതുല്യം !
"രാമന്നേയോഗിനോ യസ്മിൻ ചിദാനന്ദേ പരമാത്മ നീ' (യോഗികൾ ഏതൊരുവനിൽ രമിക്കുന്നുവോ ആ പരമാണുവാണ് രാമൻ) എന്ന് പത്മപുരാണം."സർവേഷു ഭൂതേഷു രമന്തി ഇതിരാമഃ' എന്നതും പ്രശസ്തമാണല്ലോ ! ഈശ്വരഭജനത്തിന് യാതൊരുവിധ വിവേചനവും കൽപ്പിച്ചിട്ടില്ല.ആർക്കും ഈശ്വരഭജനത്തിന് അവകാശമുണ്ട്. വാസ്തവത്തിൽ രാമശബ്ദത്തെക്കുറിച്ച് ചിന്തിച്ചാൽ കാണാവുന്നത് പരബ്രഹ്മംവാചിയായ "രാ' യിൽ മായാവാചിയായ "മാ' ലയിക്കുന്നതാണ് രാമ ശബ്ദം എന്നു പറയാനാകും. നാരായണായ നമഃ എന്ന മന്ത്രത്തിലെ ബീജാക്ഷരം "ര' ആണ്. നമഃശിവായ എന്നതിലെ ബീജാക്ഷരം "മ' യും രായും മായും കൂടിച്ചേരുമ്പോൾ രാമൻ. ഈ മന്ത്രങ്ങളിൽ ബീജാക്ഷരമില്ലാതെ വന്നാലുള്ള അവസ്ഥ ചിന്തനീയം തന്നെ! നാരായണ പരമേശ്വരന്മാരുടെ സംയോഗത്തെ വ്യക്തമാക്കുകയാണ് രാമനാമം! രാമനാമത്തിൽ ജപിച്ചോരു കാട്ടാളൻ മുന്നം മാമുനി പ്രവരനായി മാറിയ രാമനാമത്തിന്‍റെ പ്രഭാവം തന്നെയാണ് രാമായണം.
അതേ ശക്തിയാലാണ് ചിരഞ്ജീവി എന്ന് കരുതപ്പെടുന്ന ഹനുമാൻ മറ്റാർക്കും ചെയ്യാനാകാത്ത കൃത്യം ചെയ്തതും. പഴയ ഒരു വിശ്വാസത്തെ കൂടി നമുക്കിവിടെ ചേർത്തുവായിക്കാനാകും. ആ വിശ്വാസം എന്നത് മരണസമയത്ത് രാമനാമ ജപമോ സ്മരണയോ അകമ്പടിയായാൽ ആ വ്യക്തി ജനിമൃതികളുടെ കടൽ എന്നേക്കുമായി കടന്നുപോകുമത്രേ ! ഹനുമാൻ പറയുന്നു: "പ്രണത ബഹുജനബഹു ജനന മരണ ഹരനാമകം പ്രാണ പ്രയാണ കാലേനിരൂപിപ്പവൻ ജനി മരണ ജലനിധിയെ വിരവൊടു കടക്കും' എന്ന്. ഇതിന് ഒരു ഉദാഹരണമായി നെഞ്ചിൽ വെടിയേറ്റ മഹാത്മാവ് ജപിച്ചതും രാം..രാം ...എന്ന ശബ്ദമായിരുന്നു എന്ന് ഓർക്കുക."ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം ബുധൈ':ഈ വിശ്വാസം അനുഭവമാക്കിയവർ ഏറെയുണ്ട്,
രാമനാമത്തിലെ ഉള്ളടക്കത്തിൽ ! വനവാസ കാലത്ത് മുക്തി നേടുന്നവരൊക്കെ, രാമന്‍റെ വരവിനും ദർശനത്തിനും കാത്തിരിക്കുന്നവരൊക്കെ രാമഭക്തിയിൽ മനസുറച്ചവരായിരുന്നു. എതിരിട്ട രാമബാണമേറ്റവരോ, രാമ അസ്ത്രത്താൽ മോക്ഷം സിദ്ധിച്ചവരും. എങ്ങനെ നോക്കിയാലും രാമനാമശക്തി സ്പഷ്ടമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് നിരക്ഷരരായ അമ്മമാർ, അമ്മൂമ്മമാർ, കൃഷിക്കാർ, നിസ്വൻമാർ, നിസാരന്മാർ എന്നീ നിലകളിൽ ജീവിച്ച സാധാരണ വ്യക്തികൾ ഈ വിശ്വാസത്തിലും അനുഭവത്തിലും ഉറച്ചുനിൽക്കുന്നത്. ജാതി-വർണ-വർഗ- ലിംഗ വ്യത്യാസമില്ലാതെ ഏതൊരാൾക്കും ആത്മജ്ഞാനത്തിന് അർഹതയുണ്ടെന്നും അതാണ് മോക്ഷത്തിന് ആവശ്യമെന്നുമുള്ള രാമായണ പാഠം മനസിലെ നവോഥാനത്തിന്‍റെ പ്രഥമ പടിയും കൂടിയാണ് എന്ന് മനസിലാക്കാം.
(നാളെ: ബോഡി ഷെയ്മിങ് )