
ബോഡി ഷെയിമിങ്
രാമായണ ചിന്തകൾ - 27- വെണ്ണല മോഹൻ
മറ്റുള്ളവരുടെ ശരീരത്തെ അഭംഗിയോ വൈരൂപ്യമോ കണ്ട് കളിയാക്കുക. അതായത് ബോഡി ഷെയിമിങ് നടത്തുക. ഇക്കാലത്ത് ഇതൊരു ക്രിമിനൽ കുറ്റമാണ്. ശരീരത്തെ പരിഹസിക്കുക എന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം പാടുള്ളതല്ല. മാനസിക വികാസം ഉള്ള ഒരാളും അതിന് തുനിഞ്ഞുകൂടാ. എന്നാൽ ഇതൊക്കെ മനുഷ്യന്‍റെ മാനസിക വികാസം കാരണം ഇക്കാലത്തുണ്ടായ ബോധ്യപ്പെടലാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ലെന്ന് തന്നെ പറയാനാകും.
രാമായണ കാലത്തു തന്നെ ഇത്തരം കാര്യങ്ങളെ കുറ്റകരമായിട്ട് തന്നെയാണ് കണ്ടിരുന്നത്. ഉദാഹരണമാണ് കബന്ധഗതി എന്ന കഥ.
ജഡായുവിന് മോക്ഷം കൊടുത്തശേഷം രാമലക്ഷ്മണന്മാർ വനയാത്ര തുടരുമ്പോഴാണ് അത് കണ്ടത് ! രാക്ഷസ രൂപത്തിലെ ഒരു വലിയ സത്വം! പക്ഷിയും മൃഗവും അല്ലാത്ത ഒരാൾ ! അയാളുടെ പ്രത്യേകത എന്തെന്നാനൽ കാലും തലയുമില്ല ബാക്കിയുള്ള ഭാഗങ്ങളേ ഉള്ളൂ. നെഞ്ചിലാണ് വായ ഉള്ളത്! കൈകളുണ്ട്. ആ കൈകൾ അറുത്തുമുറിക്കുക. അല്ലെങ്കിൽ, അവന്‍റെ വിശിഷ്ടഭോജ്യമായി തീരും രാമലക്ഷ്മണന്മാർ എന്നത് ഉറപ്പായിരിക്കുന്നു. രാമൻ അവന്‍റെ വലതു കൈയും ലക്ഷ്മണൻ അവന്‍റെ ഇടതു കൈയും മുറിച്ചുകളഞ്ഞു. അതോടെ ആ കബന്ധം സംസാരിക്കാൻ തുടങ്ങി.
" ഇതേവരെ എന്‍റെ കൈകൾ ഛേദിക്കാൻ ശക്തരായുള്ള ആരും ഉണ്ടായിട്ടില്ല. നിങ്ങൾ ആരെന്ന് പറയുക. ഇവിടെ വരാൻ എന്ത് കാരണമെന്ന് പറയുക." ശ്രീരാമൻ താൻ ആരാണെന്നും തന്‍റെ കൂടെയുള്ളത് ആരാണെന്ന് പറയുന്നു.കൂടാതെ ഞങ്ങൾ നായാട്ടിനു പോയ സമയം ഒരു നിശാചരൻ സീതയെ അപഹരിച്ചുകൊണ്ടു പോയതായും അവളെ അന്വേഷിച്ച് നടക്കുമ്പോഴാണ് കബന്ധത്തെ കണ്ടെന്നതും അറിയിച്ചു. ഞങ്ങൾ പ്രാണരക്ഷാർഥമാണ് നിന്‍റെ കരങ്ങൾ അറുത്തത്. ഇതു കേട്ടതോടെ കബന്ധൻ കോപിക്കുകയല്ല സന്തോഷത്തോടെ പറയുന്നു- "അങ്ങ് ശ്രീരാമൻ എങ്കിൽ ഞാൻ ധന്യനായി !"
അങ്ങനെ പറയാൻ കാരണമായ ഒരു പൂർവ കഥയുണ്ട്. കാലങ്ങൾക്കു മുൻപ്, ദിവ്യനായ ഒരു ഗന്ധർവൻ ആയിരുന്നത്രേ ഈ കബന്ധൻ. യൗവനവും സൗന്ദര്യവും ഗന്ധർവനെ അഹങ്കാരിയാക്കി. യൗവനത്തിമിർപ്പിൽ സുന്ദരികളുമായി ക്രീഡിച്ച് നടന്ന ഗന്ധർവൻ ഒരുനാൾ അഷ്ടാവക്രനെ കാണുകയുണ്ടായി. അയാളുടെ ശരീരത്തിലെ വളവും വൈരൂപ്യവും കണ്ട് ഗന്ധർവൻ ക്രൂരമായി അഷ്ടാവക്ര മുനിയെ പരിഹസിച്ചു, നിന്ദ്യമായ പരിഹാസം. ബോഡി ഷെയിമിങ് ! അതോടെ മുനി ശപിച്ചു ദുഷ്ടനായ, അഹങ്കാരിയായ നീ രാക്ഷസനായി തീരട്ടെ. ശിക്ഷ ലഭിച്ചതിൽ ഖിന്നനായി മാപ്പിരന്നപ്പോൾ കോപം മാറി സന്തുഷ്ടനായ മുനി പറഞ്ഞു, ത്രേതാ യുഗത്തിൽ സാക്ഷാൽ ശ്രീനാരായണൻ ദശരഥ പുത്രനായി ജനിച്ച് നിന്‍റെ കൈകൾ ഛേദിക്കുമ്പോൾ നിനക്ക് ശാപമോക്ഷം കിട്ടും.
കബന്ധൻ ഒരിക്കൽ ദേവേന്ദ്രന്‍റെ നേരെ പാഞ്ഞടുക്കുകയും അദ്ദേഹത്തിന്‍റെ വജ്രായുധമേറ്റ് ശിരസ് നഷ്ടപ്പെടുകയും ചെയ്തു. മുനിശാപംമൂലം മരിച്ചില്ലെന്നു മാത്രം. ദേവേന്ദ്രൻ തല വയറ്റിലാക്കിക്കൊടുത്തു. തലയും കാലും വയറ്റിൽ ആയപ്പോൾ കൈകൾ നീണ്ടു. ഇന്ദ്രാജ്ഞയാൽ അങ്ങനെ വസ്തുക്കൾ കൈമധ്യത്തിൽ എത്തിയാൽ വായിൽ കൊണ്ടുവന്നു ഭക്ഷിക്കും. അങ്ങനെയാണ് കബന്ധൻ ജീവിച്ചുപോന്നത്. ശരീരത്തിൽ എട്ടു വളവുകളുള്ള അഷ്ടാവക്രൻ അറിവിലും വൈരാഗ്യത്തിലും ഉന്നതസ്ഥാനീയനാണ്. ജനക മഹാരാജാവിന്‍റെ ഗുരുസ്ഥാനീയനുമാണ്.
നമ്മിലും ശരീര സൗന്ദര്യം ഉണ്ടായാൽ, മേന്മകൾ ഉണ്ടായാൽ, അഹങ്കാരം ഉടലെടുക്കുകയും മറ്റുള്ളവരെ പരിഹസിക്കാൻ തുനിയുകയും ചെയ്യുക പതിവ് കാഴ്ചയല്ലേ? ശരീര സൗന്ദര്യത്തിന് അപ്പുറമുള്ള മേന്മകളോ ഗുണങ്ങളോ കാണാൻ അഹങ്കാരം അനുവദിക്കാറില്ല. ശരീരഭംഗി മാത്രമല്ല ഗുണം എന്ന തിരിച്ചറിവ് ഉണ്ടാകാറില്ല. അതുകൊണ്ടാണ് ബോഡി ഷെയിമിങ് ഉണ്ടാകുന്നത്. സൃഷ്ടിയിൽ നല്ലത്, ചീത്ത, ഉയർന്നത്, താഴ്ന്നത് എന്ന ചിന്ത അഭിലഷണീയമാണോ? എന്തായാലും ഇക്കാലത്തിനും എത്രയോ മുമ്പേ ഭാരതീയ പാരമ്പര്യമനുസരിച്ച് ബോഡി ഷെയിമിങ് കുറ്റകരമായിരുന്നു എന്ന് നമുക്ക് ഈ കഥയിലൂടെ മനസിലാക്കാം.
(അടുത്ത ഭാഗം: ഓരോരോ സമയങ്ങളിൽ)