
വനിതകളുടെ ജൈത്രയാത്രയ്ക്ക് വഴിയൊരുക്കിയ റാണി ദുർഗാവതി
മന്ത്രാലയങ്ങൾ, നയങ്ങൾ, അഭിമാന പദ്ധതികൾ എന്നിവ ഇന്ത്യയുടെ സങ്കൽപ്പങ്ങളിലേക്ക് കടന്നു വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ്, യുവതിയായ ഒരു രാജ്ഞി സധൈര്യം യുദ്ധമുന്നണിയിലേക്കെടുത്ത് ചാടുകയും, കീഴടങ്ങൽ ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ് ആത്മാഭിമാനവും സാഹസികതയും സ്വധർമ പാലനവും മുഖമുദ്രയാക്കി പോരാടുകയും ചെയ്തു. യോദ്ധാവായ, രാജ്ഞി എന്ന നിലയിലും ശൗര്യത്തിന്‍റെ പ്രതിരൂപമായും മധ്യ ഭാരതത്തിലുടനീളം സ്മരിക്കപ്പെടുന്ന റാണി ദുർഗാവതി, പൊതുജീവിതം, ബിസിനസ്, ശാസ്ത്രം, പൗരധർമം എന്നിവയെ പുനരാവിഷ്‌കരിക്കുന്ന രാജ്യത്തെ സ്ത്രീ സമൂഹത്തെ സദാ ഉത്തേജിപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ യുദ്ധമുന്നണികൾ മുതൽ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന നയങ്ങൾ വരെയുള്ള നൈരന്തര്യത്തിന്‍റെ സചേതനമായ ചരടായി നിലകൊള്ളുന്ന റാണിയുടെ കഥകളും അത് പ്രതിഫലിപ്പിക്കുന്ന മൂല്യങ്ങളും അവരുടെ 501ാം ജന്മവാർഷികത്തിൽ നമ്മുടെ ഓർമകളെ ജ്വലിപ്പിക്കുന്നു.
ധീരതയുടെ നേർചിത്രം
ചരിതം അവഗണിക്കുന്ന ഒരു വ്യക്തിയാകാൻ വിസമ്മതിച്ച റാണി ദുർഗാവതി സ്വന്തം ജീവിതത്തെ ഒരു ഇതിഹാസമാക്കി മാറ്റി. അധിനിവേശ ശക്തികളെ സധൈര്യം നേരിട്ട അവർ, സ്വന്തം സാമ്രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. മുന്നിൽ നിന്ന് നയിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത വനിതയെന്ന പ്രതിച്ഛായ- കേവലം പ്രാദേശിക ഭരണാധികാരി എന്ന നിലയിൽ നിന്ന് ദേശീയതയുടെ പ്രതീകമാക്കി അവരെ ഉയർത്തി. കഥകളിലും സ്മാരകങ്ങളിലും ഇന്തോർ അടക്കമുള്ള മധ്യഭാരത്തിലെ നഗരങ്ങളിലും പ്രാദേശിക സംസ്കാരങ്ങളിലും ഇന്നും ധീരസ്മരണയായി അവശേഷിക്കുന്ന റാണി, നേതൃഗുണങ്ങൾക്ക് ലിംഗഭേദത്തിന്‍റെ പരിമിതി അശേഷമില്ല എന്നതിന്‍റെ തെളിവായി ഉദ്ധരിക്കപ്പെടുന്നു.
ഇന്ത്യ എങ്ങനെ ചെവി കൊടുക്കുന്നു
കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയവും അനുബന്ധ വകുപ്പുകളും ചേർന്ന് നയിക്കുന്ന ആധുനിക ഇന്ത്യയുടെ വനിതാ ക്ഷേമത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും അന്തരീക്ഷം റാണി ദുർഗാവതി പ്രതിനിധാനം ചെയ്ത പരിവർത്തനത്തിന്‍റെയും സമാന ലക്ഷ്യങ്ങളുടെയും സമന്വയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. തന്‍റെ കാലത്ത് രാജ്ഞി ഭൂപ്രദേശങ്ങളെയും ജനങ്ങളെയും മുന്നിൽ നിന്ന് സംരക്ഷിച്ചത് പോലെ, വിവിധ മേഖലകളിലെ വനിതകളുടെ അവകാശങ്ങൾ, സ്വീകാര്യത, അവസരങ്ങൾ എന്നിവ സംരക്ഷിക്കാനും വിപുലീകരിക്കാനും സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസവും സാമൂഹിക സമത്വവും:
പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ലിംഗപരമായ വിടവുകൾ നികത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള പദ്ധതികൾ ദീർഘകാല പരിവർത്തനത്തിന് അടിത്തറ പാകുന്നു. സ്ക്കൂൾ വിദ്യാഭ്യാസം, ആത്മവിശ്വാസം, അഭിലാഷം എന്നിവ ശാക്തീകരിക്കപ്പെടുമ്പോൾ നേതൃഗുണങ്ങളും വളരുന്നു.
സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും:
നൈപുണ്യ വികസന സംരംഭങ്ങൾ മുതൽ വായ്പയും വിപണി പ്രവേശനവും വരെയുള്ള നടപടികൾ, ഭരണനിർവ്വഹണത്തിന്‍റെയും തീരുമാനമെടുക്കൽ പ്രക്രിയയയുടെയും ആധുനിക ആഖ്യാനങ്ങളായ വാണിജ്യ, തൊഴിൽ മേഖലകളുടെ നേതൃത്വത്തിലേക്ക് ചുവടുവെക്കാൻ വനിതകളെ പ്രാപ്തരാക്കുന്നു.
സുരക്ഷയും നിയമം മൂലമുള്ള സംരക്ഷണവും:
വൺ സ്റ്റോപ്പ് സെന്‍ററുകളും ഹെൽപ്പ് ലൈനുകളും വനിതകളുടെ അവകാശങ്ങളും പൗര പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള നിയമ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഭയം അവരുടെ തൊഴിലിനെയോ അഭിപ്രായസ്വാതന്ത്ര്യത്തെയോ പരിമിതപ്പെടുത്തുന്നില്ല.
ആരോഗ്യവും മാതൃ പരിചരണവും:
മാതൃ ആരോഗ്യത്തിനും പോഷകാഹാരത്തിനുമുള്ള പദ്ധതികൾ വനിതാ ക്ഷേമത്തിനുള്ള നിക്ഷേപങ്ങളായി വർത്തിക്കുന്നു. ഇത് സുസ്ഥിരമായ പൊതുജന ഇടപെടലും നേതൃപരമായ പങ്കും സാധ്യമാക്കുന്നു.
ഭരണനിർവഹണവും പ്രാതിനിധ്യവും:
പഞ്ചായത്തുകളിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ഉദ്യമങ്ങൾ രാഷ്‌ട്രീയ പരിവർത്തനത്തിനായി റാണി ദുർഗാവതി മുന്നോട്ടു വച്ച ആശയത്തെ പ്രതിധ്വനിപ്പിക്കുന്നു.
പുരോഗതിയുടെ അളവുകോൽ
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മികച്ച നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്: സ്ത്രീ സാക്ഷരതയിലും മിക്ക മേഖലകളിലെയും തൊഴിൽ ശക്തി പങ്കാളിത്തത്തിലും വർധനവ്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ വനിതകളുടെ എണ്ണത്തിലെ വർധന, സ്ത്രീ സംരംഭകത്വത്തിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം, സുരക്ഷയെയും തുല്യ അവസരത്തെയും കുറിച്ചുള്ള സംഭാഷണങ്ങൾ എന്നിവ പൊതുവെ ദൃശ്യമാണ്. ഈ മാറ്റങ്ങൾ വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല; വനിതകൾ സ്വയം സജ്ജരാകുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അവർ സമൂഹത്തെ പുനർനിർമിക്കുമെന്ന് റാണി ദുർഗാവതിയുടെ ജീവിതം പഠിപ്പിച്ച തത്വത്തിന്‍റെ ആധുനികമായ പ്രകടീകരണങ്ങളാണവ.
റാണി ദുർഗാവതിയുടെ പൈതൃകം ആധാരശില
റാണി ദുർഗാവതിയുടെ മാതൃകയെ അമൂല്യമാക്കുന്നത് രണ്ട് ഗുണവിശേഷങ്ങളാണ്: ധാർമികവും പ്രായോഗികവുമായ വശങ്ങൾ. ധാർമികമായി, അവർ അന്തസും ധൈര്യവും ഉത്തരവാദിത്തങ്ങളും ഉയർത്തിപ്പിടിച്ചു. പ്രായോഗികതലത്തിൽ, വനിതകളെ തീരുമാനമെടുക്കാൻ ശേഷിയുള്ളവരായും പൊതുക്ഷേമത്തിന്‍റെ സംരക്ഷകരായും സാധാരണവത്ക്കരിച്ചു. തലമുറകളായി ഇന്ത്യയുടെ പൗര ധർമത്തിന്‍റെ ഭാഗമായ ആ ദ്വിമുഖ പൈതൃകം, വനിതാ ശാക്തീകരണ നയങ്ങൾക്ക് വേരൂന്നാൻ കഴിയുന്ന സാമൂഹിക പരിസരം സൃഷ്ടിക്കാൻ സഹായിക്കുന്നു.
വികസിത ഭാരതത്തിന് പുതിയ ദർശനം
ഒരു വികസിത രാഷ്‌ട്രത്തിനായുള്ള - രാജ്യം കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യമായ വികസിത ഭാരതത്തിനായുള്ള പുതിയ ദർശനം ഇന്ത്യ പിന്തുടരുമ്പോൾ, ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്: വനിതകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പരിവർത്തനത്തിന്‍റെ വ്യാപ്തി, ആഴം, തുല്യത എന്നിവയിലൂടെ വികസനത്തെ നോക്കിക്കാണുക . ""സ്ത്രീ കേന്ദ്രീകൃതമായ വികസിത ഭാരതം'' എന്ന ദർശനം വനിതകളുടെ പങ്കാളിത്തത്തെ അനുബന്ധമെന്നതിലുപരി കേന്ദ്ര വികസന സൂചകമായി കണക്കാക്കുന്നു. പ്രായോഗികമായി, അതിനർഥം പ്രധാന ക്ഷേമ സൂചകങ്ങൾ മാത്രമല്ല, സമസ്ത മേഖലകളിലും (ബോർഡുകൾ, പൊതുസേവനം, സാമൂഹിക സ്ഥാപനങ്ങൾ) വനിതകളുടെ നേതൃത്വത്തിന്‍റെ പുരോഗതി മാനദണ്ഡമാക്കുക എന്നാണ്.
വനിതകൾക്ക് സുരക്ഷിതമായ യാത്രയും സാമ്പത്തിക പങ്കാളിത്തവും സാധ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളും നഗര ഇടങ്ങളും രൂപകൽപ്പന ചെയ്യുന്നതിലൂടെയും, ആജീവനാന്ത പഠനത്തിലും പുനർനിർമാണത്തിലും നിക്ഷേപിക്കുന്നത് മുഖേന ഭാവിയിലെ തൊഴിലുകളും സാങ്കേതികവിദ്യകളും സ്വീകരിക്കാൻ വനിതകളെ സജ്ജരാക്കുന്നതിലൂടെയും ഇത് സാധ്യമാകും.
അതുകൊണ്ട്, പൊതു, സാമ്പത്തിക ഇടങ്ങൾക്കായി വനിതകളുടെ സമയം ഉപയോഗപ്പെടുത്തുന്നതിന്, വേതനമില്ലാത്ത പരിചരണ ഭാരങ്ങൾ - ശിശുസംരക്ഷണം, വൃദ്ധ സംരക്ഷണം, സാമൂഹിക പിന്തുണ തുടങ്ങിയവ - കുറയ്ക്കുന്ന നയങ്ങൾക്ക് മുൻഗണന നൽകുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ മാർഗം തിരഞ്ഞെടുക്കുമ്പോൾ, ഓരോ സ്ത്രീക്കും നയിക്കാനും സംരക്ഷിക്കാനും വികസിക്കാനുമുള്ള സാധ്യതകൾ ഉറപ്പാക്കുന്നതിലൂടെ റാണി ദുർഗാവതിയെപ്പോലുള്ള മഹാത്മാക്കളുടെ ചിന്തകളെ അർഥവത്തായ രീതിയിൽ രാഷ്‌ട്രം ആദരിക്കുന്നു.
ഭൂതകാല ശൗര്യത്തെ ഭാവി വാഗ്ദാനങ്ങളുമായി സമന്വയിപ്പിക്കുന്ന റാണി ദുർഗാവതിയുടെ കഥ ഒരു അപ്രസക്തമായ ഏടല്ല; ഇന്ത്യയ്ക്ക് എന്തായിത്തീരാൻ കഴിയും എന്നതിനെക്കുറിച്ചുള്ള സജീവ അനുമാനമാണിത്. പൊതു നിയതി രൂപപ്പെടുത്താനുള്ള വനിതകളുടെ അവകാശത്തിന്‍റെ പ്രഖ്യാപനമായിരുന്നു അവരുടെ വിപദിധൈര്യം. ഇന്ന്, സ്കൂളുകളിലൂടെയും ആശുപത്രികളിലൂടെയും നിയമങ്ങളിലൂടെയും ഉപജീവന മാർഗങ്ങളിലൂടെയും സുരക്ഷിതമായ തെരുവുകളിലൂടെയും ബോർഡുകളിലെ തുല്യതയിലൂടെയും ആ ആശയത്തെ ഒരു ശാശ്വത യാഥാർഥ്യമാക്കി മാറ്റാൻ ഇന്ത്യയിലെ മന്ത്രാലയങ്ങളും പൊതു സമൂഹവും പൗരന്മാരും ചുമതലപ്പെട്ടിരിക്കുന്നു. വികസിത ഭാരതത്തിന്‍റെ സ്പന്ദനം അളക്കുന്നത് വനിതാ ശാക്തീകരണത്തിന്‍റെ അളവ് കോൽ മുഖേനയാണെങ്കിൽ, റാണി ദുർഗാവതിയെ ആദരിക്കുക എന്നാൽ ആ ശക്തിയെ സാർവത്രികമാക്കുക എന്നർഥം .
അന്തിമ വിശകലനത്തിൽ, രാജ്ഞിയുടെ പൈതൃകം ഒരു ശിലാ സ്മാരകമായിരിക്കില്ല, മറിച്ച്, കോടിക്കണക്കിന് വരുന്ന വനിതകൾ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും മുന്നിൽ നിന്ന് നയിക്കുന്ന ഒരു രാഷ്‌ട്രമായിരിക്കും- കുടുംബങ്ങളിലായാലും, വിപണികളിലായാലും, ശാസ്ത്ര മേഖലയിലായാലും, ഭരണ നിർവഹണത്തിലായാലും 21ാം നൂറ്റാണ്ടിൽ ധൈര്യത്തിന്‍റെയും കാര്യവിചാരത്തിന്‍റെയും പൈതൃകത്തെ അവർ മുന്നോട്ട് നയിക്കും.