
ആലപ്പുഴ കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുടെ വീട്ടിൽ രാജേഷ് പ്ലംബിങ് പണികൾക്കായാണ് എത്തിയത്. ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ച പൊന്നമ്മയുടെ ഏകാന്തജീവിതം രാജേഷ് ശ്രദ്ധിച്ചു. ആ അമ്മയുടെ ഒറ്റപ്പെടൽ ആ മകനെ നോവിച്ചു...
മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ.കെ. രവീന്ദ്രന്റെ മകനാണ് രാജേഷ്. ഏഴുവർഷം മുമ്പ് അമ്മ മരിച്ച ശേഷമുള്ള അച്ഛന്റെ ഏകാന്തതയും ആ മകൻ കാണുന്നുണ്ടായിരുന്നു. അച്ഛൻ മുൻപ് അമ്മയെ നോക്കിയിരുന്നതു പോലെ നോക്കാൻ ഒരാൾ വേണ്ടേ എന്ന് രാജേഷ് അച്ഛനോട് ചോദിച്ചു. പിന്നെല്ലാം വേഗത്തിലായിരുന്നു.
കഴിഞ്ഞയാഴ്ച പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവീക്ഷേത്രത്തിൽ എൻ. കെ. രവീന്ദ്രനും പൊന്നമ്മയും വിവാഹിതരായി.
"എനിക്ക് സന്തോഷമാണ്, എനിക്ക് ആരും ഇല്ലാത്തതാണ്'- ഗദ്ഗദത്തോടെ പൊന്നമ്മ പറഞ്ഞു. ഏകാന്തതയുടെ അപാരതീരത്തിൽ കഴിയാൻ വിധിക്കപ്പെട്ട രണ്ടുപേർ വാർധക്യത്തിന്റെ അസ്വസ്ഥതയിൽ പുതിയ പ്രതീക്ഷയോടെ ജീവിതം തിരിച്ചുപിടിക്കുകയാണ്.
ഇനി, 51 ലക്ഷത്തിലേറെ ആളുകൾ കണ്ട ഒരു വിവാഹ വീഡിയോയുടെ കഥ. ഒരു വർഷം മുമ്പാണ് അത് നടന്നത്.
തൃശൂര്‍ കോലഴി സ്വദേശി പ്രസീതയാണ് അമ്മയുടെ വിവാഹത്തിന് മുൻകൈ എടുത്തത്. അതിന്റെ കാരണം മകളുടെ വാക്കുകളിൽ: "അച്ഛന് മരിച്ച ശേഷം അമ്മ ഒറ്റയ്ക്കൊരു വീട്ടില്‍ കഴിയുന്നു. ഞാനും സഹോദരിയും വിവാഹിതരായി ഭർത്തൃവീടുകളിൽ. ഒറ്റപ്പെട്ട് കഴിയുന്ന അമ്മയുടെ സങ്കടം സഹിക്കാന്‍ വയ്യാതെയായി. അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് മനസ് പറഞ്ഞു. അങ്ങനെ അമ്മയുടെ പുനര്‍വിവാഹത്തിന് മുന്‍കൈയെടുത്തു'.
മക്കൾക്ക് ബാധ്യതയാവാതിരിക്കാൻ ബ്ലെസ് ഹോമിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നു അമ്മ രതി മേനോൻ. ആ അമ്മയ്ക്ക് 2 പെൺമക്കൾ. മക്കളുടെ ജീവിതത്തിന്റെ തിരക്ക് ആ അമ്മയ്ക്ക് മനസിലാകുമായിരുന്നു. അച്ഛന് മരിച്ച ശേഷം ഒരു വര്‍ഷം അമ്മയുടെ ജീവിതം കൂടുതലും ഏകാന്തയ്ക്കൊപ്പമായിരുന്നു. 2 പെണ്മക്കൾക്കും അമ്മയോടൊപ്പം വന്നു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.
അമ്മയുടെ പുനർവിവാഹത്തെപ്പറ്റി പ്രസീത ആദ്യം ചർച്ച ചെയ്തത് ഭർത്താവ് വിനുവിനോടായിരുന്നു. അദ്ദേഹം പ്രോത്സാഹിപ്പിച്ചതോടെ അടുത്ത ബന്ധുക്കളുമായി സംസാരിച്ചു. അവരും പിന്തുണച്ചു. അങ്ങനെ 59കാരിയായ രതി മേനോനും 63കാരനായ ദിവാകറും വിവാഹിതരായി. തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ യു. ദിവാകര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു. ദിവാകറിന്റെ ഭാര്യ മരിച്ചിട്ട് 3 വര്‍ഷമായി. ഭാര്യയുടെ മരണശേഷം തനിച്ചായിരുന്നു താമസം. മക്കള്‍ കൊച്ചിയിലും വിദേശത്തുമായിട്ടായിരുന്നു വാസം. അവരുടെ തിരക്കും അസൗകര്യവും മേനോനും മനസിലാക്കാനാവുമായിരുന്നു. അപ്പോഴാണ് പുനർവിവാഹത്തിന്റെ ആലോചന വന്നത്.
കൊല്ലം ജില്ലയില്‍ താമസക്കാരനായ ഗോകുല്‍ എൻജിനീയറാണ്. തനിക്കു വേണ്ടിയാണ് എല്ലാ യാതനകളും സഹിച്ച് ഇത്രയും കാലം അമ്മ കൂടെ നിന്നത്. അധ്യാപികയായിരുന്ന അമ്മ ജോലി പോലും ഉപേക്ഷിച്ചെന്നും ഗോകുല്‍ പറയുന്നു. ആ അനുഭവം ഗോകുൽ ഫെയ്സ് ബുക്കിൽ എഴുതി: "ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് "എന്തിന് ഇങ്ങനെ സഹിക്കുന്നു'എന്ന്?
അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് : "നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കു'മെന്ന്. "ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോൾ ഞാൻ തീരുമാനം എടുത്തതാണ്. ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്... യൗവനം മുഴുവൻ എനിക്കായി മാറ്റിവച്ച എന്റെ അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാനുണ്ട്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വയ്ക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..'
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ നേതാവുകൂടിയാണ് ഗോകുല്‍ ശ്രീധര്‍. അമ്മയോട് പല തവണ മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നെ ഏറെ നിര്‍ബന്ധിച്ചിട്ടാണ് സുഹൃത്തുക്കളില്‍ നിന്നും പുതിയൊരു ആലോചന വന്നത്. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. ഏറെ നിര്ബന്ധിച്ചോള് സമ്മതിക്കുകയായിരുന്നു. - ഗോകുല്‍ പറഞ്ഞു.
അമ്മയ്ക്ക് ഇങ്ങനെ ആഹ്ലാദകരമായ വിവാഹജീവിതം ആശംസിക്കുന്ന മകനെ ഏതെങ്കിലും സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയുമോ? അതെ, ജീവിതം ചിലപ്പോഴെങ്കിലും സിനിമയെക്കാൾ അവിശ്വസനീയമാണ്.
ഫെയ്സ്ബുക്കിൽ 11,000ലേറെ ഫോളോവേഴ്സുള്ള ഷബീർ കളിയാട്ടമുക്ക് ഏതാനും കൊല്ലം മുമ്പാണ് ഫെയ്സ് ബുക്കിൽ മറ്റൊരു മകനെ പരിചയപ്പെടുത്തിയത്: "എന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു ബെറ്റര്‍ ലൈഫ് സ്വപ്നം കണ്ടാണ് സൗദിയിലേക്ക് പറന്നത്.ആടിനെ മേയ്ക്കുന്ന വിസയായിരുന്നെങ്കിലും വലിയ അലച്ചിലില്ലാതെ മക്കയിലെ ഒരു പോളിക്ലിനിക്കില്‍ ഇൻഷ്വറന്‍സ് സെക്ഷനില്‍ ജോലി കിട്ടി. ക്ലിനിക്കിന്റെ വിസയല്ലാത്തതു കാരണം പൊലീസ് ചെക്കിങ്ങിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ക്ലിനിക്കിന്റെ തൊട്ടടുത്ത് തന്നെയുള്ള റൂമിലാണ് താമസം ഒരുക്കിയിരുന്നത്. രാത്രിയിലും മറ്റും അത്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റാഫാണ് അവിടെ സഹമുറിയന്മാരായി ഉണ്ടായിരുന്നത്.കൊണ്ടോട്ടിക്കാരന്‍ റസാഖ് ഭായ്, മഞ്ചേരിയുള്ള ഷൗക്കു, വളാഞ്ചേരിക്കാരന്‍ ശിഹാബ് ഭായ്... പിന്നെ അവനും. ഞാന്‍ ആ റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ ശരിക്കും അധികപ്പറ്റായിരുന്നു. കിടക്കാന്‍ ഒരൊറ്റ കട്ടിലും ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം മാനെജര്‍ എന്നോട് സൂചിപ്പിച്ചിരുന്നു.. "അതൊന്നും പ്രശ്നമില്ല,തറയില്‍ കിടന്നോളാമെന്ന് "ഞാന്‍.
ഒന്നാമത്തെ ദിവസം തന്നെ അവന് കട്ടിലില്‍ നിന്നിറങ്ങി തറയില്‍ ബെഡ് നിവര്‍ത്തി,അവന്റെ കട്ടില് എനിക്കായ് ഒഴിഞ്ഞു തന്നു.അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. എന്നെക്കാള്‍ 2 വയസ് കൂടുതലുണ്ടായിരുന്നെങ്കിലും അവന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഉമ്മയും അനിയത്തിയും ചേര്‍ന്നതാണ് അവന്റെ കുടുംബം. അനിയത്തിയുടെ വിവാഹം കഴിഞ്ഞു.ഉപ്പയെക്കുറിച്ച് ഒരു 4 വയസ്സുകാരന്റെ ഓര്മ മാത്രമാണ് അവനുള്ളത്. പിന്നീട് ഉമ്മ ആങ്ങളമാരുടെ സഹായത്തോടെ അവനെയും അനിയത്തിയെയും വളര്‍ത്തി. അവന് എപ്പോഴും ഉമ്മയെക്കുറിച്ച് നല്ല വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞു.
"ഉപ്പ മരിച്ചതിന് ശേഷം ഉമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നത്രെ. വീട്ടുകാരും, ബന്ധുക്കളും പുനര്‍ വിവാഹത്തിന് ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ മക്കളെ വിട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ പോവേണ്ടി വരുമെന്നതിനാല്‍ ഉമ്മ ഒരു വിവാഹത്തിനും സമ്മതിച്ചില്ല.ആരോടും പരാതി പറയാതെ ഞങ്ങള്‍ക്ക് താങ്ങും തണലുമായി ഉമ്മ ജീവിച്ചു.."ഇപ്പോള്‍ ഉമ്മക്ക് അനുയോജ്യനായൊരു വരനെ തേടുകയാണ് അവൻ. പക്ഷേ ഉമ്മ സമ്മതിക്കുന്നില്ല.
"എന്റെ കല്ല്യാണത്തിന്റെ പ്രായമൊക്കെ കഴിഞ്ഞു. ഇനി നീയൊന്ന് പെണ്ണ് കെട്ടി കണ്ടാല്‍ മതി... അന്റെ പെണ്ണിനേം നോക്കി, കുട്ട്യോളേം കളിപ്പിച്ച് ഞാനിവിടെ ജീവിച്ചോളാമെന്ന് ' ഉമ്മ. ഉമ്മ വിവാഹത്തിന് സമ്മതിക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്ന വാശിയിലാണവന്‍. അതാണ് അവന്റെ വിവാഹം ഇത്ര വൈകാന്‍ കാരണം. ഇതിനിടയിൽ ഷബീറിന് നാട്ടിലേക്ക് തിരിച്ച് പോരേണ്ടി വന്നു. അതോടെ, അവനുമായുള്ള ബന്ധം മുറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂട്ടുകാരോടൊപ്പം മലപ്പുറം കോട്ടക്കുന്നില്‍ പോയപ്പോള്‍ പിറകില്‍ നിന്നൊരു വിളി- "ഷബിയേ....'
അതെ... അത് അവന് തന്നെയായിരുന്നു, കൂടെ ഒരു സുന്ദരിയും.നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ കെട്ടിപ്പിടിച്ച് കുട്ടികളെ പോലെ കരഞ്ഞു..
ഞാന്‍ ആദ്യം അന്വോഷിച്ചത് ഉമ്മയെക്കുറിച്ചാണ്- "ഉമ്മയെവിടെ...?'
"ദാ... അവിടെ ആ ബെഞ്ചില്‍ ഉപ്പയോടൊപ്പം...'
ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞിരിക്കുന്ന അവരുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ നടന്നു.സലാം പറഞ്ഞ് ഞാനാ ഉപ്പയെ കെട്ടിപ്പിടിച്ചു.
ഉമ്മയ്ക്ക് അനുയോജ്യനായൊരു വരനെ തന്നെയാണെടാ നീ കണ്ടെത്തിയിരിക്കുന്നത്..! ഉമ്മയുടെ മുഖത്ത് ഒരു പ്രകാശമുണ്ട്. പെരുന്നാൾ പൊലിവ് ആ മുഖത്ത് നിറഞ്ഞിട്ടുണ്ട്.
ഇത്തരം ചേലുള്ള കാഴ്ചയ്ക്ക് വഴിയൊരുക്കുന്ന മക്കളെ നമ്മളിൽ പലരും കാണുന്നേയില്ല! മക്കളുടെ സ്നേഹമില്ലായ്മയും കരുണമില്ലായ്മയും വിളിച്ചുപറയാൻ ആയിരം നാവുള്ളപ്പോഴാണ് ഇതൊന്നും പലപ്പോഴും കാണാതെ പോവുന്നത്. മക്കൾക്കുവേണ്ടി മെഴുകിതരിയായി എരിഞ്ഞുതീരുന്ന മാതാപിതാക്കൾ ഒരുപാടുണ്ട്, നമ്മുടെ ചുറ്റിലും. ആ കണ്ണീരും ത്യാഗവും തിരിച്ചറിയുന്ന മക്കളും ഇക്കൂട്ടത്തിലുണ്ടെന്ന് നാം മറക്കരുത്...