തീരുവയുദ്ധം: നമ്മൾ അതും കടക്കും

'പിഴ തീരുവ' എന്ന വാക്കില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. പിഴയൊടുക്കാന്‍ തക്കവണ്ണം ഇന്ത്യ എന്താണാവോ ചെയ്തത്? ശുദ്ധ മാടമ്പിത്തരമാണ് ട്രംപ് ഇന്ത്യയോട് പ്രഖ്യാപിച്ചതെന്ന് സാധാരണക്കാർക്കു പോലും മനസിലാവും.

തീരുവയുദ്ധം: നമ്മൾ അതും കടക്കും

'പിഴ തീരുവ' എന്ന വാക്കില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. പിഴയൊടുക്കാന്‍ തക്കവണ്ണം ഇന്ത്യ എന്താണാവോ ചെയ്തത്? ശുദ്ധ മാടമ്പിത്തരമാണ് ട്രംപ് ഇന്ത്യയോട് പ്രഖ്യാപിച്ചതെന്ന് സാധാരണക്കാർക്കു പോലും മനസിലാവും.

ഡോ. പ്രിയ വിനോദ്

രണ്ടാം വര്‍ഷ ഡിഗ്രി ഗ്ലോബല്‍ ബിസിനസ് ക്ലാസിലായിരുന്നു ഞാന്‍ ഈ ചോദ്യം കേട്ടത്, അമെരിക്ക ഇന്ത്യയുടെ മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെ സംബന്ധിച്ച്.

''പിഴ തീരുവ''യുടെ കാര്യത്തില്‍ ഇന്ത്യയെടുക്കേണ്ട തീരുമാനമെന്താണ്? അടിയറവു പറയണോ, അതോ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ? ഇതായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്.

അന്യായം, നിര്‍ഭാഗ്യകരം എന്നു വിലപിക്കുന്നതിനു പകരം ഡോണൾഡ് ട്രംപിനെ വരുതിയിലാക്കുന്ന പ്രവൃത്തികളിലേക്കാകണം ഇന്ത്യ ശ്രദ്ധ തിരിക്കേണ്ടതെന്നായിരുന്നു എന്‍റെ മറുപടി.

ആദ്യമേ പറയട്ടെ ഈ 'പിഴ തീരുവ' എന്ന വാക്കില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. പിഴയൊടുക്കാന്‍ തക്കവണ്ണം ഇന്ത്യ എന്താണാവോ ചെയ്തത്? ശുദ്ധ മാടമ്പിത്തരമാണ് ട്രംപ് ഇന്ത്യയോട് പ്രഖ്യാപിച്ചതെന്ന് സാധാരണക്കാർക്കു പോലും മനസിലാവും.

റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ പണമെന്നാണ് ട്രംപിന്‍റെ വാദം. ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ യുഎസിന് വിരോധമുണ്ടെങ്കില്‍ ആദ്യം അവര്‍ തന്നെ ഇറക്കുമതി ചെയുന്ന യുറേനിയത്തിന്‍റെ നല്ലൊരു പങ്ക് റഷ്യയില്‍ നിന്നുള്ളതല്ലേ. എന്തുകൊണ്ട് അത് നിര്‍ത്തിക്കൂടാ. ലോക സമാധാനത്തിനു നൊബേല്‍ സമ്മാനം പ്രതീക്ഷിക്കുന്ന ട്രംപ് ആദ്യം ചെയ്യേണ്ടത് അതല്ലേ..!

ഇന്ത്യയുടെ കാര്‍ഷിക, പാലുത്പന്ന വിപണികള്‍ അമെരിക്കയ്ക്ക് തുറന്നുകൊടുക്കാത്തതിലുള്ള ചൊരുക്ക് 'പിഴ തീരുവ' എന്ന വാക്കില്‍ നിൽക്കുമ്പോള്‍ ഇന്ത്യ എന്താണെന്നു ട്രംപിന് നന്നായി അറിയാം. വലിയ സുഹൃദ് ബന്ധം എന്നൊക്കെ ഇടയ്ക്കു പറയുമെങ്കിലും ഇന്ത്യയുടെ നട്ടെല്ലിന്‍റെ ബലം സഹൃദത്തിനും അപ്പുറമാണെന്നും അദ്ദേഹത്തിനറിയാം.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളും യുവജനങ്ങളും കാരണം 21ാം നൂറ്റാണ്ടിനെ ഏഷ്യൻ രാജ്യങ്ങൾ നിയന്ത്രിക്കുമെന്നു പ്രതീക്ഷിക്കുന്ന ഏഷ്യന്‍ സെഞ്ച്വറി എന്നത് ഒരു കാല്‍പനികതയല്ല, അതൊരു യാഥാര്‍ഥ്യമാണ്. ലോകരാജ്യങ്ങളോടു കിട പിടിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് വളരുന്ന നാലാമത്തെ സാമ്പത്തിക സ്രോതസായി തെളിയിച്ചു. മുന്‍കാലങ്ങളില്‍ ഇന്ത്യ എങ്ങനെ മുന്നോട്ടു പോകണമെന്നതു ലോക ബാങ്കിന്‍റെ നിര്‍ദേശങ്ങളായിരുന്നുവെങ്കില്‍, ഇപ്പോഴത് ലോക ബാങ്കിന് നിര്‍ദേശങ്ങള്‍ കൊടുക്കുവാന്‍ തക്കവണ്ണം ഇന്ത്യ മാറി എന്നതാണ്. നാലാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമ്പോള്‍ ഒരു കൂച്ചുവിലങ്ങിട്ടേക്കാം എന്ന് വെറുതെ വ്യാമോഹിക്കുകയാണ്.

ഇനിയെന്ത്?

ഇതാണ് ഇപ്പോള്‍ ഇതാണ് പ്രധാന ചര്‍ച്ചകള്‍. രണ്ടു വിധത്തില്‍ ഇതിനെ ഇന്ത്യയ്ക്കു നേരിടാം. 50 ശതമാനം ഒരു താരിഫല്ല, ട്രംപിന്‍റെ ഭാഷയില്‍ അതൊരു ഉപരോധമാണ്. ഉറപ്പായും ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു ബിസിനസ് നഷ്ടപ്പെടും. നിലവില്‍ അരലക്ഷം ഡോളര്‍ ഇറക്കുമതിച്ചെലവു വരുന്ന കണ്ടെയ്‌നര്‍ യുഎസില്‍ എത്തുമ്പോള്‍ പുതിയ നികുതി വഴി 75,000 ഡോളറാവുകയാണ്. ഇത് യുഎസില്‍ ഭാരിച്ച വിലക്കയറ്റത്തിന് കാരണമാകും.

ഭാരിച്ച വില കൊടുത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ നില്‍ക്കാതെ യുഎസ് ജനത ഈ ഉത്പന്നങ്ങള്‍ക്കു തുല്യമുള്ള മറ്റു രാജ്യങ്ങളുടെ വിലക്കുറവുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങും. നഷ്ടം സഹിച്ച് ഈ ബിസിനസ് ഡീലില്‍ കൈ കൊടുക്കാതെ മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യ തിരിയണം. ഇന്ത്യ ഇന്നും ശരിക്കും ഉപയോഗിച്ചിട്ടില്ലാത്ത ഒരു മാര്‍ക്കറ്റാണ് യൂറോപ്പിലേത്. എല്ലാറ്റിനുമുപരി, ഈ വെല്ലുവിളിയെ ഒരു വളര്‍ച്ചാ അവസരമാക്കാം. നഷ്ടം സഹിച്ച് 12 മുതല്‍ 24 മാസം സമയമെടുത്തു മറ്റു രാജ്യങ്ങളിലെ വിപണന സാധ്യതകള്‍ ആരായുക. തീരുവ മൂലം തിരിച്ചടിയുണ്ടാകുന്ന മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ നിര്‍മിച്ച് വലിയ മൂലധന നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. അത് ഇന്ത്യയെ ഇനിയും കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.

ട്രംപിന്‍റെ ആര്‍ട്ട് ഓഫ് ദി ഡീല്‍

ഇതാണ് രണ്ടാമത്തെ വഴി. വികാരപ്രകടങ്ങളും രാഷ്‌ട്രീയ സംഹിതങ്ങളുമൊന്നും ഉച്ചത്തില്‍ പറയാതെ മുള്ളിനെ മുള്ളു കൊണ്ടുയെടുക്കുന്ന വഴി. ട്രംപിന്‍റെ ഒരു നാടകം മാത്രമാണു താരിഫ്. അധികം ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് മറുവശത്തു എന്തു നടക്കുമെന്നു നോക്കിയിരിക്കുന്ന, ഇരയെ കൊത്താന്‍ അവസരം കാത്തിരിക്കുന്ന ഒരു കഴുകനാണ് ട്രംപ്. പല ഘട്ടങ്ങളിലായി ഇന്ത്യ ഇതു നന്നായി മനസിലാക്കിയിട്ടുണ്ട്. തന്ത്രപരമായ താരിഫ് പ്രഖ്യപനത്തിലൂടെ ട്രംപ് പ്രകോപനത്തിലേക്കാണ് ഇന്ത്യയെ ക്ഷണിക്കുന്നത്.

പ്രതികാരം ചെയ്യുക, അവഗണിക്കുക അല്ലെങ്കില്‍ ചര്‍ച്ച ചെയുക എന്നതില്‍ മാത്രമാണ് ഇപ്പോൾ ഇന്ത്യ ശ്രദ്ധ കൊടുക്കേണ്ടത്. ഫെബ്രുവരിയില്‍ ഇന്ത്യ ചര്‍ച്ചയിലൂടെ ഈ കളിയുടെ തുടക്കം കുറിച്ചു. മോദിയും ട്രംപും അടുത്ത് 2030ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സമ്മതിച്ചു. കളിയുടെ രണ്ടാം ഭാഗത്തില്‍ ചര്‍ച്ചകളില്‍ ട്രംപ് കൂടുതല്‍ ഇളവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ കാര്‍ഷിക പാലുത്പന്ന വിപണികള്‍ അമെരിക്കയ്ക്കു തുറന്നുകൊടുക്കാനുള്ള ആവശ്യം പ്രകോപന ചുവടുകള്‍ വച്ച് ഇളവുകള്‍ നേടി ഏറ്റവും മികച്ച കരാര്‍ നേടുകയെന്നതാണു ട്രംപിന്‍റെ ലക്ഷ്യം.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ട്രംപിന്‍റെ രൂക്ഷമായുള്ള പ്രസ്താവനയ്ക്കു തിരിച്ചു പ്രകോപനമായുള്ള മറുപടിയല്ല, പകരം ശാന്തമായി അളന്നു മുറിച്ചുള്ള നയതന്ത്രപരമായ നീക്കങ്ങളാവണം. നാലാം സ്ഥാനത്തു നിന്നു മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ കുതിക്കുന്നതെന്നു ട്രംപിനും അറിയാം. കഠിനാധ്വാനത്തോടെ കെട്ടിപ്പടുത്ത ഒരു രാജ്യത്തോട് വ്യാപാരം വേണ്ടെന്നു വയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ബുദ്ധിശൂന്യനല്ല ട്രംപ്. പ്രതിരോധ സഹകരണം, സാങ്കേതിക പങ്കാളിത്തം, ഭൗമരാഷ്‌ട്രീയ ലക്ഷ്യങ്ങള്‍, 5 ദശലക്ഷം വരുന്ന ഇന്ത്യന്‍ അമെരിക്കന്‍ പ്രവാസികളുടെ കഠിനാധ്വാനം എന്നിവ ഇന്ത്യയ്ക്ക് ഒരു ഘടനാപരമായ സ്ഥിരത നല്‍കുന്നു. ഇത് നമുക്ക് എളുപ്പത്തില്‍ മറക്കാന്‍ പറ്റുന്ന ഒന്നല്ല. പരിഹാസത്തിനും വ്യാപാരത്തിനും നയതന്ത്രപരമായ ഒരു തീര്‍പ്പാണു രണ്ടു രാജ്യങ്ങള്‍ക്കും നല്ലത്.

ഈ മാസം അവസാനം ഇന്ത്യയ്ക്കു മറ്റൊരു റൗണ്ട് വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘത്തെ ആതിഥേയത്വം വഹിക്കാനുണ്ട്. ദീര്‍ഘവീക്ഷണത്തോടെ, ക്ഷമയോടെ, തന്ത്രപരമായ ഒരു നീക്കമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. ട്രംപ് തീര്‍ച്ചയായും പ്രകോപനത്തിന്‍റെ വഴിയിലായിരിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതികരണം ഉറച്ചതും കാച്ചിക്കുറുക്കിയ അളവോടെ വിളമ്പുന്ന വാക്കുക്കളാവണം. പൊതു കലഹത്തെക്കാള്‍ ദീര്‍ഘവീക്ഷണത്തോടെ നയതന്ത്രപരമായ ഒരു ആക്രമണം. ട്രംപ് കൊടുങ്കാറ്റ് മറ്റു നയതന്ത്ര കൊടുങ്കാറ്റുകളെപ്പോലെ തന്നെ കടന്നുപോകും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കാത്തിരിക്കുന്ന ഒരു വ്യക്തിയോടാണു നമ്മുടെ പിണക്കമെന്ന് ഒന്ന് ഓര്‍ക്കുകയും കൂടി വേണം.

(ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനസ് ആൻഡ് മാനെജ്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖിക).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com