(ഇത്തരം മുതലാളിമാർ) വളരട്ടങ്ങനെ വളരട്ടെ..!!

ഏകദേശം എട്ടുകോടി രൂപ ചെലവഴിച്ചാണ് വീട്‌ നിർമാണം പൂർത്തിയാക്കിയത്.
(ഇത്തരം മുതലാളിമാർ) വളരട്ടങ്ങനെ വളരട്ടെ..!!

'മുതലാളൻ, ഉടമ, വലിയ കച്ചവടക്കാരൻ, മൂലധനം ഉള്ളവൻ' എന്നിങ്ങനെയാണ് 'മുതലാളി'എന്നതിന് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള 'ശബ്ദതാരാവലി'യിൽ അർഥം കൽപ്പിച്ചിട്ടുള്ളത്. ഇതുമാത്രമാണോ എന്ന് ഈ കാലത്ത് ആലോചിക്കേണ്ടതുണ്ടെന്നത് വസ്തുതയാണ്. ഇതിപ്പോൾ ഓർക്കാൻ കാരണം തെൻമലയിൽനിന്ന് വ്യത്യസ്തമായി വരുന്ന മുതലാളിക്കഥയാണ്.

സ്വന്തം തൊഴിലിടത്തിലെ 26 സ്ഥിരം തൊഴിലാളികൾക്ക് വീടുവച്ചു നൽകിയത് തെന്മല റിയ എസ്‌റ്റേറ്റ്‌ ഉടമ ജി എം ജെ തമ്പി. ട്രാവൽ ഗ്രൂപ്പായ റിയയുടെ സിഎംഡി ജി എം ജെ തമ്പിക്ക് 60ലേറെ സ്ഥാപനങ്ങളുണ്ട്. ഏകദേശം എട്ടുകോടി രൂപ ചെലവഴിച്ചാണ് വീട്‌ നിർമാണം പൂർത്തിയാക്കിയത്.

ഹാരിസൺ ഗ്രൂപ്പിൽനിന്ന് 2006ൽ തോട്ടം റിയ ഗ്രൂപ്പ് വാങ്ങുകയായിരുന്നു. തോട്ടത്തിൽ വീടുവച്ചു നൽകാമെന്നായിരുന്നു തൊഴിലാളികൾക്ക് ലഭിച്ച ആദ്യ വാഗ്ദാനം. ജോലിയുടെ കാലാവധി പൂർത്തിയാകുന്ന വേളയിൽ വീടുവിട്ട് പോകേണ്ടിവരുമെന്ന ആശങ്ക തൊഴിലാളികൾ പങ്കുവച്ചപ്പോൾ അത് ന്യായമാണെന്ന് മുതലാളി തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന്‌ എസ്റ്റേറ്റിനു വെളിയിൽ രണ്ടര ഏക്കർ വാങ്ങി പ്ളോട്ടുകളായി തിരിച്ചു. പ്ലോട്ടുകൾ നറുക്കെടുപ്പിലൂടെ നേടിയവർക്ക് പ്രമാണം രജിസ്റ്റർചെയ്‌തു . അവരവരുടെ പേരിൽ പെർമിറ്റെടുത്താണ് വീട്‌ നിർമാണം ആരംഭിച്ചത്. നിർമാണത്തിന്‍റെ ഓരോഘട്ടവും തൊഴിലാളികൾ നേരിട്ട് പരിശോധിച്ചു. ദേശീയപാത 744ൽ നിന്നും 150 മീറ്റർ മാറി നാൽപ്പതാം മൈലിലാണ് പാർപ്പിടസമുച്ചയം നിലകൊള്ളുന്ന 'റിയാ ഗാർഡൻസ്' . 260 ഏക്കർ വരുന്ന എസ്റ്റേറ്റിനടുത്ത് വാങ്ങിയ രണ്ടര ഏക്കർ പ്ലോട്ടുകളായി തിരിച്ച് ഏകദേശം 12 ലക്ഷം രൂപവീതം ചെലവഴിച്ചാണ് ഓരോ വീടും നിർമിച്ചത്. ഓരോ കുടുംബത്തിനും 5 സെന്‍റ് വീതം ലഭിക്കും. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. വീടുകളുടെ താക്കോൽ കൈമാറ്റം തമ്പിച്ചായൻ എന്ന ജി എം ജെ തമ്പിയുടെ ജന്മദിനമായ ഇന്നലെ സ്‌പീക്കർ എ. എൻ ഷംസീർ നിർവഹിച്ചു.

ഈ വീട് എന്തെങ്കിലും കാരണവശാൽ എപ്പോഴെങ്കിലും വിൽക്കണമെന്ന് തോന്നിയാൽ മാനെജ്മന്‍റിനെ അറിയിക്കണം. അപ്പോൾ വിപണിവില നൽകി ആ വീട് മാനെജ്മെന്‍റ് ഏറ്റെടുക്കുമെന്നാണ് ഉറപ്പ്. ഒരു സൗകര്യവുമില്ലാത്ത ലയങ്ങളിൽ ചാളകളെപ്പോലെ ജീവിക്കുന്ന തൊഴിലാളികളെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളിലേക്ക് നയിക്കുമ്പോൾ ജി.എം.ജെ തമ്പിക്ക് സന്തോഷം.

'ഒരു തലമുറയ്ക്ക് വേണ്ടതൊക്കെ എന്‍റെ ജീവിതത്തിൽ ആയിക്കഴിഞ്ഞു. പാവപ്പെട്ടവർക്കും ഒന്നുമില്ലാത്തവർക്കും സഹായം നൽകണമെന്നാണ് താത്പര്യം. എന്നാലാവും വിധം അത് ചെയ്യണമെന്നേയുള്ളൂ. ഇവിടെ തലമുറകളായി ഈ തോട്ടത്തിൽ പണിയെടുക്കുന്നവർ കഴിയുന്ന ലയങ്ങളിലെത്തിയപ്പോൾ അവിടെ ജീവിക്കുന്നതിലെ പ്രയാസം മനസ്സിലായി'- തമ്പി പറഞ്ഞു.

കേരളത്തിൽ ഇത്തരത്തിലുള്ള അധികം ഉദാഹരണങ്ങളില്ല. ആർത്തിമൂത്ത് സമ്പത്ത് വെട്ടിപ്പിടിക്കണമെന്ന ആക്രാന്തമനസ്കരാണ് അധികവും. അവർക്കിടയിലാണ് ഇത്തരം മുതലാളിമാരെ കാണാനാവുന്നത്.

'സാധാരണ ദൈവത്തെ നേരിട്ട് കാണാനാവില്ലല്ലോ. ഞങ്ങൾ നേരിട്ടുകണ്ട ദൈവമാണ് തമ്പിച്ചായൻ. ജീവിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ പ്രാർഥനകളിൽ മുതലാളിയും കുടുംബവും ഉണ്ടാവും'-ദൃശ്യമാധ്യമ ക്യാമറകൾക്ക് മുന്നിൽ എത്തിയ തൊഴിലാളികളിൽ മിക്കവരും പറഞ്ഞത് ഇങ്ങനെയായിരുന്നു.

ജീവനക്കാര്‍ക്ക് 50 കാറുകള്‍ സമ്മാനം നല്‍കി ചെന്നൈ ഐടി കമ്പനിയായ ഐഡിയാസ് ടുഐടി വാർത്തകളിൽ നിറഞ്ഞത് കഴിഞ്ഞ വർഷമാണ്. ബലേനോ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്സ്, എർട്ടിഗ കാറുകളാണ് നൽകിയത്. ജീവനക്കാരില്‍ പലരും തുടക്കം മുതല്‍ കമ്പനിക്കൊപ്പമുണ്ടെന്നും അവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി സ്ഥാപകന്‍ മുരളി വിവേകാനന്ദന്‍ അന്ന് വിശദീകരിച്ചു. 2009ല്‍ ഭാര്യ ഭവാനി രാമനൊപ്പം ചേര്‍ന്നാണ് മുരളി ഈ ഐടി കമ്പനി സ്ഥാപിച്ചത്. 'ഞാനും എന്‍റെ പങ്കാളിയുമാണ് കമ്പനിയുടെ ഓഹരി പങ്കാളികള്‍. ദീര്‍ഘകാലം കമ്പനിക്കൊപ്പം ജോലിയെടുത്ത ജീവനക്കാര്‍ക്ക് 33 ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്'- അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. അതെ, തൊഴിലാളി മുതലാളിയുമാവുന്നു!തൊഴിലാളി എന്ന പദത്തിന്‍റെ അർഥം മാറിവരുന്നു എന്ന് ആദ്യം പറഞ്ഞതിന് ഒരു കാരണം ഇതുമാണ് . മാനെജ്മെന്‍റിന് താല്പര്യമുള്ള ജീവനക്കാർക്ക് ഓഹരി സമ്മാനമായി നൽകുന്നത് ലോകത്തൊട്ടാകെ കണ്ടുവരുന്നുണ്ട്.

30 ജീവനക്കാർക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ സമ്മാനിച്ചത് തമിഴ്‌നാട്ടിലെ കോത്തഗിരി പട്ടണത്തിലെ ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാർ. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും 18 ശതമാനം ബോണസും നൽകി. തിരുപ്പൂർ സ്വദേശിയായ ശിവകുമാറിന് കോത്തഗിരിക്ക് സമീപം 190 ഏക്കർ തേയിലത്തോട്ടവും 315 ഏക്കറിൽ പച്ചക്കറി തോട്ടവും പൂ കൃഷിയുമുണ്ട്. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് സൗജന്യ മരുന്നുകൾ നൽകുന്നതിന് ഇദ്ദേഹം എസ്റ്റേറ്റിന് സമീപം മെഡിക്കൽ ഷോപ്പും നടത്തുന്നുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയുടമയും ജീവനക്കാർക്ക് ദീപാവലി സമ്മാനമായി വാഹനങ്ങൾ നൽകിയിരുന്നു. 1. 2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളുമൊക്കെയാണ് സമ്മാനമായി നൽകിയത്. ചലനി ജ്വല്ലറി ഉടമ ജയന്തി ലാൽ ആണ് ജീവനക്കാർക്കും സഹപ്രവർത്തകർക്കും 8 കാറുകളും 18 ബൈക്കുകളും സമ്മാനമായി നൽകിയത്.

ഇന്ത്യന്‍ ഐടി കമ്പനിയായ കൊഫോര്‍ജ് ലിമിറ്റഡിന്‍റെ വരുമാനം കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 100 കോടി ഡോളര്‍ കടന്നു. പുതിയ നാഴികക്കല്ല് പിന്നിട്ടതിന്‍റെ സന്താഷം കമ്പനി ആഘോഷിച്ചത് 21, 000 ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ആപ്പിളിന്‍റെ ഐപാഡ് സമ്മാനമായി നല്‍കികൊണ്ടാണ്. 80. 3 കോടി രൂപ കമ്പനി ഇതിനായി നീക്കിവച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം 8014. 6 കോടി രൂപയാണ് (100. 20 ലക്ഷം ഡോളര്‍). ബിസിനസുകള്‍ക്ക് എമേര്‍ജിംഗ് ടെക്‌നോളജി പ്രദാനം ചെയ്യുന്ന കമ്പനിയാണ് 1992ൽ സ്ഥാപിതമായ കൊഫോര്‍ജ്.

വരുമാനം വർധിച്ചതിനെത്തുടർന്ന്, 2006-ൽ, കോഗ്നിസന്‍റ് ടെക്നോളജി സൊല്യൂഷൻസ് 18, 000 ജീവനക്കാർക്ക് ഐപാഡുകൾ സമ്മാനിച്ചത് അക്കാലത്ത് വമ്പൻ വാർത്തയായിരുന്നു. 30 ജിബി ആപ്പിൾ ഐപാഡാണ് ജീവനക്കാർക്ക് ലഭിച്ചത്.

സൂറത്തുകാരനായ രത്ന വ്യാപാരി ഹരേ കൃഷ്ണ എക്‌സ്‌പോർട്‌സിന്‍റെ ഉടമ സജ്‍വി ധൊല്‍കിയ 2018ൽ 600 കാറുകളും ഫ്ലാറ്റുകളുമാണ് തൊഴിലാളികൾക്ക് സമ്മാനമായി നൽകിയത്. സമ്മാനങ്ങൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്പനിയുടെ വളര്‍ച്ചയിൽ നിര്‍ണായകമായ പങ്ക് വഹിച്ച 1600 ല്‍ കൂടുതല്‍ വരുന്ന വജ്രാഭരണ ജോലിക്കാര്‍ക്കായിരുന്നു ഉപഹാരം. താത്പര്യത്തിന് അനുസരിച്ച് കാറോ, ഫ്‌ളാറ്റോ, ബാങ്ക് ഡിപ്പോസിറ്റോ തെരഞ്ഞെടുക്കാം എന്നായിരുന്നു വ്യവസ്ഥ. അതിനുമുമ്പ് ഡാറ്റ്സണിന്‍റെ റെഡിഗോ ഹാച്ച്ബാക്ക് 1200 ജീവനക്കാർക്ക് ഇതേ മുതലാളി സമ്മാനിച്ചിരുന്നു.

ഇതൊക്കെ നമ്മളിൽ പലരും കേട്ടതും കണ്ടതുമായ അനുഭവങ്ങളാണ്. ഇതൊന്നും പുറത്തറിയണമെന്ന് താല്പര്യമില്ലാത്തവരും എന്നാൽ ജീവനക്കാർക്ക് സഹായവും സമ്മാനവും നൽകുകയും സൗമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ തൊഴിലുടമകളുണ്ട്. കാരുണ്യത്തിന്‍റെയും സഹാനുഭൂതിയുടേയും അത്തരം അനുഭവങ്ങൾ തീരെക്കുറച്ചേ ഉണ്ടാവുന്നുള്ളൂ. അവിടെയാണ് തെന്മല എന്ന വനമേഖലയിലെ ഒരിടത്ത് ലയങ്ങളിൽ നരകിച്ച് ജീവിച്ച 26 കുടുംബങ്ങൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ അവസരം നൽകിയ ജി എം ജെ തമ്പി വ്യത്യസ്തനായത്. തന്‍റെ ലാഭവിഹിതം പെരുകുമ്പോൾ അതിനായി പണിയെടുത്തവർക്ക് അതിലൊരു പങ്ക് നൽകണമെന്ന് തോന്നുന്നവരുടെ തലമുറ അസ്തമിക്കുന്നില്ല എന്നത് സന്തോഷകരമാണ്. അത്തരക്കാരുടെ തലമുറ പെരുകട്ടെ. . . !

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com